ബെയ്‌റൂട്ടിലെ അത്ഭുത ശിശു

ഓഗസ്റ്റ് നാല്, ലെബനൻ യുവാവായ ജാഡിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. കാരണം, ബെയ്‌റൂട്ടിലെ സെന്റ് ജോർജ്ജ് ഹോസ്പിറ്റലിൽ ഭാര്യ ക്രിസ്റ്റെല്ലെ അവരുടെ മകൻ നബിലിന് ജന്മം കൊടുത്ത ദിവസമായിരുന്നു അത്. എന്നാൽ, അവരുടെ സന്തോഷം വെറും 15 മിനിറ്റ് മാത്രമേ നീണ്ടു നിന്നുള്ളൂ. അന്നായിരുന്നു ബെയ്‌റൂട്ട് സ്ഫോടനം നടന്നത്. എന്നാൽ, ആ കുഞ്ഞിനെ ദൈവം  അവിടുത്തെ ഉള്ളം കയ്യിൽ അത്ഭുതകരമായി രക്ഷിച്ചു.

അന്ന് വൈകുന്നേരം 6:07 ന്, അടുത്തുള്ള തുറമുഖമായ ബെയ്റൂട്ടിൽ 2,750 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചു. 200 ലധികം പേർ മരിക്കുകയും 6,500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “എല്ലാം വായുവിലൂടെ പറന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതായി ഞാൻ കരുതി. എന്റെ ആദ്യത്തെ ചിന്ത എന്റെ ഭാര്യയെയും കുഞ്ഞിനേയും ഓർത്തായിരുന്നു. നബിൽ കിടന്നിരുന്ന തൊട്ടിൽ കാണുമ്പോൾ എനിക്ക് ദൈവത്തിന് നന്ദി പറയാൻ മാത്രമേ കഴിയൂ. തകർന്ന ജനലിന്റെ താഴെയായിരുന്നു ആ തൊട്ടിൽ. നബീലിന്റെ ചുറ്റുപാടും ഗ്ലാസ് ചില്ലുകൾ പതിച്ചിരുന്നെങ്കിലും അവനെ ഒന്ന് പോറൽ ഏൽപ്പിക്കാൻ ദൈവം അനുവദിച്ചില്ല” – 32 കാരനായ പിതാവ് ജാഡ് നന്ദിയോടെ ഓർക്കുന്നു.

ഒരു പോറൽ പോലും ഏൽക്കാത്ത കുഞ്ഞിനെ കയ്യിൽ എടുത്ത് ജാഡ് ആശ്ചര്യപ്പെട്ടു.  2,000 വർഷങ്ങൾക്ക് മുമ്പ്, ജോസഫിലൂടെ ദൈവം ഉണ്ണീശോയെയും രക്ഷിക്കുകയായിരുന്നു. ആ സംഭവമാണ് ജൂഡിന്റെ മനസ്സിൽ കടന്നുവന്നത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതും മൂന്ന് വലിയ ആശുപത്രികളിലൊന്നായതുമായ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ആശുപത്രി ഏതാണ്ട് പൂർണ്ണമായും നശിച്ചു. ക്രിസ്റ്റലിനെ നബിലിനൊപ്പം 50 മൈൽ അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു. ജൂഡിന് ഈ സംഭവങ്ങൾ ജീവിതത്തിൽ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. സ്വപ്നത്തിൽ മാലാഖ മുന്നറിയിപ്പ് നൽകിയശേഷം, അന്നു രാത്രി തന്നെ കുട്ടിയെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് പലായനം ചെയ്ത ജോസഫിന്റെ ജീവിതം. ആ ഓർമ്മയെ നിലനിർത്തുന്ന തരത്തിലായിരുന്നു ജാഡിന്റെ ജീവിതത്തിലെ ആകസ്മികമായ ഈ സംഭവവും.

“സ്ഫോടനം എന്റെ ജീവിതത്തെ മാറ്റിമറിച്ചു” -ജാഡ് പറയുന്നു. ഇവിടെ ക്രൈസ്തവർ വളരെയേറെ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. വളരെയേറെ ഒറ്റപ്പെട്ട സാഹചര്യമാണ് ഇവിടെ അവർക്ക് നേരിടേണ്ടി വരുന്നതെന്നും ജാഡ് കൂട്ടിച്ചേർത്തു. ഈ സ്ഫോടനം 3,00,000 ആളുകളെ സാരമായി ബാധിച്ചു. ആദ്യത്തെ ക്രിസ്മസിന് ദൈവത്തിന് സത്രമില്ലാതിരുന്ന ബെത്‌ലഹേമിനെക്കുറിച്ച് ബെയ്‌റൂട്ട് വീണ്ടും ഓർമ്മിപ്പിക്കുന്നു. ലെബനോനിലെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധി ഇതിനകം തന്നെ രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു കഴിഞ്ഞു.

“ക്രിസ്തുവിനോട് അടുത്തിടപെടുക എന്നതിനർത്ഥം അവന്റെ കുരിശ് ചുമക്കുക എന്നതാണ്. എന്റെ മകൻ ജീവിതത്തിന്റെ പതിനഞ്ചാം മിനിറ്റ് മുതൽ ആ യാഥാർത്ഥ്യമാണ് ജീവിക്കുന്നത്. ഞങ്ങൾ യുദ്ധങ്ങളിലൂടെയും പീഡനങ്ങളിലൂടെയും ജീവിച്ചു. നാം ക്രിസ്തുവിനു സാക്ഷ്യം വഹിക്കണം. അതാണ് കുരിശിന്റെ അർത്ഥം” – വേദനകളുടെയും കഷ്ടപ്പാടുകളുടെയും നടുവിലും ജാഡ് എന്ന ചെറുപ്പക്കാരനായ പിതാവ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.