അവർക്കു വർഷത്തിൽ മിക്കവാറും ഒരു കുർബാനയേ ഉള്ളൂ!

ഫാ. ജോഷി കണ്ടത്തിൽ സിഎംഐ

ഏകദേശം രണ്ടുമണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ്  അവിടെ എത്തിച്ചേർന്നത്.   മൊട്ടക്കുന്നുകളിൽ വെട്ടിയൊരുക്കിയതും കുത്തനെയുള്ള ഇറക്കവും ഉള്ള കാട്ടുവഴികളിലൂടെയുള്ള യാത്ര. പെരുമഴയിൽ ഒലിച്ചുപോയ വഴികളിലൂടെ വളരെ വിദഗ്ദമായിത്തന്നെ ഡ്രൈവർ ലക്ഷ്യസ്ഥാനത്തു എത്തിക്കാൻ ശ്രമിച്ചെങ്കിലും വണ്ടി ചെറിയ ഒരു പണി തന്നു.

പിന്നെ കൂടെയുള്ളവരുമായി ചേർന്ന്  അത്യവശ്യം കുർബാനക്കുള്ള സാധനങ്ങൾ മാത്രം എടുത്തു ചെളിനിറഞ്ഞ വഴികളിലൂടെ അവിടുത്തെ  കപ്പേളയിൽ എത്തിച്ചേർന്നു.  അവിടെ എത്തിച്ചേരുവാനുള്ള കഷ്ടപ്പാടുകൾ മാത്രമേ ഉള്ളു,  അവിടെ എത്തിചേർന്നപ്പോൾ അവയെല്ലാം   മറക്കുകയും ചെയ്യും. കാരണം അവരുടെ കഷ്ടപ്പാടിൽ നിന്നും ആ താഴ്വാരത്തിൽ സുന്ദരമായ ഒരു കപ്പേള  ഈശോക്കുവേണ്ടി അവർ നിർമ്മിച്ചിരുന്നു.

അവരുടെ സ്വർഗീയ മധ്യസ്ഥനായ വി.അന്തോനീസിന്റെ  തിരുന്നാൾ ആഘോഷത്തിന്റെ ബലിയർപ്പണതിനാണ് എല്ലാവരും ഒന്നിച്ചു കൂടിയത്.  അന്നന്നപ്പത്തിനുള്ള അവരുടെ ജോലിയെല്ലാം മാറ്റിവച്ചുകൊണ്ട്  ആ ചെറിയ കപ്പേള നിറയെ ജനങ്ങൾ ഉണ്ട്, കൂടെ സ്കൂൾ കുട്ടികളും. ദിവ്യബലി ഉള്ളതുകൊണ്ടു അടുത്തുള്ള ചെറിയ സ്കൂളിന് അവധി കൊടുത്തിരുന്നു..ഇതിനെല്ലാം കാരണം മറ്റൊന്നുമല്ല അവർക്കു ഈ വർഷത്തെ ആദ്യത്തെ ദിവ്യബലിയാണ് അർപ്പിക്കാൻ പോകുന്നത് – ഒരു പുതുവർഷ കുർബാന. അതിന്റ സന്തോഷം എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നു.

ഒരുമണിക്കൂർ നേരത്തെ കുമ്പസാരത്തിനു ശേഷം വളരെ വലിയ സ്വരത്തിൽ പാടിയും പ്രാർത്ഥിച്ചും ഉള്ള അവരുടെ ദിവ്യബലിയിലെ പങ്കാളിത്തം തന്നെ , ഞങ്ങൾ ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നുള്ള ഏറ്റുപറച്ചിൽ തന്നെയായിരുന്നു. ദാഹിച്ചുവലഞ്ഞിരുന്നവന് ഒരുതുള്ളിവെള്ളം കിട്ടിയതുപോലുള്ള ആശ്വാസം!

തമ്പുരാനെ ഓർത്തുപോയി, അവിടുത്തെ വചനം, “വിളവധികം വേലക്കാരോ ചുരുക്കം,” എന്നത് എത്ര സത്യമാണ്! അനുദിനം ബലിയർപ്പണത്തിനുള്ള  എല്ലാ സൗകര്യവും ഉണ്ടായിട്ടും അത് വേണ്ടാ എന്ന് വക്കുന്നവർ കാണേണ്ട മാതൃക. തിരിച്ചുപോരുവാൻ തുടങ്ങിയപ്പോൾ അവരുടെ മുഖഭാവം ഇങ്ങനെ ആയിരുന്നു,  “പാദ്രെ, (അച്ചാ) ഇനി എന്ന്?” അതിനു ഒരു ഉറപ്പും കൊടുക്കാൻ പറ്റിയില്ല. കാരണം ഇതുപോലെ എത്തിപ്പെടാൻ പറ്റാത്ത അനേകം കമ്മ്യൂണിറ്റികൾ വേറെയും ഉണ്ട്.

ഇത് ഇക്വഡോറിലേ പോർത്തോവിയഹോ അതിരൂപതയിലെ  ട്രിഗിജോ എന്ന കമ്മ്യൂണിറ്റിയിലെ ഒരു അനുഭവം മാത്രം.

മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ഒരു മതബോധന ക്ലാസ് ആണ്. പച്ചയായ ജീവിത യാഥാർഥ്യങ്ങളിൽ നിന്നുകൊണ്ട് ഈശോയെയും, സഭയെയും കുറിച്ച് കുഞ്ഞുങ്ങൾ പഠിക്കുന്ന വേദപാഠ ക്ലാസ്. ഇത്രയും സൗകര്യം തന്നെ ഇവർക്ക് വലുതാണ്! ഇത് കണ്ടപ്പോൾ എനിക്ക്  ലഭിച്ച ഭാഗ്യത്തെ നന്ദിയോടെ അനുസ്‌മരിച്ചു, ഒപ്പം ഇന്ന് സ്മാർട്ട് ക്ലാസ്സുകളിൽ ഇരുന്ന് ഈശോയെ പഠിക്കുന്നവ്വരെ ഓർത്തു ചെറിയ ഒരു അസൂയയും ഉണ്ടായതിൽ വലിയ തെറ്റും പറയാൻ ഇല്ല.

ഫാ. ജോഷി കണ്ടത്തിൽ സിഎംഐ, ഇക്വഡോർ