വിശുദ്ധ ബലിയർപ്പിക്കുന്നതിനായി 25 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുന്ന മഡഗാസ്‌ക്കറിലെ മലയാളി മിഷനറി

സുനിഷ നടവയല്‍

ക്രിസ്തുവിനു വേണ്ടി ദാഹിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഇടയിൽ പ്രസംഗിക്കുവാൻ കാതങ്ങളോളം സഞ്ചരിക്കുന്ന അനേകായിരം മിഷനറിമാരുണ്ട്. അവരുടെയൊക്കെ പ്രതിനിധിയാണ് ഫാ. ജോൺസൺ തളിയത്ത് സി.എം.ഐ. കല്ലും മുള്ളും നിറഞ്ഞ വഴികൾ താണ്ടുമ്പോൾ തനിക്കു മുൻപേ ക്രിസ്തു നടക്കുന്നുണ്ടെന്ന ബോധ്യമാണ് ഇന്നീ കാലം വരെയും അദ്ദേഹത്തിന്റെ മിഷൻ പ്രവർത്തനങ്ങളിൽ കൂട്ടായിരുന്നത്. പ്രതിബന്ധങ്ങളെ മറികടന്ന് അവിടുത്തോടുള്ള സ്നേഹത്തെ പ്രതി മിഷൻ പ്രവർത്തനത്തിനായി 24 വർഷങ്ങൾക്ക് മുൻപ്  മഡഗാസ്കറിൽ എത്തി ക്രിസ്തുവിനെ പ്രഘോഷിക്കുവാനാരംഭിച്ചതാണ് ഈ പുരോഹിതൻ.  ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലെ തന്റെ മിഷൻ അനുഭവങ്ങളെക്കുറിച്ച് ലൈഫ് ഡേയോട് പങ്കുവെയ്ക്കുകയാണ് ഫാ. ജോൺസൺ തളിയത്ത്.

മുൻപേ നടക്കുന്ന ക്രിസ്തുവിന്റെ പിന്നാലെ നടന്നു കാതങ്ങൾ താണ്ടിയ ഒരു മലയാളി മിഷനറി

ചലച്ചിത്രങ്ങൾ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ ധാരാളം ആളുകൾ ഉണ്ടാകാം. എന്നാൽ ഒരു സിനിമ  കണ്ട് അതിൽ നിന്നും ഒരു മിഷനറിയായി തീർന്ന സംഭവങ്ങൾ വിരളമാവാം. തളിയത്തച്ചന്റെ മിഷൻ ജീവിതത്തിലേക്ക് വെളിച്ചം വീശിയത് ഒരു സിനിമയാണ്. വർഷങ്ങൾക്കു മുൻപ് സിഎംഐ സഭയുടെ ബാംഗ്ലൂർ ധർമ്മാരാം കോളേജിൽ വൈദിക വിദ്യാത്ഥികൾക്കായി ‘മിഷൻ’ എന്ന ഒരു ഇംഗ്ലീഷ് സിനിമ പ്രദർശിപ്പിച്ചു. ലാറ്റിൻ – അമേരിക്കൻ ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ആ സിനിമയിൽ മിഷനറിയായി എത്തപ്പെടുന്ന പുരോഹിതനെ അക്രമികൾ വെടിവെച്ചു കൊല്ലുന്നതായിരുന്നു അവസാന രംഗം. ഏതൊരാളുടെയും പോലെ ആ വൈദിക വിദ്യാർത്ഥിയുടെയും മനസ്സിലേക്ക് ഈ രംഗം തറച്ചു കയറി. 1991 കാലഘട്ടത്തിൽ ആയിരുന്നു അത്. ഈ ഒരു സമയത്ത് തന്നെയാണ് സിഎംഐ സഭ വളരെ നിർണ്ണായകമായ ഒരു തീരുമാനമെടുത്തത്. ശ്ശെമ്മാശ്ശൻമ്മാർക്ക് ഇന്ത്യയ്ക്ക് പുറത്ത് റീജൻസി ചെയ്യുവാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട പ്രൊവിൻസിനു അവരെ അയക്കാമെന്ന്. അതോടെ, ‘മിഷൻ’ സിനിമയിൽ ആകൃഷ്ടനായി ഇന്ത്യക്ക് പുറത്തേക്ക് റീജൻസിക്ക് പോകുവാൻ തൃശൂർ ദേവമാതാ പ്രൊവിൻസിലെ ജോൺസൻ തളിയത്ത് എന്ന വൈദികാർത്ഥിക്ക് വഴി തെളിഞ്ഞു. തുടർന്ന് ബ്രദർ ഡേവി കാവുങ്കലും ബ്രദർ ജോൺസൺ തളിയത്തും കൂടി രണ്ടു വർഷത്തെ പരിശീലനത്തിനായി കെനിയയിലേക്കു അയക്കപ്പെട്ടു.

ആഫ്രിക്കയിലെ ജനങ്ങൾ കറുത്തവരാണെങ്കിലും അവരുടെ മനസ്സ് വളരെ വെളുത്തതാണെന്ന് റീജൻസി കാലഘട്ടത്തിൽ അവർക്ക് മനസിലായി. ക്രിസ്തുവിനെ അറിയാത്തവർക്ക് അവനെ കാണിച്ചു കൊടുക്കേണ്ട ചുമതല തനിക്കുണ്ടെന്ന വലിയ തിരിച്ചറിവ് അന്ന് ബ്രദർ ജോൺസണിൽ രൂപപ്പെട്ടു. പരിശീലനത്തിന്റെ തുടർന്നുള്ള കാലഘട്ടങ്ങളിലും ആ ബോധ്യം ശക്തമായി മനസ്സിൽ തുടർന്നു.

ജോൺസൺ അച്ചന്റെ ദൈവവിളി ചരിത്രം 

തൃശൂർ തളിയത്ത് മാത്യു- സെലിൻ ദമ്പതികളുടെ ഇളയ മകനാണ് ഫാ. ജോൺസൺ. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സെമിനാരിയിൽ ചേരുവാൻ ഉള്ള ആഗ്രഹം ശക്തമായി. തൃശൂർ രൂപതയ്ക്കുവേണ്ടി വൈദികനാകുവാൻ ആഗ്രഹിച്ചെങ്കിലും എന്തുകൊണ്ടോ അന്ന് സെമിനാരിയിലെടുക്കാതെ അതിരൂപതാ സെമിനാരിയുടെ റെക്ടറച്ചൻ തിരിച്ചയച്ചു. പിന്നീട് അഞ്ചു വർഷങ്ങൾക്കു ശേഷം ബിരുദ പഠനം പൂർത്തീകരിച്ച്  സിഎംഐ സഭയുടെ തൃശൂർ പ്രൊവിൻസിൽ ചേർന്നു. സുവിശേഷ പ്രഘോഷണത്തിനു ചാവറപിതാവിന്റെ അനുയായിയാകുവാനായിരുന്നിരിക്കണം ദൈവനിയോഗം! നാലുമക്കളിൽ മൂത്ത സഹോദരി എഫ്.സി.സി സന്യാസസഭയുടെ ഡൽഹി പ്രൊവിൻസ് അംഗമാണ്. പിതാവിന്റെ ജ്യേഷ്ഠൻ മോൺസിഞ്ഞോർ ജോസഫ് തളിയത്ത് വലിയൊരു മിഷനറി ആയിരുന്നു. 1997 -ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. ജോൺസൺ തളിയത്തിനു പ്രൊവിൻസിലെ വൈദിക വിദ്യാർത്ഥികളുടെ ചുമതല നൽകിയെങ്കിലും മനസ്സ് അങ്ങ് കെനിയയിൽ തന്നെയായിരുന്നു. അങ്ങനെ ആറു മാസത്തെ നിരന്തരമായ അഭ്യർത്ഥനയ്ക്കുശേഷം അന്നത്തെ പ്രൊവിൻഷ്യാൾ നൊബെർട്ട് എടാട്ടുകാരൻ അച്ചന്റെ അടുക്കൽ നിന്നും മിഷനിൽ പോകാൻ അനുവാദം വാങ്ങി. അങ്ങനെ 1997 -ൽ മിഷൻ മാസമായ ഒക്ടോബറിൽ മഡഗാസ്കറിലേക്ക് ഫാ. ജോൺസൺ അയക്കപ്പെട്ടു.

മിഷൻ മഡഗാസ്കർ

താല്പര്യത്തോടെയാണ് മഡഗാസ്കറിൽ എത്തിയതെങ്കിലും ഫാ. ജോൺസണും കൂടെയുണ്ടായിരുന്ന ഫാ. ലൂയിസ് രാജ് പുറത്തൂരിനും കടമ്പകൾ ഏറെയുണ്ടായിരുന്നു. ഭാഷ മുതൽ ആരാധനാക്രമം വരെ എല്ലാം വളരെ വ്യത്യസ്തമായിരുന്നു അവിടെ. എന്നാൽ ലാസലറ്റ് സഭയുടെ വൈദികർ അവിടെ ആദ്യം തന്നെ എത്തിയിരുന്നതിനാലും മിഷൻ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നതിനാലും ജോൺസൺ അച്ചനും ലൂയിസ് അച്ചനും അത് വളരെ സഹായകരമായിരുന്നു. ഫ്രഞ്ച് അധിനിവേശം ഉണ്ടായിരുന്നതിനാൽ ‘മലഗാസി’ ഭാഷയിലായിരുന്നു അവിടുത്തെ പ്രാദേശിക സമൂഹം സംസാരിച്ചിരുന്നത്. അത്യാവശ്യം ഇംഗ്ലീഷ് അറിയുന്ന ഒരു മലഗാസി അധ്യാപകന്റെ ശിക്ഷണത്തിൽ രണ്ടുപേരും മലഗാസി ഭാഷയിൽ പ്രാവീണ്യം നേടി.”കൊച്ചു കുട്ടികൾ പിച്ച വെയ്ക്കുന്നതുപോലെ ആയിരുന്നു അവിടെ അവർ ഓരോ കാര്യവും ചെയ്തു തുടങ്ങിയത്. സംസാരിക്കുമ്പോൾ തെറ്റുകൾ പറ്റിയാൽ പോലും നമ്മളെ നന്നായി പ്രോത്സാഹിപ്പിക്കുമായിരുന്നു അവർ,” -ജോൺസൺ അച്ചൻ മഡഗാസ്കറിലെ തന്റെ ആദ്യ നാളുകൾ ഓർമ്മിച്ചെടുത്തു.

ഒരു ജനതയുടെ വിശ്വാസത്തിലേക്കുള്ള വിളിയും വെല്ലുവിളിയും

“ഭാരതത്തെ സംബന്ധിച്ചിടത്തോളം വളരെ കൃത്യമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാ മതത്തിനും ഉണ്ട്. എന്നാൽ മഡഗാസ്കറിൽ അങ്ങനെയല്ല. വെറും 200 വർഷത്തെ പാരമ്പര്യം മാത്രമേ ക്രൈസ്തവ മതത്തിനുള്ളൂ. അതിനാൽ തന്നെ വളരെ സാധാരണക്കാരായ കർഷക ഗ്രാമവാസികളെ എങ്ങനെ വിശ്വാസത്തിലേക്ക് കൊണ്ടുവരണമെന്നത് വലിയ സമസ്യ തന്നെയായിരുന്നു. കൃത്യമായ ഒരു ജീവിത ശൈലിയോ വിദ്യാഭ്യാസ സമ്പ്രദായങ്ങളോ ഈ ജനതയ്ക്കില്ല. ഇതിനിടയിലേക്കാണ് ഞാനും എന്നിലൂടെ ക്രിസ്തുവും കടന്നു ചെല്ലുന്നത്. വിശുദ്ധ ബലിയർപ്പണത്തിനോ മറ്റ് ആരാധനകൾക്കായോ ഒരു ദൈവാലയം പോലും അവിടെയെങ്ങും ഇല്ലായിരുന്നു. എങ്കിലും മരത്തണലിലും ചെറിയ  കൂരകളിലും ഞങ്ങൾ ക്രിസ്തുവിനെ പ്രഘോഷിച്ചു. കൊട്ടാരങ്ങളിലല്ല, ചെറിയ കുടിലുകളിൽ നിഷ്കളങ്കമായ വിശ്വാസത്തിലേക്കാണ് അവിടുന്ന് ഇറങ്ങി വരുന്നതെന്ന് ഈ ജനതയുടെ ഹൃദയത്തിന്റെ നന്മയിൽ നിന്നും മനസ്സിലാക്കി. ഇപ്പോൾ  മൂന്നു വിശുദ്ധ ബലിയാണ് ഓരോ ഞായറാഴ്ചയും 20 ഇടവകകളിലായി ഞങ്ങൾ പല ഗ്രാമങ്ങളിൽ  അർപ്പിക്കുന്നത്”- അച്ചൻ പറയുന്നു.

25 കിലോമീറ്റർ താണ്ടിയുള്ള ദിവ്യബലി അർപ്പണം

കൃത്യമായ വഴിയോ വാഹന സൗകര്യമോ ഇല്ലാത്ത ഇടങ്ങൾ ഏറെയുണ്ട് അവിടെ. അതിനാൽ തന്നെ ഞായറാഴ്ചകളിലെ ഈ വൈദികരുടെ യാത്ര അത്യന്തം ക്ലേശകരമാണ്. ക്രിസ്തുവിനെ കാത്തിരിക്കുന്നവർക്കായി, വലിയ പുഴകളും തോടുകളും കാടും മലയും  കാൽനടയായി താണ്ടിയുള്ള ഈ പുരോഹിതരുടെ യാത്ര വളരെ വേഗത്തിലാണ്. കാരണം ഒരു ചെറിയ ഇടവേളയ്‌ക്കോ വിശ്രമത്തിനോ ഇടയിൽ അല്പം സമയം പോയാൽ അടുത്ത ഗ്രാമവാസികൾക്ക് വിശുദ്ധ ബലിയർപ്പണം താമസിക്കും. അതിനാൽ തന്നെ കൊടിയ വെയിലിലും മഴയിലും മഞ്ഞിലും കാട്ടു മൃഗങ്ങളെയോ കൊള്ളക്കാരെയോ വകവയ്ക്കാതെ നടന്നുകൊണ്ടേയിരിക്കുകയാണ് ഈ മിഷനറിമാർ. തങ്ങളെ കാത്ത്, അതിലുപരി ക്രിസ്തുവിനെ കാത്ത് നിൽക്കുന്ന ഈ പാവപ്പെട്ട ജനതയെ ഓർക്കുമ്പോൾ ഒരു മടുപ്പും അനുഭവപ്പെടാറില്ലെന്നാണ് അച്ചൻ പറയുന്നത്. തോൾ സഞ്ചിയും കൈയ്യിലൊരു വടിയുമായി ഹൃദയത്തിൽ ക്രിസ്തുവിനെയും പേറി നടന്നു നീങ്ങുന്ന ഈ പുരോഹിതർ തന്നെയാണ് ക്രിസ്തുവിന്റെ  ജീവിക്കുന്ന മുഖങ്ങൾ എന്ന് നിസ്സംശയം പറയാം.

പ്രതിബന്ധങ്ങൾ നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോൾ

ഇത്രയും ദൂരം നടന്നു വിശുദ്ധ ബലിയർപ്പിക്കുമ്പോൾ മടുപ്പനുഭവപ്പെടാറില്ലേ, എന്ന ചോദ്യത്തിന് അച്ചൻ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സുവിശേഷ പ്രഘോഷണ രീതിയാണ് അദ്ദേഹം പറഞ്ഞത്. ഫ്രാൻസിസ് പുണ്യവാളൻ ദൈവ വചനം പ്രസംഗിക്കുവാനാണെന്നും പറഞ്ഞ് പാതയോരങ്ങളിലൂടെയും വനപ്രദേശങ്ങളിലൂടെയും സഞ്ചരിക്കാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം ഒരു വാക്കുപോലും ഉച്ചരിച്ചിരുന്നില്ല. “എന്തേ ഒന്നും സംസാരിക്കാത്തത്, ദൈവ വചനം പ്രഘോഷിക്കുന്നത് ആരും കേട്ടില്ലല്ലോ” എന്ന ചോദ്യത്തിന് ഒരിക്കൽ അദ്ദേഹം പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: “മൈ പ്രെസൻസ് ഈസ് മൈ പ്രീച്ചിങ്”. എന്റെ സാന്നിധ്യമാണ് എന്റെ വചന പ്രഘോഷണമെന്ന്. കർത്താവിനെയും ഹൃദയത്തിലേറ്റി നടക്കുന്ന ഈ സമയത്ത് ഞാൻ തീർച്ചയായും ഒന്നും സംസാരിച്ചില്ലെങ്കിൽ കൂടിയും വലിയൊരു വചന പ്രഘോഷകനായി മാറ്റപ്പെടുകയാണ്. “വഴിയരികിൽ കാണുന്ന ഒരു അപരിചിതനെ നോക്കി പുഞ്ചിരിക്കുമ്പോൾ പോലും നമുക്ക് യേശുവിനെയാണ് കാണിച്ചു കൊടുക്കുവാൻ സാധിക്കുന്നത്. ചിലപ്പോൾ ഒരു ചെറിയ നോട്ടം മതി, മറ്റു ചിലപ്പോൾ ഒരു കൈ ഉയർത്തൽ, വേറെ ചിലപ്പോൾ ഒരു സുഖാന്വേഷണം. ഇതൊക്കെ ധാരാളം മതി എന്നിലൂടെ ക്രിസ്തുവിനെ അവർ അറിയുവാൻ. അതിനാൽ തന്നെ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകാറുണ്ടെങ്കിൽ കൂടിയും അവിടുത്തെ പ്രതി ഓരോ നിമിഷവും കൂടുതൽ കാതങ്ങൾ സഞ്ചരിക്കേണ്ടതുണ്ടെന്ന വലിയ ബോധ്യം തളർച്ചയിൽ താങ്ങായി കൂടെയുണ്ട്.” -അച്ചൻ വാചാലനായി.

24 വർഷങ്ങൾ; നിരവധി മിഷൻ അനുഭവങ്ങൾ

നിരവധി ക്രിസ്ത്വാനുഭവങ്ങൾ അച്ചന്റെ ജീവിതത്തിൽ ഈ 24 വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഇത്രയും വർഷങ്ങൾകൊണ്ട് ഒരു ജനതയുടെ വിശ്വാസ ജീവിതത്തിലും വിഷമതകളിലും പ്രതിസന്ധികളിലും ദൈവത്തോടൊപ്പം അവിടുന്ന് നിയോഗിച്ച ഈ കാവൽക്കാരനും കൂട്ടിരുന്നു. മഡഗാസ്കറിൽ ഒരു സെമിനാരി ആരംഭിച്ചു. അവിടുത്തെ പ്രദേശിക വിശ്വാസികളുടെ ഇടയിൽ നിന്ന് തന്നെ പത്തോളം കുട്ടികൾ ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. അത് വളരെ വലിയൊരു നേട്ടമാണ്. ക്രിസ്തുവിനെ അറിയാതിരുന്ന ആളുകളുടെ ഇടയിൽ നിന്നും കുറച്ചു പേരെ പൗരോഹിത്യത്തിലേക്കുള്ള വലിയ വിളിക്കായി ഉയർത്തിക്കൊണ്ടുവരിക എന്നത് ഒരു മിഷനറിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. പലവിധത്തിലുള്ള പരിമിതികൾ അച്ചനെ അലട്ടിയിട്ടുണ്ട്. വിശുദ്ധ ബലിയർപ്പണത്തിനായി ഒരു നല്ല ദൈവാലയം പോലും പലയിടങ്ങളിലും ഇല്ല. മരത്തണലിലും ഓലപ്പുരകളിലും ഷീറ്റിട്ട ഷെഡ്ഡുകളിലുമൊക്കെയാണ് ബലിയപ്പണം നടത്തിക്കൊണ്ടിരുന്നത്.

“രണ്ടായിരാമാണ്ടിൽ ആംഗ്ലിലെസാത്തു ഇടവകയുടെ വികാരിയായി ചുമതലയേറ്റപ്പോൾ അവിടെ വളരെ ചെറിയൊരു ദൈവാലയമായിരുന്നു ഉണ്ടായിരുന്നത്. കൈ ഉയർത്തിയാൽ മേൽക്കൂരയിൽ മുട്ടുന്ന അത്ര ഉയരം! ഇരുമ്പു ഷീറ്റിട്ടിരിക്കുന്നതിനാൽ വലിയ ചൂടാണ് അതിനുള്ളിൽ. പലവട്ടം വിശുദ്ധ ബലിയർപ്പണത്തിനിടയിൽ ചൂടുകാരണം തലകറങ്ങി ഇരിക്കുവാൻ ഇടവന്നിട്ടുണ്ട്. അങ്ങനെ അല്പം കൂടി മെച്ചപ്പെട്ട ഒരു ദൈവാലയത്തിനായി ഞങ്ങൾ പ്രാർത്ഥിച്ചു. വലിയ രീതിയിൽ മുടക്കാൻ പണമൊന്നും ആരുടെയും കൈവശം ഇല്ലായിരുന്നു. അതിനാൽ തന്നെ ഇടവകാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ചേർന്ന് ഒരു വർഷം കൊണ്ട് കഠിനാധ്വാനം ചെയ്ത് ഒരു മെച്ചപ്പെട്ട ദൈവാലയം പണികഴിച്ചു. ഇത് വളരെ വലിയൊരു അനുഗ്രഹമായിട്ടാണ് കാണുന്നത്. കാരണം ക്രിസ്തുവിനോടുള്ള സ്നേഹത്താൽ ഒരുമിച്ചു ചേർന്ന് നിർമ്മിച്ച തീക്ഷ്ണ വിശ്വാസത്തിന്റെ ആകെത്തുകയാണ് ആ ദൈവാലയം.” ഈ സംഭവം വിവരിക്കുമ്പോൾ ഫാ ജോൺസന്റെ കണ്ണുകളിൽ ദൈവവചനത്തിന്റെ കാന്തി പ്രകാശിച്ചിരുന്നു.

ഇനിയുള്ള മിഷൻ

ഇനിയും കൂടുതലായി മഡഗാസ്കറിലെ ക്രൈസ്തവ സമൂഹത്തിനായി എന്താണ് ചെയ്യുവാൻ ആഗ്രഹമെന്ന ചോദ്യത്തിന് ഒരു ചെറിയ കഥയിലൂടെ തന്നെയായിരുന്നു അച്ചന്റെ മറുപടി. ബിഷപ്പ് ഫുൾട്ടൻ ജെ. ഷീനിന്റെ പുസ്തകത്തിൽ വായിച്ചതുപോലെ സന്യാസ സഭാംഗം മിഷൻ പ്രവർത്തനത്തിനു പോയി വന്നപ്പോൾ അദ്ദേഹത്തിന്റെ ആത്മീയ പിതാവ് അദ്ദേഹത്തോട് “അവിടെ എന്തൊക്കെ ചെയ്തു” എന്ന് ചോദിച്ചു. “ഞാൻ ഒരുപാട് കാര്യങ്ങൾ അവിടെ നടത്തി” എന്നായിരുന്നു മറുപടി. അപ്പോൾ ആത്മീയ പിതാവ് ചോദിച്ചു; “അച്ചനാണോ എല്ലാം ചെയ്തത്, കർത്താവിനു ഒരു പങ്കും ഉണ്ടായില്ലേ?” എന്ന്.വളരെ ചിന്തോദീപകമാണ് ഈ കഥ എന്നാണ് ഫാ. ജോൺസൻ പറയുന്നത്. “ഇക്കാലമത്രയും അവിടുന്നാണ് വഴിനടത്തിയതും പ്രവർത്തിച്ചതും. അവിടുന്ന് കൂടുതലായി ആഗ്രഹിക്കുന്നുവെങ്കിൽ എന്നെ അവിടുത്തെ ഒരു ഉപകരണമാക്കട്ടെ. കഴിയുന്നത്ര കാലം വരെയും ഇവിടെ തുടരുവാനാണ് ആഗ്രഹം. ക്രിസ്തുവിലേക്ക് ആഴപ്പെടുവാൻ ഇനിയും ഒരുപാട് ജനസമൂഹങ്ങൾ ഇവിടെ ഉണ്ട്. വിളവധികം വേലക്കാരോ ചുരുക്കം, അതിനാൽ തന്നെ മിഷൻ പ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള ധാരാളം വൈദികരും സന്യസ്തരും അൽമായരും കടന്നുവരേണ്ട ഇടമാണിവിടം. കൂടുതൽ ദൈവവിളികൾ എക്കാലവും ക്രൈസ്തവ സഭയ്ക്കുണ്ടാകട്ടെ” -അച്ചൻ പറഞ്ഞു.

20 ദൈവാലയങ്ങളിലായി മൂന്നു വൈദികരാണ് സേവനം ചെയ്യുന്നത്. ഫാ. ജോൺസന്റെ കൂടെ സിഎംഐ സഭാംഗങ്ങൾ തന്നെയായ ഫാ. ഷൈജു ആളൂരും ഫാ. ജിന്റോ എരിങ്ങേരിയുമാണ് മുറാണ്ടവ രൂപതയിൽ മിഷൻ പ്രവർത്തനം നടത്തിവരുന്നത്. വിശ്വാസികളുടെ ആത്മീയ കാര്യങ്ങളിലും കൗദാശിക ജീവിതത്തിലും വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുവാൻ ഈ മിഷനറിമാർക്കു സാധിക്കുന്നുണ്ട്. അതിനാൽ തന്നെ ക്രിസ്തുവിനെ അറിയാത്തവർ അവിടുത്തെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മുഖമായി ദർശിക്കുന്നത് ഈ മിഷനറിമാരെയാണ്. വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാർക്കെഴുതിയ ലേഖനത്തിൽ പറയുന്നു: “തങ്ങൾ  വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേൾക്കും? അയക്കപ്പെടുന്നില്ലെങ്കിൽ എങ്ങനെ പ്രസംഗിക്കും?”

ക്രിസ്തുവിനെ അറിയിക്കാൻ, അവിടുത്തെ ഉപകരണമാകാൻ  എന്നും ഈ മിഷനറിമാർക്ക് സാധിക്കട്ടെ. അരപ്പട്ട മുറുക്കി, തോൾ സഞ്ചിയുമെടുത്തതുകൊണ്ട്  മഡഗാസ്കറിന്റെ ഗ്രാമങ്ങളിലേക്കും വനാന്തരങ്ങളിലേക്കും സ്നേഹത്തിന്റെ സുവിശേഷവുമായി യാത്ര തുടരുന്ന ഫാ. ജോൺസൻ തളിയത്ത് എന്ന പുരോഹിതനും സഹവൈദികർക്കും ആശംസകൾ! കേരള സഭയുടെ തീക്ഷ്ണതയാർന്ന മണ്ണിൽ നിന്നും മഡഗാസ്കറിലെ ജനതകളുടെ ഹൃദയത്തിങ്കലേക്ക് നടന്നു കയറിയ ഈ മിഷനറിമാർക്കായി നമുക്ക് പ്രാർത്ഥിക്കാം.

സുനീഷ നടവയൽ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.