മരുന്നിനൊപ്പം കൊന്തയും കൊടുക്കുന്ന കാമറൂണിലെ മലയാളി സന്യാസിനി

സി. സൗമ്യ DSHJ

“ഈശോയെ ഈ ഡിസംമ്പർ മാസം ഒരു സമ്മാനമായി ഈ കുഞ്ഞിന്റെ കൈ ഒന്ന് അനക്കാൻ സാധിക്കണമേ,” ആഫ്രിക്കയിൽ മിഷൻ പ്രവർത്തനങ്ങൾക്ക് എത്തിയ ശേഷം ആദ്യം തൻ്റെ മുൻപിൽ വന്ന കുഞ്ഞിനെ നോക്കി സി. ഷാന്റി പ്രാർത്ഥിച്ചു. കാരണം രണ്ട് മാസം പ്രായമുള്ള ആ കുഞ്ഞു ജനിച്ചിട്ട് ഇതുവരെ ഒരു കൈ അനക്കിയിട്ടില്ല. ഇസ്ലാം മതത്തിൽപ്പെട്ട അവരുടെ അമ്മ വലിയ പ്രതീക്ഷയോടെയാണ് തൻ്റെ കുഞ്ഞിനേയും കൊണ്ട് വന്നിരിക്കുന്നത്. സിസ്റ്റർ ഹൃദയം നൊന്ത് പ്രാർത്ഥിച്ചു. ഈശോ അവരുടെ പ്രാർത്ഥന കേട്ടു! ആഫ്രിക്കയിലെ കാമറൂയൂണിലെ മിഷൻ പ്രവർത്തനത്തെ കുറിച്ച് സി. ഷാന്റി ലൈഫ് ഡേയോട് സംസാരിച്ചു തുടങ്ങിയത് ഈ സംഭവം പറഞ്ഞാണ്. കാമറൂണിൽ തീർത്തും ദരിദ്രരായ ആളുകളുടെ ഇടയിൽ സേവനം ചെയ്യുന്ന ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സന്യാസ സഭയിലെ അംഗമാണ് സി. ഷാന്റി ചൂണ്ടിയാനിപ്പുറത്ത്.

തികച്ചും ദരിദ്രമായ പശ്ചാത്തലത്തിലാണ് ഇവരുടെ സെൻറ് മേരിസ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. കാമറൂണിലുള്ള ആളുകളെ സംബന്ധിച്ചിടത്തോളം ആശുപത്രിയിൽ പോവക എന്നത് അവസാനത്തെ പടിയാണ്. മരിക്കാറായ അവസ്ഥയിൽ മാത്രമേ ഇവിടെയുള്ളവർ ചികിത്സക്കായി വരുകയുള്ളു. അതിനാൽ തന്നെ ഇവരെ ചികില്സിക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ് താനും.

ഇങ്ങനെ ഉള്ളവരുടെ ഇടയിലാണ് സെന്റ് മേരീസ് ആശുപത്രി സ്ഥിതി ചെയ്യുന്നത്; കാമറൂണിലെ സാമക്കോയെ ഗ്രാമത്തിൽ. ഒട്ടും സൗകര്യങ്ങൾ ഇല്ലാത്ത പ്രദേശം. ഇവിടെയുള്ളവരുടെ ചികിത്സക്കായുള്ള ഏക ആശ്രയമാണ് ഈ ആശുപത്രി. മലേറിയ, എയ്ഡ്സ് എന്നീ രോഗം ബാധിച്ചവർ ആണ് ആശുപത്രിയിൽ കൂടുതലായും എത്തുന്നത്. വരുന്നവർ മിക്കവാറും പണം കൊണ്ടുവരാറില്ല. അവസാന നിമിഷം ആശുപത്രിയിൽ എത്തിക്കുമ്പോൾ പലരും മരണത്തിന്റെ വക്കിൽ എത്തിയിരിക്കും. രോഗം തുടങ്ങുമ്പോൾ അവ തിരിച്ചറിയാതെ പോകുന്നു എന്നത് തന്നെയാണ് പ്രധാന കാരണം.

മറ്റൊന്ന് അതിലും ഭീകരമാണ്. 15 വയസാകുമ്പോൾ തന്നെ പെൺകുട്ടികൾ ഗർഭിണികൾ ആകുന്നു എന്നത്. ധാർമികമായ ചിന്ത ഇവർക്കിടയിൽ കുറവാണ്. ലൈംഗികതയെ പലരും ദുരുപയോഗിക്കുന്നു. അതിനിടയിൽ അന്ധവിശ്വാസങ്ങളും പാരമ്പര്യ ചികിത്സകളും!

“ഒരിക്കൽ പ്രസവം കഴിഞ്ഞു ഒരു മാസത്തിന് ശേഷം ഒരു കുഞ്ഞിന് അപസ്മാരം വന്നു. എന്നാൽ അത് അപസ്മാരമാണെന്ന് അമ്മയ്ക്ക് മനസിലായില്ല. മെനഞ്ചറ്റിസ് വന്നതിന്റെ ലക്ഷണങ്ങൾ ആണ് കുട്ടി കാണിച്ചിരുന്നതെന്ന് ആശുപത്രിയിൽ എത്തിക്കുമ്പോൾ ആണ് മനസിലായത്. അപ്പോഴേക്കും എല്ലാം കഴിയാറായിരുന്നു. എന്നിരുന്നാലും ആ കുട്ടിക്ക് ഞങ്ങൾ വീട്ടുമാമ്മോദിസാ നൽകി. അമ്മയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. ഒടുവിൽ ആ കുട്ടി മരിച്ചു. മരിച്ചെങ്കിലും ഇത്രയും കാര്യങ്ങൾ ചെയ്യാൻ പറ്റിയതിൽ ദൈവത്തിന് നന്ദി പറയുന്നു,” സി. ഷാന്റിയുടെ വാക്കുകളിൽ ആത്മ സംതൃപ്തി.

ഇറ്റലിയിലുള്ള ഒരാളുടെ ഉടമസ്ഥതയിലുള്ള ഈ ആശുപത്രി നോക്കി നടത്തുന്നത് DSHJ സന്യാസിനി സമൂഹമാണ്. മൂന്ന് വർഷമായി സിസ്റ്റർ ഇവിടെ ശുശ്രൂഷ ചെയ്യുന്നു. ഇവിടെ ആദ്യമായി വന്നപ്പോൾ ഭാഷയിലും ഭക്ഷണത്തിലും സംസ്കാരത്തിലുമുള്ള വ്യത്യസ്തത കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും പാവപ്പെട്ട ഇവരുടെ മുഖത്തെ വേദനയും രോഗവും പട്ടിണിയുമായി താരതമ്യം ചെയ്യുമ്പോൾ അതെല്ലാം വെറും നിസാരമാണെന്ന് സിസ്റ്റർ കൂട്ടിച്ചേർക്കുന്നു.

രോഗത്താൽ വളരെ സങ്കടപ്പെട്ട് വരുന്നവർക്ക് മരുന്നിനോടൊപ്പം കൊടുക്കുന്ന കൊന്തയും ആശ്വാസ വാക്കുകളും അവരെ സന്തോഷിപ്പിക്കാറുണ്ട്. ഈശോ കൊടുക്കുന്ന സന്തോഷം അണയാതെ എന്നും കാത്തുസൂക്ഷിക്കുവാൻ ഇവർക്കാവട്ടെ എന്നാണ് ഈ സഹോദരങ്ങളുടെ പ്രാർത്ഥന. ഒപ്പം മിഷനറിയായി ജീവിതം സമർപ്പിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥവും.

സി. സൗമ്യ DSHJ