തിരുത്തിയ കുർബാന ക്രമത്തിന്റെ മൂന്നാം പതിപ്പിന് വത്തിക്കാൻ അംഗീകാരം

ഫ്രാന്‍സിലെ മെത്രാന്‍സംഘം തെറ്റുകള്‍ തിരുത്തി സമര്‍പ്പിച്ച കുര്‍ബാനക്രമത്തിന്‍റെ മൂന്നാം പതിപ്പ് (Missale Romano) വത്തിക്കാന്‍ അംഗീകരിച്ചു. ലത്തീന്‍ മൂലഗ്രന്ഥത്തെ (Latin Typical Text) ആധാരമാക്കിയുള്ള കൂടുതല്‍ വിശ്വസ്തമായ പരിഭാഷയാണ് മൂന്നാമത്തെ ഈ അംഗീകരിച്ച പതിപ്പില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

സഭാനിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്ന ത്രിവിധ നിർദ്ദേശങ്ങൾ പാലിക്കാന്‍ മെത്രാന്‍സംഘവും ആരാധനക്രമ കമ്മിഷനും ശ്രദ്ധിക്കുകയുണ്ടായെന്ന് നവംബര്‍ 6-ന് ഇറക്കിയ ദേശീയ മെത്രാന്‍സംഘത്തിന്‍റെ പ്രസ്താവന അറിയിച്ചു. ലത്തീന്‍ മൂലഗ്രന്ഥത്തോടുള്ള വിശ്വസ്തത, ഫ്ര‍ഞ്ച് പരിഭാഷയോട് ഭാഷാപരമായുള്ള വിശ്വസ്തത, കുര്‍ബാനക്രമത്തെ സംബന്ധിച്ച വിശ്വാസികളുടെ സുഗ്രാഹ്യത എന്നിവ ശ്രദ്ധാപൂര്‍വ്വം പാലിച്ചത് മൂന്നാം പതിപ്പിന്‍റെ പൂര്‍ണ്ണതയും ഭംഗിയുമായി മനസ്സിലാക്കുന്നതായി മെത്രാന്‍സംഘത്തിന്‍റെ ആരാധനക്രമ കാര്യങ്ങളുടെ ഉത്തരവാദിത്വം വഹിക്കുന്ന ഗ്രെനോബിള്‍ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ഗ്വീദെ കെരിമേല്‍ വ്യക്തമാക്കി.

ഫ്രഞ്ച് പരിഭാഷയുടെ ആദ്യപതിപ്പ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമായിരുന്നു. രണ്ടാം പതിപ്പ് തയ്യാറാക്കിയത് കൗണ്‍സിലിന്‍റെ 50-ാο വാര്‍ഷികാനന്തരം വത്തിക്കാന്‍ ആവശ്യപ്പെട്ട പ്രകാരം കാലികമായ പുതിയ വിവരങ്ങള്‍ ചേര്‍ത്തുകൊണ്ടും പഴയ കുറവുകള്‍ പരിഹരിച്ചുകൊണ്ടുമായിരുന്നു. എന്നാല്‍ മൂന്നാം പതിപ്പ് ആവശ്യമായത്, രണ്ടാം പതിപ്പില്‍ വന്ന പാളിച്ചകള്‍ മനസ്സിലാക്കി, ഭാഷാപരമായ കുറവുകളും തെറ്റുകളും തിരുത്താന്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രബോധനത്തിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം തന്നെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.