കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തി

മദർ മറിയം ത്രേസ്യയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ ചടങ്ങിൽ സംബന്ധിക്കാനായി വത്തിക്കാനിൽ എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മാർപാപ്പായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാർപാപ്പ തൻ്റെ ആശംസകൾ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.

സെൻറ് പീറ്റേഴ്‌സ് ബസലിക്കയിലായിരുന്നു കൂടിക്കാഴ്ച. മഹാത്മാഗാന്ധിയുടെ വ്യാഖ്യാനത്തോട് കൂടിയ ഭഗവത്ഗീതയും കേരളത്തിലെ ക്ഷേത്ര ഉത്സവങ്ങളിൽ എഴുന്നെള്ളിപ്പിന് ഉപയോഗിക്കുന്ന തിടമ്പേറ്റി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരൻ മാർപാപ്പയ്ക്ക് സമ്മാനിച്ചു.

വത്തിക്കാൻ സ്റ്റേറ്റിന്റെ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കർദ്ദിനാൾ പോൾ ഗല്ലാഗറുമായും വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെ അംബാസിഡറുടെ ചുമതല വഹിക്കുന്ന, ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് അംബാസിഡർ സിബി ജോർജും സന്നിഹിതനായിരുന്നു.