തളർന്നു കിടന്നവനെ പ്രാർത്ഥനയിലൂടെ എഴുന്നേൽപ്പിച്ച സംഭവം 

കീര്‍ത്തി ജേക്കബ്

ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും പോയി എനിക്കുവേണ്ടി ആത്മാക്കളെ നേടുക എന്ന ക്രിസ്തുനാഥന്റെ ആഹ്വാനം ഹൃദയത്തില്‍ സ്വീകരിച്ച്, 2013 മുതല്‍ അരുണാചല്‍ പ്രദേശില്‍ മിഷനറി ജോലി ചെയ്തുവരികയാണ് ഫാ. ജോണ്‍ കുഴിവേലിത്തടത്തില്‍ എംസിബിഎസ്. അരുണാചലില്‍ ശുശ്രൂഷ ചെയ്യാന്‍ ദൈവം തിരഞ്ഞെടുത്തതിനെ വലിയ അനുഗ്രഹമായാണ് താന്‍ കണക്കാക്കുന്നതെന്നും തന്നെ സംബന്ധിച്ച് തീര്‍ത്തും അപരിചതമായ മേഖലയായിരുന്നെങ്കിലും തന്റെ കൂടെയുണ്ടായിരുന്ന, ഈ മിഷന്‍ പ്രദേശങ്ങളെ അടുത്തറിഞ്ഞിട്ടുള്ള വൈദികരില്‍ നിന്ന് ആ നാടിനെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും കൂടുതല്‍ അറിയാനിടയായെന്നും അച്ചന്‍ പറയുന്നു. അതുകൊണ്ടു തന്നെ അപരിചതമായ ഒരു സ്ഥലത്ത് എത്തിയതിന്റേതായ യാതൊരുവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരാതെ കര്‍ത്താവ് തന്നെ കാത്തുസംരക്ഷിച്ചതായും ഈ വൈദികന്‍ സാക്ഷ്യപ്പെടുത്തുന്നു. ഓരോ ആത്മാവിനെയും ദൈവം എത്രമാത്രം പരിഗണിക്കുന്നുണ്ടെന്നും തന്റെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മിഷന്‍ പ്രദേശത്തെ ചില അനുഭവങ്ങളിലൂടെ താന്‍ മനസിലാക്കിയതായി അച്ചന്‍ പറയുന്നു.

അച്ചന്റെ അനുഭവങ്ങളിലൂടെ…

ജീവദാന്‍ കമ്മ്യൂണിറ്റി ഹൗസിലേയ്ക്കായിരുന്നു നിയമനം. ആദ്യനാളുകളില്‍ ഭാഷ പഠനത്തിലാണ് പ്രധാനമായും ശ്രദ്ധിച്ചത്. കൂട്ടത്തില്‍ അവിടുത്തെ ആത്മീയ – ഭൗതിക സാഹചര്യങ്ങള്‍, ആളുകളുടെ സ്വഭാവസവിശേഷതകള്‍, ഭക്ഷണരീതികള്‍ തുടങ്ങിയവയെല്ലാം പഠിച്ചു. അതിനുശേഷം വില്ലേജ് മിനിസ്ട്രിയിലേയ്ക്ക് കടന്നു. അതില്‍ നിന്ന് ധാരാളം അനുഭവങ്ങളും അനുഗ്രഹങ്ങളും ജീവിതത്തിലേയ്ക്ക് കടന്നുവരികയും ചെയ്തു.

ഭക്ഷണവും കാലാവസ്ഥയും തീര്‍ത്തും വ്യത്യസ്തമായിരുന്നതിനാല്‍ പലതരം അസുഖങ്ങള്‍ പലപ്പോഴും വേട്ടയാടിയിരുന്നു. ആ സമയങ്ങളില്‍ ചിലപ്പോഴൊക്കെ ഞാന്‍ ദൈവത്തിന്റെ പദ്ധതിയെ സംശയിക്കുകയും ചെയ്തു. എനിക്കിവിടെ തുടരാന്‍ സാധിക്കില്ലായിരിക്കും എന്ന ചിന്ത ഇടയ്ക്കിടെ മനസിനെ അലട്ടിക്കൊണ്ടിരുന്നു. എന്നാല്‍, എന്റെ അമ്മ ഉള്‍പ്പെടെ എനിക്കുവേണ്ടി അനേകര്‍ നടത്തിയ പ്രാര്‍ത്ഥനകളുടെ ഫലമായി അത്തരം സന്ദര്‍ഭങ്ങളെയും രോഗങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകാന്‍ സാധിച്ചു.

ഇവിടുത്തെ മിഷന്‍ പ്രവര്‍ത്തനത്തിടെ എന്നെ അതിശയിപ്പിച്ച, ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍ പലതുണ്ടായിട്ടുണ്ട്. ഒരിക്കല്‍ സ്വാന്തന കമ്മ്യൂണിറ്റി ഇവിടെ ധ്യാനിപ്പിക്കാനായി എത്തി. അവരുടെ കൂടെ ഒരു ദിവസം വീടുകള്‍ സന്ദര്‍ശിച്ച അവസരത്തില്‍ മരണാസന്നനായി കിടക്കുന്ന പ്രായമായ ഒരു വ്യക്തിയെ കണ്ടു. അവിടുത്തെ പ്രാകൃത പ്രാര്‍ത്ഥനാരീതികളുടെ പൂജാരിയായിരുന്നു ആ വ്യക്തി എന്ന് അവിടെയുണ്ടായിരുന്ന ആളുകളുടെ സംസാരത്തില്‍ നിന്നും മനസിലായി. അദ്ദേഹത്തിന്റെ മക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ വിശ്വാസം സ്വീകരിച്ചെങ്കിലും ഇയാള്‍ വിശ്വാസം സ്വീകരിച്ചിരുന്നില്ലെന്നു മാത്രമല്ല, മാമ്മോദീസാ നല്‍കാന്‍ വൈദികര്‍ തയ്യാറായപ്പോള്‍ അത് നിരസിക്കുകയും ചെയ്തിട്ടുണ്ട്.

എങ്കിലും മരണാസന്നന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് മാമ്മോദീസ കൊടുക്കണമെന്ന മക്കളുടെ അഭ്യര്‍ത്ഥനപ്രകാരം അദ്ദേഹത്തിന് മാമ്മോദീസായും രോഗീലേപനവും കൊടുക്കാനായി ഞങ്ങള്‍ ചെന്നു. അദ്ദേഹം തീര്‍ത്തും അവശനായതിനാല്‍ അന്ന് തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. പിറ്റേദിവസം കുര്‍ബാനയ്ക്കുശേഷം മാമ്മോദീസ കൊടുക്കാമെന്ന് വിചാരിച്ചു. അങ്ങനെ ആ വ്യക്തിയുടെ തലയില്‍ കൈവച്ച് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ തളര്‍ന്നു കിടന്നിരുന്ന ആ വ്യക്തി പെട്ടെന്ന് കൈ ഉയര്‍ത്തി എന്റെ കൈ എടുത്തുമാറ്റി. എല്ലാവരും ഇതുകണ്ട് സ്തംഭിച്ചുപോയി. ആളുകള്‍ ഭയപ്പെട്ട് എന്നോട് പറഞ്ഞു, “അച്ചാ ഇനി മാമ്മോദീസ കൊടുക്കണ്ട, അതിന് അദ്ദേഹം തയ്യാറാവില്ല” എന്ന്.

എന്നാല്‍ അര്‍ഹിക്കുന്ന ഒരു വ്യക്തിയ്ക്ക് പരിശുദ്ധാത്മാവിനെ നല്‍കേണ്ടതാണ് എന്നൊരു വിശ്വാസം ഉള്ളില്‍ നിലനിന്നിരുന്നതിനാല്‍ പിറ്റേ ദിവസം പ്രാര്‍ത്ഥിച്ച് ഒരുങ്ങി ഞങ്ങള്‍ ആ വ്യക്തിയ്ക്ക് മാമ്മോദീസ കൊടുക്കുക തന്നെ ചെയ്തു. അദ്ദേഹം എതിര്‍പ്പൊന്നും പ്രകടിപ്പിച്ചുമില്ല. ഇതിനുശേഷം ഞങ്ങള്‍ തൊട്ടടുത്തു തന്നെയുള്ള പള്ളിയിലേയ്ക്ക് എത്തുന്നതിന് മുമ്പു തന്നെ അറിയിപ്പു കിട്ടി, അദ്ദേഹം മരിച്ചു എന്ന്. ഈ സംഭവം എനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വലിയ അത്ഭുതമായി തോന്നി. കാരണം, മാമ്മോദീസ എന്നാല്‍ നിത്യരക്ഷയ്ക്ക് ഏറ്റവും അവശ്യം വേണ്ട യോഗ്യതയായാണ് പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ ഓരോ വ്യക്തിയുടെയും, അയാള്‍ ഏത് പാപാവസ്ഥയില്‍ ജീവിച്ച വ്യക്തിയാണെങ്കിലും ആത്മാവിന്റെ രക്ഷയ്ക്ക് ദൈവം കൊടുക്കുന്ന പ്രാധാന്യം ഈ സംഭവത്തിലൂടെ ഞങ്ങള്‍ക്ക് ബോധ്യമായി. ദൈവപുത്രസ്ഥാനത്തേയ്ക്ക് നമ്മെ ഉയര്‍ത്തുന്നതിനായി അവിടുന്ന് നല്‍കുന്ന വിസ്മയകരമായ അവസരങ്ങളെപ്രതി ദൈവത്തെ സ്തുതിക്കാനും ആ അനുഭവം കാരണമായി – അച്ചന്‍ പറയുന്നു.

അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂത്തിയൊമ്പത് നീതിമാന്മാരേക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷം ഉണ്ടാകും എന്ന ക്രിസ്തുവിന്റെ പ്രബോധനം ഉള്‍ക്കൊണ്ടാണ് ഓരോ മിഷനറിയും പ്രേഷിതവേലയ്ക്കായി ഇറങ്ങിത്തിരിക്കുന്നത്. തങ്ങളുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ആ വചനത്തിന് ജീവന്‍ നല്‍കുന്നു എന്ന് ഇതുപോലുള്ള സംഭവങ്ങള്‍ തെളിയിക്കുകയും ചെയ്യുന്നു.

കീർത്തി ജേക്കബ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ