ജീവനോടെ കത്തിക്കാൻ തുടങ്ങിയ മൂന്ന് സ്ത്രീകളെ രക്ഷപ്പെടുത്തിയ അച്ചൻ   

സി. സൗമ്യ DSHJ

അന്ധവിശ്വാസങ്ങളുടെ പേരിൽ ജീവനോടെ ആളുകളെ ചുട്ടു കൊല്ലുന്ന രാജ്യമാണ് പപ്പുവ ന്യൂ ഗുനിയ. കടുത്ത അന്ധവിശ്വാസങ്ങളുള്ള ഒരിടം. 95 ശതമാനത്തിൽ അധികവും ക്രിസ്ത്യാനികൾ ആണ് ഇവിടുള്ളത്. വളരെ വിചിത്രമായ രീതികൾ ഇന്നും തുടരുന്ന പപ്പുവ ന്യൂ ഗുനിയയിൽ നിന്നും ഫാ. മാത്യു സിഎസ് ടി ലൈഫ് ഡേയുമായി തൻ്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഓസ്ട്രേലിയയുടെ അധീനതയിൽ ആയിരുന്ന പപ്പുവ ന്യൂ ഗുനിയയ്ക്ക് 150 വർഷത്തെ ക്രൈസ്തവവിശ്വാസ പാരമ്പര്യമേയുള്ളു. 1975 – ൽ ആണ് പപ്പുവ ന്യൂ ഗുനിയ സ്വതന്ത്രമായത്. പ്രകൃതി വിഭവങ്ങൾ ഏറെയുണ്ടെങ്കിലും അവയൊന്നും പ്രയോജനകരമായ രീതിയിൽ വിനയോഗിക്കാനോ സാമ്പത്തിക ലാഭമോ അവർക്കു ഉണ്ടാകുന്നില്ല. ഇവിടെ കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങൾ വിറ്റാൽ പണം കിട്ടാത്ത അവസ്ഥയിലാണ്.

അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട ഒരു ജനത

പ്രാകൃതമായ നിരവധി അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന സ്ഥലമാണ് പപ്പുവ ന്യൂ ഗുനിയ.  ഇവിടെ ആരെങ്കിലും പെട്ടെന്ന് മരിച്ചാൽ അതിനുള്ള കാരണമായി അവർ ചൂണ്ടിക്കാണിക്കുക  ഒരു സ്ത്രീ അവൻ്റെ ഹൃദയം എടുത്ത് കഴിച്ചു എന്നതാണ്. അടുത്തത് ഏതെങ്കിലും ഒരു സ്ത്രീയെ കണ്ടെത്തി ഹൃദയം കഴിച്ച കുറ്റം ആരോപിക്കലാണ്. ഇപ്രകാരം ആരോപിക്കപെടുന്ന സ്ത്രീകൾ പൊതുവെ ‘സങ്കുമ’ (sanguma) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവർക്ക് ആ മരണവുമായി യാതൊരു ബന്ധവും കാണില്ല. എങ്കിലും ഈ സങ്കുമകളെ ഇവർ വളരെ ക്രൂരമായി പീഡിപ്പിക്കും. വളരെ പൈശാചികമായ രീതിയിലുള്ള പീഡനങ്ങൾക്ക് ശേഷം അവരെ ജീവനോടെ കത്തിക്കുകയോ ക്രൂരമായി കൊല്ലുകയോ ചെയ്യുന്നു. ഇത്തരം രീതിയിൽ നിന്ന് അവരെ പിന്തിരിപ്പിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഏതെങ്കിലും തരത്തിൽ ഒരു സ്ത്രീയോട് വിരോധമുണ്ടെങ്കിൽ ഇത്തരം സങ്കുമ ആരോപിക്കപ്പെട്ടാൽ അവൾക്ക് മരണം നിശ്ചയമാണ്.

ഫാ. മാത്യു തൻ്റെ പ്രവർത്തന മേഖലയിൽ ഇപ്രകാരം സങ്കുമ ആരോപിക്കപ്പെട്ട മൂന്ന് സ്ത്രീകളെ രക്ഷപെടുത്തി. അദ്ദേഹം പറയുന്നു, “ഒരാളിൽ സങ്കുമ ആരോപിക്കപ്പെട്ടാൽ അതിൽ നിന്നും അവരെ രക്ഷപ്പെടുത്തുക അസാധ്യമാണ്. കാരണം ആ പ്രദേശത്തുള്ളവർ മുഴുവൻ സങ്കുമ ആരോപിക്കപ്പെടുന്ന വ്യക്തിക്ക് എതിരാകും. ആരെങ്കിലും അനുഭാവം പ്രകടിപ്പിച്ചാൽ അവർ ആയിരിക്കുന്ന ഗോത്രനിയമങ്ങൾക്ക് എതിരാകും. അതിനാൽ തന്നെ ആരും ഇത്തരം സ്ത്രീകളോട് അനുഭാവം കാണിക്കാറില്ല. ഒരു യാത്രാ മദ്ധ്യ സങ്കുമ ആരോപിക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്തുകൊണ്ടിരിക്കുന്നത് കണ്ടു. ഇടവകയുമായി ബന്ധപെട്ടു നിൽക്കുന്ന കാറ്റിക്കിസ്റ്റുമാരെ ആദ്യം ബോധവൽക്കരിച്ചു കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. മരിച്ച ആളുടെ ഹൃദയം അവിടെത്തന്നെ ഉണ്ടെന്നും  ഡോക്ടർമാരെകൊണ്ട് പരിശോധിപ്പിക്കാം എന്നും പറഞ്ഞപ്പോൾ ആൾക്കാർ രണ്ട് വ്യത്യസ്ത അഭിപ്രായമുള്ളവരായി തിരിഞ്ഞു. ആ സമയം അച്ചൻ ഇടപെട്ടു അവരെ ശാന്തരാക്കി. തികച്ചും പൈശാചികമായ രീതിയാണിതെന്ന് അവരെ ബോധ്യപ്പെടുത്തി. 22 നും 25 നും ഇടയിൽ പ്രായമായ മൂന്ന് സ്ത്രീകളെ ജീവനോടെ കത്തിക്കുക എന്ന ഉദ്യമത്തിൽ നിന്നും മോചിപ്പിക്കാൻ സാധിച്ചു. അവരെ ഞാൻ തന്നെ അവിടെനിന്നും മോചിപ്പിച്ചു കൊണ്ടുപോയി, അടുത്തുള്ള മഠത്തിൽ ഏൽപ്പിച്ചു. ഇത്തരം ചെറുതും വലുതുമായ അന്ധവിശ്വാസ രീതികൾക്ക് പതിയെ മാറ്റം വന്നു തുടങ്ങുന്നു.” ഫാ. മാത്യു പറഞ്ഞു.

ഇടവകയിലെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾ

ആറു മണിക്കൂർ വരെ നടന്നാണ് ഇടവകയിലെ വില്ലേജുകൾ സന്ദർശിക്കുന്നത്. ചതുപ്പ് നിലങ്ങളും ബുദ്ധിമുട്ടേറിയ വഴികളും താണ്ടിയ യാത്ര വിശ്രമമില്ലാതെ തുടരുന്നു. കാരണം ഒരു ഇടവകയുടെ കീഴിൽ ഇരുപത്തിരണ്ട് വില്ലേജുകൾ ഉൾപ്പെടുന്നു. വൈദികരുടെ കുറവ് നിമിത്തം വി. കുർബാന, കുമ്പസാരം എന്നിവ വളരെ കുറവാണ്. മാസത്തിൽ ഒരു പ്രാവശ്യം മാത്രമേ വില്ലേജുകൾ കയറിയിറങ്ങി കൂദാശകൾ പരികർമം ചെയ്യുവാൻ സാധിക്കുകയുള്ളൂ. ബാക്കിയുള്ള കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കുന്നത് മൂന്ന് വർഷക്കാലം പ്രത്യേക പരിശീലനം ലഭിച്ച കാറ്റിക്കിസ്റ്റുമാരാണ്. അവരുടെ സേവനങ്ങൾക്കു ഒരു ചെറിയ തുക പ്രതിഫലമായി നൽകിവരുന്നു. നാം പരിശീലിപ്പിക്കുന്നത് അനുസരിച്ച് ഇവരുടെ ഇടയിലെ അന്ധവിശ്വാസങ്ങൾക്ക് കുറേശ്ശെ മാറ്റം വരുകയും അവർ അവരുടെ കൂടെയുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ബോധവത്കരിക്കാൻ ശ്രമിക്കുന്ന കാര്യങ്ങളോട് ഇവർ നല്ല രീതിയിലാണ് പ്രതികരിക്കുന്നത്.

ഇവരുടെ പാട്ട്, ഡാൻസ്, ഗോത്ര രീതിയിലുള്ള വ്യത്യസ്ത സംസ്കാര രീതി ഇവയെയെല്ലാം സഭ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മിഷനറിമാരുടെ പ്രവർത്തന രീതിയിലുള്ള വ്യത്യസ്തതയും തുടർച്ച ഇല്ലാത്തതും ഇവരുടെ വിശ്വാസ ജീവിതത്തെ സാരമായി ബാധിക്കുന്നു എന്നതും മറച്ചു വയ്ക്കാനാവാത്ത സത്യം തന്നെ. അവർക്കു സ്വീകാര്യരായ വ്യക്തികളുടെ വാക്കുകൾ മാത്രമേ അവർ ചെവിക്കൊള്ളുകയുള്ളു. അവരുടെ ഇടയിൽ സ്വാധീനം ചെലുത്തുവാൻ സാധിച്ചാൽ മാറ്റങ്ങൾ വരുത്തുവാനും കാര്യങ്ങൾ ബോധ്യപ്പെടുത്തുവാനും പെട്ടെന്ന് സാധിക്കും.

വ്യത്യസ്‍തമായ ആഘോഷ രീതികൾ

845 ഓളം വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വിവിധ ഗോത്രങ്ങളിൽ ഉള്ളവരും വസിക്കുന്ന ഇവിടം വ്യത്യസ്തതകളുടെ ഒരു ലോകം തന്നെയാണ്. ടോക് പിസിൻ (Tok Pisin) എന്ന ഭാഷയാണ് ഇവിടെയുള്ളവർ കൂടുതലായും സംസാരിക്കുന്നത്. ടൗണുകളിൽ ഉള്ളവർക്ക് കുറച്ചു ഇംഗ്ലീഷ് ഭാഷയും അറിയാം. ഒപ്പം ഓരോ ഗോത്രത്തിനും അതിന്റെതായ അലങ്കാരങ്ങളും വസ്ത്രങ്ങളും ഉണ്ട്. എന്നിരുന്നാലും ഗോത്രങ്ങൾ തമ്മിലുള്ള വഴക്കുകൾ ഇവിടെ പതിവാണ്. മിഷനറിമാരുടെ വരവോടെയാണ് ഇവർ  കാടുകളിൽ നിന്ന് നാട്ടിൽ എത്തുന്നതും മനുഷ്യരായി ജീവിക്കുവാൻ ആരംഭിക്കുന്നതും. അതിനാൽ തന്നെ  പല കാര്യങ്ങളിലും ഇവർ പുറകോട്ടാണ്. എല്ലാ ആഘോഷങ്ങൾക്കും പ്രധാനപ്പെട്ട വിഭവം പന്നിയെ ചുട്ടെടുക്കുന്നതാണ്.

വീട്ടിലെ പന്നിയുടെ കണക്കനുസരിച്ചാണ് ഒരാളുടെ സമ്പത്ത് നിശ്ചയിക്കുന്നത്. ആഘോഷങ്ങൾക്ക് പന്നിയെ കൊന്ന് ചുട്ടെടുക്കുന്നു. വിവാഹത്തിൽ പുരുഷന്മാർ ആണ് സ്ത്രീകൾക്ക് പണം കൊടുക്കുന്നത്. പ്രധാനമായും പണവും പന്നിയും ആണ് വിവാഹവുമായി ബന്ധപ്പെട്ട് കൈമാറ്റം ചെയ്യുക. പള്ളിയിലെ ആഘോഷങ്ങൾക്ക് കൊല്ലുന്ന പന്നിയുടെ എണ്ണം അനുസരിച്ചു ആഘോഷങ്ങളുടെ മാറ്റുകൂടുന്നു.

ഭ്രാന്തമായ ആചാരങ്ങൾ

മരണശേഷമുള്ള ഇവരുടെ ആചാര രീതികൾ വളരെ പ്രാകൃതമാണ്. ഒരാൾ മരിച്ചതിനു ശേഷം 20 ദിവസത്തോളം മൃതദേഹം വെച്ചുകൊണ്ടിരിക്കുന്നു. അപ്പോഴേക്കും മൃതദേഹം ഏറ്റവും മോശമായ അവസ്ഥയിലാകുന്നു. മൃതസംസ്കാര ശുശ്രൂഷകൾക്ക് വരുന്നവരെല്ലാം ഭക്ഷണ സാധനങ്ങൾ കൊണ്ടുവരും. അതെല്ലാം കഴിച്ചു, മദ്യപിച്ചു എല്ലാവരും ആ മരണവീട്ടിൽ ആയിരിക്കും. ആഘോഷത്തിന്റെ ഒപ്പം എല്ലാവിധ അസാന്മാർഗികതയും നടമാടും. എയ്ഡ്സ് രോഗം പകരുന്ന ഏറ്റവും പ്രധാന രംഗമാണിത്. ആദ്യമൊക്കെ അച്ചനെ ഇവർ മരണ വിവരം അറിയിക്കുകയില്ലായിരുന്നു. എന്നാൽ ഇപ്പോൾ മിക്കവരും മരണ വിവരം അറിയിക്കും. അച്ചൻ വന്ന് മരിച്ചവർക്കുള്ള പ്രാർത്ഥനകൾ ചൊല്ലും. എന്നാൽ ഇത്രയും ദിവസം മൃതദേഹം മറവു ചെയ്യാതെ വെച്ചുകൊണ്ടിരിക്കരുതെന്ന് അവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ദൂരെ നിന്ന് ആളുകൾ വരുവാനാണെന്നാണ് ഇവർ പറയുന്ന കാരണം. എന്നാൽ അത് വെറും ഒരു ന്യായം മാത്രമാണ്. പറഞ്ഞു ബോധ്യപ്പെടുത്തിയതിന്റെ ഫലമായി ചിലയിടങ്ങളിൽ ദിവസത്തിന്റെ എണ്ണം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.

“ഇവർ പന്നിയെ കൊല്ലുന്നതിനു പറയുന്ന കാരണം  പന്നിയുടെ രക്തത്താൽ വിശുദ്ധീകരിക്കപ്പെടാനാണ് എന്നതാണ്. എന്നാൽ അത് ശരിയല്ല എന്നും ക്രിസ്തുവിന്റെ രക്തത്താലാണ് നാം വിശുദ്ധീകരിക്കപ്പെടേണ്ടത് എന്നും പറഞ്ഞുകൊടുത്തു. ഒരുപാടു നാളത്തെ പരിശ്രമങ്ങൾക്ക് ശേഷമാണ് അവരുടെ ആചാര രീതികൾക്ക് മാറ്റം വരുത്തുവാൻ സാധിക്കുന്നത്. ആദ്ധ്യാന്മിക കാര്യങ്ങളിൽ തുടർച്ചയില്ലാത്തത് ഇവരുടെ വിശ്വാസം ക്ഷയിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കാരണം ഇവരെ എങ്ങനെ വേണമെങ്കിലും വളർത്തിയെടുക്കുവാൻ വളരെ എളുപ്പമുള്ള ഒരു സമൂഹമാണ്. അതിനാൽ തന്നെ പെന്തക്കോസ്തു പോലുള്ള വ്യത്യസ്ത വിഭാഗങ്ങൾ ഇവിടെ ശക്തമാണ്. ” ഫാ. മാത്യു പറഞ്ഞു.

സ്ത്രീകളും കുട്ടികളും

കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യം വളരെ കുറവാണ്. സ്കൂൾ തുറക്കുമ്പോൾ 500 കുട്ടികൾ ഉണ്ടെങ്കിൽ അവസാനം ആകുമ്പോഴേക്കും അത് നൂറോ അമ്പതോ ആയി ചുരുങ്ങും. വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള ബോധ്യം വളരെ കുറവാണ് ഇവർക്കിടയിൽ. അതിനാൽ തന്നെ സ്കൂൾ വിദ്യാഭ്യാസത്തിന് ഒട്ടും തന്നെ പ്രാധാന്യം ഇവർ കൊടുക്കുന്നില്ല. ചെറുപ്പത്തിൽ തന്നെ ധാർമികമായ രീതിയിലുള്ള അവബോധം കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നില്ല. എന്നാൽ ഇവിടുത്തെ സ്ത്രീകൾ പൊതുവെ ശക്തരാണ്. പറമ്പിലും കൃഷിയിടങ്ങളിലും ജോലി ചെയ്യുന്നത് സ്ത്രീകൾ മാത്രമായിരിക്കും. പുരുഷന്മാരുടെ പ്രധാന ജോലി കാട്ടിൽ പോയി വിറക് ശേഖരിക്കുകയാണ്. മക്കളില്ലാത്ത സ്ത്രീകളെ ഭർത്താക്കന്മാർ  ഉപേക്ഷിക്കും. വിവാഹം കഴിച്ചു ജീവിക്കുന്നതിന് പകരം ഇപ്പോൾ ഒന്നിച്ചു താമസിക്കുന്ന രീതിയും (living together) ഇവരുടെയിടയിൽ ഉണ്ട്. യൂറോപ്യൻ സംസ്കാരത്തിന്റെ സ്വാധീനം ഇവരുടെയിടയിൽ ഇപ്പോൾ ശക്തമായി ഉണ്ട്.

എങ്കിലും ക്രിസ്തുവിന്റെ സന്ദേശം ഇവർക്കിടയിൽ മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ മിഷനറിമാർ.

സി. സൗമ്യ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ