മ്യാന്മറിലെ കത്തീഡ്രലിൽ പട്ടാള റെയ്ഡ്

മ്യാന്മറിലെ കെയ സംസ്ഥാനത്തെ ലോയിക്ക കത്തീഡ്രലിലും ബിഷപ്‌സ് ഹൌസിലും പട്ടാളം റെയ്ഡ് നടത്തി. ലോയിക്കയിലെ ക്രൈസ്റ്റ് ദി കിംഗ് കത്തീഡ്രൽ കോംപ്ളക്സിലും സഭയുടെ നിയന്ത്രണത്തിലുള്ള കാരിത്താസ് കരുണ ക്ലിനിക്കിലും ബിഷപ്‌സ് ഹൌസിലും ഇന്നലെ ഏഴു മണിക്കൂറോളമായിരുന്നു പട്ടാളം പരിശോധന നടത്തിയത്.

കോവിഡ് രോഗികളടക്കം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 40 പേരെയും റെയ്ഡിനിടെ പട്ടാളം പുറത്താക്കി. ആശുപത്രി ഉപകരണങ്ങൾ പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ നാല് ഡോക്ടർമാരും നഴ്‌സുമാരും ഫാർമസിസ്റ്റും പെടും. മൂന്നു തവണയെങ്കിലും പല സംഘങ്ങൾ ബിഷപ്‌സ് ഹൌസ്‌ പരിശോധിച്ചതായി സഭാധികാരികൾ പറഞ്ഞു. 18 ആരോഗ്യപ്രവർത്തകരെ പട്ടാളം അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 20 പട്ടാളക്കാരും പോലീസുകാരും റെയ്ഡിൽ പങ്കെടുത്തു.

കത്തീഡ്രലിലേക്കുള്ള വഴിയിൽ വൻ സൈന്യത്തെ വിന്യസിച്ചതിനു ശേഷമായിരുന്നു രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാല് മണി വരെ റെയ്ഡ് നടത്തിയത്. എന്തിനായിരുന്നു റെയ്ഡ് എന്ന് അറിയില്ലായെന്ന് ലോയിക്കാ രൂപത ചാൻസലർ ഫാ. ഫ്രാൻസിസ് സോയ നെയിങ് പറഞ്ഞു.

ഫെബ്രുവരി ഒന്നിന് പട്ടാളം മ്യാന്മറിന്റെ ഭരണം പിടിച്ചെടുത്ത ശേഷം ക്രൈസ്തവസ്ഥാപനങ്ങളിൽ റെയ്ഡുകൾ പതിവായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.