ആക്രമിക്കാൻ എത്തിയവർ മുട്ടുകുത്തി മാപ്പിരന്ന സംഭവം 

കീര്‍ത്തി ജേക്കബ്

ആരുടെയെങ്കിലുമൊക്കെ കരുണയുടെ ഫലമായാണ് നാമൊക്കെ ജീവിക്കുന്നത്. അരുണാചല്‍പ്രദേശിലെ മിഷനറി പ്രവര്‍ത്തനത്തിനിടെ തനിക്കുണ്ടായ അനുഭവം ഫാ. മനോജ് പരുവംമൂട്ടിൽ എം.സി.ബി.എസ്. പങ്കുവയ്ക്കുമ്പോള്‍ അക്കാര്യം കൂടുതല്‍ വ്യക്തമാകുകയാണ്.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അരുണാചല്‍പ്രദേശിന്റെ തലസ്ഥാന നഗരമായ ഇറ്റാനഗറില്‍ വച്ചാണ് സംഭവം. രാത്രി യാത്രയ്ക്കിടെ എന്റെ ജീപ്പിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് യുവാക്കള്‍ ബൈക്കില്‍ നിന്ന് റോഡില്‍ വീണു. അവര്‍ മദ്യപിച്ചിട്ടുമുണ്ടായിരുന്നു. എന്റെ തെറ്റുകൊണ്ടാണ് അവര്‍ വീണതെന്ന് തെറ്റിദ്ധരിച്ച്, എന്നെ മര്‍ദ്ദിക്കാനായി അവര്‍ എന്നെ പിന്തുടര്‍ന്നു. ജീപ്പില്‍ എന്നോടൊപ്പം ആരും ഉണ്ടായിരുന്നുമില്ല. സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു. അപകടം മണത്ത ഞാന്‍ സ്വയം രക്ഷപെടാനായി ജീപ്പ് പരമാവധി വേഗത്തില്‍ പായിച്ചു. കാരണം, കോപവും മദ്യലഹരിയും കൊണ്ട് എന്തും ചെയ്യാന്‍ സന്നദ്ധരായിരിക്കുകയാണ് അവര്‍ എന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ പരമാവധി വേഗത്തില്‍ പോയിട്ടും, അവര്‍ പിന്മാറിയില്ലെന്ന് മാത്രമല്ല, ഫോണില്‍ മറ്റ് സുഹൃത്തുക്കളെ വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു.

സാധിക്കുന്നിടത്തോളം വേഗത്തില്‍ ജീപ്പ് ഓടിച്ചെങ്കിലും ഒടുവില്‍ എനിക്ക് വാഹനം നിര്‍ത്തേണ്ടതായി വന്നു. ആ സമയം തിരിഞ്ഞു നോക്കിയ എന്റെ ഭയം ഇരട്ടിച്ചു. ഒന്നിന് പകരം അഞ്ച് ബൈക്കുകളിലാണ് ആളുകള്‍ ഇരച്ചു വരുന്നത്. അതിക്രൂരവും പൈശാചികവുമായ ഒരാക്രമണം പ്രതീക്ഷിച്ച് ഞാന്‍ അവിടെ, ഡ്രൈവിംഗ് സീറ്റില്‍ തന്നെ നിലകൊണ്ടു. ഒന്നാമത്, ജീപ്പ് ഉപേക്ഷിച്ച് ഓടിപ്പോകാന്‍ തോന്നിയില്ല. രണ്ടാമത്, ഇരുട്ട് മൂടിയ സ്ഥലത്തു നിന്ന് എങ്ങോട്ട് ഓടണമെന്ന് അറിയുകയും ഇല്ല. കാരണം അതൊരു വനപ്രദേശം കൂടിയായിരുന്നു.

ചീറിയടുക്കുന്ന ആക്രമണം ഒരു തരത്തിലും തടയാന്‍ വഴിയില്ലാതെയിരുന്ന എന്റെ അപ്പോഴത്തെ അവസ്ഥ ദൈവത്തിന് മാത്രമേ അറിയാനും മനസിലാക്കാനും  കഴിയുകയുള്ളു. ഞാന്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ അവര്‍ അടുത്തെത്തുകയും ചെയ്തു. ആരാണ് ആദ്യം എന്നെ അടിച്ച് വീഴ്ത്തുക എന്ന് മത്സരം ഉള്ളതുപോലെയാണ് എല്ലാവരും പാഞ്ഞടുത്തതും. അവരില്‍ പലരുടെയും കൈയിലുണ്ടായിരുന്ന ആയുധത്താല്‍ ഒറ്റവെട്ടിന് തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ, ഞാന്‍.

ഒന്നും ചിന്തിക്കാന്‍ പോലും ആവാത്ത അവസ്ഥയില്‍ ഞാന്‍ അപ്പോഴും ജീപ്പില്‍ ഇരിക്കുകയായിരുന്നു. ആദ്യം ഓടിയെത്തിയ ആള്‍ അതിവേഗം കൈ വാഹനത്തിലേക്ക് ഇട്ട്, എന്നെ വലിച്ച് പുറത്തേയ്ക്കിടാന്‍ ശ്രമിച്ചു. ആ സമയം ഞാൻ കൈകള്‍ കൂപ്പി, ആ വ്യക്തിയോട് ഞാനൊരു വൈദികനാണെന്ന് പറഞ്ഞു. ഇതുകേട്ട അതേ നിമിഷം അയാള്‍ എന്റെ ദേഹത്തു നിന്ന് കൈ വിടുവിച്ച്, ഈശോയുടെ മുഖത്തേയ്ക്ക് നോക്കി നില്‍ക്കുന്ന ഒരു കൊച്ചുകുട്ടിയുടെ മുഖഭാവത്തോടെ എന്റെ മുമ്പില്‍ നിന്നു! മാത്രവുമല്ല, കൈകള്‍ കൂപ്പി, എന്റെ മുമ്പില്‍ മുട്ടുകുത്തി, ക്ഷമിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു! എല്ലാം സെക്കന്റുകളുടെ ഇടവേളയിൽ ആണ് നടന്നത്!

ഭയം അത്ഭുതത്തിലേയ്ക്ക് വഴിമാറിയ സമയത്ത് ഞാന്‍ ആ വ്യക്തിയുടെ നാട്, വീട് എന്നിവയെക്കുറിച്ച് അന്വേഷിച്ചു. സാന്‍ഗ്രാമില്‍ നിന്നാണെന്ന് ആ ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞു. അപ്പോഴാണ് എന്റെ മനസ് തണുത്തത്. പിന്നീട് ഞാന്‍ അയാളോട് പറഞ്ഞു, ഞാനും സാന്‍ഗ്രാമില്‍ നിന്നാണെന്നും അവരില്‍ ഒരാളെപ്പോലെ അവിടെ കഴിഞ്ഞിരുന്ന വ്യക്തിയാണെന്നും. കൂടുതല്‍ ചോദിച്ചപ്പോഴാണ് മനസിലായത്, ആ ചെറുപ്പക്കാരന്‍ വീടുവിട്ട് ഇറങ്ങിയിട്ട് വര്‍ഷങ്ങളായി എന്ന്.

തങ്ങളുടെ ജീവിതം ഏതെങ്കിലുമൊക്കെ വിധത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അവിനാഷ് എന്ന ഒരു മിഷനറി ബ്രദര്‍ കാരണമാണെന്നും, അദ്ദേഹം ഈ മേഖലയിലെ ആദ്യ മിഷനറിയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. താന്‍ കുട്ടിയായിരുന്ന സമയത്ത്, ഈ അവിനാഷ് ബ്രദറിനോടൊപ്പം ഗ്രാമങ്ങളിലൂടെ ശുശ്രൂഷകളുമായി നടന്ന കാര്യങ്ങളെക്കുറിച്ചും ആ ചെറുപ്പക്കാരന്‍ പറഞ്ഞു. ഒരു വൈദികന്‍ ആരാണെന്നും എന്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നുമൊക്കെ ബ്രദറില്‍ നിന്ന് അയാള്‍ പഠിച്ചിട്ടുണ്ടത്രേ. അതുകൊണ്ട് എന്നോട് ചെയ്ത തെറ്റിന് അയാള്‍ വീണ്ടും വീണ്ടും മാപ്പ് ചോദിച്ചു.

ഇതേസമയം പിന്നാലെ എത്തിയവര്‍ ഈ ചെറുപ്പക്കാരന്റെ എന്നോടുള്ള അലിവ് കണ്ട്, അവനോട് കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങി. ആ സമയം അവന്‍ അവരോട് പറഞ്ഞ വാക്കുകള്‍ കേട്ട് എനിക്ക് അഭിമാനവും സന്തോഷവും തോന്നി. “സുഹൃത്തുക്കളേ, ഇദ്ദേഹം ഒരു വൈദികനാണ്. വൈദികനെന്നാല്‍ ഈശോ തന്നെയാണ്. അതുകൊണ്ട് ഒരു വൈദികനെ ഉപദ്രവിക്കുന്നത് ദൈവത്തെ ഉപദ്രവിക്കുന്നതിന് തുല്യമാണ്” എന്ന്. അതോടെ മറ്റുള്ളവരും തണുത്തു. ഒടുവില്‍ വീണ്ടും മാപ്പ് ചോദിച്ച്, ആശീര്‍വാദവും ചോദിച്ചു വാങ്ങിയാണ് എന്നെ അവര്‍ തിരിച്ചയച്ചത്.

അത്ഭുതകരമായ ഈ രക്ഷപെടലിനെക്കുറിച്ച് പിന്നീട് ചിന്തിച്ചപ്പോഴാണ് ഞാനോര്‍ത്തത്, അവിനാഷ് എന്ന മിഷനറി സഹോദരന്‍ ഒരിക്കല്‍ ആ യുവാവിനോട് കാണിച്ച കരുതലും സ്‌നേഹവും കരുണയുമല്ലേ, ഇപ്പോള്‍ എനിക്ക് തിരിച്ചു കിട്ടിയത്. അതായത്, മറ്റൊരാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ചെറിയ കുട്ടിയോട് കാണിച്ച കാരുണ്യം എനിക്ക് ഇന്ന് ഉപകാരപ്പെട്ടിരിക്കുന്നു. അങ്ങനെയാണ് കരുണയുടെ അതിശയകരമായ ശക്തിയെക്കുറിച്ച് ഞാന്‍ മനസിലാക്കിയതും.

നമ്മള്‍ ആരോടെങ്കിലുമൊക്കെ പ്രകടിപ്പിക്കുന്ന കരുണയും സ്‌നേഹവും അപ്രതീക്ഷിതമായ സമയത്ത്, അപ്രതീക്ഷിതമായ അവസരത്തില്‍ അര്‍ഹിക്കുന്നവര്‍ക്ക് സഹായമായി അനുഭവപ്പെടും. യാതൊരു സംശയവും വേണ്ട.

കീർത്തി ജേക്കബ്