പ്രളയ ദുരിതങ്ങളിൽ നിന്നും കര കയറാൻ സന്നദ്ധ സേവന പ്രവർത്തനങ്ങൾ അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിൻ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടന പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ഇടുക്കി ജില്ലയിലെ പ്രളയ ബാധിതർക്കായി നടപ്പിലാക്കുന്ന ‘സ്നേഹപൂർവ്വം’ പ്രളയ ദുരന്ത സഹായ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് അതിജീവനത്തിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നടപ്പിലാക്കുന്ന മാതൃക പ്രവർത്തനങ്ങൾ പ്രശംസാർഹമാണെന്ന് മന്ത്രി എടുത്തു പറയുകയുണ്ടായി. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ്‌ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈസ് പ്രസിഡന്റ്‌ ഫാ. ജോബി പൂച്ചു കണ്ടത്തിൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പബ്ലിക് റിലേഷൻ ഓഫീസർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, അനിമെറ്റർ സുജ ജോബി എന്നിവർ പങ്കെടുത്തു. പ്രളയ ബാധിതരുടെ സമഗ്ര പുനരധിവാസത്തിനായി വിവിധ പ്രവർത്തനങ്ങൾ പദ്ധതി വഴി നടപ്പിലാക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.