മിഷൻ സഭാ പ്രബോധനം 24: NOTA DOTTRINALE SU ALCUNI ASPETTI DELL’EVANGELIZZIONE

NOTA DOTTRINALE SU ALCUNI ASPETTI DELL’EVANGELIZZIONE – Doctrinal note on some aspects of Evangelization. Congregation for the Doctrine of the faith, Dec.3, 2007.

സഭയുടെ മിഷൻ ആയ സുവിശേഷവൽക്കരണത്തെ പറ്റിയുള്ള ധാരണയും ഉൾക്കൊള്ളലും ഒരിക്കൽ കൂടി വ്യക്തമാക്കുന്ന സഭാപ്രബോധനം ആണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ‘രക്ഷകന്റെ മിഷൻ’ എന്ന ചാക്രിക ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന “എല്ലാവർക്കും സുവിശേഷം കേൾക്കുവാനുള്ള അവകാശമുണ്ട്” എന്ന മനോഹരമായ ആഹ്വാനത്തെ ഒരിക്കൽ കൂടി അടിവരയിട്ടു കൊണ്ട് സഭയെ ഓർമിപ്പിക്കുകയാണ് ഇവിടെ.

ഓരോരുത്തരും തങ്ങളുടെ പ്രേക്ഷിത വിളിയിൽ പൂർണ്ണമായി ജീവിക്കണമെന്നും, രക്ഷകനായ യേശുവിനെ മറ്റുള്ളവർക്ക് വെളിപ്പെടുത്തി കൊടുക്കണമെന്നും ആഹ്വാനം ചെയ്യുന്നു. സുവിശേഷ വൽക്കരണത്തെ പറ്റി ഇന്ന് സഭയിൽ ഉള്ള തെറ്റായ വ്യാഖ്യാനങ്ങളും നിർവചനങ്ങളും തിരുത്തുവാൻ ശ്രമിക്കുകയാണ് ഇവിടെ. അറിഞ്ഞോ അറിയാതെയോ യേശുവിനെ സ്വീകരിക്കുക എന്ന പ്രധാനപ്പെട്ട ഘടകം മാറ്റി വെക്കുന്ന സുവിശേഷവത്കരണം ആണ് പലപ്പോഴും സഭയിൽ പ്രോത്സാഹിപ്പിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.

തങ്ങൾ ആയിരിക്കുന്ന വിശ്വാസത്തിൽ, മതത്തിൽ വിശ്വസ്തതയോടെ ജീവിക്കുന്നത് പ്രോത്സാഹിപ്പിക്കുക വഴിയായും, സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിലൂടെ കെട്ടുറപ്പുള്ള സമൂഹങ്ങൾ ഉണ്ടാക്കുന്നത് വഴിയായും സുവിശേഷവൽക്കരണം പൂർത്തിയായി എന്ന് ചിന്തിക്കുന്ന സഭാ സമൂഹത്തെ തിരുത്തിക്കൊണ്ട് യേശുവിനെ പൂർണമായി സ്വീകരിക്കുന്നത് വഴിയാണ് സുവിശേഷവൽക്കരണം പൂർത്തിയാകുന്നത് എന്ന് ഈ സഭാപ്രബോധനം നമ്മെ പഠിപ്പിക്കുന്നു. മാമോദിസ സ്വീകരണവും സഭയിലെ അംഗത്വവും രക്ഷയ്ക്കു പ്രധാനമല്ല എന്ന ചിന്തയെ തിരുത്തിക്കൊണ്ടാണ് ഈ സഭാപ്രബോധനം അവസാനിക്കുന്നത്.