അലാസ്കയിലെ കൊടുംതണുപ്പിലെ മലയാളി മിഷനറി

മരിയ ജോസ്

കൊടും തണുപ്പ്! വഴികളിൽ മഞ്ഞു വീണ് നിറഞ്ഞുകിടക്കുന്നു; ചവിട്ടിയാൽ കാൽ മഞ്ഞിൽ പുതയുന്ന തരത്തിൽ വീണുകിടക്കുന്ന മഞ്ഞ്. ആ മഞ്ഞിൽ കുരിശും പിടിച്ചു നീങ്ങുന്ന ഒരു വലിയ സംഘം ആളുകൾ. ആ കൊടുംതണുപ്പിനെ കൂസാതെ കുരിശിന്റെ വഴി പ്രാർത്ഥന ചൊല്ലി അവർ നീങ്ങുകയാണ്. വളരെ ഭക്തിസാന്ദ്രമായ ഒരു തീർത്ഥാടനം. അതും ഒന്നും രണ്ടും കിലോമീറ്ററല്ല, ഒൻപതു കിലോമീറ്ററാണ് ഈ തീർത്ഥയാത്ര. കൊടുംമഞ്ഞും അതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും ഈശോയുടെ പീഡാസഹനത്തോട് ചേർത്തുവച്ചുകൊണ്ടാണ് ആ യാത്ര. ഇത്തരം ഒരു കുരിശിന്റെ വഴിയ്ക്കാണ് കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച, അലാസ്കയുടെ തെരുവുകൾ സാക്ഷ്യം വഹിച്ചത്… ഫാ. ഷിജോ കാഞ്ചിരതംകുന്നേൽ അലാസ്കയിലെ തന്റെ മിഷൻ അനുഭവങ്ങൾ പറഞ്ഞുതുടങ്ങിയത് ആ ദുഃഖവെള്ളിയാഴ്ചയുടെ ഓർമ്മകളിൽ നിന്നുമാണ്.

കഴിഞ്ഞ മൂന്ന് വർഷമായി അലാസ്കയിലെ സ്പാനിഷ് ഭാഷ സംസാരിക്കുന്ന ജനത്തിനായി ക്രിസ്തുവിനെ പകരുകയാണ് കോൺഗ്രിഗേഷൻ ഓഫ് ദി മിഷൻ സന്യാസ സമൂഹത്തിലെ അംഗമായ ഷിജോ അച്ചൻ. മരം കോച്ചുന്ന തണുപ്പിൽ മറ്റെല്ലാം മാറ്റിവച്ചു കൊണ്ട് അച്ചന്‍ നടത്തുന്ന മിഷൻ പ്രവർത്തനങ്ങളിലൂടെ നമുക്ക് കടന്നുപോകാം.

അലാസ്ക

അലാസ്ക സംസ്ഥാനത്തു മാത്രമായി മൂന്ന് മില്യൺ ചെറുതും വലുതുമായ തടാകങ്ങളും അതുപോലെ സജീവമായതും അല്ലാത്തതുമായ 29 അഗ്നിപർവ്വതങ്ങളുമുള്ള അമേരിക്കൻ ഐക്യനാടുകളിലെ നാൽപ്പത്തിയൊമ്പതാമത് സംസ്ഥാനമാണ് അലാസ്ക. പസഫിക് സമുദ്രം, ആർട്ടിക് സമുദ്രം, ബറിംഗ് കടൽ എന്നിങ്ങനെ 3 വ്യത്യസ്ത സമുദ്രതീരങ്ങളുളള ഏക സംസ്ഥാനമാണ് അലാസ്ക. സമുദ്രതീരം 33,000 മൈൽ ദൂരത്തിൽ പരന്നു കിടക്കുന്നു.

എന്തിന് അലാസ്കയിൽ ?

അലാസ്കയിലെ കൊടുംതണുപ്പിൽ ഇന്ത്യയിൽ നിന്നൊരു വൈദികൻ! പലപ്പോഴും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്, ഷിജോ അച്ചൻ
ഇന്ത്യയിൽ നിന്നു വന്ന വ്യക്തിയാണെന്നുള്ള വസ്തുത. പരിചയപ്പെടുന്ന പലരും അച്ചനോട് ചോദിക്കുന്ന ചോദ്യമാണ്, എന്തിനാണ് അച്ചൻ അലാസ്‌കയിൽ സ്പാനിഷ് സംസാരിക്കുന്നവരുടെ ഇടയിലെത്തിയത് എന്ന്. എല്ലാം ദൈവനിയോഗം- അച്ചന് നൽകാനുള്ള ഉത്തരം അതാണ്. കാരണം, മിഷൻ പ്രവർത്തനത്തിനായി പോകുന്നതിന് അധികാരികളുടെ സമ്മതം ആരാഞ്ഞ അച്ചനെ ആദ്യം അവർ അയച്ചത് കാനൻ ലോ പഠിക്കാൻ സ്പെയിനിലേയ്ക്ക്.

അവിടെ നിന്നും നേരെ അച്ചനെ അയച്ചത് വത്തിക്കാനിലെ പ്രോക്യുറേറ്ററുടെ ഓഫീസിലെ ജോലിക്കായി. അച്ചൻ ചാർജ്ജെടുക്കുന്ന അന്നു തന്നെയാണ്, കരുണ്യത്തിന്റെ വക്താവെന്ന് ലോകം വിശേഷിപ്പിക്കുന്ന ഫ്രാൻസിസ് പാപ്പാ പത്രോസിന്റെ സിംഹാസനത്തിലേയ്ക്ക് ഉയർത്തപ്പെട്ടത്. അന്നുമുതലുള്ള പാപ്പായുടെ ആശയങ്ങൾ, ഒരു മിഷനറിയാകുവാനുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയെ ആളിക്കത്തിക്കുകയായിരുന്നു.

സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലേയ്ക്കു പോയി ജനങ്ങളെ സേവിക്കുക എന്ന പാപ്പായുടെ വാക്കുകൾ അച്ചന്റെ മനസില്‍ ആഴത്തിൽ പതിഞ്ഞു. മുൻപ് പല തവണ മിഷൻ പ്രവർത്തനത്തിനായി പോകാന്‍ അനുവാദം നിരസിച്ച അധികാരികളോട് തന്നെ ഒരിക്കന്‍ക്കൂടി അനുവാദം ചോദിച്ചു. എന്നാൽ, പതിവിനു വിപരീതമായി ഇത്തവണ അനുവാദം ലഭിച്ചു; അതും അലാസ്കയിലേയ്ക്ക്.

കാലാവസ്ഥ ഏറ്റവും പ്രതികൂലമായ അലാസ്ക

അലാസ്ക- കാലാവസ്ഥ ഏറ്റവും പ്രതികൂലമായി നിൽക്കുന്ന സ്ഥലം. അതികഠിനമായ ശൈത്യം അനുഭവപ്പെന്ന സ്ഥലമാണ് അലാസ്ക. തുറസായ സ്ഥലങ്ങളും, പർവ്വതങ്ങളും, മഞ്ഞുമലകളും, മഴക്കാടുകളും, സജീവ അഗ്നിപർവ്വതങ്ങളും, വന്യജീവികളും നിറഞ്ഞ സ്ഥലം. മഞ്ഞ് പുതഞ്ഞുകിടക്കുന്ന അലാസ്കയുടെ ചിത്രങ്ങൾ വളരെ മനോഹരമാണെങ്കിലും അവിടെ ജീവിക്കുക അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഇവിടെ ജീവിക്കുക വളരെ ബുദ്ധിമുട്ട് നിറഞ്ഞ അനുഭവം തന്നെയാണ് – അച്ചൻ പറഞ്ഞു.

കടുത്ത ശൈത്യവും, സൂര്യപ്രകാശം കണികാണാൻ പോലും ഇല്ലാത്ത ദിവസങ്ങളും മാനസികവും ശാരീരികവുമായ അസ്വസ്ഥതയ്ക്ക് വഴിതെളിക്കും. ഡിസംബർ 21-ന് ഏകദേശം 24 മണിക്കൂറും ഇരുട്ടാണ്. ജൂൺ 21-ന് നമുക്ക് 24 മണിക്കൂർ സൂര്യപ്രകാശം ഉണ്ടാകും. മഞ്ഞുവീഴ്ചയും അതുപോലെതന്നെ. ദിവസങ്ങളോളം മുറിക്കകത്തു തന്നെ ഇരിക്കേണ്ടി വരും. എന്നാൽ, അതിലും ഭീകരമാണ് പെട്ടന്നുള്ള മഞ്ഞുവീഴ്ച മൂലം ഫ്ലൈറ്റ് റദ്ദാക്കുന്നത്. ഒരു സ്ഥലത്തു നിന്നും അടുത്ത ദ്വീപിലേയ്ക്ക്‌ പോകുന്നതിനുള്ള ഏകമാർഗ്ഗം വ്യോമമാർഗ്ഗമാണ്. അതിനാൽ തന്നെ യാത്രകൾ വിമാനത്തിലാകും. ഒരു സ്ഥലത്ത് പത്തു ദിവസം എന്ന കണക്കിലാണ് പോകുന്നത്. എന്നാൽ, മഞ്ഞുവീഴ്ച്ചയും അതുമൂലമുള്ള ഫ്ലൈറ്റ് റദ്ദാക്കലും മൂലം പല സ്ഥലങ്ങളിലും ദിവസങ്ങളോളം കുടുങ്ങിക്കിടക്കേണ്ടി വന്നിട്ടുണ്ട്. “കാലാവസ്ഥ വളരെ പ്രതികൂലമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ഞാൻ ആ ദൗത്യത്തെ ഏറ്റെടുത്തത്” – അദ്ദേഹം വെളിപ്പെടുത്തി. ഈ വാക്കുകളിൽ മിഷനറിയാകുവാനുള്ള ആ വൈദികന്റെ ആഗ്രഹത്തിന്റെ തീക്ഷ്ണത വെളിപ്പെടുകയാണ്.

അലാസ്കയിലെ മിഷൻ പ്രവർത്തനം

അലാസ്‌കയിൽ എത്തിയ അച്ചൻ, തന്റെ മിഷൻ പ്രവർത്തനം പൂർണ്ണമായും കേന്ദ്രീകരിച്ചത് സ്പാനിഷ് ഭാഷ സംസാരിക്കുന്ന ആളുകളുടെ ഇടയിലാണ്. അലാസ്‌കയിൽ സ്‌പാനിഷ്‌ ഭാഷ സംസാരിക്കുന്ന ധാരാളം അഭയാർത്ഥികൾ ഉണ്ടായിരുന്നു; അവരിലേറെയും കത്തോലിക്കരും. എന്നാൽ സ്പാനിഷ് ഭാഷ സംസാരിക്കാൻ അറിയാവുന്ന വൈദികരുടെ അഭാവം അവരുടെ കൗദാശികജീവിതത്തെയും ആത്മീയജീവിതത്തെയും കാര്യമായി ബാധിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ധാരാളം ആളുകളും വൈദികരും ഉണ്ട്. ഈയൊരു സാഹചര്യത്തിലാണ് കോൺഗ്രിഗേഷൻ ഫോർ മിഷൻ സന്യാസ സമൂഹം അവിടേയ്ക്ക് അച്ചനെ അയയ്ക്കുന്നത്.

ചുരുക്കത്തിൽ ഒരു ചിതറിക്കപ്പെട്ട സമൂഹം. അവരെ ഒരുമിച്ചുകൂട്ടി ഒന്നില്‍ നിന്നു തുടങ്ങേണ്ടിയിരുന്നു കാര്യങ്ങൾ. പ്രധാനമായും നാല് റീജണുകളിലായിരുന്നു അച്ചന്റെ പ്രവർത്തനം. ആങ്കറേജ്, ജൂണോ, ഫയർബാങ്ക്സ് തുടങ്ങിയ രൂപതകളിലായിരുന്നു അച്ചൻ പ്രവർത്തിച്ചിരുന്നത്. അലാസ്കയുടെ വിവിധ ഭാഗങ്ങളിലായി ഏകദേശം 27,000-ത്തോളം സ്‌പെയിൻകാർ താമസിക്കുന്നുണ്ട്. ഇവർക്കായി കിലോമീറ്ററുകൾ യാത്ര ചെയ്ത് കോൺഗ്രിഗേഷൻ ഓഫ് ദി മിഷൻ സമൂഹത്തിലെ വൈദികർ എത്തുന്നു.

പ്രധാന പ്രവർത്തനങ്ങൾ

അച്ചൻ ചെല്ലുമ്പോൾ അവിടെയുള്ള സ്പാനിഷ് സംസാരിക്കുന്ന വിശ്വാസികൾ ആത്മീയമായി പിന്നോട്ടു നിൽക്കുന്നവരായിരുന്നു. അവർക്കായി വിശുദ്ധ കുർബാന അർപ്പിക്കുക, കുമ്പസാരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചെയ്തിരുന്നത്. കൂടാതെ, വെള്ളിയാഴ്ച ആരാധന, യുവജന ശുശ്രൂഷ, ദമ്പതികളുടെ ഇടയിലെ ശുശ്രൂഷ തുടങ്ങിയവയ്ക്കു നേതൃത്വം നൽകിവരുന്നു.

ഒപ്പംതന്നെ, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുവാനും ശ്രമിക്കുന്നു. സ്പാനിഷ് സംസാരിക്കുന്ന ആളുകളുടെ ഇടയിലേയ്ക്ക് മാസത്തിൽ രണ്ടു തവണ അച്ചന്മാർ പോകും; അവരെ കുമ്പസാരിപ്പിക്കാനും മറ്റും. ഇതു കൂടാതെ, ഇവർക്കിടയിൽ രോഗീസന്ദർശനം, ഹോസ്പിറ്റൽ സന്ദർശനം, ജീവകാരുണ്യ പ്രവർത്തനങ്ങള്‍ എന്നിവയ്ക്കായി വ്യത്യസ്ത മിനിസ്ട്രികളും വളർത്തിക്കൊണ്ടു വരുവാൻ കോൺഗ്രിഗേഷൻ ഓഫ് ദി മിഷൻ സന്യസ സമൂഹത്തിന്റെ നേതൃത്വത്തിൽ ഷിജോ അച്ചന് കഴിഞ്ഞു.

മഞ്ഞായാലും മരുഭൂമിയായാലും ക്രിസ്തുവിന്സാക്ഷ്യം വഹിക്കുകയാണ് അച്ചന്റെജീവിതലക്ഷ്യം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ