വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രേഷിതവിപ്ലവമായി എഫ്‌സിസി സന്യാസിനികള്‍

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്റ്, ആസാം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി 33 ഹൗസുകളാണ് എഫ്‌സിസി സന്യാസിനി സഭയ്ക്കുള്ളത്. എല്ലായിടവും കേന്ദ്രീകരിച്ച് നടക്കുന്നത് അതിതീക്ഷ്ണമായ പ്രേഷിതപ്രവര്‍ത്തനങ്ങളും അതുവഴിയായുള്ള സുവിശേഷപ്രഘോഷണങ്ങളും. അറുപതുകളില്‍ എഫ്‌സിസി സന്യാസിനിമാര്‍ ദൈവദൂതരെപ്പോലെ അവിടേയ്ക്ക് കടന്നുചെല്ലുമ്പോള്‍ ഒരു മേഖലയിലും പുരോഗമനം കടന്നുചെല്ലാത്ത ഗ്രാമങ്ങളും കുറേ മനുഷ്യരുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, ഇന്ന് സ്ഥിതി മാറി. വിദ്യാഭ്യാസത്തിന്റെയും മാന്യമായ സംസ്‌കാരത്തിന്റെയും മാനസിക-ശാരീരിക ആരോഗ്യത്തിന്റെയുമെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ, അതിനുവേണ്ടി പ്രയത്‌നിക്കുന്ന ജനങ്ങളാണ് അവിടുള്ളവരില്‍ ബഹുഭൂരിപക്ഷവും. ഈ നിലയിലേയ്ക്ക് മാറാന്‍ അവരെ സഹായിച്ചതില്‍ അനേകം പ്രേഷിതരോടൊപ്പം ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭാംഗങ്ങള്‍ വഹിച്ച പങ്ക് എപ്രകാരമായിരുന്നു എന്നതിനെക്കുറിച്ച് അറിയാം. പതിറ്റാണ്ടുകള്‍ മിഷനറിയായി ജീവിതം നയിച്ച സി. ഷന്താള്‍ മരിയയുടെ വാക്കുകളില്‍ നിന്ന്..

1966-ലാണ് മണിപ്പൂരിലെ സുഗ്നുവില്‍ എഫ്‌സിസി സന്യാസിനികള്‍ തങ്ങളുടെ ആദ്യ ഭവനം സ്ഥാപിച്ചത്. സുവിശേഷവത്കരണം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കുടുംബ പ്രേഷിതത്വം, മതപഠന ശുശ്രൂഷകള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ പരിഗണിക്കല്‍ എന്നിവയൊക്കെയായിരുന്നു ക്ലാരിസ്റ്റ് സന്യാസിനികളുടെ അവിടേയ്ക്കുള്ള പ്രേഷിതയാത്രയുടെ സുപ്രധാന ലക്ഷ്യങ്ങള്‍. ദൈവത്തിന്റെ പരിപാലനയും സംരക്ഷണവും അനുഭവിച്ചറിഞ്ഞ സന്തോഷകരമായ ഒട്ടേറെ അനുഭവങ്ങളാണ് ഞങ്ങള്‍ക്ക് ഇവിടുത്തെ ശുശ്രൂഷയെക്കുറിച്ച് ഓര്‍ത്തെടുക്കാനുള്ളത്. 1972 മുതല്‍ 1989 വരെയുള്ള കാലഘട്ടത്തിലാണ് ഞാന്‍ അവിടെ സേവനം ചെയ്തത്. ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ സയന്‍സ് അധ്യാപികയായിരുന്നു ഞാന്‍ അവിടെ. മിഷനറി മേഖലയില്‍ ആദ്യമാണ് എന്നതുകൊണ്ടു തന്നെ എനിക്ക് എല്ലാം പുതുമയായിരുന്നു. സ്ഥലവും, ആളുകളും അവരുടെ രീതികളും, ഭാഷയുമെല്ലാം എന്നെ അത്ഭുതപ്പെടുത്തി. എന്നാല്‍ മിഷനറി ചൈതന്യത്താല്‍ നിറഞ്ഞിരുന്നതിനാല്‍ ഒന്നിലും മടുപ്പ് തോന്നിയില്ല.

ആളുകളെ കൂദാശകള്‍ക്ക് ഒരുക്കുന്നതിനുവേണ്ടി ഗ്രാമങ്ങളിലൂടെയും കുടുംബങ്ങളിലൂടെയും സഞ്ചരിച്ചിരുന്ന വൈദികരെയും ശുശ്രൂഷകരെയും അനുഗമിക്കാന്‍ സാധിച്ചതൊക്കെ മറക്കാനാവാത്ത അനുഭവങ്ങളാണ്. ഇടവകയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക ശുശ്രൂഷകള്‍ക്കും മതോപദേശികള്‍ നേതൃത്വം നല്‍കുന്ന കാഴ്ചകളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇടവകകളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്നവരാണ് അവര്‍. പലപ്പോഴും വൈദികരുടെയും മിഷനറിമാരുടെയും വാക്കുകള്‍ സമൂഹത്തിന് തര്‍ജ്ജിമ ചെയ്തു കൊടുക്കുന്നതും ഇക്കൂട്ടരാണ്.

ആരോഗ്യ പരിരക്ഷ

നഴ്‌സായിരുന്ന സി. ലൂയിസ് തെരേസ അവിടെ എത്തിയതോടെയാണ് മേഖലയില്‍ ഊര്‍ജ്ജസ്വലമായ രോഗീപരിചരണം ലഭ്യമാക്കി തുടങ്ങിയത്. വി. യൗസേപ്പിന്റെ നാമത്തില്‍ ഒരു ഡിസ്‌പെന്‍സറിയും തുടങ്ങി. ദൂരെനിന്നു പോലും ധാരാളം രോഗികളും ഇവിടെ എത്തിയിരുന്നു. അതിനുമുമ്പ് പലരും, രോഗത്തെ പിശാചിന്റെ ആക്രമണമായി കണ്ട് മന്ത്രവാദം പോലുള്ളവയിലാണ് ചികിത്സ തേടിയിരുന്നത്. അതുകൊണ്ടു തന്നെ രോഗങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളും തെറ്റിധാരണകളും മാറ്റിക്കൊടുക്കാന്‍ ഞങ്ങള്‍ പരിശ്രമിച്ചു, അത് വിജയിക്കുകയും ചെയ്തു. ശരിയായ ചികിത്സ ലഭിച്ചു തുടങ്ങിയതോടെ ആളുകള്‍ക്ക് രോഗസൗഖ്യവും ലഭിച്ചുതുടങ്ങി. ഡിസ്‌പെന്‍സറിയില്‍ എത്തുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഗ്രാമങ്ങള്‍ തോറും ഞങ്ങള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി. പലപ്പോഴും രണ്ടും മൂന്നും ദിവസം ഓരോ ഗ്രാമത്തിലും താമസിച്ചുകൊണ്ടായിരുന്നു അത്.

അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമം

ഞങ്ങളുടെ ഇടവകയിലെ കാത്തലിക് റിലീഫ് സര്‍വീസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പ്രതിവര്‍ഷം 120-ഓളം സ്ത്രീകള്‍ ഈ പദ്ധതിയുടെ ഗുണഫലം അനുഭവിക്കുന്നുണ്ട്. പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം നല്‍കുകയും പോഷകഗുണമുള്ള ഭക്ഷണം ലഭ്യമാക്കുകയും ചെയ്യുന്നതായിരുന്നു, പദ്ധതിയുടെ പ്രധാന ദൗത്യം. അതുപോലെ തന്നെ കുട്ടികളുടെ രോഗപ്രതിരോധത്തിന്റെ കാര്യത്തിലും ശ്രദ്ധ കൊടുത്തിരുന്നു. ആദ്യമൊക്കെ കോണ്‍വെന്റിനു പുറത്ത് ഒരു ഷെഡിലാണ് ഈ ശുശ്രൂഷകളെല്ലാം നല്‍കി വന്നിരുന്നത്. പിന്നീട്, 1979-ലാണ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനു വേണ്ടി ഒരു കെട്ടിടം പണി തീര്‍ത്തത്.

ടി.ബി, പനി, മഞ്ഞപ്പിത്തം, അലര്‍ജി, പ്രസവം, പാമ്പുകടി തുടങ്ങിയവയ്ക്കാണ് കൂടുതലും ചികിത്സ വേണ്ടിയിരുന്നത്. പലരും മരണത്തെ മുഖാമുഖം കാണുമ്പോള്‍ മാത്രമാണ് ചികിത്സ തേടി എത്തുക. മരുന്നും ദൈവവചനത്തില്‍ ആശ്രയിച്ചുള്ള പ്രാര്‍ത്ഥനയും നല്‍കി ഞങ്ങള്‍ ചികിത്സിക്കുകയും രോഗികള്‍ സുഖമാവുകയും ചെയ്യും. ഒരിക്കല്‍ ശരീരം മുഴുവന്‍ മഞ്ഞ നിറത്തിലായ ഒരു വ്യക്തിയെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവന്നു. പല ഡോക്ടര്‍മാര്‍ ഉപേക്ഷിച്ചു വിട്ടതാണ്. വി. അല്‍ഫോന്‍സാമ്മയോട് മാദ്ധ്യസ്ഥ്യം യാചിച്ച്, ഞങ്ങള്‍ ചികിത്സ നല്‍കി. പതിയെ സൗഖ്യം പ്രാപിച്ചു വന്ന ആ വ്യക്തി, ഒരാഴ്ച കഴിഞ്ഞപ്പോള്‍ പൂര്‍ണ്ണസൗഖ്യം പ്രാപിച്ചു. മറ്റൊരിക്കല്‍ ഒരു പെണ്‍കുട്ടിയെ, പോഷകാഹാരക്കുറവു മൂലം തളര്‍ന്ന്, പല അസുഖങ്ങളുമായി, കണ്ണ് തുറക്കാന്‍ പോലും ശേഷിയില്ലാത്ത അവസ്ഥയില്‍ എത്തിച്ചു. ഒരു മാസം ഞങ്ങള്‍ അവളെ അവിടെ കിടത്തി ചികിത്സയും മരുന്നും ഭക്ഷണവും നല്‍കി. പിന്നീട് പൂര്‍ണ്ണ ആരോഗ്യവതിയായ അവള്‍ പഠനവും പുനരാരംഭിച്ചു. ഇതുപോലെ രണ്ടും മൂന്നും മാസമൊക്കെ ചികിത്സ നല്‍കിയ ധാരാളം ആളുകളുണ്ട്. അവരെല്ലാം പിന്നീട് അതീവ സന്തോഷത്തോടും പൂര്‍ണ്ണ ആരോഗ്യത്തോടും കൂടെ തിരിച്ചുപോകുന്ന കാഴ്ചയ്ക്കും ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും ഓരോ രോഗികള്‍ക്കും വേണ്ടി നടത്തുന്ന പ്രാര്‍ത്ഥനയുടെയും ഫലമാണ് അവയെല്ലാം.

സുവിശേഷവത്കരണം

ഗ്രാമങ്ങള്‍ തോറും നടത്തുന്ന സന്ദര്‍ശനമാണ്, ഞങ്ങളുടെ പ്രധാന പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ മറ്റൊന്ന്. ശനിയാഴ്ചകളിലാണ് മൂന്നും നാലും സിസ്റ്റേഴ്‌സ് ബോര്‍ഡിംഗിലുള്ള രണ്ടോ മൂന്നോ കുട്ടികളെയും കൂട്ടി ഗ്രാമങ്ങളിലുള്ള കുടുബങ്ങള്‍ സന്ദര്‍ശിക്കാനായി പോകുന്നത്. കാല്‍നടയായി മാത്രമാണ് സഞ്ചാരം. ഓരോ വീട്ടിലും പതിനഞ്ചോ ഇരുപതോ മിനിട്ട് ചെലവഴിക്കും. എല്ലാവരും സന്തോഷത്തോടെയാണ് ഞങ്ങളെ സ്വീകരിക്കുക. അതു കാണുമ്പോള്‍ നമ്മുടെയും മനസ് നിറയും. പരമാവധി മണിപ്പൂരി, ഹിന്ദി ഭാഷകളില്‍ അവരോട് സംസാരിക്കാനും ഞങ്ങള്‍ പരിശ്രമിക്കാറുണ്ട്. ഓരോ വീട്ടില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പായി കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ചിരുത്തി, ബൈബിള്‍ വായിച്ച് പ്രാര്‍ത്ഥിക്കും.

മിഷനറി ടൂര്‍

അവധിക്കാലങ്ങളില്‍ വൈദികരുടെയും, ശുശ്രൂഷകരുടെയും ഏതാനും നാട്ടുകാരുടെയും കൂടെ അകലങ്ങളിലുള്ള ഗ്രാമങ്ങളിലേയ്ക്ക് ഞങ്ങള്‍ കടന്നുചെല്ലും. സാധാരണ ക്രിസ്തുമസ്, ഈസ്റ്റര്‍ കാലങ്ങളിലാണ് കൂദാശകളുമായി അകലെയുള്ള ഗ്രാമങ്ങളിലേയ്ക്ക് പോവുക. പതിനഞ്ചോ ഇരുപതോ ദിവസങ്ങള്‍ക്കു ശേഷമാവും ഞങ്ങള്‍ തിരിച്ചെത്തുക. അതുകൊണ്ട് ഇത്രയും ദിവസത്തേയ്ക്ക് അത്യാവശ്യം വേണ്ടതെല്ലാം പാക്ക് ചെയ്ത് ചുമലിലാക്കിയാണ് യാത്ര. ഓരോ കുടുംബത്തിലും കടന്നുചെന്ന്, അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ്, വേദപാഠം പഠിപ്പിക്കുകയും വിവാഹം പോലുള്ള കൂദാശകള്‍ക്കായി ഒരുക്കുകയും ചെയ്യും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആരോഗ്യസംബന്ധിയായ ക്ലാസുകള്‍ എടുക്കും, ആവശ്യമായവര്‍ക്കെല്ലാം മരുന്ന് വിതരണവും ചെയ്യും. ഈ ദിവസങ്ങളില്‍ അവിടുത്തെ ജനങ്ങളോടൊപ്പമായിരിക്കും ഞങ്ങളുടെ ഭക്ഷണവും ഉറക്കവുമെല്ലാം. ആളുകളുടെ ജിവിതം പഠിക്കാന്‍ സാധിച്ചു എന്നത് മാത്രമല്ല, ദൈവത്തിലുള്ള വിശ്വാസം വളര്‍ത്താനും മിഷനറി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആഴപ്പെടാനും ഇത്തരം അനുഭവങ്ങള്‍ ഞങ്ങളെ സഹായിച്ചുകൊണ്ടിരുന്നു.

വിദ്യാഭ്യാസം

1972-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട, രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ചുരാചന്‍ദ്പൂരിലെ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലാണ് ഞാന്‍ സേവനം ചെയ്തിരുന്നത്. അവിടുത്തെ പ്രത്യേകത എന്തെന്നാല്‍, മാതാപിതാക്കള്‍ക്കോ മക്കള്‍ക്കോ വിദ്യാഭ്യാസം എന്ന സമ്പ്രദായത്തോട് താത്പര്യമില്ല. അതുകൊണ്ട് ഗ്രാമങ്ങളിലൂടെ ഭവനസന്ദര്‍ശനത്തിനായി ചെന്നപ്പോഴെല്ലാം കുട്ടികളെ സ്‌കൂളില്‍ അയയ്ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, സെമിനാറുകളിലൂടെയും ക്ലാസുകളിലൂടെയുമെല്ലാം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവത്കരിച്ചു കൊണ്ടുമിരുന്നു. അകലങ്ങളില്‍ താമസിക്കുന്ന കുട്ടികളെ ബോര്‍ഡിംഗില്‍ താമസിപ്പിച്ചു. സ്വന്തം വീട്ടിലെന്നപോലെ അവര്‍ അവിടെ കഴിയുകയും ചെയ്തു. അച്ചന്മാരും സന്യസ്തരും അവര്‍ക്ക് മാതാപിതാക്കളായി. ചിലരൊക്കെ ഒരു വര്‍ഷത്തിനു ശേഷമൊക്കെയാണ് വീടുകളില്‍ പോയിരുന്നത്. അങ്ങനെ പഠിച്ച പലരും ഇന്ന് ഉന്നത ഉദ്യോഗസ്ഥരായി മാറിക്കഴിഞ്ഞു എന്ന് അഭിമാനത്തോടെ ഇന്ന് ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും. 1980-ഓടെ സ്‌കൂള്‍, ടൗണ്‍ ഭാഗത്തേയ്ക്കു മാറ്റി സ്ഥാപിക്കുകയും നിരവധി കുട്ടികള്‍ എത്തുകയും സ്‌കൂള്‍ വലിയ പുരോഗതിയിലേയ്ക്ക് നീങ്ങുകയും ചെയ്തു. ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളായി ഇത് മാറിക്കഴിഞ്ഞു.

അസ്സീസി ഹോം തൂയിബോംഗ്

പിന്നീട് ചുരാചന്‍ദ്പൂരിലെ ഞങ്ങളുടെ സെന്ററില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള തൂയ്‌ബോംഗ് സ്‌കൂളിലേയ്ക്ക് ഞങ്ങള്‍ മിഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. അത്രയും ദൂരം നടന്നാണ് രണ്ട് സിസ്റ്റര്‍മാര്‍ ദിവസേന  പഠിപ്പിക്കാനായി സ്‌കൂളില്‍ പോയിരുന്നത്. തുടക്കത്തില്‍ വളരെ കുറച്ചു കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് ഹയര്‍ സെക്കന്ററി സ്‌കൂളാണ്.

പ്രദേശത്തെ കുട്ടികളുടെ ഇടയിലെ ദൈവവിളിയെ പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനുമായി 1981-ല്‍ അസ്സീസി ഹോം എന്ന പേരില്‍ ഒരു ഫോര്‍മേഷന്‍ ഹൗസും സ്ഥാപിച്ചു. 1983-ല്‍ ആദ്യബാച്ചുമായി ഫോര്‍മേഷന്‍ ആരംഭിച്ചു. ഇന്ന് ഈ നോര്‍ത്ത് – ഈസ്റ്റ് മണ്ണില്‍ നിന്ന് 105 സന്യാസിനിമാരാണ് ക്രിസ്തുവിന്റെ സന്യസിനികളായി തീര്‍ന്നിരിക്കുന്നത്.

ജനങ്ങളില്‍ നിന്നു തന്നെ ലഭിച്ചുകൊണ്ടിരുന്ന പിന്തുണയാലാണ് മിഷന്‍ പ്രവര്‍ത്തനം ഭംഗിയായി മുമ്പോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ 1997-ല്‍ രണ്ട് പ്രമുഖ വിഭാഗക്കാര്‍ തമ്മില്‍ ഉടലെടുത്ത വംശീയകലാപം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. സ്‌കൂളുകളും ബോര്‍ഡിംഗുകളും അടയ്‌ക്കേണ്ടി വന്നു. കോണ്‍വെന്റില്‍ ആ സമയം നാല് സിസ്‌റ്റേഴ്‌സ് മാത്രമാണ് ഉണ്ടായിരുന്നത്. കലാപക്കാര്‍ തമ്മില്‍ പരസ്പരം വെടിവയ്പ്പ് നടന്നിരുന്ന സമയമായതിനാലും, ഈ രണ്ട് വിഭാഗക്കാരുടെയും നടുവിലാണ് കോണ്‍വെന്റ് എന്നതിനാലും അവര്‍ക്ക് ആ നാളുകളിലെ അവിടുത്തെ ജീവിതം ഭയാനകമായിരുന്നു. ഒരു വര്‍ഷത്തോളം ആ കലാപം നീണ്ടുനിന്നു. കലാപത്തിനിടെ ഗ്രാമപ്രദേശങ്ങളിലെ അനേകം വീടുകള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയിരുന്നു. സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാന്‍പോലും സാധിക്കാത്ത വിധം ഒരു ജില്ല മുഴുവന്‍ യുദ്ധാന്തരീക്ഷത്തില്‍ നിലനില്‍ക്കുകയായിരുന്നു. പിന്നീട് സമാധാനകാംക്ഷികളായ കുറേയാളുകളുടെ ശ്രമഫലമായി പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ത്ത് സമാധാനം പുനസ്ഥാപിച്ചു.

ഗുഡ് ഷെപ്പേര്‍ഡ് ഹോം

കലാപത്തിനു ശേഷം സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും പല കുട്ടികള്‍ക്കും സാമ്പത്തികപ്രശ്‌നം കാരണം സ്‌കൂളില്‍ എത്താനായില്ല. അതുകൊണ്ട് പാവപ്പെട്ട കുട്ടികള്‍ക്ക് താങ്ങായി, സ്‌കൂളില്‍ പോകാത്ത കുട്ടികള്‍ക്കായി ബോര്‍ഡിംഗ് ഗുഡ്‌ഷെപ്പേര്‍ഡ് ഹോം ആക്കി മാറ്റി. പന്ത്രണ്ട് കുട്ടികളില്‍ തുടങ്ങിയ ഹോമില്‍ പിന്നീട് ധാരാളം കുട്ടികള്‍ വന്നുചേര്‍ന്നു. അവര്‍ സ്‌കൂളിലും പോയിത്തുടങ്ങി.

പീസ് ഹോം

കുറെയധികം ചെറുപ്പക്കാരും കുട്ടികളും മയക്കുമരുന്നിന് അടിമകളായിട്ടുള്ളതായി ഞങ്ങള്‍ കണ്ടെത്തി. ഈ തിന്മയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നതിനായി പീസ് ഹോം എന്ന പേരില്‍ ഹെല്‍ത്ത് സെന്റര്‍ തുടങ്ങി അവിടെ കൗണ്‍സിലിംഗും ഏര്‍പ്പെടുത്തി. എച്ച്‌ഐവി രോഗികളും പ്രദേശത്ത് ധാരാളമുണ്ടായിരുന്നു. അവരെയെല്ലാം വീടുകളില്‍ പോയിക്കണ്ട്, കൗണ്‍സിലിംഗ് നല്‍കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എയ്ഡ്‌സ് രോഗികളായ കുട്ടികളെയും പീസ് ഹോമില്‍ താമസിപ്പിച്ചിരുന്നു. പിന്നീട് ഭവനരഹിതരായ ആളുകള്‍ക്കും പീസ് ഹോം സ്വന്തം വീടായി മാറി.

മേഴ്‌സി ഹോം

വിധവകള്‍ക്കും ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് മേഴ്‌സി ഹോം തുടങ്ങിയത്. തയ്യല്‍, നെയ്ത്ത്, തിരി നിര്‍മ്മാണം പോലുള്ള ജോലികളില്‍ അവര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. കാലക്രമേണ മേഴ്‌സി ഹോമിനോട് ചേര്‍ന്ന് ഭിന്നശേഷിക്കാരും അംഗഹീനരുമായ കുട്ടികള്‍ക്കു വേണ്ടിയും അഭയകേന്ദ്രം സ്ഥാപിച്ച്, അവര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും നല്‍കിയിരുന്നു. സെറിബ്രല്‍ പാഴ്സി പോലുള്ള രോഗങ്ങളുള്ള കുട്ടികള്‍ക്ക് ഫിസിയോതെറാപ്പിയും ലഭ്യമാക്കി.

ഈ ശുശ്രൂഷകളെല്ലാം ഭയമോ മടുപ്പോ കൂടാതെ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചതും ദൈവത്തിനും അവിടുത്തെ രാജ്യത്തിനും മഹത്വം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചതും നല്ലവരും സുമനസ്‌കരുമായ അനേകം വൈദികരുടെയും പ്രേഷിതരുടെയും അത്മായരുടെയും നേതാക്കളുടെയും സഹായത്താലാണെന്ന കാര്യവും പ്രത്യേകം അനുസ്മരിക്കട്ടെ. ദൈവഹിതം പോലെ, ഭൂമിയില്‍ സ്വര്‍ഗരാജ്യം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്നും അനേകര്‍ ഏര്‍പ്പെട്ടിരിക്കുന്നു. അവര്‍ക്കെല്ലാം വേണ്ടി ദൈവതിരുമുമ്പില്‍ നമുക്ക് മാദ്ധ്യസ്ഥ്യം യാചിക്കാം.