രാജസ്ഥാനിലെ ആദ്യ ഇന്ത്യൻ കപ്പൂച്ചിൻ മിഷനറി

മരിയ ജോസ്

എല്ലാവരും കൂടി ഭക്ഷണം പാകം ചെയ്തു വിളമ്പുകയാണ്. ഇലയിൽ വിളമ്പിയ ഭക്ഷണം ആ ദേവാലയത്തിനു ചുറ്റുമിരുന്ന് അവർ കഴിച്ചു തുടങ്ങി. അപ്പോഴാണ് ആ കൊച്ചു പെൺകുട്ടിയെ ശ്രദ്ധിച്ചത്. അവൾ ഇലയിൽ ഭക്ഷണം വാങ്ങിയ ശേഷം അതുമായി ഓടുകയാണ്. എന്താണ് അവൾ ഭക്ഷണം കഴിക്കാത്തത്? സംശയത്തോടെ അച്ചൻ അവളുടെ പിന്നാലെ ചെന്നു. അവളോട് ചോദിച്ചു: ‘എന്താ മോൾ ഭക്ഷണം കഴിക്കാത്തത്?’ അതിനു ഉത്തരമായി ആ ബാലിക പറഞ്ഞു: ‘വീട്ടിൽ അനിയൻ ഉണ്ട്. അവനു കൊടുക്കാനായി കൊണ്ടുപോവുകയാണ്.’ നീണ്ട 23 വർഷത്തെ മിഷനറി ജീവിതത്തിന്റെ നനവുള്ള ഓർമ്മകൾ മാർട്ടിൻ പുത്തോക്കാരൻ എന്ന കപ്പൂച്ചിൻ വൈദികൻ ലൈഫ് ഡേയോട് പങ്കുവയ്ക്കാൻ ആരംഭിച്ചത് ഇങ്ങനെയാണ്.

ഇനി ആരാണ് ഫാ. മാർട്ടിൻ പുത്തോക്കാരൻ ഒഎഫ്എം ക്യാപ്പ് എന്നല്ലേ? രാജസ്ഥാനിലെ ആദ്യ ഇന്ത്യക്കാരനായ കപ്പൂച്ചിൻ മിഷനറിയാണ് ഈ വൈദികൻ. പ്രായം ഏറെയായി എങ്കിലും മിഷൻ പ്രവർത്തനത്തിന്റെ തീക്ഷ്ണതയാൽ ജ്വലിക്കുന്ന ഈ മഹാ മിഷനറിയുടെ മിഷൻ അനുഭവങ്ങളിലൂടെ നമുക്കും കടന്നുപോകാം…

മിഷൻ തീക്ഷ്ണതയുമായി പഞ്ചാബിലേയ്ക്ക്

പഞ്ചാബിലെ കത്തോലിക്കർ മറ്റു സ്ഥലങ്ങളിലെ കത്തോലിക്കാരേക്കാൾ വിശ്വാസ്യരാണ്. വളരെ സ്നേഹമുള്ളവരാണ്. അച്ചൻ തന്റെ അനുഭവങ്ങളുടെ തുടക്കം എന്നോണം പറഞ്ഞുതുടങ്ങി. 1974-ലാണ് പുത്തോക്കാരൻ അച്ചൻ പഞ്ചാബിലെത്തുന്നത്. അന്ന് വികസനം എന്നൊക്കെയുള്ളത് കേട്ടുകേൾവി മാത്രം. ആകെയുള്ള യാത്രാമാർഗ്ഗം വല്ലപ്പോഴുമുള്ള ബസും പിന്നെ സൈക്കിളും. യാത്രകൾ മിക്കവാറും സൈക്കിളിലാവും. ഏറെ യാതനകളുണ്ടെങ്കിലും സന്തോഷത്തോടെ ആ ലളിതമായ ജീവിതത്തെ സ്വീകരിക്കുവാൻ കഴിഞ്ഞിരുന്നു.

മിക്കവാറും ഇടവകയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരുന്നു ഇവിടെ. ആളുകൾക്ക് മതബോധനം നൽകി അവരിലൊരാളായി, പൗരോഹിത്യ ശുശ്രൂഷകൾ തുടർന്നു പോന്നു. ഏതാണ്ട് പതിനഞ്ചു വർഷത്തോളം പഞ്ചാബിലെ മിഷൻ മേഖലയിൽ പുത്തോക്കാരൻ അച്ചൻ പ്രവർത്തിച്ചു. പലപ്പോഴും ഇവരുടെ വിശ്വാസജീവിതം നമ്മുടെ വിശ്വാസത്തെപ്പോലും വർദ്ധിപ്പിക്കുന്നതായ അനുഭവങ്ങളുണ്ട്. അതു മാത്രമല്ല, വിപരീത അനുഭവങ്ങളും ഉണ്ടായിരുന്നുവെങ്കിലും, അവിടെയൊക്കെ ദൈവത്തിന്റെ, കരുതുന്ന ഒരു കരം ഒപ്പമുണ്ടായിരുന്നത് അനുഭവിക്കാൻ കഴിഞ്ഞു – അച്ചൻ പറഞ്ഞു.

ദൈവത്തിന്റെ കരം കൂടെയുണ്ട് എന്ന് കൂടുതൽ അനുഭവിക്കാൻ കഴിഞ്ഞത് പഞ്ചാബിൽ ആകാശപ്പറവകളുടെ സെന്റർ തുടങ്ങിയ സമയത്താണ്. ബുദ്ധിമാന്ദ്യം സംഭവിച്ച ആളുകളെ സംരക്ഷിക്കുന്ന ഒരു കേന്ദ്രമായിരുന്നു അത്. അവിടെ കെട്ടിടത്തിന്റെ ചുവരിൽ കുരിശിന്റെ ഒരു വലിയ ചിത്രം ഉണ്ടായിരുന്നു. ആ ചിത്രത്തിനു താഴെയായി “ഗോഡ് പ്രൊവൈഡ്” എന്ന് ചേർത്തിരുന്നു. ശരിക്കും സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായപ്പോഴും, കുറവുകൾ ഉണ്ടായപ്പോഴുമൊക്കെ അവിടെ ദൈവം കൈപിടിച്ചു നടത്തുന്നതായ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ കഴിഞ്ഞിരുന്നു എന്ന് അച്ചൻ പറയുന്നു. “അവരോടൊപ്പമുള്ള ജീവിതം, അതൊരു പ്രത്യേക അനുഭവമായിരുന്നു. എല്ലാം ദൈവത്തിൽ കേന്ദ്രീകരിച്ചുള്ള ജീവിതം. എല്ലാം ദൈവം തരും എന്ന ഉറച്ച വിശ്വാസമായിരുന്നു ആകെയുണ്ടായിരുന്ന സമ്പാദ്യം. ശരിക്കും തന്റെ ജീവിതത്തിൽ അത് ഒരു ആപ്തവാക്യമായി മാറുകയായിരുന്നു” – ആകാശപ്പറവകളുടെ സെന്ററിലെ ജീവിതത്തെക്കുറിച്ച് അച്ചൻ പറഞ്ഞുനിർത്തി.

രാജസ്ഥാനിലേയ്ക്ക് ആദ്യ കപ്പൂച്ചിൻ മിഷനറിയുടെ കടന്നുവരവ്

1988 ജനുവരി ആറാം തീയതിയാണ് രാജസ്ഥാനിലേയ്ക്ക് പുത്തോക്കാരനച്ചൻ എത്തുന്നത്. ഒപ്പം ജെർസൺ എന്ന വൈദികനും. രാജസ്ഥാനിലേയ്ക്കുള്ള ആദ്യ കപ്പൂച്ചിൻ മിഷനറിയുടെ വരവ് അത്ര എളുപ്പമായിരുന്നില്ല. ദുർഘടം പിടിച്ച വഴി. ചൂട് കാലാവസ്ഥ. അതിനിടയിലൂടെ ആടിയുലഞ്ഞുള്ള ഒരു ജീപ്പ് യാത്രയും. അന്ന് ജീപ്പ് ഓടിച്ചിരുന്നത് ഉദയ്പ്പൂർ ബിഷപ്പ് ആയിരുന്ന ജോസഫ് പത്താലിൽ അച്ചനായിരുന്നു. ബിഷപ്പാണ്, പുത്തോക്കാരൻ അച്ചനേയും ജെർസൺ അച്ചനേയും ഡീൽദേശിൽ എത്തിച്ചത്. യാത്ര ചെയ്ത് അവശനായ അച്ചൻ, കൂടെയുണ്ടായിരുന്ന വൈദികനോട് പറഞ്ഞു: “അടുത്ത് കാണുന്ന സ്റ്റേഷനിൽ ഞാൻ ഇറങ്ങും.” കാരണം ആ യാത്ര അത്രയേറെ ദുർഘടമായിരുന്നു. അങ്ങനെ രാജസ്ഥാനിലെ ബാഗിധോര എന്ന സ്ഥലത്ത് അദ്ദേഹം ഇറങ്ങി.

ആദിവാസികളായ ആളുകൾ പാർക്കുന്ന ഇടമാണ് ബാഗിധോര. വികസനം എത്തിനോക്കാത്ത ഒരു ഗ്രാമം. കറണ്ടില്ല, കുടിക്കാൻ ശുദ്ധജലമില്ല, ഭക്ഷണം ഇല്ല, നല്ല വസ്ത്രമില്ല… പ്രാകൃതമായ രീതിയിലുള്ള വസ്ത്രധാരണം തുടരുന്ന ഒരുകൂട്ടം ആളുകളുടെ സമൂഹം. പത്താം ക്ലാസ് കഴിഞ്ഞ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു വിടും. ഒപ്പം ധാരാളം അന്ധവിശ്വാസങ്ങളും. ഇവയൊക്കെ രണ്ടാമത്തേതാണെങ്കിൽ അതിനും മേലേ നിൽക്കുന്നതാണ് ദാരിദ്ര്യം. അവരുടെ പ്രധാന കൃഷി ചോളം ആണ്. എന്നാൽ, വെള്ളത്തിന്റെ കുറവും മറ്റും കൃഷിയെ കാര്യമായി ബാധിക്കുന്നുണ്ട്. എങ്കിലും ഇവരുടെ പ്രധാന പ്രശ്നം കൃഷി ചെയ്യുന്ന ഉൽപന്നങ്ങൾ വിറ്റാൽ മതിയായ പണം ലഭിക്കുന്നില്ല എന്നതു തന്നെ. താൻ അടുത്തറിഞ്ഞ പ്രദേശത്തെക്കുറിച്ച് അച്ചൻ പറഞ്ഞു തുടങ്ങി.

ആദിവാസികൾ എങ്കിലും വളരെ സ്നേഹമുള്ള ആളുകളാണ് ഇവർ. ഇവിടെയെത്തുന്ന ആളുകളെ അവർ സ്നേഹപൂർവ്വം വീട്ടിലേയ്ക്കു ക്ഷണിക്കും. വീടെന്നു പറഞ്ഞാൽ ഒരാൾക്ക് നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥയിലുള്ള ചെറിയ കൂരകൾ. അത്രമാത്രം. പലപ്പോഴും ഇവിടെ വരുന്ന അതിഥികളെ സ്വീകരിക്കുന്നതും അവർക്ക് ചായ ഉണ്ടാക്കുന്നതും ഒക്കെ പുരുഷന്മാരാണ്. വ്യത്യസ്തമായ രീതികൾ പുലർത്തുന്നവർ.

ആദിവാസികളുടെ ഇടയിൽ ദൈവവചനവുമായി

പുത്തോക്കാരനച്ചൻ ബാഗിധോരയിൽ ആദ്യമായി ചെല്ലുമ്പോൾ അവിടെ ക്രിസ്ത്യാനികൾ ഉണ്ട്. കൂടുതലും പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരാണ്. ഹൈന്ദവ വിശ്വാസികൾ ഉണ്ടെങ്കിൽ തന്നെ ശരിയായ മതം ഹിന്ദുമതം അല്ല. ആദിവാസികളായ ഇവർ ഹിന്ദുമത വിശ്വാസത്തിന് കീഴിലുള്ളവരായിരുന്നില്ല. പ്രാചീനമായി കല്ലുകളെയും മരങ്ങളെയും ദൈവങ്ങളായി ആരാധിച്ചിരുന്നവരാണ്. പിന്നീട് ആർഎസ്എസ് ഒക്കെ വന്നതിനു ശേഷമാണ് ഇവിടെ ഹൈന്ദവ വിശ്വാസം വളർന്നു തുടങ്ങിയതു തന്നെ. അങ്ങനെയുള്ളവരുടെ ഇടയിലേയ്ക്കാണ് പുത്തോക്കാരനച്ചൻ എത്തുന്നത്. ആദ്യമൊക്കെ അവർക്ക് വൈദികനെ കാണുന്നത് അത്ഭുതമായിരുന്നു. പിന്നീട് ആ അവസ്ഥകളിൽ വലിയ മാറ്റം വന്നുതുടങ്ങി.

അച്ചൻ ബാഗിധോരയിൽ എത്തിയപ്പോൾ അവിടെ പള്ളി ഒന്നും ഉണ്ടായിരുന്നില്ല. പള്ളിക്ക് സ്ഥലം കൊടുക്കുവാൻ ആളുകൾ തയ്യാറല്ലായിരുന്നു. ആ സമയം അവിടെ ഒരു വീട് കണ്ടെത്തി. ഒരു ഓടിട്ട വീട്. ആ വീടിനു വിശാലമായ വരാന്ത ഉണ്ടായിരുന്നു. ആ വരാന്തയാണ് പള്ളിയായി ഉപയോഗിച്ചിരുന്നത്. വരാന്തയിൽ വിശുദ്ധ കുർബാന അർപ്പിക്കും. അതിന്റെ അടുത്തുള്ള മുറിയിൽ അച്ചന്മാർ താമസിക്കും. അങ്ങനെ ആദ്യകാലം കടന്നുപോയി. ഏകദേശം രണ്ടു വർഷങ്ങൾക്കു ശേഷം തമ്പേസ്ര എന്ന സ്ഥലത്ത് കുറച്ചു സ്ഥലം വാങ്ങി. ഇരുപത് ഏക്കറോളം സ്ഥലം ഉണ്ടായിരുന്നു അത്. ആ സ്ഥലത്തിന്റെ പകുതിഭാഗം ഹോളി ക്രോസ്സ് സിസ്റ്റേഴ്സിനു നൽകുകയും അവർ അവിടെ ഒരു സ്കൂൾ പണിയുകയും ചെയ്തു. അവരുമായി ചേർന്നുകൊണ്ടാണ് ആദിവാസികളുടെ ഇടയിൽ ഫാ. പുത്തോക്കാരൻ തന്റെ സാമൂഹ്യപ്രവർത്തനം തുടങ്ങുന്നത്.

പള്ളിയുമായി ചേർന്നു നിന്നു കൊണ്ടുള്ള മിഷൻ പ്രവർത്തന ശൈലിയായിരുന്നു അച്ചന്റേത്. ലളിതമായ ജീവിതം നയിക്കുന്ന അവരുടെയിടയിൽ അവരിലൊരാളായി ശുശ്രൂഷ ചെയ്തുകൊണ്ടുള്ള ജീവിതം. ആദ്യകാലങ്ങളിൽ വിദ്യാഭ്യാസമില്ലാത്ത ആളുകളായിരുന്നു കൂടുതലും. എഴുത്തും വായനയും അറിയാത്ത ആളുകൾ. അവരുടെ ജീവിതം ആ ചുറ്റുവട്ടമൊക്കെ തന്നെയായിരുന്നു. മിഷനറിമാരുടെ വരവോടെയാണ് അവിടെ സ്കൂളുകളും മറ്റും സ്ഥാപിച്ച് വിദ്യാഭ്യാസം നൽകുവാനുള്ള പദ്ധതികൾ ആരംഭിച്ചത്. അതിന്റെ ഭാഗമായി ആളുകളുടെ വീടുകളിലൂടെയും മറ്റും കടന്നുചെന്ന് കുട്ടികളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അച്ചനും സന്യാസിനിമാരും ബോധവൽക്കരണം നടത്തും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഹോസ്റ്റൽ സ്ഥാപിച്ചു. അങ്ങനെ നടന്ന പ്രവർത്തനങ്ങളുടെ ഫലമായി ആദിവാസികളുടെ സമൂഹത്തിൽ നിന്നും ആദ്യമായി ഒരു യുവാവ് പി.എച്ച്.ഡി എടുത്തു. അച്ചന്മാരുടെ ഹോസ്റ്റലിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു ആ കുട്ടി. ഇതൊക്കെ അഭിമാന നിമിഷങ്ങളാണ് – അച്ചൻ പറഞ്ഞു.

ആദ്യം കല്ലിലും മരത്തിലും ദൈവത്വം ആരോപിച്ച് അവയെ ആരാധിച്ചുകൊണ്ടിരുന്ന മനുഷ്യരായിരുന്നു ഇവരെങ്കിലും പിന്നീട്, കാലകാലങ്ങളിൽ ഇവിടെ വന്ന മിഷനറിമാരുടെ പ്രവർത്തനഫലമായി ധാരാളം ആളുകൾ ക്രിസ്തുമതം സ്വീകരിച്ചു. അവരുടെ വിശ്വാസം നല്ലതൊക്കെ തന്നെയാണ്. വിശ്വാസമുണ്ട്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കും. എന്നാൽ, അതിനപ്പുറം ആഴത്തിലുള്ളതാണോ എന്ന് ചോദിച്ചാൽ അല്ലാ എന്നു തന്നെ പറയേണ്ടി വരും. അതിന് പ്രധാന കാരണം ശരിയായ വിശ്വാസപരിശീലനം അവർക്ക് ലഭിച്ചിട്ടില്ല എന്നതു തന്നെ. ചില മിഷനറിമാർ വന്നു അവരെ മാമ്മോദീസ മുക്കും. മാമ്മോദീസ നൽകിയതിനു ശേഷമുള്ള പരിശീലനം, മാറിമാറി വരുന്ന മിഷനറിമാർ നല്കുന്നതനുസരിച്ച് പല രീതിയിലായിരിക്കും. ഈ ഒരു കാരണത്താൽ തന്നെ അവരുടെ വിശ്വാസം ഹൃദയത്തിലേയ്ക്ക് വേരൂന്നുന്നില്ല.

അന്ധവിശ്വാസങ്ങളെ ദൈവാനുഭവത്തിന്റെ നിമിഷങ്ങളാക്കി പരിവർത്തനപ്പെടുത്തുന്നു

പലതരത്തിലുള്ള അന്ധവിശ്വാസങ്ങളുള്ള സ്ഥലമായിരുന്നു അത്. ഈ അന്ധവിശ്വാസങ്ങൾ പലപ്പോഴും പ്രേതത്തെയും ഭൂതത്തെയും ചുറ്റിപ്പറ്റിയുള്ളത് തന്നെ. രോഗം വന്നാൽ ഭൂതം ബാധിച്ചു എന്നാണ് ആളുകളുടെ വിശ്വാസം. ഈ വിശ്വാസം ചിലപ്പോഴൊക്കെ സുവിശേഷവൽക്കരണത്തിന്റെ അവസരങ്ങളാക്കി മാറാറുണ്ട് എന്ന് ഓർമിപ്പിച്ചുകൊണ്ട് അച്ചൻ ഏതാനും ഉദാഹരണങ്ങൾ പറഞ്ഞു തുടങ്ങി…

രോഗം വന്നാൽ ആശുപത്രിയിൽ പോകുന്നതിനു മുൻപ് ബാധയെ ഒഴിക്കാൻ പോകുന്ന പതിവുണ്ട് ഇവർക്കിടയിൽ. പലപ്പോഴും തന്റെ പക്കലും ആളുകളെത്തും. അപ്പോൾ ആളുകളോട് ആശുപത്രിക്കു മുന്നിലെ മാതാവിന്റെ ഗ്രോട്ടോയിൽ ചെന്ന് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടും. പ്രാർത്ഥന മൂന്നാഴ്ച തുടരുവാനും പറയും. ആളുകൾ മരുന്ന് കഴിക്കുന്നതിനേക്കാൾ തീക്ഷ്ണതയോടെ പ്രാർത്ഥിക്കുന്നത് കാണുവാൻ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെയുള്ള അനുഭവങ്ങൾ പലപ്പോഴും അവരുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുന്നതായി കാണുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന് അച്ചൻ സാക്ഷ്യപ്പെടുത്തുന്നു.

ഇവരുടെ ഇടയിലെ മറ്റൊരു ആചാരമാണ് ഒരു കുടുംബത്തിലെ ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ ആ കുടുംബത്തിൽ ഒരാഴ്ചയോളം ഭക്ഷണം പാകം ചെയ്യില്ല എന്നുള്ളത്. ഈ സമയം അയൽവീടുകളിൽ ഉള്ളവരാണ് ഇവർക്ക് ഭക്ഷണമെത്തിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഒരു നേരത്തെ ഭക്ഷണം അച്ചനും സിസ്റ്റർമാരും കൂടെ എത്തിച്ചു നൽകിയിരുന്നു. ഇങ്ങനെ ചെയ്യുമ്പോൾ അവർക്ക് നമ്മളോട് വലിയ സ്നേഹം ആണ്. ക്രിസ്തുവിന്റെ സ്നേഹം ആദിവാസികളിൽ പകരുന്ന വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് ആ മിഷനറി വൈദികൻ വാചാലനായി.

ചില മിഷൻ അനുഭവങ്ങൾ

വികസനം ഒട്ടും എത്താത്ത സ്ഥലമാണെന്ന് നേരത്തെ പറഞ്ഞിരുന്നുവല്ലോ. കത്തോലിക്കരും അധികമില്ല. ഉള്ളവരിൽ അധികവും പ്രൊട്ടസ്റ്റന്റ് സഭാവിഭാഗക്കാരാണ്. ഒരിക്കൽ അച്ചൻ ഒരു ഗ്രാമത്തിൽ കുർബാന ചൊല്ലാനായി എത്തി. അന്ന് ഒരു ദീപാവലി ദിവസം ആയിരുന്നു. കുർബാനയ്ക്കു മുൻപുള്ള സമയം ശാന്തമായിരുന്നു. എന്നാൽ, സ്ഥിതിഗതികൾ മലക്കം മറിഞ്ഞത് വളരെ പെട്ടന്നായിരുന്നു. ദീപാവലിയോടനുബന്ധിച്ച് അവിടെ നടക്കുന്ന ഒരു ആചാരമാണ് ഓരോ വീട്ടിൽ നിന്ന് ഒരു ഇഷ്ടിക ശേഖരിച്ച് അയോധ്യയിൽ അമ്പലം പണിയാൻ കൊണ്ടുപോവുക എന്നത്. വളരെ ആഘോഷമായി ഭജനുകളൊക്കെ ഉച്ചത്തിൽ വച്ചുകൊണ്ടു പോകുന്ന ഒരു ഘോഷയാത്രയാണ് അത്. ഈ ഘോഷയാത്രയിലെ രഥം വന്നുനിന്നത് അച്ചൻ കുർബാന ചൊല്ലിയിരുന്ന പള്ളിയുടെ മുൻപിലായിരുന്നു. വഴിയിലാണ് രഥം നിർത്തി കീർത്തനങ്ങൾ ആലപിച്ചിരുന്നതെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. എന്നാൽ പള്ളിയുടെ മുൻപിൽ കൊണ്ടു നിർത്തിയത് ക്രിസ്ത്യാനികളെ ചൊടിപ്പിച്ചു.

പള്ളിക്കു മുൻപിൽ ഹിന്ദുകീർത്തനങ്ങൾ ഉച്ചത്തിൽ ആലപിക്കുന്നത് അവർക്ക് ഇഷ്ടമായില്ല. അവർ അതിനെ എതിർത്തു. ഇതേ സമയം പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരുടെ ഒരു കൺവൻഷനും അവിടെ നടക്കുന്നുണ്ടായിരുന്നു. അവരും പ്രതിഷേധമായി എത്തി. അത് പിന്നീട് വഴക്കിലും അടിയിലുമാണ് കലശലായത്. ഇവിടെ രംഗം വഷളായ സാഹചര്യത്തിലാണ് അച്ചൻ വൈദിക കുപ്പായം ധരിച്ച് രംഗത്തേയ്ക്ക് കടന്നുവരുന്നത്.

അച്ചനെ കണ്ട മാത്രയിൽ പോലീസുകാർ അച്ചനെ, അച്ചന്റെ തന്നെ വണ്ടിയിൽ കയറ്റി ദൂരെയുള്ള പോലീസ് സ്റ്റേഷനിൽ എത്തിച്ചു. “അവിടെ എനിക്കു മുൻപേ പ്രൊട്ടസ്റ്റന്റ് നേതാവിനെയും എത്തിച്ചിരുന്നു. അന്ന് വൈകുന്നേരം വരെ ഞങ്ങൾ ആ ജയിലിൽ കിടന്നു. ഞങ്ങൾ ഒരുമിച്ചു പ്രാർത്ഥിച്ചു. വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ സുരക്ഷയെ പ്രതിയാണ് അവിടെ എത്തിച്ചതെന്ന് പിന്നീട് പോലീസ് വ്യക്തമാക്കി. എങ്കിൽ തന്നെയും ആ അനുഭവം ഇന്നും മനസില്‍ തങ്ങിനിൽക്കുന്നു” – അച്ചൻ വെളിപ്പെടുത്തി.

ഒരു ക്രിസ്തുമസ് അനുഭവം

അച്ചൻ രാജസ്ഥാനിൽ ചെല്ലുന്ന സമയത്ത് കത്തോലിക്കർ കുറവായിരുന്നു. ക്രൈസ്തവർ ഏറെ ഉണ്ടായിരുന്നു താനും. എഴുത്തും വായനയും അറിയാത്തവർ ആയതിനാൽ തന്നെ അവർക്കിടയിലെ പ്രവർത്തനം അൽപം പ്രയാസം ആയിരുന്നു. അതിനാൽ മിഷനറിമാർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു ക്രിസ്തുവിനെക്കുറിച്ചുള്ള കാര്യങ്ങൾ, ജീവിതം, ചരിത്രം ഇവയൊക്കെ ഭജൻ രൂപത്തിൽ പഠിപ്പിക്കുക എന്നത്. ഒരു പാട്ടോ കീർത്തനമോ പോലെയാക്കി അവരുടെ ശൈലിയിൽ അത് പഠിപ്പിക്കുമ്പോൾ അവർ അത് വളരെ വേഗം സ്വായത്തമാക്കിയിരുന്നു.

അങ്ങനെയിരിക്കെ, ക്രിസ്തുമസ് വന്നു. എല്ലാവരും ആവേശത്തിലായിരുന്നു. രാത്രി അവർ അച്ചന്റെ അടുത്ത് ഒരു ആവശ്യവുമായി എത്തി. “കരോൾ ഗാനം പാടാൻ അച്ചനും ഞങ്ങൾക്കൊപ്പം വരണം.” അതാണ് അവരുടെ ആവശ്യം. നമ്മുടെ നാട്ടിലെ പോലെ പള്ളിയുടെ പരിസരങ്ങളിൽ നടക്കുന്ന കലാപരിപാടിയാണെന്നോ അഞ്ചോ പത്തോ മിനിറ്റ് ദൈർഘ്യം മാത്രമാണ് ഇത് നീളുക എന്നോ കരുതരുത്. കിലോമീറ്ററുകളോളം കുന്നും മലയും താണ്ടി ഓരോ വീടുകളിലും ചെന്ന് കരോൾ ഗാനം പാടുക അവരുടെ രീതിയാണ്. മിക്കവാറും ക്രിസ്തുമസിന് രണ്ടു ദിവസം മുൻപാണ് ഈ കരോൾ നടക്കുന്നത്. വൈകുന്നേരം ആരംഭിക്കുന്ന കരോൾ അവസാനിക്കുക പിറ്റേന്നു പുലർച്ചെയാണ്. അതിലേയ്ക്കാണ് അച്ചനേയും ക്ഷണിക്കുന്നത്. രാവിലെ കുർബാന ചൊല്ലേണ്ടതു കൊണ്ട് അച്ചൻ അവരെ കാര്യം പറഞ്ഞു മനസിലാക്കി അയച്ചു. “എന്നാൽ, കുന്നും മലയും താണ്ടിയുള്ള കരോൾ വളരെ ഹൃദ്യമായ അനുഭവം പകരുന്ന ഒന്നാണ്.” ആ കരോളിന്റെ ഓർമ്മകളിൽ അച്ചൻ ഒരു നിമിഷം ലയിച്ചുകൊണ്ട് പറഞ്ഞു.

സാധാരണക്കാരുടെ ഉന്നമനത്തിനായുള്ള അക്ഷീണ പരിശ്രമം

രാജസ്ഥാനിലെ ആളുകൾ തീർത്തും സാധാരണക്കാരാണ്. ലളിതമായ ജീവിതം നയിക്കുന്നവർ. പട്ടിണിയും പ്രാരാബ്ധവും അവരുടെ ജീവിതത്തിൽ നിത്യസംഭവമായിരുന്നു ആദ്യകാലങ്ങളിൽ. ഇങ്ങനെയുള്ളവരുടെ ഇടയിലാണ് അച്ചൻ തന്റെ ജീവിതത്തിന്റെ ഏറിയ ഭാഗവും ചെലവിട്ടത്. ഇടവകയുമായി ചേർന്നു നിന്നുള്ള പ്രവർത്തനങ്ങളായിരുന്നു ഏറെയും. സാധാരണക്കാർക്കായി വിശുദ്ധ കുർബാന അർപ്പിക്കുക, കുമ്പസാരിപ്പിക്കുക, അവരുടെ ആവശ്യങ്ങളിൽ അവർക്കൊപ്പം ആയിരിക്കുക അങ്ങനെ പലതും ചെയ്തുപോന്നു.

സാധാരണക്കാരായ ആളുകളായതിനാൽ തന്നെ അവർക്ക് ലോണും മറ്റും ആദ്യ സമയങ്ങളിൽ, അതായത് അച്ചൻ രാജസ്ഥാനിൽ മിഷൻ പ്രവർത്തനം തുടങ്ങിയ വർഷങ്ങളിൽ ലഭിച്ചിരുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ പള്ളിയോടു ചേർന്നു നിന്നുകൊണ്ട് ലോൺ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുവാൻ അച്ചൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ, സമൂഹത്തിൽ പിന്നോക്കം നിന്നിരുന്ന സ്ത്രീകളെ ഒരുമിച്ചുകൂട്ടി മസാലകളും ചവിട്ടികളും മറ്റും നിർമ്മിക്കുവാൻ പരിശീലനം നൽകിക്കൊണ്ട് അവർക്ക് ഒരു വരുമാനമാർഗ്ഗം ഉറപ്പുവരുത്തി. ഒപ്പം തന്നെ മതബോധന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുകയും കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ദൈവത്തിന്റെ കരുതൽ അനുഭവേദ്യമായ നിമിഷങ്ങൾ

മിഷനറിയായുള്ള ജീവിതം പലപ്പോഴും ദുരിതങ്ങൾ നിറഞ്ഞതാണ്. കഷ്ടപ്പാടുകൾക്കിടയിലെ ജീവിതത്തിനിടയിൽ ദൈവം മാത്രമാണ് ഓരോ മിഷനറിയുടെയും അഭയം. പലപ്പോഴും ദൈവത്തിന്റെ കരുതൽ കൂടെയുള്ളത് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് അച്ചൻ പറയുന്നു. ആദ്യകാലങ്ങളിൽ ഏക ഗതാഗതമാർഗ്ഗം സ്‌കൂട്ടർ ആയിരുന്നു. കിലോമീറ്ററുകളോളം സ്‌കൂട്ടർ ഓടിച്ചാണ് ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത്. മറ്റു മാർഗ്ഗങ്ങൾ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ, ഒരിക്കൽ താമസ സ്ഥലത്തേയ്ക്ക് മടങ്ങിവരികയാണ്. സമയം സന്ധ്യ ആകുന്നു. വഴിയിൽ വച്ച് സ്‌കൂട്ടർ പഞ്ചറായി. മുന്നോട്ടു പോകാനാവാതെ അച്ചൻ വിഷമിക്കുകയാണ്. ഇവിടങ്ങളിൽ വഴിയിൽ സന്ധ്യാനേരത്ത് പെട്ടുപോയാൽ പെട്ടതു തന്നെ. ഏറെ വിഷമത്തോടെ അച്ചൻ വഴിയിൽ നിൽക്കുകയാണ്. ഈ സമയത്താണ് ഒരാൾ കടന്നുവരുന്നത്. സാധാരണഗതിയിൽ ആ സമയത്ത് ആരും തന്നെ വഴിയിൽ ഉണ്ടാവാറില്ല. അയാളോട് കാര്യം പറഞ്ഞു. അയാളുടെ സഹായത്തോടെ വണ്ടി ശരിയാക്കി അച്ചൻ മുന്നോട്ടുപോയി. സാധ്യതകൾ ഇല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് ദൈവത്തിന്റെ അത്ഭുതകരമായ കരുതൽ തിരിച്ചറിഞ്ഞ ഒരു നിമിഷമായിരുന്നു അത് – അച്ചൻ പറഞ്ഞുനിർത്തി.

മിഷൻ അനുഭവങ്ങൾ ഏറെയുണ്ട്. പക്ഷേ, അത് എഴുതി ഫലിപ്പിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ദീർഘനാളത്തെ മിഷൻ പ്രവർത്തനങ്ങളുടെ ഫലമായി ഇപ്പോൾ ഈ സ്ഥലങ്ങളിൽ വികസനം എത്തിത്തുടങ്ങി. ആളുകൾ സ്‌കൂളിൽ പോകാൻ തുടങ്ങി, നന്നായി വസ്ത്രം ധരിക്കാൻ തുടങ്ങി, കറണ്ടും ശുദ്ധജലവും ലഭിക്കാൻ തുടങ്ങി… അച്ചന്റെ മിഷൻ അനുഭവങ്ങൾ അങ്ങനെ നീളുന്നു.

“ഇപ്പോൾ എനിക്ക് എൺപതു വയസ്സായി. മനസെത്തുന്നിടത്ത് ശരീരം എത്തുന്നില്ല. അതിനാൽ തന്നെ പ്രാർത്ഥനയാണ് എന്റെ ഇപ്പോഴത്തെ മിഷൻ പ്രവർത്തനം. പ്രഭുദാസി കോൺവെന്റിൽ അനുദിനം ബലിയർപ്പിക്കും. ബാക്കി സമയം പ്രാർത്ഥനയിലും വായനയിലും മുഴുകും. പിന്നെ അടുത്തുള്ള സ്കൂളിൽ പോയി വിശുദ്ധ കുർബാന അർപ്പിക്കും. കുട്ടികളെ കുമ്പസാരിപ്പിക്കും അത്ര തന്നെ.” അദ്ദേഹം പറഞ്ഞു നിർത്തി. പ്രായത്തെ വെല്ലുന്ന മിഷൻ തീക്ഷ്ണത ആ വാക്കുകളിൽ നിറഞ്ഞിരുന്നു.

മരിയ ജോസ്