കാനായിലെ കല്യാണ വിരുന്നിലെ രൂപാന്തരീകരണങ്ങൾ

  ലത്തീൻ ആരാധനക്രമനുസരിച്ച് കാനായിലെ കല്യാണവിരുന്നിൽ ഈശോ വെള്ളം വീഞ്ഞാക്കുന്നതാണ് ആണ്ടുവണ്ട ത്തിലെ രണ്ടാം ഞായറാഴ്ചയിലെ വിചിന്തന വിഷയം. പരിപവർത്തനത്തിന്റെ  -രൂപാന്തരീകരണത്തിന്റെ സന്ദേശമാണ് ഈ ഞായറാഴ്ച നമുക്കു നൽകുന്നത്.  കാനായിലെ കല്യാണ വിരുന്നിൽ നടന്ന  രൂപാന്തരീകരണങ്ങൾ  എന്തെല്ലാം എന്നു നമുക്കു നോക്കാം.

  ഒന്നാമതായി മറിയം സ്വർഗ്ഗീയ മധ്യസ്ഥയായി രൂപാന്തരപ്പെടുന്നു.

  യേശുവിന്റെ അമ്മ അവർക്കു വീഞ്ഞില്ല എന്നു പറയുമ്പോൾ ” യേശു അവളോടു പറഞ്ഞു: സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌? എന്‍െറ സമയം ഇനിയും ആയിട്ടില്ല.”

  (യോഹന്നാന്‍ 2:4 ) .യേശു തന്റെ അമ്മയെ പേരെടുത്ത വിളിക്കാതെ സ്ത്രീയെ എന്നു അഭിസംബോധന ചെയ്യുന്നു. വിലക്കകപ്പെട്ട കനി ഭക്ഷിച്ച ശേഷം ദൈവം ഹവ്വയെ വിളിക്കാൻ ഉപയോഗിച്ച അതേ പദം. ഒരു അത്ഭുതം പ്രവർത്തിക്കാനും കാൽവരിയിലേക്കുള്ള യാത്ര ആരംഭിക്കാനുമാണ് അവൾ ആവശ്യപ്പെടുന്നതെന്നു യേശുവിനറിയാം. ഹവ്വ ചെയ്ത തെറ്റിനു പകരം ഒരു തിരിച്ചു നടക്കൽ. ഹവ്വയിൽ ആരംഭിച്ച പാപത്തിന്റെ അടിമച്ചങ്ങല പൊട്ടിക്കാൻ സമയമായി എന്നു അമ്മയായ മറിയം യേശുവിനെ ഓർമ്മപ്പെടുത്തുമ്പോൾ “സ്ത്രീയെ ” എന്ന അഭിസംബോധന വഴി അമ്മേ ഞാൻ തയ്യറാണ് എന്നു യേശു പറയുകയാണ്. സ്ത്രീയെ എന്ന ഒറ്റ അഭിസംബോധനയിൽ പഴയ നിയമം മുഴുവൻ മറിയത്തിന്റെ ഓർമ്മയിൽ തെളിയുന്നു. സ്ത്രീയെ എന്ന അഭിസംബോധനയ്ക്കു മറിയം നൽകിയ മറുപടി ശ്രദ്ധേയമാണ്  “അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.” (യോഹന്നാന്‍ 2:5)

  ഈ അത്ഭുതം തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കു തുടക്കമിടുമെന്നു അവനു നന്നായി അറിയാം. അവന്റെ സത്ത (തനിമ )പരസ്യമാകാൻ പോകുന്നു. ജനം കാത്തിരിക്കുന്ന മിശിഹായിൽ നിന്നു ജനത്തിനു കരുതലുള്ള മിശിഹായിലേക്കുള്ള മാറ്റം. യേശുവിനോടു മറിയം അത്ഭുതം പ്രവർത്തിക്കാൻ ആവശ്യപ്പെടുന്നതുവഴി. മറിയവും മാറ്റത്തിനു  സ്വയം വിധേയയാകുന്നു. ആവശ്യക്കാരുടെ അഭയസ്ഥാനവും മധ്യസ്ഥയുമായി അവൾ മാറുന്നു, കാനായിലും ഇന്നു നമ്മുടെ ഭവനങ്ങളിലും ,ഇതു നമുക്കു നിത്യരക്ഷയുടെ ദാനം നൽകുന്നതിനു വേണ്ടിയുള്ള അവളുടെ നിരന്തരമായ മധ്യസ്ഥ്യം വഴിയാണ്. അതിനാലാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ മറിയത്തെ മധ്യസ്ഥയും സഹായയുമായി നമുക്കു തന്നിരിക്കുന്നത്.

  രണ്ടാമതായി വിവാഹ വിരുന്നിലെ സേവകർ അത്മായ പ്രേഷിതത്വത്തിന്റെ മാതൃകകളായി രൂപാന്തരപ്പെടുന്നു. മറിയത്തിന്റെ വാക്കുകളോടു പ്രത്യക്ഷത്തിൽ യേശു വൈമനസ്യം കാണിക്കുന്നുവെന്നു തോന്നുന്നുവെങ്കിലും മറിയം പിന്മാറുന്നില്ല. അവൾ  പരിചാരകരോടു “അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍.:

  (യോഹന്നാന്‍ 2:5 ) എന്നു ആവശ്യപ്പെടുന്നു. വിശുദ്ധ ജോൺ രണ്ടാമൻ പാപ്പയുടെ അഭിപ്രായത്തിൽ എല്ലാക്കാലത്തുമുള്ള സഭയ്ക്കും മറിയം നൽകുന്ന ഏറ്റവും വലിയ ഉപദേശമാണ് അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ എന്നത്.

  പരിചാരകർ യേശു ആവശ്യപ്പെടുന്നതു പോലെ തന്നെ നിർവ്വഹിക്കുന്നു അവർ  കൽഭരണികൾ വക്കു വരെ നിറയ്ക്കുന്നു. അവൻ പറഞ്ഞതുപോലെ അവർ ചെയ്യുമ്പോൾ വെള്ളം വീഞ്ഞാക്കി അവൻ മാറ്റുന്നു. യേശു പറഞ്ഞതുപോലെ അവർ ചെയ്യുമ്പോൾ കാനായിലെ പരിചാരകർ അത്മായ പ്രേഷിതത്വത്തിന്റെ മാതൃകകളാകുന്നു.

  നമ്മൾ ലോകത്തെ രൂപാന്തരപ്പെടുത്തേണ്ട. അസാധരാണ സംഭവങ്ങൾ ചെയ്യുകയും വേണ്ട. സാധാരണ സംഭവങ്ങളിൽ യേശു പറയുന്നതു ചെയ്യാനുള്ള മനസുണ്ടായാൽ മതി. അതു വഴി ലോകത്തിന്റെ മാറ്റത്തിനു നമ്മുടെ ചെറിയ സമ്മതം നിദാനമാകും.

  മൂന്നാമതായി വിവാഹത്തെ ഒരു കൂദാശയായി രൂപാന്തരപ്പെടുത്തുന്നു.  യേശുവിനു വേണമെങ്കിൽ ഏതു സ്ഥലവും തന്റെ ആദ്യ അത്ഭുതത്തിനായി തിരഞ്ഞെടുക്കാമായിരുന്നു എങ്കിലും ഒരു വിവാഹവിരുന്നാണ് അതിനായി അവൻ തിരഞ്ഞെടുത്തത്. യേശു ദൈവപുത്രനായതിനാൽ അവന്റ സാന്നിധ്യം തന്നെ വിവാഹാഘോഷത്തെ കൂദാശയാക്കി മാറ്റുന്നു. വിവാഹിതരായ ദമ്പതികളുടെ മകനായി ഭൂമിയിൽ പിറന്ന ദൈവം തന്റെ പരസ്യ ജിവിതം മറ്റൊരു വിവാഹവിരുന്നിൽ ആരംഭിക്കുന്നു. പിന്നിടു അവൻ തന്നെത്തന്നെ വിശേഷിപ്പിക്കുക “മണവാളൻ ” എന്നാണ്  . വിശുദ്ധ പൗലോസ് പിന്നിടു ക്രിസ്തുവും സഭയും തമ്മിലുള്ള ആഴമായ ബന്ധം വിവാഹം പോലെയാണന്നു പഠിപ്പിക്കുന്നുണ്ട്.  ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തെ യേശു കൂദാശയാക്കി മാറ്റുന്ന അടയാളമായി കാനായിലെ വിവാഹ വിരുന്നിനെ സഭ കാണുന്നു.

  നാലാമതായി  ക്രിസ്തുവുമായുള്ള പുതിയ ബന്ധം നമ്മുടെ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്നു. സമ്പന്നനായ ഒരു വ്യക്തിയെ വിവാഹം കഴിച്ചാൽ സമ്പന്നനാകുമെന്നു നമ്മൾ കരുതുന്നു. ആത്മീയ സമ്പന്നതയുള്ള വ്യക്തിയെ വിവാഹം ചെയ്താൽ ദൈവത്തെ നിനക്കു ലഭിക്കുന്നു. ജീവിതത്തിൽ മാറ്റങ്ങൾ ആരംഭിക്കുന്നു.

  കാനായിലെ കല്യാണ വിരുന്നിൽ കൽഭരണികളിൽ വെള്ളം നിറച്ച പരിചാരകരുടെ ജീവിതത്തെ യേശു രൂപാന്തരപ്പെടുത്തുന്നു. കലവറക്കാരൻ  മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ്‌ ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്‌ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ്‌ ഇതുവരെയും സൂക്‌ഷിച്ചുവച്ചുവല്ലോ.”

  “യോഹന്നാന്‍ 2:10” ഈ കലവറക്കാരന്റെ വാക്കുകൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞനായ യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നു. കലവറക്കാരന്റെ ഏറ്റുപറച്ചിലിലൂടെ ,യേശുവിന്റെ പ്രവർത്തിയിൽ പങ്കു ചേരുന്നതുവഴി അവൻ ഒരു പ്രവാചകനാകുന്നു.

  കാനായിലെ കല്യാണ വിരുന്നിലെ പുതിയ സമവാക്യം : നമ്മുടെ അവസ്ഥ + യേശു = പുതിയ ജീവനുള്ള അവസ്ഥ. തന്റെ മണവാട്ടിയായ സഭയ്ക്കു യേശു അനുനിമിഷവും  ജീവൻ പകുത്തു നൽകുന്നതു വഴി, അവൾ രൂപാന്തരപ്പെടുന്നു. ക്രിസ്തുവിനോടു ചേർന്നു നിന്നാൽ ക്രിസ്തുവിന്റെ കണ്ണുകളിലൂടെ നമുക്കു നമ്മളെത്തന്നെ കാണാൻ കഴിയും, ആ കാഴ്ചയാണ് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നത്.

  ഫാ. ജയ്സണ്‍ കുന്നേല്‍

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.