ലാറ്റിന്‍ അമേരിക്കയുടെ ഹൃദയത്തിലെ മിഷനറിമാർ

2015-ലാണ് സി.എം.ഐ. സഭയുടെ ജഗദല്‍പൂര്‍ പ്രൊവിന്‍സ് പരാഗ്വെ മിഷനില്‍ സേവനമനുഷ്ഠിക്കുവാനായി എത്തുന്നത്. ഫാ. സെബാസ്റ്റ്യന്‍ പുളിങ്ങാപ്പള്ളിയും തോമസ് കണിയാംനടക്കലുമാണ് ആദ്യ മിഷനറിമാര്‍. ‘കൊറോണല്‍ ഒവിയദോ’ എന്ന രൂപതയുടെ ബിഷപ്പ് ‘ഹുവാന്‍ ബാപ്തിസ്‌ററ ഗാവിലാനും എസ്.വി.ഡി. സഭയുടെ പരാഗ്വെ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാളായ ജേക്കബ് പുത്തന്‍കുടി അച്ചനുമാണ് ഇവരെ ഈ മിഷനിലേയ്ക്ക് വിളിച്ചത്. ഇപ്പോൾ ഇവിടെയുള്ളത് ഫാ. സെബാസ്റ്റ്യന്‍ പുളിങ്ങാപ്പിള്ളിയും, ജോജോ വാണിയപ്പുരയ്ക്കൽ അച്ചനുമാണ്. അവർ ലൈഫ് ഡേ യോട് തങ്ങളുടെ പരാഗ്വെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

പരാഗ്വെ ഒരു കത്തോലിക്കാ രാജ്യമാണ്. ‘ലാറ്റിന്‍ അമേരിക്കയുടെ ഹൃദയം’ എന്ന് വിളിക്കപ്പെടുന്ന ഈ രാജ്യം വളരെ മനോഹരമായ ഒരു പ്രദേശമാണ്. ഒരു കാലത്ത് സ്പാനിഷ് കോളനിയായിരുന്നു ഈ രാജ്യം.

അതുകൊണ്ട് ഇവര്‍ Metisos (Half blood) വിഭാഗത്തില്‍ പെടുന്നു. ഈ രാജ്യത്തിന്റെ മണ്ണിന്റെ മക്കള്‍ യഥാര്‍ത്ഥത്തില്‍ ‘ഇന്‍ഡിയോസ്/ ഇന്‍ഡിഹെനാ’ (ആദിവാസി ഗോത്രക്കാര്‍) ആണ്. പക്ഷേ, ഇവര്‍ താമസിക്കുന്നത് സമൂഹത്തില്‍ നിന്നുമകന്ന് വനങ്ങളിലൊക്കെയാണ്. 30 വര്‍ഷത്തെ ഏകാധിപത്യ ഭരണം ഈ രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിലേയ്ക്ക് നയിച്ചു. എല്ലാ വിധത്തിലും ഇത് ജനങ്ങളെ ബാധിച്ചിട്ടുണ്ട്. അഴിമതിയില്‍ ഭയങ്കരമായി മുങ്ങിയ ഒരു രാജ്യമായി ഇത് മാറി.

1864-70 പരാഗ്വെന്‍ ചരിത്രത്തിലെ ഏറ്റവും ഭയാനകരമായ യുദ്ധം നടന്ന സമയമായിരുന്നു. ‘ട്രിപ്പിള്‍ അലയന്‍സ്’ എന്നാണ് ഇതിന്റെ പേര്. ഉറുഗ്വെ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങൾ ഒരുമിച്ച് പരാഗ്വെയ്‌ക്കെതിരെ യുദ്ധം ചെയ്തു. ഈ യുദ്ധത്തിനിടയില്‍ പരാഗ്വെയുടെ നാലു ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. ആളുകൾ എന്നുവച്ചാൽ പുരുഷന്മാര്‍! പിന്നീട് വളരെയധികം ബുദ്ധിമുട്ടുകള്‍ സ്ത്രീകളും വൃദ്ധരും അനുഭവിച്ചു. പിന്നീട് ഇവരുടെ കഠിനാധ്വാനമാണ് ഈ രാജ്യത്തെ വളര്‍ന്നുവരുവാന്‍ ഇടയാക്കിയത്.

പ്രകൃതിവിഭവങ്ങള്‍ കൊണ്ട് വളരെയധികം സമ്പന്നമായ രാജ്യമാണിത്. വൈദ്യുതി ഉല്‍പാദനവും, കൃഷിയും പ്രധാന വരുമാന മാര്‍ഗ്ഗങ്ങളാണ്. ഇവിടെ രണ്ടു ഭാഷകളാണ് സംസാരിക്കപ്പെടുന്നത്. ‘വറാണി’യും ‘കസ്തല്യനോ’ (Latin American Spanish) വറാണി ഇവിടുത്തെ ആദിവാസി ഭാഷയാണ്. മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്.

ഞങ്ങളുടെ ആദ്യ മിഷനറിമാര്‍ ഇവിടെ കാലുകുത്തിയത് 2015 സെപ്റ്റംബര്‍ 16-നാണ്. ആദ്യകാലം കുറച്ച് സ്പാനിഷ് ഒക്കെ പഠിച്ചു. അതിനുശേഷം അസിസ്റ്റന്റ് ഇടവക വികാരിമാരായി ആയി ജോലി ചെയ്തു. ‘കാവാസു’ എന്ന സ്ഥലത്തായിരുന്നു ആദ്യം ജോലി ചെയ്തത്. വിശ്വാസപരമായും ആരോഗ്യപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്നു ഇവിടുത്തെ ജനങ്ങള്‍. വളരെയധികം രോഗങ്ങള്‍ ഈ പ്രദേശത്തുണ്ട്. ക്യാന്‍സര്‍, പക്ഷാഘാതം, ആസ്മ മുതലായവ. തുച്ഛമായ ചികിത്സാ പരിമിതികളാണുള്ളത്.

ഒരു സംഭവം ഓര്‍ക്കുന്നു: ഒരിക്കല്‍ ഒരു കുടുംബം വളരെ മാനസീകമായും ശാരീരികമായും തളര്‍ന്ന അവസ്ഥയില്‍ സെബാസ്ററ്യനച്ചനെ കാണാന്‍ വന്നു. ആ സ്ത്രീയുടെ പ്രശ്‌നം, ഉറങ്ങാന്‍ സാധിക്കുന്നില്ല എന്നതാണ്. വളരെയധികം മരുന്നുകള്‍ കഴിച്ചിട്ടും, കാശ് മുടക്കിയിട്ടും ഒരു ഫലവുമില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഇന്ത്യയില്‍ നിന്നും ഇരുനിറക്കാരനായ ഒരു അച്ചന്‍ (ഒരു മൊറോച്ചോ ഫാദര്‍) വന്ന കാര്യം അവര്‍ അറിഞ്ഞത്. അവരുടെ അസുഖത്തേക്കാളും വളരെ ബുദ്ധിമുട്ടേറിയതായിരുന്നു അച്ചന്റെ സ്പാനിഷ് സംസാരം. വിശ്വാസത്തോടു കൂടി പ്രാര്‍ത്ഥിച്ചുകൊണ്ട് തൊടിയിലെ ഒരു പുല്ലു പോലും മരുന്നായി യേശുവിന്റെ നാമത്തില്‍ നല്‍കിയാല്‍ സൗഖ്യം പ്രാപിക്കുമെന്നത് പരമമായ ഒരു സത്യമാണ്.

അവളുടെ തലയില്‍ കൈ വച്ചു പ്രാര്‍ത്ഥിച്ചു. എന്നിട്ട് അവര്‍ക്ക് കഴിക്കാനായി അല്‍പം നാട്ടുമരുന്ന് നിര്‍ദ്ദേശിച്ചു. കൂടാതെ, വിശ്വാസത്തോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനും, വീട്ടില്‍ കുടുംബപ്രാര്‍ത്ഥന ചൊല്ലി തങ്ങളുടെ നിയോഗങ്ങള്‍ ഈശോയ്ക്ക് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. ഒരാഴ്ച കഴിഞ്ഞ് ആ സ്ത്രീയും ഭര്‍ത്താവും വളരെ സന്തേഷത്തോടെ വന്ന് അവരുടെ അസുഖം പൂര്‍ണ്ണമായും മാറിയെന്നും നന്നായി ഉറങ്ങാന്‍ സാധിക്കുന്നുവെന്നും പിന്നീടും വേദനയോ മറ്റ് അസുഖമോ തോന്നിയിട്ടില്ലെന്നും ഇപ്പോള്‍ കൂടുതല്‍ സംതൃപ്തിയോടെ പള്ളിയില്‍ സഹായിക്കുന്നുവെന്നും അറിയിച്ചു. ഇപ്പോള്‍ അവരുടെ കമ്മ്യൂണിറ്റി ചര്‍ച്ചില്‍ വളരെ ആക്ടീവായി ജോലി ചെയ്യുന്നു.

അതോടെ അടുത്ത ഇടവകകളില്‍ നിന്നും ആളുകള്‍ ‘മൊറോച്ചോ അച്ചനെ’ തേടിയെത്താന്‍ തുടങ്ങി. വീട്ടില്‍ വന്ന് അവരുടെ വീടുകള്‍ വെഞ്ചരിക്കുവാനും കുടുംബങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്താനും അച്ചനെ വിളിച്ചുതുടങ്ങി. കൂടുതല്‍ മാംസാഹാരം കഴിച്ചിരുന്ന ആളുകളോട് അച്ചന്‍ വളരെ സ്‌നേഹത്തോടെ, പച്ചക്കറികള്‍ കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും മദ്യവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുവാനും ഉപദേശിച്ചു. അങ്ങനെ ആ ഇടവകകളില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.

ഒരു ദിവസം ഒരു കുടുംബം ഇവരുടെ ഇടവകയില്‍ വന്നു. അവര്‍ വന്നത് 100 കിലോമീറ്റർ ദൂരത്തു നിന്നാണ്. വളരെ നിരാശരായി കാണപ്പെട്ടിരുന്ന അവരുടെ ആവശ്യം ഇന്ത്യയില്‍ നിന്നും വന്ന അച്ചനെ കാണണമെന്നതായിരുന്നു. ഏതെങ്കിലും ഒരു വൈദികനെ കണ്ട് അവരുടെ ആവശ്യം അറിയിക്കാനായിരുന്നു അവര്‍ വന്നത്. അതിനിടയില്‍ ആരോ ഒരാള്‍ അവരോട് പറഞ്ഞു, സാൻ ലോറൻസോ പള്ളിയില്‍ ഇന്ത്യാക്കാരനായ ഒരു വൈദികന്‍ വന്നിട്ടുണ്ടെന്നും അദ്ദേഹത്തെ കണ്ടാല്‍ നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും. അങ്ങനെ ഒരു ദിവസം, ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്ന വേളയില്‍ അവര്‍ വന്നു. വാതിലില്‍ മുട്ടി. അച്ചൻ വാതില്‍ തുറന്നു . അവര്‍ പറഞ്ഞു: “ഇന്ത്യാക്കാരനായ അച്ചനോട് ഒന്ന് സംസാരിക്കാന്‍ വന്നതാണ്.” അച്ചൻ അവരോട് പറഞ്ഞു: “ഞാന്‍ ഇവിടെ വന്നിട്ട് അധികനാളായില്ല. ഭാഷയൊന്നും കൃത്യമായി അറിയില്ല. നിങ്ങള്‍ ഇവിടുത്തെ വികാരിയച്ചനെ കാണൂ.” അവര്‍ പറഞ്ഞു: “വേണ്ട, ഞങ്ങള്‍ക്ക് കാണേണ്ടത് നിങ്ങളെയാണ്. അതിനാണ് ഞങ്ങള്‍ വന്നത്.” അതോടെ അച്ചൻ അവരെ സ്വീകരിച്ചു.

അവര്‍ അവരുടെ പ്രയാസം വിവരിക്കാന്‍ തുടങ്ങി. അയാള്‍ വളരെ ഡിപ്രഷന്‍ അനുഭവിക്കുന്നു. വളരെയധികം ബീയര്‍ കുടിക്കും, വീട്ടില്‍ സമാധാനമില്ല. മരിക്കാന്‍ തീരുമാനിച്ചിരുന്നു. ഒന്നു രണ്ടു തവണ അതിനു ശ്രമിച്ചു. പക്ഷേ, പരാജയപ്പെട്ടു. അച്ചൻ എല്ലാം ക്ഷമാപൂര്‍വ്വം കേട്ടിരുന്നു. അതിനുശേഷം അദ്ദേഹം തനിക്ക് അറിയാവുന്ന സ്പാനിഷില്‍ അവരെ ഉപദേശിച്ചു. അതിനുശേഷം പള്ളിയില്‍ കൊണ്ടുപോയി അവരെ കുമ്പസാരിപ്പിച്ചു. അതിനു ശേഷം അവര്‍ പറഞ്ഞു: “ഇപ്പോള്‍ ഒത്തിരി ശാന്തത അനുഭവപ്പെടുന്നുണ്ട്.” പിന്നീട് ഒരു ദിവസം അവര്‍ അച്ചനെ അവരുടെ വീട്ടില്‍ കൊണ്ടുപോയി. വീട്ടില്‍ പ്രാര്‍ത്ഥിപ്പിച്ചു, വീട് വെഞ്ചരിച്ചു, അവർ അച്ചന്റെ അടുത്ത സുഹൃത്തുക്കളായി.

ഇന്നും ആ കുടുംബം പ്രാര്‍ത്ഥനയില്‍ വിശ്വസിച്ചുകൊണ്ട് കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ, വിശ്വാസത്തോടെ മുന്നേറുന്നു. ഇന്ന് ആ കുടുംബം ദൈവാനുഗ്രഹത്താല്‍ ഉത്തരോത്തരം ഉന്നതി ആര്‍ജ്ജിക്കുന്നു. വി. യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ രോഗശാന്തി ലഭിക്കും (യാക്കോബ് 5:15).

ഇപ്പോള്‍ ഈ വൈദികർ ‘പരാനംബു’ എന്ന ഒരു ഗ്രാമത്തിലാണ്. ഇവിടെ ‘സാൻ ജോസ് എസ്പാസോ’ (മണവാളനായ വി. യൗസേപ്പ്) എന്ന ഇടവകയില്‍ രണ്ടു വര്‍ഷമായി ശുശ്രുഷ ചെയ്യുന്നു. വളരെ മനോഹരമായ ഒരു പ്രദേശമാണിത്. ഇവിടെ ബ്രസീലില്‍ നിന്നുള്ള കുടിയേറ്റക്കാരും പരാഗ്വെക്കാരുമാണ് താമസിക്കുന്നത്.

ഈ ഇടവക, അര്‍ജന്റീനയുടെ അതിര്‍ത്തിയിലാണ്. ‘പരാന’ നദി കടന്നാല്‍ അക്കരെ അര്‍ജന്റീനയാണ്. ഇവിടെയാണ് ‘ചെ-ഗുവേര’ ജനിച്ചത്. യഥാർത്ഥത്തിൽ ഇത് പിന്നോക്കാവസ്ഥയിലുള്ള ഒരു സ്ഥലമാണ്. പട്ടണത്തില്‍ നിന്നും 85 കിലോമീറ്റര്‍ ദൂരെയാണ് ഈ ഗ്രാമം. പട്ടണത്തിൽ മാത്രമേ ടാറിട്ട റോഡുകൾ ഉള്ളൂ. ഗ്രാമത്തിലേക്ക് മണ്‍റോഡുകള്‍ മാത്രമേയുള്ളൂ. സോയാബീന്‍ കൃഷിപ്പാടങ്ങളുടെയും, ഗോതമ്പു വയലുകളുടെയും, ചോളപ്പറമ്പുകളുടെയും ഇടയിലൂടെയാണ് ഈ മണ്‍റോഡുകള്‍ പോകുന്നത്. അതി മനോഹരമായ യാത്രാനുഭവമാണ് ഇതു വഴി കടന്ന് പോകുമ്പോൾ ഉണ്ടാകുന്നത്. ഒരു മഴ പെയ്താല്‍ ഈ വഴിയില്‍ക്കൂടി ഗതാഗതം വളരെ ബുദ്ധിമുട്ടാണ്; അതുപോലെ അപകടകരവും. കാരണം, വളരെ തെന്നിക്കിടക്കുന്ന വഴിയാണിത്. ചെളി നിറഞ്ഞു കിടക്കുന്നതിനാല്‍ ഡ്രൈവിങ് പോലും ബുദ്ധിമുട്ടേറിയതാണ്. മഴയില്ലെങ്കിലും ബുദ്ധിമുട്ടുണ്ട്. പൊടിപടലങ്ങളാണ് മുഴുവനും. ഒരു വണ്ടി പോയാല്‍ പിന്നെ കുറച്ചുനേരത്തേയ്ക്ക് ഒന്നും കാണാന്‍ പറ്റില്ല. കാരണം, മുമ്പേ പോകുന്ന വണ്ടിയോ, അതുപോലെ പുറകെ വരുന്നവര്‍ക്ക് നമ്മുടെ വണ്ടിയോ കാണാന്‍ പറ്റില്ല.

വളരെ പാവപ്പെട്ടവരാണ് ഇവിടെയുള്ളവര്‍. 90 ശതമാനവും കത്തോലിക്കരാണ്; 10% ഇതര ക്രൈസ്തവരും. കത്തോലിക്കരാണെങ്കിലും വിശ്വാസം പരിശീലിക്കുന്നതില്‍ വളരെ പിന്നിലാണ്. കാരണം, ഇവർക്ക് ഇവിടെ നല്ല അജപാലന ശ്രദ്ധ കിട്ടിയിരുന്നില്ല. വല്ലപ്പോഴും വളരെ ദൂരെ നിന്ന് ഒരു അച്ചന്‍ മാസത്തില്‍ ഒരു തവണ, മഴയുണ്ടെങ്കില്‍ രണ്ടോ മൂന്നോ തവണ കുര്‍ബാന ചെല്ലിപ്പോകുന്ന ഒരു സാഹചര്യമായിരുന്നു ഇവിടെ. അതുകൊണ്ട് ഇത് ഇവരുടെ വിശ്വാസ പരിശീലനം, ധാർമിക ജീവിതം എന്നിവയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കുടുംബജീവിതം വളരെ പരിതാപകരമാണ്. പള്ളിയില്‍ വന്ന് വിവാഹം കഴിക്കുന്നവര്‍ വളരെ ചുരുക്കമാണ്. ‘ലിവിങ് ടുഗെതർ’ ആണ് ഇവിടുത്തെ രീതി. ആര്‍ക്കും ഒരു കമ്മിറ്റ്‌മെന്റും ഇല്ല.

ഭവനസന്ദര്‍ശനം നടത്തിയപ്പോള്‍ കുറേ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു. കുട്ടികളില്‍ പലരും അവരുടെ മുത്തശ്ശീ-മുത്തച്ഛന്മാര്‍ക്കൊപ്പമാണ് താമസിക്കുന്നത്. പലര്‍ക്കും അവരുടെ അപ്പനാരെന്നോ അമ്മയാരെന്നോ അറിയില്ല. ഇത് അവരുടെ ജിവിതത്തെ നെഗറ്റീവായിട്ട് ബാധിക്കുന്നുണ്ട്. ഈ കുട്ടികള്‍ക്ക് നല്ല വിശ്വാസ പരിശീലനമോ അതുപോലെ, ദിശാബോധമോ ഒരിക്കലും ലഭിക്കുന്നില്ല. അതുകൊണ്ട് ചെറുപ്രായത്തില്‍ തന്നെ അവര്‍ മദ്യത്തിനും, മയക്കുമരുന്നിനും, വിഷാദരോഗങ്ങള്‍ക്കും, ശാരീരിക-മാനസീക ചൂഷണങ്ങള്‍ക്കും ഇരയാവുന്നു. ജോലിസാധ്യത വളരെ കുറഞ്ഞ മേഖല ആയതിനാല്‍, യുവാക്കള്‍ പലരും മയക്കുമരുന്ന് മാഫിയയുടെ വലയിലാണ്. ഇങ്ങനെയുള്ള പലരും ജയിലില്‍ കിടപ്പുണ്ട്.

ഒരിക്കല്‍ ഇവിടുത്തെ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ വളരെയധികം യുവാക്കള്‍ വേദനയോടു കൂടി അവരുടെ ജീവിതകഥകൾ വിവരിച്ചു. അധികവും മയക്കുമരുന്ന് കേസില്‍ പെട്ടവരാണ്. ഈ വൈദികർക്കറിയാവുന്ന കുടുംബത്തിലെ ചെറുമകന്‍ മയക്കുമരുന്ന് മാഫിയയുടെ കൈയ്യിലകപ്പെട്ടു. വീട്ടുകാരും നാട്ടുകാരും ഉപദേശിച്ചിട്ടും വീണ്ടും ഈ ജോലി തുടര്‍ന്നു. അങ്ങനെ ഒരിക്കല്‍ പോലീസ് പിടിച്ചു. രണ്ടു വര്‍ഷമായി ജയിലിലായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ അമ്മയും അവരുടെ മാതാപിതാക്കളും ഇവിടെ ഞങ്ങളുടെ അടുത്ത് കൊണ്ടുവന്നു. വളരെ കാര്യമായി ഉപദേശിച്ചു. ഇനിയൊരിക്കലും ഇത് ചെയ്യില്ല എന്ന് പറയിപ്പിച്ചു. അവനെല്ലാം സമ്മതിച്ചു. കുറച്ചുനാള്‍ സന്തേഷത്തോടെ വീട്ടില്‍ അവരുടെയൊപ്പം താമസിച്ചു. എന്നാല്‍, അത് അധികനാള്‍ നീണ്ടുനിന്നില്ല. അവന്‍ വീണ്ടും മയക്കുമരുന്ന് മാഫിയയുടെ കയ്യിലകപ്പെടുകയും സജീവമായി ആ ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കാനും തുടങ്ങി.

വഴിതെറ്റി പോകുന്ന യുവത്വം ഈ നാടിന്റെ ശാപമാണ്. ഇവിടെ ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ധ്യാന ഗ്രൂപ്പ് ഉണ്ട്. ഇതിന്റെ പ്രത്യേകത എന്നു പറയുന്നത്, ഇതിലെ അംഗങ്ങള്‍ മിക്കവരും വളരെ ആഭാസപരമായ ജിവിതം നയിച്ചിരുന്നവരാണ് എന്നതാണ്. തകര്‍ന്ന കുടുംബ ബന്ധങ്ങള്‍, ആഭിചാര പ്രവര്‍ത്തനങ്ങള്‍, ഡ്രഗ്‌സ്, മദ്യം, പെണ്ണ്, അടിപിടി എന്നിവയാല്‍ ബന്ധിക്കപ്പെട്ടവരായിരുന്നു അവരെല്ലാം. അങ്ങനെയിരിക്കെ, അഗാപിറ്റോ എന്ന വ്യക്തിയെ ദൈവം ഒരു ധ്യാനസമയത്ത് സ്പർശിച്ചു. അതോടെ അവനില്‍ ആശ്ചര്യകരമായ മാറ്റങ്ങള്‍ സംഭവിച്ചു. അടിപിടി, കത്തിക്കുത്ത് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവന്‍ പുതിയൊരു വ്യക്തിയായി തീര്‍ന്നു. അവന്റെ കുടുംബജീവിതം മെച്ചപ്പെട്ടു. ആ സമയത്തു അവിടുത്തെ വികാരിയായിരുന്ന ഫാ. ഇസിദോര്‍ ഒരു റിട്രീറ്റ് ഗ്രൂപ്പ് ആരംഭിച്ചു. അതില്‍ ഈ അഗാപിറ്റോയും കുടുംബവും സജീവമായി പങ്കാളികളാവുകയും സാക്ഷ്യം നല്‍കുകയും ചെയ്തു. അവന്റെ സാക്ഷ്യം ശ്രവിച്ച പലരും, അവന്റെ മാറ്റങ്ങള്‍ കണ്ട പലരും ഈ റിട്രീറ്റ് ഗ്രൂപ്പില്‍ അംഗങ്ങളാവുകയും പിന്നീട് ‘ഇത്താവാര’ എന്ന സ്ഥലത്ത് ഒരു റിട്രീറ്റ് ഹൗസ് (മൗണ്ട് താബോര്‍) ആരംഭിക്കുകയും ചെയ്തു. ഇന്ന് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പുളിങ്ങാപ്പിള്ളിയും, ജോജോ വാണിയപ്പുരയ്ക്കൽ അച്ചനുമാണ് ഇതിന്റെ സ്പിരിച്ച്വല്‍ ഡയറക്‌ടേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നത്.

ഈ പ്രസ്ഥാനത്തിലൂടെ അര്‍ജന്റീനയിലൂടെയും പരാഗ്വെയിലെയും നിരവധി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരു പുതിയ ആത്മീയ ഉണര്‍വ്വ് ലഭിക്കുന്നു. സാമ്പത്തിക പരാധീനതയുടെ നടുവിലും ഇന്നും ഈ ഗ്രൂപ്പ് നിനില്‍ക്കുന്നു.

ഈ ഇടവകയുടെ കീഴിൽ കീഴില്‍ 22 കമ്മ്യൂണിറ്റികളാണുള്ളത്. രണ്ട് പാരീഷും ഉണ്ട്. ഇത് നോക്കിനടത്താനും മാസത്തിലൊരിക്കല്‍ എല്ലാ കമ്മ്യൂണിറ്റികളില്‍ കുര്‍ബാന ചൊല്ലാനും മറ്റു കൂദാശകള്‍ ചെയ്യാനും ഞങ്ങള്‍ പരിശ്രമിക്കുന്നു. പലപ്പോഴും കാലാവസ്ഥ കാരണം അതിന് സാധിക്കുന്നില്ല. പക്ഷെ, ഇപ്പോള്‍ ഇവിടെ മാറ്റങ്ങള്‍ കണ്ടുവരുന്നു. ഞങ്ങള്‍ വന്നതിനുശേഷം ഒരുപാട് പേര്‍ പള്ളിയില്‍ വരുന്നുണ്ട്. തുടക്കത്തില്‍ 50 പേര്‍ ഞായറാഴ്ചയില്‍ വരുന്നിടത്ത് ഇപ്പോള്‍ പള്ളി നിറയെ ആളുകളുണ്ട്. എങ്കിലും ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരാനുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ദൈവം തീര്‍ച്ചയായും ഇടപെട്ട് പ്രവര്‍ത്തിക്കും എന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ടുപോവുകയാണ്.