മിഷന്‍ സഭാ പ്രബോധനം 6: ECCLESIAM SUAM

ECCLESIAM SUAM – (Paths of the Church) Pope Paul VI,  August 6, 1964.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പശ്ചാത്തലത്തിൽ പോൾ ആറാമൻ മാർപാപ്പാ ആധുനിക യുഗത്തിൽ ആഗോളസഭ സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെ പറ്റിയാണ് ഇവിടെ പ്രതിപാദിക്കുന്നത്. പ്രത്യേകിച്ച് പ്രേക്ഷിത പ്രവർത്തനത്തിൽ സഭ സ്വികരിക്കേണ്ട നിലപാടുകൾ പരിശുദ്ധ പാപ്പാ പ്രത്യേകം  എടുത്തു പറയുന്നു.

മറ്റ് സമൂഹങ്ങളും വിശ്വാസങ്ങളുമായി സംവാദങ്ങളിൽ ഏർപ്പെടേണ്ട ആവശ്യമാണ് ഇവിടെ ഊന്നിപ്പറയുന്നത്. മറ്റ് മതങ്ങളും സമൂഹങ്ങളും വിശ്വാസങ്ങളുമായി സംവാദത്തിൽ ഏർപ്പെടുമ്പോൾ നമ്മുടെ വിശ്വാസത്തെ കൂടുതൽ മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യേണ്ട ആവശ്യം മാർപാപ്പ പ്രത്യേകം എടുത്തു പറയുന്നു. അല്ലാത്തപക്ഷം ചിലപ്പോൾ സംവാദങ്ങൾക്കിടയിൽ മറ്റു മത സമൂഹങ്ങളുടെ വിശ്വാസത്തോടും  രീതിയോടുമോപ്പം ക്രിസ്തീയ വിശ്വാസത്തെയും ചേർക്കാനും സമാനമായി കാണാനും സാധ്യതയുണ്ട്. അതുകൊണ്ട് നമ്മുടെ വിശ്വാസം, ക്രിസ്തീയ അനുഭവം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ് എന്ന് ഞാൻ വ്യക്തിപരമായി അനുഭവിച്ചതിനുശേഷം മാത്രമേ സംവാദങ്ങളിൽ ഏർപ്പെടാൻ പോകാൻ പാടുള്ളൂ. വ്യക്തിപരമായ അനുഭവം ഇല്ലെങ്കിൽ പലപ്പോഴും മത സൗഹാർദ്ദ സംവാദങ്ങളിൽ നമ്മൾ പരാജയപ്പെടും.

അതോടൊപ്പം തന്നെ മറ്റുള്ളവരുടെ നന്മ സ്വീകരിക്കുവാനും പാപ്പ ആവശ്യപ്പെടുന്നു. മാനുഷികമായ പരിഗണനയോടെയും, ക്ഷമയോടും, സേവനസന്നദ്ധതയും കൂടെ വേണം മതസൗഹാർദ്ദ സംവാദങ്ങളിൽ ഏർപ്പെടുവാൻ. ഇവിടെയെല്ലാം ആത്യന്തികമായ ലക്ഷ്യം ക്രിസ്തീയ വിശ്വാസവും യേശുവിൻറെ കരുണയുടെ മുഖവും എല്ലാ ജനങ്ങളിലേക്കും എത്തിക്കുക എന്നതായിരിക്കണം. ഇന്നും യേശുവിനെ അറിഞ്ഞിട്ടില്ലാത്ത മണ്ണിൽ സുവിശേഷം പ്രസംഗിക്കുന്ന ഓരോ പ്രേക്ഷിതരും ചെയ്യുന്നത് ഇതുതന്നെയാണ്.