ഗോരഖ്പൂറിന്റെ മുഖഛായ മാറ്റിയെഴുതിയ സമർപ്പിതർ 

സി. സൗമ്യ DSHJ

മതം നോക്കാതെ, നിറം നോക്കാതെ, മുഖം നോക്കാതെ, ഒരു ജനതയുടെ ഉയർച്ചക്ക് വേണ്ടി പ്രയത്നിക്കുന്ന ഒരു കൂട്ടം സമർപ്പിതർ. ഒറ്റ ക്രിസ്ത്യാനികൾ പോലുമില്ലാത്ത ഒരു നാട്ടിൽ ആണ് ഇവരുടെ പ്രവർത്തനം. കേരളത്തെ വെച്ചുനോക്കുമ്പോൾ 50 വർഷം പുറകിലായ ഇന്ത്യ മഹാരാജ്യത്തെ ഒരു ജനത… അതാണ് ഗോരഖ്പുർ രൂപത സ്ഥിതി ചെയ്യുന്ന ബസ്തിയിലെ ആളുകൾ!

വളരെ പാവപ്പെട്ട ആളുകളുടെ ഇടയിലാണ് ഈ വൈദികരുടെ പ്രവർത്തനങ്ങൾ. തുടർച്ചയായി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും വികലാംഗരായ ആളുകളുടെയും വിദ്യാഭ്യാസമില്ലായ്മയുടെയും കുറവും ഒരു ജനത ഒരു നൂറ്റാണ്ട് പിന്നിൽ സഞ്ചരിക്കുന്നതിന് ഇടയാക്കി. തൊഴിൽരഹിതരുടെ എണ്ണം വളരെയധികം മുന്നോട്ടായി. ഈ ഒരു സാഹചര്യത്തിൽ ഒരു സമൂഹത്തെ പിടിച്ചു നിർത്തുവാൻ സിഎസ്  ടി വൈദികരുടെ സമൂഹം ഗ്വോരഖ്പൂരിൽ വഹിച്ച പങ്ക് നിർണായകമാണ്. ഇവരോടൊപ്പം 13 വർഷമായി സേവനം ചെയ്യുന്ന ഫാദർ ബെന്നി തേക്കുംകാട്ടിൽ CST ലൈഫ് ഡേയുമായി തൻ്റെ മിഷൻ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്നവരുടെ ഇടയിൽ 

ഗവൺമെൻറ് സ്കൂളുകളാണ് ഇവിടെ കൂടുതലും ഉള്ളത്. എന്നിരുന്നാലും വേണ്ടത്ര വിദ്യാഭ്യാസം കൊടുക്കുവാൻ സാധിക്കുന്നില്ല. കുട്ടികൾ സ്കൂളിൽ വന്ന് ഉച്ചക്കഞ്ഞി കഴിച്ച് തിരിച്ചു പോരുന്ന അവസ്ഥ. വിദ്യാഭ്യാസ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കുട്ടികൾക്ക് ലഭിക്കുന്നില്ല. വീട്ടിൽ നിന്നും അതിനുള്ള പ്രോത്സാഹനവും ഇല്ലാത്ത അവസ്ഥ. ഇത്തരമൊരു അവസരത്തിൽ വിദ്യാഭ്യാസത്തിന്റ ആവശ്യകതയെക്കുറിച്ചു ബോധ്യപ്പെടുത്തുവാൻ ഈ വൈദികരുടെ സാന്നിധ്യം അത്യന്തം പ്രചോദനമായിരുന്നു.

“അംഗവൈകല്യം ബാധിച്ച കുട്ടികളെ കുടുബങ്ങളിൽ അവഗണിക്കുകയും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതുമായ ഒരു സ്ഥിതി വിശേഷമാണിവിടെയുള്ളത്. അത്തരം കുട്ടികളുടെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പ്രത്യേകതകളെ മനസിലാക്കി അവരോടു പെരുമാറുവാൻ മാതാപിതാക്കളെ ബോധവാന്മാരാക്കുകയാണ് ഉള്ള ഒരു പോംവഴി. ഞങ്ങൾ  ഇത്തരം കുട്ടികളെ സ്പെഷ്യൽ സ്കൂളിൽ വിട്ടു പഠിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും അതിൻ്റെ സാധ്യതകളെ അവർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യുന്നു.” ഫാ. മാത്യു പറഞ്ഞു.

ദിശാബോധം നഷ്ടപ്പെട്ടവർക്ക് തുണയായി ‘ദിശ’

ജീവിതത്തിന്റെ വെല്ലുവിളികളെ തരണം ചെയ്യാനോ അതിനെ അഭിമുഖികരിക്കുവാനോ സാധിക്കാത്ത ഒരു ജനവിഭാഗത്തിന് ദിശാബോധം നൽകുകയായിരുന്നു ഇവിടുത്തെ പ്രധാനപ്പെട്ട കാര്യം. അതിനൊരു പരിഹാരമെന്നപോലെയാണ് ‘ദിശ’ എന്ന സോഷ്യൽ സർവീസ് പദ്‌ധതിക്ക് തുടക്കം കുറിച്ചത്. 2003 ൽ ആരംഭിച്ച ‘ദിശ’ എന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കർമ്മ പദ്‌ധതി സമൂഹത്തിൽ താഴെ തട്ടിലുള്ള ഒരു ജനസമൂഹത്തെ ഉയർത്തിയെടുക്കുവാൻ, അവരിലേക്ക് ഇറങ്ങി ചെല്ലുവാൻ പര്യാപ്തമായിരുന്നു. സ്ത്രീകളാണ് പൊതുവെ ഇവരുടെ ഇടയിൽ കുടുംബം നോക്കുന്നത്. പുരുഷന്മാർ പുറത്ത് ജോലിക്കോ അല്ലെങ്കിൽ കൃഷിപ്പണിക്കോ പോകും. വീട്ടിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ത്രീകൾക്ക് പണം സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുവാൻ വ്യത്യസ്ത പദ്ധതികൾ ‘ദിശ’ വഴി രൂപീകരിച്ചിട്ടുണ്ട്. കൈയിൽ പണം സമ്പാദിക്കുവാനുള്ള  മാർഗങ്ങളും അവർ പറഞ്ഞു കൊടുക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ലോണെടുക്കുവാൻ സഹായിക്കുക, അവകാശം നിഷേധിക്കപ്പെട്ട ഈ ജനതയ്ക്ക് വേണ്ടി വാദിക്കുവാനുള്ള ഒരു ഫോറം കണ്ടെത്തുക, അവരുടെ അവകാശങ്ങൾക്ക്‌ വേണ്ടി പ്രവർത്തിക്കുന്ന ദിശാ മഹിളാ സമിതിയുടെ ഒപ്പം നിൽക്കുക, സ്ത്രീശാക്തീകരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നിവയും ദിശയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്നു.

ദുരിതത്തിലകപ്പെട്ടവർക്ക് ഒരു കൈത്താങ്ങ് 

കല്ലില്ലാത്ത ഒരു പ്രത്യേക തരം മണ്ണാണ് ഇവിടുള്ളത്. മഴ പെയ്താൽ വെള്ളം താഴുവാൻ പ്രയാസമാണ്. അതോടൊപ്പം മൊത്തം ചെളികൊണ്ട് നിറയുന്ന ഒരു അവസ്ഥയും.  വെള്ളം കൂടി വരുമ്പോൾ നദി വഴിമാറി ഒഴുകും.  ഇത്തരം സ്ഥിതിവിശേഷം എല്ലാ വർഷവും വലിയ കൃഷി നാശത്തിന് കാരണമാകുന്നു. എല്ലാ വർഷവും ഉള്ളതിനാൽ ഇതിനെതിരെയുള്ള  പ്രവർത്തങ്ങൾക്കായി ആൾക്കാരെ ബോധവാന്മാരാക്കുകയെന്നതും സജ്ജരാക്കുകയെന്നതും അത്യാവശ്യമാണ്. അതിനായുള്ള പ്രവർത്തനങ്ങൾ ഇവരുടെയിടയിൽ നടന്നു വരുന്നു. ഒപ്പം കൃഷിക്ക് കുറച്ചുമാത്രം സ്ഥലം ഉള്ളവരെ കണ്ടെത്തി ഗ്രൂപ്പ് ആയി തിരിച്ച് അവർക്ക് നൂതന കൃഷി രീതികൾ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വൃത്തിയില്ലാത്ത വീടുകളും സാഹചര്യങ്ങളും ആണ് ഇവർക്കുള്ളത്. പ്രസവ സമയത്ത് വൃത്തിയില്ലാത്ത  വസ്തുക്കൾ ഉപയോഗിക്കുന്നത് മൂലം കുഞ്ഞുങ്ങൾ മരണപ്പെടാനും അണുബാധ ഏൽക്കാനും കാരണമാകുന്നു. ഇവർ ഇത്തരം സന്ദർഭങ്ങളിൽ ആശുപത്രികളിൽ പോകാറില്ല. അതുകൊണ്ട് തന്നെ വേണ്ടത്ര പരിചരണം ലഭിക്കാതെ പ്രസവ സമയത്ത് പല സ്ത്രീകളും മരിക്കുന്നു. വീടുകളിൽ തന്നെയുള്ള പരിചരണം ആണ് ശിശുമരണങ്ങൾ കൂടുന്നതിനുള്ള ഒരു പ്രധാന കാരണം.

ഇന്ത്യയിൽ തന്നെ ആണെങ്കിലും  ഇവരുടെ പ്രവർത്തന മേഖല നേപ്പാൾ അതിർത്തിയിൽ ആണ്. വ്യത്യസ്തതകൾ ഏറെയുള്ള ഇവിടെ ആർക്കും ഒന്നും സൗജന്യമായി ഈ മിഷനറിമാർ നൽകുന്നില്ല. കൊടുക്കുന്നത് ഒന്ന് മാത്രം – എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ചു കൊടുക്കുന്നു. മീൻ പിടിച്ചു കൊടുക്കുന്നതിന് പകരം ചുണ്ട ഇടാൻ പഠിപ്പിക്കുന്ന രീതി.

ഇവിടുള്ളവരെ സ്വയം പര്യാപ്തരാക്കാൻ വർഷങ്ങളായുള്ള പരിശ്രമങ്ങൾ ഫലമണിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു ജനതയുടെ ഉയർച്ചക്ക് അവരോടൊപ്പം നിൽക്കാൻ സാധിക്കുന്ന ഈ മിഷനറിമാരുടെ ശ്രമങ്ങൾ ഫലമണിയട്ടെ.

സി. സൗമ്യ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.