മഡഗാസ്കറിന്റെ മനമറിഞ്ഞ മലയാളി മെത്രാൻ 

സി. സൗമ്യ DSHJ

അത്യന്തം ക്ലേശകരമാണ് മഡഗാസ്കറിന്റെ ഉൾഗ്രാമങ്ങളിലേയ്ക്കുള്ള യാത്ര. 650 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേയ്ക്ക് പോകുമ്പോൾ വണ്ടിക്കു പറ്റിയ തകരാര്‍, കുടിവെള്ളത്തിന്റെ വിലയെ തിരിച്ചറിയുവാനുള്ള ഒരു അവസരമായിരുന്നു. കാരണം, നിലാവെളിച്ചത്തിൽ പെയ്തുകൊണ്ടിരുന്ന മഴയെ അവഗണിച്ച് കിലോമീറ്ററുകൾ കാൽനടയായി നടന്നു. അടുത്തെങ്ങും ഒറ്റ വീടുകൾ പോലുമില്ല. ഭക്ഷണം കഴിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. ദാഹിച്ചുവലഞ്ഞ ആ രാത്രിയിൽ മഴ നനഞ്ഞ് ക്ഷീണിച്ചു നടക്കുമ്പോൾ ചാറ്റൽമഴയിൽ കൈയിൽ തട്ടിയ രണ്ടു- മൂന്നു തുള്ളി വെള്ളം കൊണ്ട് ദാഹം ശമിപ്പിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്. മഡഗാസ്കറിലെ പോർട്ട് ബെർഷേ രൂപതയിലെ മലയാളി ബിഷപ്പ് മാർ ജോർജ്ജ് പുതിയാകുളങ്ങര ലൈഫ് ഡേ-യുമായി തൻ്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

20 വർഷം മിഷനറിയായും പത്തു വർഷം ബിഷപ്പായും മഡഗാസ്കറിൽ സേവനം ചെയ്തുവരികയാണ് ഈ വലിയ മിഷനറി. 22 രൂപതകളിലായി വ്യാപിച്ചു കിടക്കുന്നതാണ് മഡഗാസ്കറിലെ കത്തോലിക്കാ സമൂഹം. കാലാവസ്ഥ, ഭാഷ, സംസ്‌കാരം ഇവയെല്ലാം വ്യത്യസ്തമായ ഒരു നാട്ടിൽ അവരുടെ സംസ്കാരത്തോട് ഇണങ്ങിച്ചേർന്ന്‌ ജീവിക്കുവാൻ തീക്ഷ്ണതയുള്ള ഒരു മിഷനറിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക. മഡഗാസ്‌ക്കറിന്റെ മണ്ണിൽ 95,000 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന രൂപതയാണ് പോർട്ട് ബെർഷേ. ഈ രൂപതയിൽ ദരിദ്രരായ ഒരു കൂട്ടം ജനതയുടെ കഷ്ടപ്പാടുകളിൽ, ദാരിദ്ര്യത്തിൽ, നിസ്സഹായതയിൽ അവരോടൊപ്പം ആയിരിക്കുവാൻ സാധിക്കുകയെന്നത് ഒരു നല്ല ഇടയനെ സംബന്ധിച്ച്‌ അനുഗ്രഹദായകമാണ്.

ആത്മാവിലും ശരീരത്തിലും ശുചിത്വം ആവശ്യമുള്ളവർ  

വൃത്തിഹീനവും രോഗം പടർത്തുന്നതുമായ ചുറ്റുപാടുകളിലാണ് ഇവിടുള്ളവർ താമസിക്കുന്നത്. പ്ളേഗ്, മലേറിയ മുതലായ രോഗങ്ങൾ ഇവിടെ സാധാരണമാണ്. ഇറച്ചി വൃത്തിയാക്കാതെ കഴിക്കുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളും ഇവരുടെ കൂടെപ്പിറപ്പാണ്. വൃത്തിഹീനമായ സാഹചര്യങ്ങൾ ഇവരുടെയിടയിൽ രോഗങ്ങൾ വേഗം പകരുന്നതിന് ഇടയാക്കുന്നു. പരിസരങ്ങളെ വൃത്തിയുള്ളതാക്കാനും അതുപോലെ ശാരീരിക ശുചിത്വം പ്രധാനപ്പെട്ടതെന്ന് മനസിലാക്കാനും  മിഷനറിമാരുടെ സാന്നിധ്യം ഇവരെ പഠിപ്പിച്ചു.  മരച്ചുവടുകളിലോ ചെറിയ ഷെഡിനടിയിലോ ആയിരിക്കും വില്ലേജുകളിൽ പലപ്പോഴും കുർബാന നടക്കുന്നത്. എന്നാൽ, അവിടം വൃത്തിയാക്കുവാനോ നന്നായി ഒരുക്കുവാനോ ഇവർക്ക് അറിഞ്ഞുകൂടായിരുന്നു. വിശുദ്ധ കുർബാനയ്ക്കായി പരിസരങ്ങൾ മനോഹരമാക്കാൻ ഇവരെ പഠിപ്പിച്ചത് മറക്കാനാവാത്ത സംഭവമാണ്. ഇവിടുത്തെ 70% ആളുകൾക്കും അക്ഷരാഭ്യാസമില്ല. അതുകൊണ്ടു തന്നെ ധാർമ്മികമായും വളരെ പിന്നോക്കമായിരുന്നു ഇവരുടെ  ജീവിതാവസ്ഥ.

ജോർജ് പിതാവ് പറയുന്നു: “നമ്മളെ നന്നായി സ്വീകരിക്കുന്നവരും വളരെ സ്നേഹമുള്ളവരുമാണ് ഇവിടുള്ളവർ. നിഷ്കളങ്കരായ ഒരു ജനസമൂഹം! പ്രാർത്ഥനകൾ ഒന്നും തന്നെ ചൊല്ലാൻ അറിയാത്തവരായിരുന്നു ഇവർ. ഇവരെ കർത്താവിന്റെ മാലാഖ, ജപമാല എന്നീ പ്രാർത്ഥനകൾ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ചെറിയ 300-ൽ പരം പള്ളികൾ ഇവിടെയുണ്ട്. കാറ്റിക്കിസ്റ്റുമാരുടെ പരിശീലനം ഈ സമൂഹത്തിന് വലിയ ഒരു മുതൽക്കൂട്ടാണ്. ബലം നഷ്ട്ടപ്പെട്ട അവരുടെ ആത്മാവിനെ ശക്തിപ്പെടുത്തുവാൻ എനിക്കും ഈ രൂപതയിലുള്ള മറ്റ് വൈദികർക്കും സാധിക്കുന്നുണ്ട്.” കാലക്രമേണ വിശ്വാസതീക്ഷ്ണതയുള്ള ഒരു സമൂഹമായി ഇവരെ വാർത്തെടുക്കുവാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് പിതാവും സഭാനേതൃത്വവും.

സംസ്കാരത്തിലെ അനന്യത 

നിരവധി ഗോത്രങ്ങൾ ഉള്ള ഇവിടെ അന്ധവിശ്വാസങ്ങൾ ഏറെയുണ്ട്. ഗോത്രസംസ്കാരവും പാട്ടുകളും ഡാൻസുമെല്ലാം ഇവരുടെ പ്രാർത്ഥനയുടെയും ഭാഗമായി മാറി. വിശുദ്ധ കുർബാനയിൽ അവർ ഭക്തി പ്രകടിപ്പിക്കുന്നത് ഈ ഡാൻസിലൂടെയും പാട്ടിലൂടെയുമൊക്കെയാണ്. കൂദാശകളെക്കുറിച്ചുള്ള ശരിയായ ബോധ്യമോ കാഴ്ചപ്പാടോ ഇവർക്കില്ല. ഒന്നിലധികം ഭാര്യമാരും ഭർത്താക്കന്മാരും മിക്കവർക്കും ഉണ്ടാകും. മക്കളുണ്ടായ ശേഷം പിന്നീട് മക്കളുടെ കാര്യം നോക്കുന്നത് യഥാർത്ഥത്തിലുള്ള അമ്മയോ അപ്പനോ അല്ലായിരിക്കും. വീട്ടിൽ കൂട്ടുകുടുംബ രീതി ആയതിനാൽ വീട്ടിലുള്ള മറ്റാരെങ്കിലും കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കും. മാതാപിതാക്കളുടെ പരിപാലന ലഭിക്കാത്ത വലിയ ഒരു കുറവ് കുഞ്ഞുങ്ങളുടെ സ്വഭാവത്തെ നന്നായി ബാധിക്കുന്നു.

മരണത്തിനുശേഷം സഭയുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾ നടത്തുകയോ സഭാചടങ്ങുകൾ ഉൾക്കൊള്ളിക്കുകയോ ചെയ്യാത്ത ഒരു സമൂഹമായിരുന്നു ഇവരുടേത്. വീട്ടിൽ ഒരു മരണം ഉണ്ടായാൽ ദുഃഖം ഉണ്ടെങ്കിലും ആഘോഷപരിപാടികൾക്കാണ് മുൻ‌തൂക്കം കൊടുക്കുന്നത്. മരിച്ചയാളുടെ ആത്മാവ് സ്വർഗത്തിൽ പോകും എന്ന വിശ്വാസം ഇവർക്കുണ്ട്. മിക്കവർക്കും കുടുംബ കല്ലറകൾ ഉണ്ട്. കല്ലറകളിൽ മൃതദേഹം വയ്ക്കുമ്പോൾ, വയ്ക്കുന്ന ആളും കൂടെ ഇറങ്ങി ഉള്ളിലേയ്ക്ക് പോകണം. കാരണം, ഇവിടുത്തെ കല്ലറകൾ വലിയ ഗുഹകൾക്ക് ഉള്ളിലാണ്. മൃതദേഹവുമായി ഗുഹകളിലേയ്ക്ക് ഇറങ്ങുന്ന ആൾ, തുണിയിൽ പൊതിഞ്ഞ മൃതദേഹം ഉള്ളിൽ കൊണ്ടുപോയി വയ്ക്കുന്നു. കുറച്ച് ദിവസങ്ങൾക്കു ശേഷം മരിച്ചവരുടെ അസ്ഥികൾ വീണ്ടും പുതിയ തുണിയിൽ പൊതിയുന്നു. ആ അവസരത്തിൽ കന്നുകാലികളെ കൊന്ന് വലിയ രീതിയിലുള്ള ആഘോഷം നടത്തുന്നത് ഇവരുടെ ഇടയിലുള്ള ഒരു ആചാരമാണ്. എന്നാൽ, മിഷനറിമാരുടെ സാന്നിധ്യം ഇത്തരം രീതികൾക്ക് ഒരു പരിധിവരെ മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തരം സമയങ്ങളിൽ സഭയുടെ പ്രാർത്ഥനകൾ ഉൾപ്പെടുത്തുവാൻ ഇവരെ പരിശീലിപ്പിച്ചു വരുന്നു; അവര്‍ അതിനോട് പോസിറ്റീവ് ആയി പ്രതികരിക്കുകയും ചെയ്യുന്നു.

ജപമാല ആയുധമാക്കിയ മിഷനറി 

“വണ്ടിസൗകര്യമോ മറ്റ് യാത്രാമാർഗ്ഗങ്ങളോ എന്തിന്, നടക്കുവാനുള്ള വഴികൾ പോലും ഇല്ലാത്ത ഒരു സാഹചര്യമാണ് ഇവിടുള്ളത്. ചിലയിടങ്ങളിൽ ജീപ്പോ അല്ലെങ്കിൽ മോട്ടോർ സൈക്കിളോ സഹായകരമാകും. എന്നാൽ ചിലയിടത്ത് അതുമില്ല. ഇത്തരം അവസരങ്ങളിൽ കിലോമീറ്ററുകൾ കാൽനടയായി നടക്കേണ്ടി വരും. അപ്പോൾ ജപമാല മാത്രമാണ് ഏക ആശ്രയം. യാത്രയ്ക്ക് ഇറങ്ങുമ്പോൾ മുതൽ ഉദ്ദേശിച്ച സ്ഥലത്ത് എത്തുന്നതു വരെ ഞങ്ങൾ തുടർച്ചയായി ഉച്ചത്തിൽ ജപമാല ചൊല്ലിക്കൊണ്ടു പോകും. ഇത് ഞങ്ങൾക്ക് വലിയൊരു ശക്തിയാണ്” – ബിഷപ്പ് പറഞ്ഞു.     

അത്യാവശ്യം വേണ്ട സാധനങ്ങൾ പോലും ഇല്ലാത്ത സ്ഥലമാണ് ഇത്. വൈദ്യുതി, ടെലഫോൺ, വാഹനങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടിയുള്ള പരിശ്രമങ്ങൾ വളരെ പതുക്കെയാണ് ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കുട്ടികളെ സ്കൂളുകളിൽ വിടുന്നതിനു പകരം കന്നുകാലികളെ വളർത്തുവാൻ കാട്ടിൽ വിടും. ഇതിനുള്ള ഒരു പ്രധാന കാരണം സ്കൂളുകളുടെ കുറവും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള അജ്ഞതയുമാണ്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി കൊടുത്ത് അവരെ സ്കൂളുകളിലേയ്ക്ക് അയയ്ക്കാൻ മിഷനറിമാർക്കുള്ള പങ്ക് വളരെ വലുതാണ്. ഒപ്പം പ്രാർത്ഥനകൾ അവരെ പഠിപ്പിക്കുകയും അതിൻ്റെ ആവശ്യകത അവർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യുന്നു.

കിലോമീറ്ററുകൾ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന പോർട്ട് ബെർഷേ രൂപതയിൽ ആകെ 33 വൈദികരേ ഉള്ളൂ. ഇതിൽ 18 പേർ രൂപതാ വൈദികരും മറ്റുള്ളവർ വിവിധ കോൺഗ്രിഗേഷനിൽപ്പെട്ട സന്യാസവൈദികരും ആണ്. ഒപ്പം വിവിധ കോൺഗ്രിഗേഷനിൽ നിന്നുള്ള കുറച്ചു സിസ്റ്റേഴ്സും. ഇവർക്ക് വളരെയേറെ പ്രവർത്തിക്കാനുണ്ട്. ഇവിടുള്ള തീക്ഷ്ണതയുള്ള മിഷനറിമാർ  വിശ്രമമില്ലാതെ തങ്ങളുടെ ദൗത്യം തുടരുന്നു.

ബിഷപ്പ് ജോര്‍ജ്ജ് പുതിയാകുളങ്ങരയും തൻ്റെ ഉള്ളിലെ മിഷൻ തീക്ഷ്ണത ഒട്ടും കുറയാതെ അക്ഷീണം പ്രവർത്തിക്കുകയാണ് ആത്മാക്കൾക്കു വേണ്ടിയുള്ള അതിയായ ദാഹത്തോടെ… അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ദൈവം ഫലവത്താക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിച്ച് ശക്തിപ്പെടുത്താം.

സി. സൗമ്യ DSHJ