തിരസ്കരിക്കപ്പെടുന്ന ജീവിതങ്ങൾക്കിടയിൽ 

സി. അനിത വര്‍ഗ്ഗീസ് എസ്.ജെ.

കൊടുംശൈത്യം മൂലം മഞ്ഞുമൂടി കിടക്കുന്ന ഡിസംബര്‍ മാസം. മദ്ധ്യപ്രദേശില്‍ ഡിസംബര്‍ – ജനുവരിയാണ് ഏറ്റവും തണുപ്പനുഭവപ്പെടുന്ന മാസങ്ങള്‍. കൊടുതണുപ്പില്‍ രാവിലെ 9 മണിയോടെയാണ് സൂര്യനെ കാണുക. തണുപ്പിന്റെ ആധിക്യം കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പല പൊതു ഓഫീസുകളുടെയും പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തുകയും അവധി കൊടുക്കുകയും ചെയ്യുക അവിടുത്തെ ഒരു പതിവാണ്. രാജാധിരാജനായ ദൈവം മനുഷ്യനായി അവതരിച്ചതിന്റെ ഓര്‍മ്മ കൊണ്ടാടുമ്പോള്‍ സന്തോഷിക്കുന്ന ഒരു ജനത ലോകത്തിന്റെ ഒരു ഭാഗത്ത്. മറുഭാഗത്ത് ജനിക്കാന്‍ പോകുന്ന ശിശു പെണ്‍കുട്ടി ആണെന്നറിയുമ്പോള്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍. പെണ്‍കുട്ടിയായതിന്റെ പേരില്‍ തിരസ്‌കരിക്കപ്പെട്ട ഒത്തിരി ജീവിതങ്ങള്‍.

ഒരിക്കല്‍ ഞങ്ങളുടെ ഹോസ്പിറ്റലില്‍ ഉണ്ടായ ഒരു സംഭവം ഞാന്‍ ഓര്‍ക്കുകയാണ്. ആദ്യത്തെ പ്രസവത്തിനായി അമ്മായിയമ്മയും, ചേട്ടത്തിയും മറ്റു ബന്ധുക്കളുമൊക്കെ കൂടി രേഖ എന്ന സ്ത്രീയെ കൊണ്ടുവന്നിരിക്കുന്നു. ഒത്തിരി സ്‌നേഹപ്രകടനത്തോടെയാണ് അവര്‍ മരുമകളോട് പെരുമാറിയിരുന്നത്. രേഖയെ ഡെലിവറി റൂമിലേക്ക് കടത്തുന്നതിനിടെ രേഖയുടെ അമ്മായിയമ്മ ഞങ്ങളോട് ചോദിച്ചു. ജനിക്കാന്‍ പോകുന്നത് എന്തു കുട്ടിയാണ്? എന്തായാലും എന്താ അമ്മച്ചി ദൈവമല്ലേ കുഞ്ഞിനെ സൃഷ്ടിച്ചത്? ഞങ്ങളുടെ ഉത്തരത്തില്‍ തൃപ്തിവരാത്ത അമ്മച്ചി പറഞ്ഞു അതൊക്കെ നിങ്ങള് വിശ്വസിച്ചാല്‍ മതി. എന്റെ മകനൊരു ആണ്‍കുട്ടി ജനിക്കണം. കാരണം, രേഖയുടെ ഭര്‍ത്താവ് കൂടാതെ 5 ആണ്‍മക്കളുള്ള രേഖയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാവര്‍ക്കും 4-ഉം 5-ഉം പെണ്‍കുട്ടികളാണ്. ഇനിയും ഒരു പെണ്‍കുട്ടിയുടെ ജനനം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായിരുന്നു. തമാശരൂപേണ  ഞങ്ങള്‍ പറഞ്ഞു, പെണ്‍കുട്ടിയാണെങ്കില്‍ ഞങ്ങള്‍ക്ക് തന്നേക്കൂ. കുറച്ചു സമയത്തിനകം രേഖ ഒരു സുന്ദരിയായ 3 കിലോ തൂക്കമുള്ള ഒരു കൊച്ചുമാലാഖക്കുഞ്ഞിന് ജന്മമേകി. ഇതു കണ്ടതോടെ ഞങ്ങളൊന്ന് നടുങ്ങി. പെണ്‍കുട്ടിയാണെന്ന കാര്യം അവരുടെ കണ്ണില്‍പ്പെടുത്താതെ കുട്ടിയെ ഞങ്ങള്‍ പരിചരിക്കുന്നതിനിടയില്‍ അമ്മായിയമ്മ പെണ്‍കുട്ടിയാണെന്നറിഞ്ഞതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് മുറിയില്‍ നിന്നും പുറത്തുപോയി. രേഖയാകട്ടെ തന്റെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഒരു ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കാന്‍ സാധിച്ചില്ല എന്ന നിസ്സഹായ അവസ്ഥയില്‍ വാവിട്ടു കരയുന്നു.

കുഞ്ഞുങ്ങളെ അനുഗ്രഹിക്കുന്ന ഈശോയെ നമ്മള്‍ വി. മത്തായിയുടെ സുവിശേഷത്തില്‍ 19:13-15 ല്‍ കണ്ടുമുട്ടുന്നു. യേശു കൈകള്‍ വെച്ചു പ്രാര്‍ത്ഥിക്കുന്നതിനു വേണ്ടി ചിലര്‍ ശിശുക്കളെ അവന്റെ അടുത്തു കൊണ്ടുവന്നു. ശിഷ്യന്മാര്‍ അവനെ ശകാരിച്ചു. എന്നാല്‍ അവന്‍ പറഞ്ഞു, “ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍ സ്വര്‍ഗ്ഗരാജ്യം അവരെ പോലെയുള്ളവരുടേതാണ്”. കന്യകകളെയും ദേവിമാരെയും വളരെ ആദരവോടെ നോക്കിക്കാണുന്ന മദ്ധ്യപ്രദേശില്‍ പെണ്‍കുട്ടികളുടെ ജനനം അവരില്‍ അസ്വസ്ഥതയുളവാക്കുന്നു. എത്രയോ പിഞ്ചുപൈതങ്ങള്‍ പെണ്‍കുട്ടിയായതിന്റെ പേരില്‍ ജനിക്കുമ്പോള്‍ തന്നെ തിരസ്‌കരിക്കപ്പെടുകയും ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുകയും മറ്റുചിലര്‍ അബോര്‍ഷനിലൂടെ കുട്ടികളെ നശിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സേവനത്തിലൂടെയും കൗണ്‍സിലിംഗിലൂടെയും ഒത്തിരി മക്കളെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

പ്രിയ മാതാപിതാക്കന്‍മാരേ, ഒരു പെണ്‍കുട്ടിയെ ഉള്‍ക്കൊള്ളാനുള്ള വിശാലതയില്ലാത്തതും അന്ധവിശ്വാസങ്ങള്‍ നിറഞ്ഞതുമായ മിഷന്‍ മേഖലകളിലേയ്ക്ക് ഇനിയും ധാരാളം ദൈവവിളികള്‍ ആവശ്യമുണ്ട്. ഇരുളടഞ്ഞ അവരുടെ ചിന്തകളിലേയ്ക്ക് വെളിച്ചം വീശാന്‍, അന്ധകാരത്തിന്റെ അടിമത്വത്തില്‍നിന്നും അവരെ മോചിതരാക്കാന്‍, നമ്മുടെ ചെറുജീവിതം മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമായിതീരട്ടെ. മൂല്യങ്ങളില്ലാത്ത അക്രൈസ്തവ മക്കള്‍ക്ക് ക്രിസ്തീയമൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കുവാന്‍ കഴിയുന്ന ജീവിതമൂല്യങ്ങളോടെ നിങ്ങളുടെയൊക്കെ മക്കളെ വാര്‍ത്തെടുക്കാന്‍ കഴിയട്ടെ എന്ന് നല്ലവനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം ധാരാളം നല്ല ദൈവവിളികള്‍ നമ്മുടെയൊക്കെ കുടുംബങ്ങളില്‍ നിന്നും ഉയരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ കര്‍ത്താവിന് യോജിച്ചതും, അവിടേത്തേയ്ക്ക് തികച്ചും പ്രീതിജനകവുമായ ജീവിതം നയിക്കാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അതുവഴി നിങ്ങളുടെ എല്ലാ നല്ല പ്രവര്‍ത്തികളും ഫലദായകമാവുകയും, ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തില്‍ നിങ്ങള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്യട്ടെ (കോളോ. 1:16).

സിസ്റ്റര്‍ അനിത വര്‍ഗ്ഗീസ് എസ്.ജെ, സാഗര്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.