ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിതരണം: സർക്കാരിനോട് ഒരു അഭ്യർത്ഥന

ബിബിൻ മഠത്തിൽ

കേരള ഗവണ്മെന്റിന്റെ മൈനോരിറ്റി വെൽഫയർ ഡിപ്പാർട്ട്മെന്റ് അതായത് ന്യൂനപക്ഷ ക്ഷേമവകുപ്പ് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കായി 8 സ്കോളർഷിപ്പാണു നൽകുന്നത്. അവയുടെ പേരു വിവരങ്ങൾ താഴെ കൊടുക്കുന്നു.

1) C H Muhammedkoya Scholarship (CHMS)
2) ITC Fee Re-imbursement (ITCF)
3) CA/ICWA/CS Scholarship (IWCS)
4) Civil Service Fee Reimbursement (CSFR)
5) Prof.Joseph Mundassery Scholarship Award (PJMS)
6) Mother Teresa Scholarship (MTS)
7) APJ Abdul Kalaam Scholarship (APJAK)
8) Urdu Scholarship (URDU)

5,000/- രൂപ മുതൽ 60,000/- വരെ ഈ സ്കോളർഷിപ്പുകൾ വഴി ഒരു വിദ്യാർത്ഥിക്ക് ലഭിക്കാം.

മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധർ, പാർസികൾ, ജൈനർ എന്നീ മതത്തിൽ പെട്ട വിഭാഗങ്ങളെയാണു ന്യൂനപക്ഷമായി കണക്കാക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയിൽ മുസ്ലീം മതവിശ്വാസികൾ 26.56 % ശതമാനവും ക്രിസ്ത്യാനികൾ 18.38 % ശതമാനവും ബാക്കിയുള്ളവർ .04 % ശതമാനവും ആണ്. അതായത് ജനസംഖ്യാനുപാതമനുസരിച്ച് നോക്കിയാൽ കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ 59.04 ശതമാനം മുസ്ലീങ്ങളും 40.86 ശതമാനം ക്രിസ്ത്യാനികളും ബാക്കിയുള്ളവർ 0.08 ശതമാനവും ആണ്.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും മെനോരിറ്റി വെൽഫെയർ സ്കോളർഷിപ്പുകളുടെ വിതരണത്തിന്റെ കണക്ക് 80:20 എന്നാണ്. അതായത് നൂറിൽ 80 സ്കോളർഷിപ്പും മുസ്ലീം കമ്മ്യൂണിറ്റിക്ക് കിട്ടുമ്പോൾ ക്രിസ്ത്യൻ വിഭാഗത്തിനും ബാക്കിയുള്ള അതിന്യൂനപക്ഷങ്ങൾക്കും കൂടി കിട്ടുന്നത് 20 സ്കോളർഷിപ്പുകൾ മാത്രമാണ്. തികച്ചും അന്യായമായ ഒരു വിതരണമാണു ഇതെന്ന കാര്യത്തിൽ സംശയമില്ല.

ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം കൂടി ഉണ്ട്. ഇപ്രകാരം 80:20 വിജ്ഞാപനത്തിൽ കാണാത്ത രണ്ട് സ്കോളർഷിപ്പുകളെ ഉള്ളു. അതിൽ ഒന്ന് എ.പി.ജെ അബ്ദുൾ കലാം സ്കോളർഷിപ്പ് ആണ്. മറ്റൊന്ന് “ഉറുദു” ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി / പ്ലസ് റ്റു പഠിക്കുന്നവരിൽ എല്ലാ ‌വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്നവർക്കായി ന്യൂനപക്ഷ കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്ന ക്യാഷ് അവാർഡ് ആണു ഉറുദു സ്കോളർഷിപ്പ്. ഇതിൽ മാത്രം പ്രത്യേകിച്ച് എന്തെങ്കിലും ശതമാനക്കണക്ക് ഉള്ളതായി വിജ്ഞാപനത്തിൽ കാണുന്നില്ല. പക്ഷെ ഭാഷ “ഉറുദു” ആണെന്നുള്ളതിൽ നിന്നും ഇത് 80 അല്ല 100 ശതമാനവും മുസ്ലീം സമുദായത്തിനുള്ള ക്യാഷ് അവാ‍ർഡാണെന്ന് ഊഹിക്കാവുന്നതാണ്.

സർക്കാരിനോട് ചില അപേക്ഷകളുണ്ട്

1. ഒന്നുകില്ലെങ്കിൽ ഇപ്പോഴുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ മുസ്ലീം ക്ഷേമവകുപ്പ് എന്ന് പുനർനാമകരണം ചെയ്ത് അത് അവർക്ക് വേണ്ടി മാത്രമുള്ളതാണെന്ന് അംഗീകരിക്കുക. മറ്റുള്ളവർക്ക് വേണ്ടി വേറെ വകുപ്പ് രൂപീകരിക്കുക.

2. അല്ലെങ്കിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പ് ജനസംഖ്യാനുപാതത്തിൽ 60:40 ശതമാനം എന്നാക്കുക.

3. ഇനി ഇതൊന്നും സാധിച്ചില്ലെങ്കിൽ ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമില്ലാതെ സാമ്പത്തികമായി പുറകിൽ നിൽക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരേ പോലെ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തുക.

മൂന്നാമത് പറഞ്ഞതിനോടാണു എനിക്ക് കൂടുതൽ യോജിപ്പ്.

ബിബിൻ മഠത്തിൽ