വെടിയുണ്ടകൾക്ക് നടുവിലും പതറാത്ത സമർപ്പിതർ: ആഫ്രിക്കയിലെ ബംങ്കിയിൽ നിന്നുള്ള ഒരു നേർക്കാഴ്ച  

സി. സൗമ്യ DSHJ

“ഇവിടുള്ളവർക്ക് വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ല. ദിവസം ഒരു നേരം മാത്രമാണ് വയറു നിറച്ച് ആഹാരം കഴിക്കുന്നത്. അതെങ്കിലും കിട്ടണം. ഏഴ് വർഷത്തോളമായി ഇവിടെ യുദ്‌ധം തുടങ്ങിയിട്ട്. യുദ്ധം എല്ലാം തകർത്തു. പട്ടിണിയും ദാരിദ്ര്യവും ഇവിടുത്തെ നിത്യ കാഴ്ചകളാണ്.”റിപ്പബ്ലിക് ഓഫ് സെൻട്രൽ ആഫ്രിക്കയിലെ ബംങ്കിയിൽ പതിമൂന്ന് വർഷമായി മിഷൻ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന തിരുഹൃദയ പുത്രിമാരുടെ സന്യാസ സഭയിലെ (DSHJ) സി. വത്സമ്മ കളപ്പുരയ്ക്കൽ പറയുന്നു.

റിപ്പബ്ലിക് ഓഫ് സെൻട്രൽ ആഫ്രിക്ക  എന്ന രാജ്യത്തെ ഏറ്റവും പാവപ്പെട്ട ഒരു പ്രദേശമാണ് ബംങ്കി. ഈ രാജ്യം സ്വാതന്ത്രമായതിനു ശേഷം അധികം താമസിയാതെ ആഭ്യന്തര യുദ്ധം ആരംഭിച്ചു. ചില രാഷ്ട്രീയ  കാരണങ്ങളാൽ ആണ് യുദ്ധം തുടങ്ങിയതെങ്കിലും പിന്നീട് അത് മതവിദ്വേഷമായി വളർന്നു. ഭൂരിഭാഗവും ക്രിസ്ത്യാനികളാണ് ഇവിടെ ഉള്ളത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലാണ് യുദ്ധം. വർഷങ്ങളായി നീണ്ടു നിൽക്കുന്ന യുദ്ധം ഇവരുടെ സമ്പത്ത് വ്യവസ്ഥയെയും സാമൂഹിക വളർച്ചയെയും കാര്യമായി ബാധിച്ചു.

യുദ്ധം തുടങ്ങിയതിനു ശേഷം വിദ്യാഭ്യാസ മേഖല വളരെയധികം പുറകോട്ട് പോയി. വിദ്യാഭ്യാസ മേഖല ഏതാണ്ട് താളം തെറ്റിയ അവസ്ഥയിലാണുള്ളത്. ആകെയൊരു യൂണിവേഴ്സിറ്റി മാത്രമേ ഗവൺമെന്റിന്റെ അധികാരത്തിന് കീഴിലുള്ളു. ഈ ഒരു കുറവ് ഒരു തലമുറയുടെ വിദ്യാഭ്യാസത്തെ കാര്യമായി ബാധിച്ചു. സ്‌കൂളുകൾ ഉണ്ട് എങ്കിലും അദ്ധ്യാപകർ സ്ഥിരമായി വരുകയോ പഠിപ്പിക്കുകയോ ഇല്ല. അതാണ് അവസ്ഥ. കൃത്യമായി ശമ്പളം ലഭിക്കുന്നില്ല എന്നത് തന്നെയാണ് അവരുടെ ഉദാസീനതയ്ക്ക് കാരണം.

ഇപ്പോൾ സഭാ നേതൃത്വത്തിൽ നിന്നും യുദ്ധം നിർത്തുവാനുള്ള ആവശ്യം കൂടുതൽ ശക്തിപ്പെടുന്നുണ്ട്. യുദ്ധത്തിന്റെ ഭീകരത സി. വത്സമ്മ താമസിക്കുന്ന കോൺവെന്റിലും പരിസര പ്രദേശങ്ങളിലും വളരെ കൂടുതലാണ്. യാതൊരുവിധ ഉറപ്പോ സംരക്ഷണമോ ഇവർക്ക് അവകാശപ്പെടാനില്ല. കർത്താവിന്റെ ശക്തമായ കരത്തിന് കീഴിൽ ഇവർ ആശ്രയം വെച്ചുകൊണ്ട് മുന്നോട്ടു പോകുന്നു.

തേടിച്ചെല്ലുന്ന സ്നേഹം  

മൂല്യങ്ങളിൽ വളരെ പുറകോട്ടു നിൽക്കുന്ന ഒരു സമൂഹമാണ് ഇവിടുള്ളത്. അതിനാൽ തന്നെ അവരെ നല്ല ഒരു സമൂഹമായി വളർത്തുക എന്നതാണ് ഇവിടെ എത്തുന്ന മിഷനറിമാരുടെ പ്രധാനപ്പെട്ട കർത്തവ്യം. ഈശോയുടെ തിരുഹൃദയ പുത്രിമാരുടെ സമൂഹം ഇവിടെ ചെയ്യുന്നതും പ്രധാനമായും ഇത് തന്നെയാണ്. കിലോമീറ്ററുകൾ അകലെയാണ് ഇടവക ദേവാലയം. ഇടവകയ്ക്ക് ആകെ 13 വില്ലേജുകൾ ഉണ്ട്. വളരെ അകലെയായി ചിതറി കിടക്കുന്ന വില്ലേജുകളിൽ സിസ്റ്റേഴ്സ് ആഴ്ചയിൽ ഒരിക്കൽ പോകും. അവർ തന്നെ അവിടെ ചെറിയ പള്ളികൾ ഉണ്ടാക്കും. വളരെ പരിമിതമായ സാഹചര്യങ്ങളേ അവിടെ കാണൂ. എങ്കിലും സിസ്റ്റേഴ്സ് അവരെ അവിടെ ഒന്നിച്ചു കൂട്ടി ജീവിത മൂല്യങ്ങൾ പങ്കുവയ്ക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കും പ്രത്യേകം ളാസ്സുകളും എടുക്കും.

വളരെ ദൂരെ നിന്ന് വരുന്നതായതുകൊണ്ട് സിസ്റ്റർമാർക്കു പലപ്പോഴും തിരിച്ചു പോകുവാൻ സാധിക്കാറില്ല. ക്ലാസുകൾ കഴിഞ്ഞു ആളുകൾ വീട്ടിലേക്കു മടങ്ങും. സിസ്റ്റേഴ്സ് ആ ചെറിയ ചാപ്പലിൽ തന്നെ താമസിക്കും. ചിലപ്പോൾ മൂന്ന് ദിവസം വരെ അവിടെ താമസിക്കേണ്ടതായി വരും. ആരെങ്കിലും ധനമായി കൊടുക്കുന്ന ഭക്ഷണം സ്വീകരിക്കും. ജീവിത മൂല്യങ്ങൾ അവരെ പരിശീലിപ്പിക്കുമ്പോൾ അവരിൽ നിന്ന് തന്നെ നന്നായി പരിശീലിച്ചവരെ ചെറിയ സ്കൂളുകളിൽ അദ്ധ്യാപകരാക്കുവാൻ പരിശീലനം കൊടുക്കും. അങ്ങനെ വില്ലേജുകളിൽ ചെറിയ സ്കൂളുകൾ നിർമ്മിച്ച് അവർ തന്നെ പഠിപ്പിക്കുന്ന അവസ്ഥ നിലവിലുണ്ട്. ഇപ്പോൾ എട്ടാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

അനാഥരുടെ കാവൽക്കാർ

“പട്ടിണിയും അനാഥത്വവും മൂലം ബംങ്കിയിലെ ചേരികളിൽ അലഞ്ഞു തിരിയുന്ന പാവപ്പെട്ട കുഞ്ഞുങ്ങൾ ഇവിടുത്തെ നിത്യ കാഴ്ചയാണ്. ഇതിനാൽ തന്നെ എല്ലാവിധ ദുശീലങ്ങൾക്കും അവർ ചെറുപ്പത്തിൽ തന്നെ അടിമകളാണ്,”  സി. വത്സമ്മ പറയുന്നു. ഇത്തരം കുട്ടികളെ പരിശീലിപ്പിക്കുകയും വിദ്യാഭ്യാസം നൽകുകയും ചെയ്യുന്ന അനാഥശാലയിൽ 50 ഓളം കുട്ടികൾ ഇന്നുണ്ട്.

മാതാപിതാക്കൾ മരിച്ചവരും ആരും സംരക്ഷിക്കാനില്ലാത്തവരുമായ ഇവർ മൂന്ന് മുതൽ പതിമൂന്ന് വയസ്സ് വരെ പ്രായം ഉള്ളവരാണ്. പതിമൂന്ന് വയസിനു ശേഷം അവരെ അവിടെ നിന്നും പറഞ്ഞു  വിടും. അല്ലെങ്കിൽ ചെറിയ കുട്ടികളെ സംരക്ഷിക്കാൻ സാധിക്കുകയില്ല. ദത്തെടുക്കാൻ സന്നദ്ധരായവരെ അന്വേഷിച്ചു കണ്ടെത്തനുള്ള ശ്രമങ്ങളും സിസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. അവർക്ക് ഒരു ജീവിത മാർഗ്ഗം കാണിച്ചു കൊടുക്കാൻ പരിശ്രമിക്കും. നാളുകൾക്കു ശേഷവും ഇവരെ ഇടയ്ക്കു ഒന്നിച്ചു കൂട്ടി തുടർ പരിശീലനങ്ങളും ക്ലാസ്സുകളും നൽകും.

ആഫ്രിക്കയിൽ നിന്നുള്ള സമർപ്പിതർ

ആഫ്രിക്കയിൽ നിന്നും അനേകം ദൈവവിളികൾ ലഭിക്കുന്നുണ്ട്. നീണ്ട നാളത്തെ പരിശീലനം ഇവർക്ക് ആവശ്യമാണ്. കാരണം വ്യത്യസ്ത ജീവിത ചുറ്റുപാടിൽ നിന്നും വരുന്നവരാണിവർ. സി. വത്സമ്മയുടെ മഠത്തിൽ മൂന്ന് ആഫ്രിക്കൻ സിസ്റ്റേഴ്സ് ശുശ്രൂഷ ചെയ്യുന്നുണ്ട്. സിസ്റ്റേഴ്സ് ആകുവാൻ ഏഴു പേർക്ക് സി. വത്സമ്മ പരിശീലനം നൽകുന്നുണ്ട്. ആഫ്രിക്കയിൽ നിന്നുള്ള സിസ്റ്റേഴ്സ് അവരുടെ സംസ്കാരത്തെ പൂർണമായി ഉൾകൊണ്ടവരായതിനാൽ ബംങ്കിയിൽ നല്ല രീതിയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഇവർക്ക് സാധിക്കുന്നുണ്ട്.

യുദ്ധം തീർത്ത ബാഹ്യമായ നാശങ്ങൾക്കോ മൂല്യങ്ങൾക്ക് പറ്റിയ ശോഷണങ്ങൾക്കോ ആഫ്രിക്കൻ ജനതയെ തകർക്കാൻ സാധിക്കുകയില്ല. കാരണം ഒരു പറ്റം നല്ല മിഷനറിമാർ തങ്ങളുടെ  ജീവനും ജീവിതവുമെല്ലാം ക്രിസ്തുവിനെ പ്രതി വെറും നഷ്ടമായി കണക്കാക്കി അവർക്ക് കാവലായി ഉണർന്നിരിപ്പുണ്ട്.

സി. സൗമ്യ DSHJ