കാണ്ഡമാലിന്റെ വികസനം ദർശിച്ച മിഷനറി സന്യാസിനി

മരിയ ജോസ്

വിശുദ്ധമായ സന്യാസ ജീവിതത്തേയും സന്യാസിനികളെയും കരിവാരിത്തേച്ച നിരവധി ആരോപണങ്ങളുടെയും എഴുത്തുകളുടെയും പശ്ചാത്തലത്തിലാണ് ഇന്ന് കേരളം. സത്യം എന്തെന്ന് ഇനിയും മനസിലാക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത നിരവധി ആരോപണങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും സന്യസ്തരെ നോക്കി പുച്ഛിക്കുമ്പോൾ അവർ പ്രാർത്ഥനയോടെ തങ്ങളുടെ വേദനകളെ ദൈവത്തിനു സമർപ്പിക്കുകയാണ്. ആരാണ് ഈ സന്യാസിനികൾ? സ്വന്തം വീടും നാടും ഉപേക്ഷിച്ച്, സ്വന്തക്കാരോ ബന്ധുക്കളോ അല്ലാത്തവരെ സ്വന്തമായി കണ്ട് അവർക്കായി ദൈവസ്നേഹത്തിന്റെ കരുതൽ, കരുത്ത് പകർന്നവർ.

സ്വന്തം മാതാപിതാക്കളെ പോലും നോക്കാൻ മടിക്കുന്ന മക്കളുള്ള നാട്ടിൽ, സഹോദരനെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നവരുടെ നാട്ടിൽ, എന്തിനു സ്വന്തം കുഞ്ഞുങ്ങളെ പോലും ഇല്ലാതാക്കുന്ന അമ്മമാരും അപ്പന്മാരും ഉള്ള ഈ നാട്ടിൽ തന്നെ നല്ല ജീവിതം സ്വപ്നം കാണാമായിരുന്നിട്ടും അതൊക്കെ ഉപേക്ഷിച്ചു പാവങ്ങളുടെ ഇടയിൽ ദൈവസ്നേഹം പകരാനായി, ആ ദിവ്യ സ്നേഹത്തിന്റെ പൂർണതയിലേക്ക് അവരെ നയിക്കാനായി ഓടി നടക്കുന്നവർ. ഇതാ ഇവിടെ വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത പ്രാകൃതരായ ആദിവാസികളുടെ ഇടയിൽ അവരുടെ വികസനത്തിനായി അഹോരാത്രം പരിശ്രമിച്ച ഒരു കൂട്ടം സന്യാസിനിമാർ. വർഷങ്ങളുടെ പ്രയത്നം കൊണ്ട് ആ ആദിവാസി സമൂഹം വികസനത്തിലേക്ക് നടന്നടുത്തത് ഹൃദയം നിറഞ്ഞ സന്തോഷത്തോടെ കണ്ട ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ സന്യാസ സമൂഹത്തിലെ ഒരു സന്യാസിനി.  സിസ്റ്റർ മേരി പാലമറ്റം. ഒരു നാടിൻറെ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച ഈ സന്യാസിനി തന്റെ മിഷൻ അനുഭവങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുന്നു…

ആദിവാസികളുടെ ഇടയിൽ

1947 ൽ ആണ് ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ സന്യാസ സമൂഹത്തിന്റെ ഒരു മഠം കാണ്ഡമാലിൽ സ്ഥാപിക്കുന്നത്. സ്ഥാപനത്തിന് ശേഷം പ്രാകൃതരായിരുന്ന ആ ആദിവാസി സമൂഹത്തിനിടയിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തുവാൻ ഉള്ള ശ്രമങ്ങൾ ഈ മിഷനറിമാർ ആരംഭിച്ചിരുന്നു. “1973 ൽ ആണ് ആദ്യമായി കാണ്ടമാലിന്റെ മണ്ണിൽ ഞാൻ കാലുകുത്തുന്നത്” സിസ്റ്റർ തന്റെ മിഷൻ അനുഭവങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങി… ആദ്യം കാണ്ഡമാലിൽ വരുമ്പോൾ കാണുന്ന കാഴ്ച ഒരു തോർത്ത് മുണ്ട് ഉടുത്ത് ചെറിയ കഷണം തുണികൊണ്ട് മാറുമറച്ച സ്ത്രീകളെയാണ്. വസ്ത്രം ഉടുക്കുന്നത് എന്തോ വലിയ തെറ്റാണെന്നോ അതിനെ പേടിയോടെയോ കാണുന്ന ആളുകൾ. വികസനം എന്നത് എത്തി നോക്കിയിട്ടു പോലുമില്ലാത്ത ഊരുകൾ. അതായിരുന്നു അവിടുത്തെ അവസ്ഥ.

ഇവിടെ ആദ്യമായി ഈ കോൺഗ്രിഗേഷൻ തങ്ങളുടെ മിഷൻ പ്രവർത്തനം ആരംഭിച്ചത് ചെറിയ ഒരു ഡിസ്പെൻസറിയും ഒരു ഹോസ്റ്റലും തുടങ്ങി കൊണ്ടാണ്. ഹോസ്റ്റൽ ഇവിടെ തുടങ്ങാൻ ഒരു കാരണം കൂടെയുണ്ട്. ആ കാരണത്തിന് പിന്നിൽ കുറച്ച് ദുരാചാരങ്ങളും. ഒരു സ്ത്രീ ഗർഭിണിയായാൽ പിന്നെ അവളെ വീടിനുള്ളിൽ കയറ്റില്ല. തണുപ്പും മഴയും മഞ്ഞും ഒക്കെ കൊണ്ട് ആ ഗർഭിണി വീടിന്റെ വരാന്തയിൽ കിടക്കും. അവരെ ആരും തൊടുക പോലുമില്ല. ഒരു തൊട്ടു കൂടായ്മ പോലെ ഉള്ള ആചാരം. നല്ല പരിചരണം കിട്ടേണ്ട സമയത്താണ് ഈ അവസ്ഥ. അതിനാൽ തന്നെ രോഗങ്ങളും മറ്റും പിടിച്ച് ആരോഗ്യം നഷ്‌ടമായ ഇവരിൽ പലരും പ്രസവത്തോടെ തന്നെ മരണപ്പെടുക പതിവായിരുന്നു. ഇങ്ങനെ അമ്മ മരിച്ച കുട്ടികൾ ആദ്യസമയങ്ങളിൽ വല്യപ്പന്റെയോ വല്യമ്മയുടെയോ തണലിൽ ആവും.

അൽപ്പം വളർന്നു കഴിഞ്ഞാൽ നോക്കാൻ ആരും ഇല്ലാതെ തെരുവിൽ അലയും. അങ്ങനെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു അവിടെ. അവരെ പാർപ്പിക്കാനും വിദ്യാഭ്യാസം നൽകുവാനും മറ്റുമായി ആണ് ഹോസ്റ്റൽ പണികഴിപ്പിച്ചത്. ചില സമയങ്ങളിൽ കുട്ടികളെ ഒരു കൊട്ടയ്ക്കകത്താക്കി കൊണ്ടുവന്നിട്ട് അവിടെ വച്ചിട്ട് പോകും. അത്തരം കുട്ടികളെയും സിസ്റ്റർമാർ തങ്ങളുടെ കുഞ്ഞുങ്ങളെപോലെ തന്നെ നോക്കും. മിക്കപ്പോഴും ആ കുട്ടയ്ക്കകത്ത് ഒരു കുപ്പിയിൽ കഞ്ഞിവെള്ളം കാണും. കുട്ടികളുടെ വിശപ്പ് മാറ്റുന്നത് പാലിന് പകരം ഈ കഞ്ഞിവെള്ളം കൊണ്ടായിരുന്നു. സിസ്റ്റർ ഓർക്കുന്നു. ഒപ്പം ഗർഭിണികളുടെ ഈ ദുരിതം അവസാനിപ്പിക്കുവാനും നല്ല ചികിത്സ നൽകുവാനും ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. ആദ്യകാലങ്ങളിൽ ഉള്ള മിഷൻ പ്രവർത്തനങ്ങളെ സിസ്റ്റർ വിവരിക്കുന്നത് തുടർന്നു.

പിള്ളേരെ പിടിക്കാൻ പോകുന്ന സിസ്റ്റർമാർ

കുട്ടികളെ നോക്കുവാനും മറ്റും ആദ്യം നഴ്സ്സറിയാണ് ആരംഭിച്ചതെങ്കിൽ 1951 ൽ കുട്ടികൾക്കായി ഒരു യുപി സ്കൂൾ ആരംഭിച്ചു. സ്‌കൂൾ തുടങ്ങിയപ്പോൾ കുട്ടികളാരും സ്‌കൂളിൽ വരുന്നില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയാത്തത് കൊണ്ട് തന്നെ മാതാപിതാക്കളും കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ തയ്യാറായിരുന്നില്ല. അതിനാൽ സിസ്റ്റർമാർ രാവിലെ സ്കൂളിൽ നിന്നിറങ്ങും ഒരു മണിയുമായി. എന്നിട്ട് അടുത്തുള്ള ഗ്രാമങ്ങളിലൂടെ സഞ്ചരിക്കും. അവിടെയുള്ള കുട്ടികളെ കൂട്ടി സ്‌കൂളിലേക്കു തിരികെ എത്തും. അങ്ങനെ കുട്ടികളെ പിടിക്കുക എന്ന ഒരു ദൗത്യം കൂടെ ഈ സിസ്റ്റർമാർക്കു വന്നുചേർന്നു.

സ്‌കൂളിൽ കൊണ്ടുപോണെങ്കിൽ ഡ്രസ്സ് ഇടണ്ടേ. ഈ കുട്ടികൾക്കാണെങ്കിൽ വസ്ത്രം ധരിച്ചു ശീലം ഇല്ല താനും. ചെറിയ ഒരു ടവ്വൽ അതാണ് അവർക്കു അറിയാവുന്ന ഏക വസ്ത്ര ധാരണം. ഈ കുട്ടികളെ സിസ്റ്റർമാർ സ്‌കൂളിൽ എത്തിച്ചു. അവർക്കായി ഉള്ള വസ്ത്രങ്ങൾ സിസ്റ്റർമാർ തന്നെ തുന്നി ഉണ്ടാക്കി. ഉടുപ്പ് തയ്ച്ചു റെഡി ആക്കികൊണ്ട് വന്നു. കുട്ടികളെ ഇടീപ്പിക്കാനായി വന്നപ്പോൾ അവരെ എന്തോ ചെയ്യാനാണെന്നു വിചാരിച്ച് അവർ ക്ലാസുകളിൽ  നിന്ന് ഓടിപ്പോയ സംഭവം വരെ ഉണ്ടായി. ഉടുപ്പിടേണ്ടി വരുന്നതിനാൽ സ്‌കൂളിൽ പോകാതെ പാത്തിരുന്ന കുട്ടികളെ കണ്ടെത്തുകയായിരുന്നു പിന്നീടുള്ള സിസ്റ്റർമാരുടെ ജോലി. ദീർഘ നാളത്തെ പരിശ്രമം കൊണ്ട് കുട്ടികൾ പതിയെ സ്‌കൂളിൽ എത്തുവാനും വസ്ത്രങ്ങൾ ധരിക്കുവാനും തുടങ്ങി. 1971 ആയപ്പോഴേക്കും ഈ സ്‌കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.

വികസനത്തിന്റെ സാക്ഷി

ഞാൻ ഇവിടെ വന്നപ്പോൾ കാലിൽ ചെരുപ്പില്ലാത്ത, വസ്ത്രം ധരിക്കാത്ത, വിദ്യാഭ്യാസം ഇല്ലാത്ത നിരക്ഷരരായ ആളുകളായിരുന്നു ഇവിടെ. എന്നാൽ ഇന്ന് സ്ഥിതിഗതികൾ ഏറെ മാറി. ഇന്ന് സ്ത്രീകൾ വൃത്തിയായി വസ്ത്രം ധരിക്കുന്നു. ഇവിടെ സ്‌കൂളിൽ പഠിച്ച കുട്ടികൾ അവരുടെ കുട്ടികളെയും പഠിപ്പിക്കാൻ തയ്യാറായി. പഠിപ്പിച്ച വിദ്യാർത്ഥികളുടെ മക്കളെയും പഠിപ്പിക്കുന്നതിനുള്ള ഭാഗ്യം തനിക്കു ലഭിച്ചിട്ടുണ്ട് എന്ന് സിസ്റ്റർ സന്തോഷപ്പൂർവം വെളിപ്പെടുത്തുന്നു. വളരെ പതുക്കെ പതുക്കെയാണെങ്കിലും വികസനത്തിലേക്ക് ഈ ഒരു ആദിവാസി സമൂഹം നടന്നടുക്കുന്നത് തനിക്കു കാണാൻ സാധിച്ചിട്ടുണ്ട് എന്ന് സിസ്റ്റർ പറയുന്നു.

ഈ മഠം സ്കൂളിൽ പഠിച്ച പൂർവ്വവിദ്യാർഥികളിൽ വക്കീലന്മാർ മുതൽ രാഷ്ട്രീയക്കാർ വരെ ഉണ്ടെന്ന് പറയുമ്പോൾ സിസ്റ്ററിന്റെ വാക്കുകൾ അഭിമാനം വ്യാപിക്കുന്നു. സിസ്റ്റർ സ്കൂളിൽ പഠിപ്പിച്ചിരുന്ന 25 വർഷക്കാലയളവിനുള്ളിൽ ഏതാണ്ട് ആയിരത്തിലധികം കുട്ടികൾ പത്താം ക്ലാസ് പാസായി.

കൂടാതെ എൻ സി സി യും മറ്റും ആയി കുട്ടികൾക്ക് പുറം ലോകവും ആയി ബന്ധപ്പെടുവാനും കൂടുതൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തുവാനും ഒക്കെ  സാഹചര്യങ്ങൾ ഈ സിസ്റ്റർമാർക്ക് ഒരുക്കുവാൻ കഴിഞ്ഞു. സ്വന്തക്കാർ ആരുമില്ല. സ്വന്തം നാടുമല്ല. എന്നിട്ടും അവിടെയുള്ള പാവപ്പെട്ട ആദിവാസികളെ അറിവിന്റെ വികസനത്തിന്റെ ലോകത്തിലേയ്ക്ക് കൈപിടിച്ചു നടത്തി ഈ സന്യാസിനിമാർ. സ്വന്തം കൂടപ്പിറപ്പുകളെ പോലും പരിഗണിക്കാത്ത ഈ ലോകത്ത് ഇവർ ചെയ്യുന്ന ഈ നന്മയുടെ പ്രകാശം കാണാതെ പോകരുതേ. പോയാൽ പകൽ കണ്ണടച്ചു നടക്കുന്നതിനു തുല്യമാകും. പ്രാർത്ഥിക്കാം ക്രിസ്തുവിനെ പകരാനായി ദാഹിക്കുന്ന വിശുദ്ധരായ സന്യാസിനിമാർക്കായി. കൂടെ നിൽക്കാം ഇവർക്ക് പിന്തുണയുമായി.

മരിയ ജോസ്