“ഞങ്ങൾക്ക് കൂടുതൽ മലയാളി വൈദികരെ തരിക,” കേണപേക്ഷിച്ച് അരുണാചൽ പ്രദേശിലെ ജനങ്ങൾ

മരിയ ജോസ്

“ഞങ്ങൾക്ക് കൂടുതൽ മലയാളി വൈദികരെ തരുമോ?” ഇത് അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു ചെറു സംഘത്തിന്റെ നൊമ്പരം നിറഞ്ഞ ചോദ്യമായിരുന്നു. ഒന്നല്ല മൂന്നു വട്ടം അവർ ചോദിച്ചു. ആ ചോദ്യങ്ങൾക്ക് കണ്ണീരിന്റെ നനവും ഉണ്ടായിരുന്നു. ഈ ചോദ്യവും നിറഞ്ഞ കണ്ണുകളും പറയാതെ പറയുകയായിരുന്നു ആത്മീയതയ്ക്കായുള്ള ഒരു ജനത്തിന്റെ ദാഹം എത്രമാത്രമാണെന്ന്!

എന്നും കുർബാനയും എന്തിനും ഏതിനും ഓടിയെത്താൻ വൈദികരും നമ്മുടെ നാട്ടിൽ ഉള്ളപ്പോൾ, ഒരു വൈദികൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന, ആഴ്ചയിൽ ഒന്ന് ഒരു വിശുദ്ധ കുർബാന ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിക്കുന്ന ഒരു സമൂഹം അങ്ങ് അരുണാചൽ പ്രദേശിൽ ഉണ്ട്. അവിടെ മിഷ്ണറിമാരായി സേവനം ചെയ്യുന്ന എം.സി.ബി.എസ് വൈദികരായ ഫാ. സാജൻ വഴീപറമ്പിൽ, ഫാ. ജോണിക്കുട്ടി എന്നിവർക്കൊപ്പം കേരളത്തിലേയ്ക്കു എത്തിയ അരുണാചൽ പ്രദേശിലെ മെങ്കിയോയിൽ നിന്നുള്ള  എട്ടംഗ സംഘം കേരളത്തിലെ വിശ്വാസികളെയും വൈദികരെയും കണ്ട് അത്ഭുതപ്പെട്ടുപോയി എന്നതാണ് സത്യം.

കേരളം മനോഹരം

ഡിസംബർ 28 മുതലാണ് ഈ എട്ടംഗ സംഘം കേരളത്തിൽ തങ്ങളുടെ തീർത്ഥയാത്ര തുടങ്ങുന്നത്. അന്ന് മുതൽ കേരളത്തിലെ വിവിധ പള്ളികളിൽ ഇവർ സന്ദർശനം നടത്തി. വഴിയും പുഴയും ദേവാലയങ്ങളും തിരക്കു നിറഞ്ഞ റോഡുകളും… കേരളം ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു കൊണ്ടാണ് അവർ തങ്ങളുടെ അനുഭവങ്ങൾ പറഞ്ഞു തുടങ്ങിയത്. “അരുണാചൽ പ്രദേശ് കേരളം പോലെ ആകണമെങ്കിൽ ഇനി ഒരു മൂന്നു തലമുറ കൂടെ കടന്നു പോകണം” അവർ പറഞ്ഞു. കാരണം വികസനം ആ നാട്ടിലേയ്ക്കു എത്തി നോക്കിത്തുടങ്ങിയിട്ടേ ഉള്ളു. കറണ്ടുള്ള അധികം വീടില്ല. നല്ല റോഡുകൾ കണികാണാൻ മാത്രം.

കേരളത്തിൽ എത്തുന്നതിനു മുൻപ് മരങ്ങളും പച്ചപ്പും ഒക്കെ തങ്ങളുടെ നാട്ടിൽ മാത്രമേ ഉള്ളു എന്നാണ് ഇവർ കരുതിയിരുന്നത്. എന്നാൽ കേരളത്തിൽ ഒരുപാട് പച്ചപ്പുണ്ട്. നല്ല വെള്ളം ഉണ്ട്. ഈ നാട് മനോഹാരം തന്നെ. എട്ടുപേരും ഒരുമിച്ചു പറഞ്ഞു.

വിശുദ്ധ കുർബാനയ്ക്കായി ദാഹിക്കുന്ന സമൂഹം

മനോഹരമായ പ്രദേശങ്ങളും പുഴയും തോടും വഴികളും ഒക്കെ കടന്നുള്ള യാത്രയിൽ അവരെ ആകർഷിച്ചതും അത്ഭുതമായി തോന്നിയതും ദേവാലയങ്ങളും ഇവിടെയുള്ള ആളുകളുടെ ഭക്തിയും ആയിരുന്നു. എന്നും വിശുദ്ധ കുർബാനയും ഞായറാഴ്ച്ച മൂന്നും നാലും കുർബാനയും ഉള്ള ദേവാലയങ്ങൾ അവർക്കു അത്ഭുതം തന്നെയായിരുന്നു. അങ്ങനെ ഒരു അവസരം തങ്ങൾക്കും ഉണ്ടാകാൻ അവർ ഉള്ളുകൊണ്ട് ആഗ്രഹിച്ചു. കാരണം അവിടെ അടുത്ത കാലത്ത് വരെ വർഷത്തിൽ ഒരു കുർബാനയൊക്കയെ ഉണ്ടായിരുന്നുള്ളു.

വർഷത്തിൽ ഒരു കുർബാനയോ? അതെ. ആ ചോദ്യത്തിൽ നിന്നുകൊണ്ട് അവർ തങ്ങളുടെ വിശ്വാസത്തിന്റെ വഴികൾ പറഞ്ഞു തുടങ്ങി. 1982 ൽ ആണ് അരുണാചൽ പ്രദേശിലെ ഈ സമൂഹം കത്തോലിക്കാ വിശ്വാസത്തിലേയ്‌ക്ക്‌ എത്തുന്നത്. ആസാമിൽ മിഷന്‍ പ്രവര്‍ത്തനം നടത്തുന്ന ഒരു തമിഴ് മിഷനറി വൈദികനാണ് അവർക്കു മാമ്മോദീസ നൽകി ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് കൈപിടിച്ചു നടത്തിയത്. അതിനു ശേഷം അദ്ദേഹം പോയി. പിന്നീട് കുറച്ചു നാളത്തേയ്ക്ക് കുർബാനയോ കൂദാശകളോ ഒന്നും തന്നെ അവർക്കു ഇല്ലായിരുന്നു. കുറച്ചു നാൾ കഴിഞ്ഞു ഒരു സലേഷ്യൻ വൈദികന്റെ ആത്മീയ നേതൃത്വത്തിലായി ഇവര്‍. പക്ഷേ, കുര്‍ബാന വല്ലപ്പോഴും. വർഷത്തിൽ ഒന്നാണെങ്കിലും വിശുദ്ധ കുർബാന അർപ്പിക്കുവാൻ ലഭിച്ച ഓരോ അവസരവും അവർ ഏറ്റവും ഭക്തിയോടെ ഉപയോഗിച്ചു.

ആത്മീയവും ഭൗതികവുമായ വികസനത്തിലേക്ക് നയിച്ച എംസിബിഎസ് മിഷനറിമാർ

അങ്ങനെ ഇരിക്കുമ്പോഴാണ് ആ നാട്ടിലേയ്ക്ക് ദിവ്യകാരുണ്യ മിഷനറിമാർ കടന്നു വരുന്നത്. അവരുടെ ആത്മീയ ജീവിതത്തിൽ ഒരു കുളിർ തെന്നലാകുവാൻ ഈ മിഷനറി വൈദികർക്ക് കഴിഞ്ഞു. എംസിബിഎസ് വൈദികർ അവിടെ എത്തിയതോടെ അവർക്കു മാസത്തിൽ ഒന്ന് വിശുദ്ധ കുർബാനയും കുമ്പസാരവും ഒപ്പം മറ്റു കൂദാശകൾ സ്വീകരിക്കുവാനും സാധിച്ചു. അങ്ങനെ വൈദികർ അവരുടെ ആത്‌മീയ മേഖലയ്ക്ക് ശക്തമായ അടിത്തറ പകർന്നു.

അവിടം കൊണ്ടും തീർന്നില്ല മാറ്റം. എംസിബിഎസ് വൈദികർ അവിടെ എത്തുന്നത് വരെ അവിടെ ആരും പത്തു വയസുവരെ സ്‌കൂളിൽ പോയിട്ടില്ല. ചെറിയ പ്രായത്തിലെയുള്ള പഠനം എന്ന ചരിത്രം പോലും അവർക്കിടയിൽ ഉണ്ടായിരുന്നില്ല. മിഷനറിമാർ വന്നതോടെ അവർ ഗ്രാമത്തിൽ ഒരു സ്കൂൾ ആരംഭിച്ചു. കുട്ടികളെ സ്‌കൂളിൽ പറഞ്ഞു വിടേണ്ടതിന്റെ ആവശ്യകത പറഞ്ഞു മനസിലാക്കി. അവർക്ക് വിദ്യാഭ്യാസം നൽകി. വിദ്യാഭ്യാസം ലഭിച്ചു തുടങ്ങിയതോടെ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. അങ്ങനെ മിഷനറിമാരുടെ ജീവിതം അവരെ സ്വാധീനിച്ചു തുടങ്ങി. “ഈ അച്ചന്മാർ ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞങ്ങൾ ഉണ്ടാകുമായിരുന്നില്ല”. ആ വാക്കുകൾ അവസാനിക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അവരുടെ നിറഞ്ഞ കണ്ണുകളും പൂർത്തിയാക്കാൻ സാധിക്കാതെ പോയ വാക്കുകളും കടുവാക്കുളം എംസിബിഎസ് പ്രൊവിൻഷ്യൽ ഹൗസിൽ നിറഞ്ഞിരുന്ന വൈദികരോട് മൂകമായ ഭാഷയിൽ നന്ദി പറയുകയായിരുന്നു.

“അച്ചാ ഞങ്ങൾക്ക് ഇനിയും മലയാളി വൈദികരെ (എം.സി.ബി.എസ് വൈദികരെ) തരുക. ഇപ്പോൾ മാസത്തിൽ ഒരു കുർബാനയേ ഞങ്ങൾക്ക് ലഭിക്കുന്നുള്ളൂ. ഞങ്ങൾക്ക് ഇനിയും കൂദാശകൾ അടുക്കലടുക്കൽ സ്വീകരിക്കണം” അൽപ്പം സമയത്തെ നിശബ്ദതയ്ക്കു ശേഷം പ്രോവിൻഷ്യള്‍ സുപ്പീരിയര്‍ ഫാ. ഡോമിനിക് മുണ്ടാട്ടിനെ നോക്കി അവർ പറഞ്ഞു. ഒന്നല്ല മൂന്നും നാലും പ്രാവശ്യം. ഓരോ തവണ ഈ കാര്യം പറയുമ്പോഴും ഒരു ആവശ്യം എന്നതിൽ നിന്ന് യാചനയുടെ സ്വരത്തിലേയ്ക്ക് ആ വാക്കുകൾ എത്തിയിരുന്നു…

മരിയ ജോസ്