ദാരിദ്ര്യത്തിന്റെ ഇടമായ മലാവിയിലെ മലയാളി മാലാഖമാർ

സി. സൗമ്യ DSHJ

ഭക്ഷണം വാങ്ങുവാൻ വേണ്ടി ക്യൂ നിന്ന് മരിച്ചു വീഴുന്നവർ ഇവിടെയുണ്ട്. മൂന്നും നാലും ദിവസം കൂടുമ്പോൾ ഒരു നേരം ആഹാരം കഴിക്കുന്നവരും ഇവിടെയുണ്ട്. അനാഥത്വം പേറുന്നവരും എയ്ഡ്‌സ് ബാധിതരും ഇവിടെ നിരവധിയാണ്. മലാവി  എന്ന ആഫ്രിക്കയിലെ ഈ കൊച്ചു രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇന്ന് ലോകത്തിൽ കേട്ട് കേഴ്വി പോലും ഇല്ലാത്ത തരത്തിൽ ഭീകരമായ പട്ടിണി മലാവിയിലെ ജനങ്ങൾ അനുഭവിക്കുന്നു. ഈ പട്ടിണിപാവങ്ങളുടെ ഇടയിൽ 31 വർഷമായി ജീവിക്കുന്ന മിഷനറീസ് ഓഫ് മേരി മെഡിയാട്രിക്‌സ് എന്ന കോൺഗ്രിഗേഷനിലെ അംഗമായ സി. ട്രീസ തൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത മിഷൻ അനുഭവങ്ങൾ ലൈഫ് ഡേയുമായി പങ്ക്‌വയ്ക്കുന്നു.

ആഫ്രിക്കയിലെ വളരെ ചെറിയതും പാവപ്പെട്ടതുമായ ഒരു രാജ്യമാണ് മലാവി. വളരെ ദരിദ്രമായ ജീവിത പശ്ചാത്തലമാണ് ഇവിടുള്ളത്. എന്നാൽ ചുരുക്കം സ്ഥലങ്ങളിൽ വളരെ സമ്പന്നരായവരും ഉണ്ട്. വിദ്യാഭ്യാസം ഒട്ടും ലഭിക്കാത്ത കുട്ടികൾ ഇവിടെ സാധാരണ കാഴ്ചയാണ്. മാതാപിതാക്കൾ നഷ്ടപ്പെട്ടവരും ആരാലും ശ്രദ്ധ കിട്ടാത്തവരും ആയ കുഞ്ഞുങ്ങൾ ചെറുപ്പത്തിൽ തന്നെ വഴിതെറ്റിയ ജീവിതം നയിക്കുന്നു. 16 – മത്തെ വയസിനു മുൻപ് തന്നെ പെൺകുട്ടികൾ ഗർഭിണികൾ ആകുന്നു. ഒന്നിലധികം ഭർത്താക്കന്മാരും ഭാര്യമാരും മിക്കവർക്കുമുണ്ട്. ഇവിടെയുള്ള 65% ആൾക്കാരും എയ്ഡ്സ് ബാധിതരാണ്. ഇങ്ങനെ മാതാപിതാക്കൾ മരിച്ച കുട്ടികൾ തെരുവിൽ അനാഥരാക്കപ്പെടുന്നു.

തെരുവിൽ അലയുന്നവരുടെ ‘അമ്മവീട്’

അമ്മമാർ ഇല്ലാത്തതും ഉപേക്ഷിക്കപ്പെട്ടതുമായ കുഞ്ഞുങ്ങൾക്കുവേണ്ടി സിസ്റ്റർമാർ ഒരു വീട് നടത്തുന്നുണ്ട്; പത്തുകുട്ടിക്ക് ഒരു അമ്മയെന്ന രീതിയിൽ 200 കുട്ടികൾ. ഈ സിസ്റ്റേഴ്സ് പ്രത്യേകം പരിശീലനം കൊടുത്ത് ശമ്പളം നൽകി അമ്മമാരായി സ്ത്രീകളെ ഇവിടെ നിർത്തുന്നു. ഇതിന്റെ മേൽനോട്ടം നടത്തുന്നത് സിസ്റ്റേഴ്സ് തന്നെയാണ്. എട്ടാം ക്‌ളാസ് വരെയുള്ള വിദ്യാഭ്യാസം പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഇവിടെ അറിയപ്പെടുന്നത്. അതിനു ശേഷം ഫീസ് കൊടുത്തുവേണം കുട്ടികളെ പഠിപ്പിക്കാൻ താല്പര്യം ഉള്ളവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ഈ വീട്ടിൽ നിന്നും ചെയ്തു കൊടുക്കുന്നു. തികച്ചും ഒരു വീടിൻ്റെ അന്തരീക്ഷവും സംരക്ഷണവും ആണിവിടെ നൽകുന്നത്. അതിനാൽ തന്നെ പഠിപ്പിക്കാൻ കഴിയുന്നിടത്തോളം ഇവർ കുട്ടികളെ പഠിപ്പിക്കുന്നു. ഇപ്പോൾ ഡോക്ടർമാരും എഞ്ചിനീയർമാരും വരെ ഇവരുടെ ഇടയിൽ നിന്നുണ്ട്. തുടർ പഠനത്തിന് ധാരാളം പണം ചിലവാകും  എങ്കിലും ഈ സിസ്റ്റേഴ്സ് ഇവർക്ക് അതിനുള്ള സഹായം ചെയ്‌തു കൊടുക്കുന്നു.

തെരുവിലുള്ളവരുടെ അഭയ കേന്ദ്രം

സമൂഹത്തിൽ പട്ടിണി അനുഭവിക്കുന്നവർ ആണ് കൂടുതലെങ്കിലും അതിൽ നിന്നും കൂടുതൽ ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണവും അത്യാവശ്യ സാധനങ്ങളും കൊടുക്കും. എല്ലാ മാസവും ആദ്യത്തെ ആഴ്ച തെരുവുകളിൽ പട്ടിണി പാവങ്ങളായ കുഞ്ഞുങ്ങളെ കണ്ടെത്തി അവർക്ക് വേണ്ട ഭക്ഷണം നൽകുന്നു. ഒരു മാസത്തേക്ക് ഉള്ള ഭക്ഷണം ആണ് നൽകുന്നത്. അടുത്ത ആഴ്ച യുവ ജനങ്ങളെ ഇങ്ങനെ വിളിച്ചു ചേർത്ത് സഹായം നൽകുന്നു. പിന്നീട് വിധവകളായവരെ വിളിച്ചു ചേർത്ത് അവർക്ക് ബോധവൽക്കരണം നല്കുകയും അത്യാവശ്യ സഹായം നൽകുകയും ചെയ്യുന്നു. മാസത്തിലെ അവസാനത്തെ ആഴ്ച പ്രായമായവരെ ഒന്നിച്ചു കൂട്ടി വേണ്ട സഹായം നൽകും. അതോടൊപ്പം 700 കുട്ടികളെ സ്കൂളിൽ സൗജന്യമായി ഫീസ് കൊടുത്ത് പഠിപ്പിക്കുന്നുമുണ്ട്. അതിനുള്ള സാമ്പത്തിക ചിലവ് ഈ സിസ്റ്റേഴ്സ് തന്നെയാണ് നിർവഹിക്കുന്നത്.

പെൺകുട്ടികൾക്കായി ഒരു കരുതൽ

മുതിർന്ന പെൺകുട്ടികൾ വളരെ ദൂരെ സ്ഥലങ്ങളിൽ നിന്ന് വന്നാണ് പഠിക്കുന്നത്. അങ്ങനെയുള്ളവർക്ക് താമസിക്കുവാൻ യൂണിവേഴ്സിറ്റിയോട് ചേർന്ന് ഒരു മുറി നൽകും. എന്നാൽ അവർക്ക് ഭക്ഷണം സ്വയം ഉണ്ടാക്കണം. അതിനുള്ള എല്ലാ സഹായവും നൽകുന്നതും  ഈ സിസ്റ്റേഴ്സ് തന്നെ. കാരണം  സ്വതവേ ദാരിദ്ര്യം ഉള്ള ആ സ്ഥലത്ത് പഠനവും അതിനുള്ള പണം കണ്ടെത്തലും കൂടി വളരെ ബുദ്ധിമുട്ടേറിയതാണ്. പുസ്തകങ്ങൾക്ക് ഭയങ്കര വിലയാണ് ഇവിടെ. ഇവരുടെ മഠത്തിൽ വിലയേറിയ പുസ്തകങ്ങൾ മേടിച്ചു വെച്ചിട്ട് കുട്ടികൾക്ക് നോട്ട് എഴുതാനും പഠിക്കാനും അവ കൊടുക്കുന്നു. ഒപ്പം മുതിർന്ന സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും വ്യത്യസ്ത പരിശീലനങ്ങൾ നൽകുന്നു. പാവപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടർ, തയ്യിൽ പരിശീലനവും നൽകി വരുന്നു. സ്ത്രീകൾ സ്വയം പര്യാപ്തരാകുവാൻ സൗജന്യമായിട്ടാണ് ഇത്തരം പരിശീലനങ്ങൾ നൽകുന്നത്.

പട്ടിണി ശീലമാക്കിയവർ

വിശപ്പിന്റെ വേദന അറിയാത്തവർ ഇവിടില്ല. ദിവസത്തിൽ ഒരു നേരത്തെയെങ്കിലും ആഹാരം കഴിക്കുന്നത് മഹാ ഭാഗ്യമായി കാണുന്നവർ ആണ് ചുറ്റിലുമുള്ളത്. സി. തെരേസ പറയുന്നു. “രാവിലെ എഴുന്നേൽക്കുമ്പോൾ മാതാപിതാക്കൾ മക്കളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘ഇന്ന് ഏതു നേരമാണ് നിനക്ക് ഭക്ഷണം വേണ്ടത്’? അതനുസരിച്ചായിരിക്കും അന്നത്തെ ഒരു നേരത്തെ ആഹാരം മക്കൾക്ക് കിട്ടുന്നത്. ഇവർ കഞ്ഞി കുടിച്ചില്ലേലും ഡ്രസ്സിനും ചെരുപ്പിനും വേണ്ടി പണം ചിലവഴിക്കും. വിശപ്പ് സഹിച്ചാണെങ്കിലും ഹെയർ സ്റ്റൈൽ മോടിപിടിപ്പിക്കാൻ എത്ര പണം വേണമെങ്കിലും ചിലവഴിക്കും. ഭക്ഷണം കഴിച്ചിലിലും ഒരിക്കലും വാടിയ മുഖത്തോടെ ഇവിടെ ആരെയും കാണാറില്ല.” പാവപ്പെട്ട വീടുകളിൽ മിക്കവാറും കട്ടൻ ചായ മാത്രമേ ഉള്ളൂ. ആഘോഷ ദിവസങ്ങളിൽ മാത്രം ഒരു നേരം ചോറ് കഴിക്കും. അല്ലാത്ത അവസരങ്ങളിൽ ഇവരുടെ നിത്യ ഭക്ഷണം മെയ്‌സ് ആണ്. മെയ്‌സ് കൃഷിയുടെ സമയം കഴിഞ്ഞാൽ പിന്നെ പട്ടിണിയാണ്. പ്രത്യേകിച്ച് ഒക്ടോബർ  മുതൽ ജനുവരി വരെ. എന്നാലും നാം മനസിലാക്കേണ്ട ഒരു വസ്തുത ആരും ഇവിടെ പണം ഇല്ലാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്തിട്ടില്ല എന്നതാണ്. പട്ടിണിയെ അതിജീവിക്കാനുള്ള കരുത്ത് ഇവർ അനുഭവംകൊണ്ട് ആർജ്ജിച്ചിട്ടുണ്ട്.

ഡാൻസിങ് ചർച്ച്

ഒരു കുർബാനയിൽ പങ്കെടുക്കണമെങ്കിൽ കിലോമീറ്ററുകൾ യാത്ര ചെയ്യണം. മാത്രവുമല്ല, മൂന്നും നാലും നാലു മാസങ്ങൾ കൂടുമ്പോൾ മാത്രമേ പല കേന്ദ്രങ്ങളിലും വി. കുർബാന ഉണ്ടായിരിക്കുകയുള്ളു  കാരണം വൈദികർ ഇവിടെ വളരെ കുറവാണ് എന്നത് തന്നെ. ആദ്യകുർബാന സ്വീകരിക്കുന്നവർ പിന്നീട് കുമ്പസാരിക്കുന്നത്  മിക്കവാറും 5 വർഷങ്ങൾക്ക് ശേഷമാണ്.  അതിനുള്ള സൗകര്യമേ ഇവിടെ ലഭിക്കുകയുള്ളൂ. എന്നാലും ഇവർ വളരെ ആഘോഷപരമായിട്ടാണ് വി. കുർബാനയിൽ പങ്കെടുക്കുന്നത്. ഇവിടുത്തെ പള്ളികളിലെ കർമ്മങ്ങളെ പൊതുവെ വിശേഷിപ്പിക്കുന്നത് ‘ഡാൻസിങ് ചർച്ച്’ എന്നാണ്. കാരണം ഡാൻസും പാട്ടും മറ്റുമായി വളരെ ആഘോഷപരമായിട്ടാണ് ഇവർ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നത്. ഒപ്പം മറ്റു ക്രിസ്ത്യൻ വിഭാഗത്തിന്റെ സ്വാധീനം വളരെ കൂടുതൽ ആണ്. ഇവർ പൊതുവെ യൂറോപ്യൻ വസ്ത്രമാണ് ധരിക്കുന്നതെങ്കിലും പള്ളിയിൽ വരുമ്പോൾ സ്ത്രീകൾ ലുങ്കിപോലുള്ള ഒരുതരം വസ്ത്രം ധരിക്കുക എന്നത് നിർബന്ധമാണ്.

ഇതൊക്കെ കേൾക്കുമ്പോൾ നാം എത്ര ഭാഗൃവാന്മാരാണ് എന്ന് നാം തിരിച്ചറിയുന്നത്. ഭക്ഷണം ഉണ്ട്, നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്.  നാം പാഴാക്കുന്ന ഒരോ മണി ചോറിനുവേണ്ടിയും കൊതിയോടെ കാത്തിരിക്കുന്ന അനേകർ നമ്മുടെ ചുറ്റുപാടുമുണ്ട് എന്ന യാഥാർഥ്യത്തെ തിരിച്ചറിയുക. ഒപ്പം, പാവങ്ങളുടെ വേദനയെ നെഞ്ചോടു ചേർക്കുന്ന അനേകം മലയാളി മിഷനറിമാർ ഇന്ന് നമ്മുടെ സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ് എന്ന കാര്യം നമുക്ക് അംഗീകരിക്കാം. എനിക്ക് ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണെന്നു പറഞ്ഞ വിജാതീയരുടെ അപ്പസ്തോലനായ വി. പൗലോസിനെപ്പോലെ അന്യനാടുകളിൽ ആയിരകണക്കിന് ആളുകൾക്ക് ക്രിസ്തുവിനെ കാണിച്ചു കൊടുക്കുന്ന, ക്രിസ്തുവായി ജീവിക്കുന്ന സമർപ്പിത ജീവിതങ്ങളെ നമുക്ക് മറക്കാതിരിക്കാം…

സി. സൗമ്യ DSHJ