പപ്പുവ ന്യൂ ഗുനിയയിലെ കപ്പൂച്ചിൻ വൈദികൻ

സി. സൗമ്യ DSHJ

“ഇല്ലായ്മയിൽ ദൈവത്തിന്റെ പരിപാലനയിൽ മാത്രം ആശ്രയിച്ച് മുന്നോട്ടുപോയ കുറേ വർഷങ്ങൾ. ഒരു മിഷനറി ആയിത്തന്നെ ജീവിക്കാനാണ് ആഗ്രഹം. ഇന്നേവരെ ദൈവം ഒരു കുറവും വരുത്തിയിട്ടില്ല.” അഞ്ചു വർഷക്കാലം പപ്പുവ ന്യൂ ഗുനിയ എന്ന രാജ്യത്ത് സേവനം ചെയ്തിരുന്ന കപ്പൂച്ചിൻ മിഷനറി വൈദികൻ ഫാ. ജോസഫ് വേലിപ്പറമ്പിലിന്റെ വാക്കുകളാണ് ഇത്. ദൈവപരിപാലനയിൽ കടന്നുപോയ വർഷങ്ങളും പപ്പുവ ന്യൂ ഗുനിയയിലെ വിശേഷങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് ഈ വൈദികൻ.

ആടുകളെ തേടിയെത്തിയ ഇടയന്മാർ

മോണ്ടി രൂപതയിൽ സെൻറ് ഫെലിക്സ് പാങ്കിയ എന്ന ദേവാലയത്തിലാണ് ഈ വൈദികൻ സേവനമനുഷ്‌ഠിക്കുന്നത്‌. പപ്പുവ ന്യൂ ഗുനിയയിൽ കത്തോലിക്കാ സഭയുടെ വിശ്വാസപാരമ്പര്യത്തിന് വെറും നൂറു വർഷത്തെ പഴക്കമേയുള്ളൂ. എങ്കിലും പകർന്നുകിട്ടിയ വിശ്വാസത്തെ അണയാതെ കാത്തുസൂക്ഷിക്കുവാൻ മിഷനറിമാർ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. പ്രധാന പള്ളിയോടു ചേർന്ന് 17 ചെറിയ പള്ളികളുമുണ്ട്. കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശത്ത് വാഹനസൗകര്യം വളരെ കുറവാണ്. അതിനാൽത്തന്നെ കിലോമീറ്ററുകൾ നടന്നാണ് കുർബാന അർപ്പിക്കുവാൻ ഓരോ സ്റ്റേഷൻ പള്ളികളിലും മാറിമാറി പോകുന്നത്.

ഓരോ പള്ളികളിലും ഒരു വർഷം മൂന്നോ നാലോ പ്രാവശ്യം എത്തിചേരുവാനേ വൈദികരുടെ കുറവു മൂലം സാധിക്കുന്നുള്ളൂ. വില്ലേജിലെ സ്‌റ്റേഷൻ പള്ളികളിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ വൈദികൻ തലേദിവസം തന്നെ എത്തും. അവരുടെ ആരുടെയെങ്കിലും വീട്ടില്‍ താമസിക്കും. അച്ചൻ വന്നെന്ന് അറിയുമ്പോൾ എല്ലാവരും ഒന്നിച്ചുകൂടി വിശുദ്ധ കുർബാനയുടെ പരിശീലനമോ കുമ്പസാരമോ നടത്തും. അവരോടൊന്നിച്ച് ഭക്ഷണം കഴിച്ച് അവരുടെ കൂടെ താമസിക്കും. ഇവിടെ വിവിധ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർ ഒരുപാടുണ്ട്. വളരെ സജീവമായ പ്രവർത്തനങ്ങളാണ് അവർ ഇവിടെ നടത്തുന്നത്. ആളുകളെ സ്വാധീനിച്ച് പ്രൊട്ടസ്റ്റന്റ് സഭകളിലേയ്ക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളും ഇവിടെ സജീവമാണ്.

പ്രകൃതിയോട് ഇണങ്ങിച്ചേർന്ന ജീവിതശൈലി

വളരെ വളക്കൂറുള്ള മണ്ണിൽ സ്ത്രീകളാണ് കൃഷിയിറക്കുന്നത്. പുരുഷന്മാരുടെ പ്രധാനജോലി കാട്ടിൽ പോയി തടി ശേഖരിക്കുകയാണ്. സ്വയം കൃഷി ചെയ്ത പച്ചക്കറികളും ഇലകളുമാണ് ഇവരുടെ പ്രധാന ഭക്ഷണം. പന്നികൾ സ്വന്തമായി ഉള്ളത് ഇവരുടെ വലിയ സമ്പത്താണ്. പ്രകൃതി ഇവരെ കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്നതിനാൽ വലുതായി കഷ്ട്ടപ്പെട്ടില്ലെങ്കിലും ജീവിക്കാനുള്ള വക ഇവർക്ക് ലഭിക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സ്ത്രീകളാണ് ഇവിടെ ശക്തർ. കൃഷിയിലൂടെയും മറ്റും വരുമാനം ഉണ്ടാക്കുന്നത് സ്ത്രീകൾ തന്നെ ആയതിനാൽ സമൂഹം അവരെ വിലമതിക്കുന്നുമുണ്ട്.

വ്യത്യസ്തമായ ആചാര രീതികൾ

അനേകം അന്ധവിശ്വാസങ്ങൾ നിലവിലുള്ള ഇവരുടെയിടയിൽ ചില രീതികൾ ഇന്നും വളരെ പ്രാകൃതമാണ്. അതിൽ ഒന്നാണ് ‘സങ്കുമ’ ആരോപണം. സമൂഹത്തിൽ ഉണ്ടാകുന്ന അനർത്ഥങ്ങൾ ഏതെങ്കിലും ഒരു വ്യക്തിയിൽ ആരോപിക്കുന്നതാണ് സങ്കുമ.

സങ്കുമ ആരോപിക്കപ്പെട്ടു കഴിഞ്ഞാൽ അവരെ വളരെയേറെ ദ്രോഹിച്ച് ക്രൂരമായി കൊലപ്പെടുത്തും. ഗോത്രങ്ങൾ തമ്മിലുള്ള അക്രമങ്ങളും ഇവരുടെയിടയിൽ പതിവാണ്. പരസ്‌പരം കൊല ചെയ്യാൻ പോലും ഒരുമടിയും കാണിക്കാത്തവരാണ് ഇക്കൂട്ടർ. വിദ്യാഭ്യാസത്തിലൂടെ ഉയർന്ന ജോലി സമ്പാദിക്കണമെന്ന ലക്ഷ്യമൊന്നും ഇവർക്കില്ല. ഇവരുടെ ഇടയിൽ ഉയർന്ന ജോലിയുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. 15 വയസാകുമ്പോൾ തന്നെ പെൺകുട്ടികൾ ഏതെങ്കിലും പുരുഷനെ കണ്ടെത്തി ഒന്നിച്ച് താമസം തുടങ്ങിയിരിക്കും.

ധാർമ്മികമായ അറിവ് ഇവർക്ക് വളരെ കുറവാണ്. അതിനാൽ ഒരാളെ ഉപേക്ഷിച്ച് അടുത്തയാളുടെ കൂടെ ജീവിക്കുന്നതൊക്കെ ഇവരുടെയിടയിൽ സാധാരണമാണ്. വിവാഹം കഴിക്കുന്ന പുരുഷൻ സ്ത്രീയ്ക്ക് വിവാഹത്തിനുള്ള ഉറപ്പായി നൽകുന്നത് പന്നികളെയാണ്. പറഞ്ഞുറപ്പിച്ചിരിക്കുന്ന ക്രമപ്രകാരം കൊടുക്കേണ്ട പന്നികളെ കൊടുത്താൽ സ്ത്രീയെ പുരുഷന് സ്വന്തമാക്കാം. ഇതാണ് അവരുടെ പരസ്പരമുള്ള ഉടമ്പടി. മിഷനറിമാർ എത്തിയതിനുശേഷം പള്ളിയിൽ വച്ച് വിവാഹം നടത്തുന്ന കാര്യങ്ങളെക്കുറിച്ചുള്ള ബോധ്യം ഇവർക്ക് നൽകുവാൻ ശ്രമിച്ചുവരുന്നു.

ദൈവപരിപാലന അനുഭവിച്ചറിഞ്ഞ മിഷനറി

ഈ കപ്പൂച്ചിൻ വൈദികൻ പപ്പുവാ ന്യൂ ഗുനിയയിലെ ജീവിതത്തിലൂടെ തൻ്റെ ജീവിതത്തിൽ ദൈവപരിപാലനയെ അനുഭവിച്ചറിയുകയായിരുന്നു. “പൊതുവേ വലിയ ആരോഗ്യമൊന്നുമുള്ള ആളല്ല ഞാൻ. എങ്കിലും ദൈവം സഹായിച്ച് ഒരു അസുഖവും അവിടെ ആയിരുന്ന അവസരത്തിൽ എനിക്ക് വന്നിട്ടില്ല. മലേറിയ ഇവിടെ മിക്കവർക്കും ഉണ്ടാകാറുണ്ട്. ദൈവം എന്നെ എല്ലാറ്റിൽ നിന്നും പ്രത്യേകമായ വിധത്തിൽ സംരക്ഷിച്ചു.” ജോസഫച്ചൻ പറയുന്നു.

സ്വന്തക്കാരിൽ നിന്നും ബന്ധക്കാരിൽ നിന്നും അകന്നുമാറി ജീവിക്കുന്ന മിഷനറി അനുഭവത്തെ ഈ അച്ചൻ ഒരുപാട് സ്നേഹിക്കുന്നു. കാരണം, ഏൽപ്പിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്ക് ഒരു കുറവും അതുമൂലം സംഭവിക്കരുതല്ലോ. ഒന്നുമില്ലാത്തിടത്ത് ദൈവത്തിന്റെ പരിപാലന ദർശിക്കുവാൻ സാധിക്കുന്നുവെന്ന് ഈ അച്ചൻ തൻ്റെ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ ആത്മാവിൽ ജ്വലിച്ചുകൊണ്ട് പുതിയ മിഷൻ സ്ഥലങ്ങളിലേയ്ക്ക് പോകുവാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് കർത്താവിന്റെ ഈ വലിയ മിഷനറി. ലോകത്തിൽ ക്രിസ്തുവിനെ അറിയാത്തവർക്ക് ക്രിസ്തുവാകുന്ന പ്രകാശത്തെ പകരുവാനുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾക്ക് ദൈവം കൂടെയുണ്ടാകട്ടെ. അതിനായി നമുക്കും പ്രാർത്ഥിക്കാം.

സി. സൗമ്യ DSHJ