തങ്ങൾ പഠിപ്പിക്കുന്ന കുട്ടികൾക്കായി പ്രാർത്ഥനയോടെ ഒരു കൂട്ടം സന്യാസിനിമാർ

സി. സൗമ്യ DSHJ

ഒരു നാടിൻറെ സംസ്കാരത്തേയും ജീവനേയും തന്നെ നശിപ്പിച്ചു കളയുന്ന രീതിയിൽ പകയും വിദ്വെഷവും ഗോത്രങ്ങൾ തമ്മിൽ വർദ്ധിച്ചു വരുന്ന ഒരു നാട്. പാപ്പുവ ന്യൂ ഗുനിയ. കലുഷിതമായ സാഹചര്യത്തിൽ വളർന്നു വരുന്ന ചെറിയ തലമുറയുടെ മനോഭാവങ്ങളിലും കലഹിക്കാനും ശണ്ഠകൂടാനും ഉള്ള താല്പര്യം കാണാതിരിക്കാൻ വകുപ്പില്ലല്ലോ. ഇവിടെയും അങ്ങനെ തന്നെ. തങ്ങളെ ദ്രോഹിച്ചവരോട് എത്ര വർഷംകഴിഞ്ഞാലും മറക്കാതെ ഇവർ പകരംവീട്ടും. 16 വർഷമായി പപ്പുവ ന്യൂ ഗുനിയയിലെ സ്കൂളിൽ, അവിടുത്തെ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സിസ്റ്റർ അൽഫോൻസ് മേരി എഫ് സി സി വിദ്യാഭ്യാസ മേഖലയിലെ തൻ്റെ മിഷൻ അനുഭവങ്ങൾ ലൈഫ് ഡേയുമായി പങ്കുവയ്കുന്നു.

വർഷങ്ങളായി സ്കൂളിൽ പഠിപ്പിക്കുന്ന ഈ സന്യാസിനിമാർ വിദ്യാഭ്യാസം നൽകുന്നതോടൊപ്പം ജീവിത മൂല്യങ്ങളും പകർന്ന് കൊടുക്കുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം ആ കുട്ടികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ധാർമ്മികമായി വളരെ പിന്നോക്കം നിൽക്കുന്ന ഇവരുടെ ജീവിത സാഹചര്യങ്ങൾ മാതാപിതാക്കളിലൂടെ മക്കളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടതാണ്. അവർ കണ്ടു വളരുന്ന കാര്യങ്ങൾ അവരുടെ ജീവിത സാഹചര്യങ്ങളെ മാറ്റമില്ലാതെ തുടരുവാൻ പ്രേരിപ്പിക്കുന്നു. ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പലപ്പോഴും കടുത്ത പകയുടേയും വിദ്വെഷത്തിന്റെയും ഇരിപ്പിടങ്ങളാക്കി ഇവരുടെ മനസാക്ഷിയെ മാറ്റിയിരിക്കുന്നു. എങ്കിലും സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ജീവിതശൈലിയിൽ ഒരു മാറ്റം പ്രതീക്ഷിച്ചുകൊണ്ട് ഈ സന്യാസിനിമാർ തങ്ങളുടെ പരിശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

അമ്പരപ്പിക്കുന്ന ജീവിതശൈലി

ഇവർക്ക് ജീവിതത്തിൽ ഭക്ഷണത്തിന്റെ കുറവില്ല. എന്നാൽ മൂല്യങ്ങൾക്ക് വളരെയേറെ ശോഷണം സംഭവിച്ചിരിക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് എപ്പോഴും ഭയത്തിൽ ജീവിക്കുന്ന സാഹചര്യമാണുള്ളത്. കാരണം പരസ്പരമുള്ള പകയും ശണ്ഠയും ഈ കുട്ടികളുടെ മാനസിക അവസ്ഥയെത്തന്നെ സാരമായി ബാധിച്ചിരിക്കുന്നു. മാതാപിതാക്കൾക്ക് ദാമ്പത്യ ജീവിതത്തിൽ വിശ്വസ്തത ഇല്ലാത്തത് മക്കളുടെ സ്വഭാവത്തെ വളരെയധികം ബാധിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. സ്കൂളിൽ പഠിക്കുന്ന കൊച്ചു പെൺകുട്ടികൾ പ്രായമുള്ള പുരുഷന്മാരെ വിവാഹം ചെയ്യുന്ന രീതി ഇവരുടെയിടയിൽ വ്യാപകമാണ്. കാരണം, പ്രായമായ പുരുഷന്മാർ വേഗം മരിച്ചു പോകും. അതിനുശേഷം ഈ പെൺകുട്ടികൾക്ക് മറ്റൊരു പുരുഷന്റെ കൂടെ ജീവിക്കുകയും ചെയ്യാം. ഇങ്ങനെ ജഡികമായ താത്പര്യങ്ങൾക്ക് വളരെയേറെ അടിമപ്പെട്ട മനസാണ് ഇവരുടേത്.

ചില പെൺകുട്ടികൾക്ക് വിവാഹം കഴിക്കുവാൻ താത്പര്യമില്ല. കാരണം, ജീവിതത്തിൽ ഇവർ അഭിമുഖീകരിക്കേണ്ടി വന്ന ജീവിതാനുഭവങ്ങളിൽ നിന്നുള്ള ചില പാഠങ്ങൾ ഇവർക്ക് വിവാഹത്തോടുള്ള താത്പര്യമേ ഇല്ലാതാക്കുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. ചില മാതാപിതാക്കൾ മക്കളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹ ജീവിതത്തിലേയ്ക്ക് നയിക്കുന്നു. കാരണം വിവാഹത്തെ പണം സമ്പാദിക്കാനുള്ള ഒരു മാർഗ്ഗമായിട്ടാണ് ഇവർ കാണുന്നത്. വിവാഹം കഴിക്കുന്ന പുരുഷന്മാർ സ്ത്രീകളെ ലഭിക്കുവാൻ പന്നികളെയാണ് സമ്പത്തായി കൊടുക്കുന്നത്.

ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം

ഗോത്രങ്ങൾ തമ്മിൽ വർദ്ധിച്ചു വരുന്ന പ്രശ്നങ്ങൾ കുട്ടികളുടെ ജീവിത ശൈലിയെയും സാരമായി ബാധിക്കുന്നുണ്ട്. കൊലപാതകങ്ങളിലേക്കും പരസ്പരമുള്ള അക്രമങ്ങളിലേക്കും വരെ എത്തിനിൽക്കുന്ന വഴക്കുകൾ. മോഷണ ശീലവും കുട്ടികളുടെ ഇടയിൽ വ്യാപകമാണ്. പരസ്പരമുള്ള പകവീട്ടുക, കൃഷി നശിപ്പിക്കുക, വീട് കത്തിക്കുക, പന്നിയെ മോഷ്ടിക്കുക തുടങ്ങിയ പ്രതികാര നടപടികൾ ഇവരുടെ ഇടയിൽ സാധാരണം തന്നെ. പരസ്പരമുള്ള പക എത്ര വർഷം കഴിഞ്ഞാലും ഇവർ മറക്കുകയില്ല. ഒരാൾ രക്ഷപെട്ടു പോയാൽ തന്നെ വർഷങ്ങൾ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഓർത്തിരുന്ന് അയാളെ വകവരുത്തും. ഇത്തരത്തിലുള്ള പ്രതികാര മനോഭാവം മൂലം ഇവരുടെ സമ്പത്തും മറ്റും വ്യാപകമായി നശിക്കുന്നു.

പ്രാർത്ഥനയുടെ ശക്തി

പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ അനേകം നിമിഷങ്ങൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് ഈ സിസ്റ്റർ പറയുന്നു. “ജീവിതത്തിൽ നിസ്സഹായമായി പോകുന്ന നിമിഷങ്ങളിൽ ദൈവ സഹായം അടുത്തറിയാൻ സാധിച്ചിട്ടുണ്ട്. സ്കൂളിൽ നൂൺഷ്യോയുടെ സന്ദർശനം നടക്കുന്ന സമയം. ടീച്ചർമാർ തമ്മിലുള്ള ഒരു പ്രശ്നം ക്‌ളാസുകൾ തമ്മിലുള്ള വഴക്കായി മാറി. പ്രശ്നം വേഗത്തിൽ കുട്ടികൾ ഏറ്റെടുത്തു. കുട്ടികൾ രണ്ട് സംഘമായി തിരിഞ്ഞു. വലിയ ഭീകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ കൈവിട്ട് പോകുന്നതായി ഞങ്ങൾക്ക് തോന്നി. കാരണം, കത്തിയും മറ്റ് ആയുധങ്ങളും കയ്യിലെടുത്ത് എന്തിനും തയ്യാറായി രണ്ട് വിഭാഗങ്ങളും നിൽക്കുന്നു. കൊലപാതകമോ വലിയ അക്രമണങ്ങളോ എന്തും നടക്കാം. ഈ ഒരു അവസ്ഥയിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു സിസ്റ്റർ ആ വഴിയിൽ മുട്ടുകുത്തി കൈകൾ വിരിച്ചുപിടിച്ചുകൊണ്ട് പ്രാർത്ഥിക്കുവാൻ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ ഏതാനും നിമിഷങ്ങൾ കൊണ്ട് സ്ഥിതി ശാന്തമായി. ദൈവം കരം പിടിച്ച ഇത്തരം ഒരുപാട് സംഭവങ്ങൾ ഈ സിസ്റ്ററിന് തന്റെ ജീവിത അനുഭവങ്ങളിലൂടെ പങ്കുവെയ്ക്കാനുണ്ട്.

തുടർ പഠനം സാധ്യമാകാതെ കുട്ടികൾ

ചെറുപ്പത്തിൽ തന്നെ മറ്റ് പുരുഷന്മാരുടെ കൂടെ പോയതിനാൽ തുടർ പഠനം സാധ്യമാകാതെ ജീവിതം വഴിമുട്ടി പോകുന്ന ഒരുപാട് ജീവിതങ്ങൾ ഇവിടെയുണ്ട്. പഠനത്തിന്റെ ആവശ്യകതയെക്കുറിച്ച് വലിയ കാര്യമായ അറിവ് ഇവർക്കില്ല. എങ്കിലും തങ്ങളുടെ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ശേഷം ഉന്നത ജോലിയിൽ പ്രവേശിച്ചവരും ഇവിടെയുണ്ട്. മുന്നോട്ട് ജോലി സാധ്യത കുറവായതിനാൽ പഠിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ട കുട്ടികളും ഇവിടുണ്ട്. എന്നാൽ ഈ അവസ്ഥയിലും അവർക്ക് കുട്ടികൾ ഉണ്ടായതിനുശേഷവും താമസിച്ച് പഠനത്തിന് വരുന്നവരും ചുരുക്കമായി ഇവരുടെ ഇടയിലുണ്ട്.

കുടുംബ ബന്ധങ്ങളിലെ തകർച്ച

ഇവിടെ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം വളരെ ദുർബലമാണ്. അമ്മയും പെൺമക്കളും ഒരു വീട്ടിൽ താമസിക്കും. അപ്പനും ആൺമക്കളും മറ്റൊരു വീട്ടിലും. വീട്ടിൽ പ്രാർത്ഥനയോ വിശ്വാസമോ ഇല്ല. പലരും വിശ്വാസപരമായി വിവാഹം ചെയ്തവർ ആയിരിക്കുകയില്ല. ഒന്നും രണ്ടും പേരുടെ കൂടെ പോയി വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കുന്നവരാണ് ഇവരുടെ ഇടയിൽ കൂടുതൽ.  ചിലർക്ക് അപ്പനും അമ്മയും ഇല്ല. കുഞ്ഞുങ്ങൾ ഉണ്ടായ ശേഷം അവർ മറ്റു സ്ത്രീകളുടെയോ പുരുഷന്മാരുടെയോ പുറകെ പോയിരിക്കും. ആരുമില്ലാത്ത ഈ കുട്ടികൾ ചെറുപ്പം മുതൽ തന്നെ സ്വയം പര്യാപ്തരായി ജീവിക്കാൻ തുടങ്ങിയിരിക്കും എന്നതാണ് മറ്റൊരു സവിശേഷത. “മൂന്നോ നാലോ വയസുമുതൽ സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ ഇവർ ആരംഭിക്കും. മധുരക്കിഴങ്ങ് ഇവരുടെ ഒരു പ്രധാന ഭക്ഷണമാണ്.” സിസ്റ്റർ പറയുന്നു. സ്നേഹിക്കാൻ ആരും ഇല്ല. നല്ലതോ ചീത്തയോ എന്ന് പറഞ്ഞു കൊടുക്കാൻ ഉറ്റവരും ഇല്ല. ഇങ്ങനെ സ്നേഹം ലഭിക്കാതെ വളരുന്ന കുട്ടികൾ വളർന്നു വരുമ്പോൾ വൈകാരിക പക്വത ഇല്ലാത്തവരായി വളരുന്നതിൽ ഒട്ടുംതന്നെ അതിശയോക്തി വിചാരിക്കാനില്ലല്ലോ.

പടിപടിയായി വളരുന്ന വിശ്വാസം

തുടർച്ചയായി വിശ്വാസ ജീവിതത്തെക്കുറിച്ച് സ്കൂളിൽ ബോധ്യപ്പെടുത്തിയതിന്റെ ഫലമായി വിശ്വാസ ജീവിതത്തിൽ പടിപടിയായിട്ടുള്ള വളർച്ച ഇവരുടെയിടയിൽ നടക്കുന്നുണ്ട്. എങ്കിലും ഏത് സാഹചര്യത്തിലും വിശ്വാസത്തെ മുറുകെ പിടിക്കാനുള്ള ഒരു വളർച്ച ഇവർക്കില്ല. സ്കൂളുകളിലും യുവജനങ്ങളുടെ ഇടയിലും ജീസസ് യൂത്തിലെ അംഗങ്ങൾ ക്ലാസുകളും ധ്യാനങ്ങളും സംഘടിപ്പിച്ചു വരുന്നു. ധാർമ്മികമായ അറിവ് അതിലൂടെ പങ്കുവെച്ചുകൊടുക്കുവാൻ ശ്രമിക്കുന്നു. ധ്യാനങ്ങൾ സംഘടിപ്പിച്ചും പ്രാർത്ഥനകൾ നടത്തിയും ഇവരെ വിശ്വാസ ജീവിതത്തിലേക്ക് കൂടുതൽ അടുപ്പിക്കാനാവുമെന്നാണ് സിസ്റ്റർ അൽഫോൻസ് മേരിയുടെ വിശ്വാസം. സാധ്യമാകുന്ന അവസരങ്ങൾ എല്ലാം പ്രയോജനപ്പെടുത്തുവാൻ ഇവർ ശ്രമിക്കുന്നുമുണ്ട്.

അദ്ധ്യാപന ജീവിതം മാത്രമല്ല ഈ സിസ്റ്ററിന് പാപ്പുവ ന്യൂ ഗുനിയയിൽ നിറവേറ്റാനുള്ളത്. ഒരു സമൂഹത്തിന്റെയും ഒരു തലമുറയുടെയും വിശ്വാസം കാത്തുസൂക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വവും ഈ സന്യാസിനിമാർ നിറവേറ്റുന്നു. വ്യത്യസ്തമായ സംസ്കാരവും രീതികളും ആണെങ്കിലും ക്രിസ്തുവെന്ന സനാതന സത്യത്തെ ഇവർ അതിന്റെ തനിമയിൽ പകർന്നു കൊടുക്കുക തന്നെ ചെയ്യും. നീണ്ട പതിനാറ് വർഷമായി ഈ സിസ്റ്ററും കൂടെയുള്ള സിസ്റ്റേഴ്സും അതിനുള്ള പരിശ്രമത്തിലുമാണ്. പ്രാർത്ഥനയിൽ നമുക്ക് ഇവരെ ശക്തിപ്പെടുത്താം. മിഷനറിമാരുടെ ധീരതയെ നമുക്ക് നന്ദിയോടെ സ്മരിക്കാം.

സി. സൗമ്യ DSHJ