മിഷൻ സഭാ പ്രബോധനം 16: ECCLESIA IN AMERICA

ECCLESIA IN AMERICA: On the Encounter with the Living Jesus Christ : A way to conversion, communion and solidarity in America. Pope John Paul II, Jan. 22, 1999.

ജീവിക്കുന്നവനായ ദൈവത്തെ കണ്ടുമുട്ടിയതിനുശേഷം ഒരു വ്യക്തിയിൽ ഉണ്ടാകുന്ന സമൂലമായ ശിഷ്യത്വമാണ് ജോൺപോൾ രണ്ടാമൻ മാർപാപ്പ തന്റെ പ്രബോധനത്തിലൂടെ പ്രഖ്യാപിക്കുന്നത്. ഇന്നീ ലോകത്തിൽ നമ്മുടെ മുൻപിൽ ജീവിക്കുന്ന ദൈവത്തെ കണ്ടു കഴിയുമ്പോൾ…അനുഭവിച്ചു കഴിയുമ്പോൾ ഒരാളിൽ ഉണ്ടാകുന്ന വ്യത്യാസം എന്തൊക്കെയാണെന്ന് പാപ്പ പറയുന്നു.

ഈ ക്രിസ്തു അനുഭവം ഒരാളെ മാനസാന്തരത്തിലേക്കും, കൂട്ടായ്മയിലേക്കും, സമൂഹത്തിലെ പാവപ്പെട്ടവരിലേക്കും അശരണരില്ലെക്കും ഉള്ള സ്നേഹത്തിലേക്കും ബന്ധത്തിലേക്കും ഐക്യദാർഢ്യത്തിലേക്കും വളർത്തുന്നു. യേശുവിനെ കണ്ടെത്തുവാനുള്ള നാല് മാർഗങ്ങൾ അല്ലെങ്കിൽ അവസരങ്ങൾ പരിശുദ്ധ പാപ്പാ പ്രബോധനത്തിൽ പറയുന്നു. ഒന്നാമതായി പരിശുദ്ധ അമ്മയിലൂടെ… രണ്ടാമതായി സഭാ പാരമ്പര്യത്തിലും സഭാപിതാക്കന്മാരുടെ പഠനങ്ങളുടെ വെളിച്ചത്തിലും ധ്യാനത്തിലൂടെയും പ്രാർത്ഥനയിലൂടെയും തിരുവചനത്തെ വായിക്കുകയും ധ്യാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് വഴിയായി. മൂന്നാമതായി പരിശുദ്ധ കുർബാനയിലൂടെയും മറ്റ് കൂദാശാ ജീവിതത്തിലൂടെയും. അവസാനമായി സമൂഹത്തിലെ അശരണരും പാവപ്പെട്ടവരുമായ ജനങ്ങളിലുള്ള യേശുവിന്റെ സാന്നിധ്യം മനസ്സിലാക്കുന്നത് വഴിയായി… ഈ നാലു മാർഗ്ഗങ്ങളിലൂടെ യേശുവിനെ മനസ്സിലാക്കുന്ന ഒരു വ്യക്തിയിൽ മുകളിൽ പറഞ്ഞ മാനസാന്തരവും കൂട്ടായ്മയും സോളിഡാരിറ്റിയും ഉണ്ടാകുമെന്ന് പാപ്പാ ഉറപ്പുനൽകുന്നു.

അമേരിക്കയിലെ സഭയ്ക്കുവേണ്ടി എഴുതിയതാണെങ്കിലും ഇന്ന് ആഗോള സഭയിൽ വളരെ അർത്ഥവത്തായ ഒരു പ്രബോധനം ആണിത്. അസാധാരണ പ്രേക്ഷിത മാസത്തിൽ നമുക്കും പരിശുദ്ധ പാപ്പായുടെ ആഹ്വാനം പോലെ യേശുവിനെ കണ്ടുമുട്ടാൻ ശ്രമിക്കാം.