ക്രിസ്ത്യൻ ഭക്തിഗാനരംഗത്തെ മിഥില സംഗീതം

സുനീഷ വി.എഫ്.

“നാവിൽ എൻ ഈശോ തൻ നാമം…
കാതിൽ എൻ ഈശോ തൻ നാദം …”

“മുൾമുടി അണിഞ്ഞുകൊണ്ടീശോ
എൻ മുഖത്തൊരു മുത്തം നൽകി…”

ഈ പാട്ടുകളൊക്കെ ഒന്ന് മൂളാത്തവരായി ആരുമുണ്ടാകില്ല. ക്രിസ്ത്യൻ ഭക്തിഗാനരംഗത്ത് മിഥില മൈക്കിൾ എന്ന ഗായികയെ അടയാളപ്പെടുത്താൻ ഈ പാട്ടുകളൊക്കെത്തന്നെ ധാരാളം. ആലാപനമികവ് കൊണ്ടും ശബ്ദസൗകുമാര്യം കൊണ്ടും ഈ ഭാവഗായികയ്ക്ക് ‘ഫീമെയ്ൽ കെസ്റ്റർ’ എന്നൊരു വിളിപ്പേരു കൂടിയുണ്ട്. 2500 -ഓളം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടിക്കൊണ്ട് പിന്നണിഗാനരംഗത്തെ അവിഭാജ്യഘടകമായി മാറിയ മിഥില മൈക്കിൾ എന്ന ഗായികയുടെ വിശേഷങ്ങളാണ് ലൈഫ് ഡേ പങ്കുവയ്ക്കുന്നത്.

രണ്ടര വയസ്സിലെ ആദ്യ ഗാനം

വയനാട്ടിലെ കബനിഗിരിയിലെ വല്ലത്ത് വീട്ടിൽ മൈക്കിൾ സാറിന്റെയും ത്രേസ്സ്യാമ്മ ടീച്ചറിന്റെയും മൂത്തമകളായ മിഥില നല്ലൊരു പാട്ടുകാരിയായി മാറുമെന്നതിൽ ആർക്കും സംശയമില്ലായിരുന്നു. മികച്ച സംഗീതപാരമ്പര്യവും ആലാപനവശ്യതയും കൈമുതലായുള്ള അനേകം കുടുംബാംഗങ്ങൾ തന്നെയായിരുന്നു ആ ഉറപ്പിനു പിന്നിലെ കാരണവും. പാരമ്പര്യമായി പകർന്നു കിട്ടിയ സംഗീതവാസന രണ്ടര വയസ്സിലേ മിഥില എന്ന കൊച്ചുപെൺകുട്ടിയുടെ ഉള്ളിൽ നിന്നും പുറത്തുവന്നു.

“എന്റെ പപ്പായുടെ ഇടവകയായ മരക്കടവ് പള്ളിയിലായിരുന്നു ആദ്യത്തെ പാട്ടു പാടിയത്. രണ്ടര വയസ്സിൽ ദിവ്യബലിയിൽ വിശുദ്ധ കുർബാന സ്വീകരണ സമയത്ത് ആദ്യമായി ഞാൻ പാട്ടു പാടി. അതൊക്കെ നേരിയ ഓർമ്മകളായേ മനസ്സിലുള്ളൂ. മമ്മിയും ആന്റിമാരും ഒക്കെ പറഞ്ഞുള്ള ഓർമ്മയാണ് കൂടുതലായുമുള്ളത്. എങ്കിലും ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ജില്ലാതലത്തിൽ ലളിതഗാനത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു സംഗീതലോകത്തേക്കുള്ള യാത്രക്ക് തുടക്കം കുറിച്ചത്. പിന്നീട് പല തവണ ജില്ലാ കലാതിലകമായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കുന്നത്. അത് 1998 -ലാണ്. അങ്ങനെ വയനാട് ജില്ലക്കു വേണ്ടി ആദ്യമായി ലളിതഗാനത്തിന് ഒന്നാം സ്ഥാനം നേടി. പിന്നീട് മലയാളം പദ്യപാരായണത്തിന് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം” – ആദ്യകാല പാട്ടുവേദികൾ മിഥില ഓർമ്മിക്കുകയാണ്‌.

പിന്നീടുള്ള അഞ്ചു വർഷം തുടർച്ചയായി സംസ്ഥാന തലത്തിൽ മൂന്നു തവണ ഒന്നാം സ്ഥാനവും, രണ്ടു തവണ രണ്ടും മൂന്നും സ്ഥാനങ്ങളും ഈ മിടുക്കി കരസ്ഥമാക്കിയിരുന്നു. മിഷൻ ലീഗിന്റെ സംസ്ഥാന മത്സരങ്ങളിൽ സ്ഥിരമായി ഒന്നാം സ്ഥാനം മിഥിലക്കായിരുന്നു. പിന്നീട് 1998-99 -ല്‍ ഏഷ്യാനെറ്റിലെ ‘വോയിസ് ഓഫ് ദി വീക്ക്’ എന്ന റിയാലിറ്റി ഷോയിലെ ‘വോയിസ് ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടു. ദൂരദർശനിലെ ‘ഗീതാഞ്ജലി’ എന്ന പ്രോഗ്രാമിലെ വിജയിയായി മാറി. വിജയത്തിന്റെ പടവുകൾ ഓരോന്നും താണ്ടുമ്പോഴും മിഥിലയുടെ പാട്ടിന്റെ വഴികളിൽ എന്നും കൂട്ടായിരുന്നത് പിതാവ് മൈക്കിൾ സാർ ആയിരുന്നു.

ആ കാലഘട്ടത്തിൽ വയനാട്ടിൽ നിന്ന് ചുരമിറങ്ങി മകളെയും കൊണ്ട് എറണാകുളത്തും തിരുവനന്തപുരത്തും ഒക്കെ റെക്കോർഡിങ്ങിനും മറ്റു പരിപാടികൾക്കുമൊക്കെയായി കൊണ്ടുപൊയ്ക്കൊണ്ടിരുന്നത് പപ്പാ ആയിരുന്നു എന്ന് മിഥില പറയുന്നു. “പപ്പാ അദ്ധ്യാപകനായിരുന്നതിനാൽ ലീവ് എടുക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും എനിക്ക് എല്ലാത്തരത്തിലും പിന്തുണ നൽകുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രാർത്ഥനയും പ്രോത്സാഹനവുമായി മമ്മിയും സഹോദരി മിറാൻഡയും കൂടെയുണ്ടായിരുന്നു” – മിഥില പറയുന്നു. പാട്ടിന്റെ വഴികളിലെ തന്റെ വളർച്ചക്കു പിന്നിൽ മാതാപിതാക്കളോടും തന്റെ പ്രിയ ഗുരുക്കന്മാരോടും തനിക്ക് അവസരങ്ങൾ നൽകിയ സംഗീതപ്രതിഭകളോടും സർവ്വോപരി ദൈവത്തിനും നന്ദി പറയുകയാണ് ഈ പാട്ടുകാരി.

1997 -ലെ ആദ്യ റെക്കോഡിങ്

1997 -ൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് മിഥില, ക്രിസ്ത്യൻ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. വയനാട്ടിലെ തന്നെ, പാടിച്ചിറ ഇടവക ഇറക്കിയ ‘ചരിത്രം’ എന്ന ക്രിസ്ത്യൻ ആൽബമായിരുന്നു അത്. കെസ്റ്റർ, രാധികാ തിലക്, സംഗീത, ബിജു നാരായണൻ തുടങ്ങിയ അക്കാലത്തു തന്നെ പ്രശസ്തരായ ഗായകരായിരുന്നു ആ ആൽബത്തിലെ പാട്ടുകൾ പാടിയിരുന്നത്. ‘അനുതാപ ചുടുകണ്ണുനീരാൽ ദേവ പാദാരവിന്ദം ഞാൻ കഴുകാം, പാപിനി മറിയത്തെപ്പോലെ…’ എന്ന ഗാനമായിരുന്നു ചരിത്രം എന്ന ആല്‍ബത്തില്‍ മിഥില പാടിയത്. നിരവധി ധ്യാനങ്ങളിലെ അനുതാപശുശ്രൂഷകളിൽ വലിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ ആ ഗാനത്തിനു കഴിഞ്ഞു.

“പേടിച്ചുവിറച്ചായിരുന്നു അന്ന് റെക്കോർഡിങ്ങിനു പോയത്. ട്രയൽ നോക്കിയപ്പോൾ വിറച്ചിട്ട് എനിക്ക് പാടാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഒരു പാട്ട് മോശമായാൽ അത് ആൽബത്തിനെ മൊത്തമായും ബാധിക്കുമോ എന്ന സംസാരം വരെ അന്നവിടെ ഉണ്ടായിരുന്നു. ആ സമയത്ത് സ്റ്റുഡിയോയിൽ ആ ആൽബത്തിലെ മറ്റു ഗാനങ്ങളുടെ സംഗീതസംവിധായകനായ അഗസ്റ്റിൻ പുത്തൻപുര അച്ചൻ ഉണ്ടായിരുന്നു. അച്ചൻ റെക്കോർഡിങ് ബൂത്തിൽ കയറി ഒരു പിന്തുണയായി എന്റെ കൂടെ നിന്നു. പൊതുവെ റെക്കോർഡിങ് ബൂത്തിൽ പാട്ടുപാടുന്നവരല്ലാതെ റെക്കോർഡിങ് സമയത്ത് വേറെ ആരും നിൽക്കാറില്ല. അച്ചൻ എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചു. ഇടയ്‌ക്കൊന്നും നിർത്താതെ തന്നെ ആദ്യഗാനം റെക്കോർഡ് ചെയ്യാനുള്ള അപൂർവ്വഭാഗ്യം ഉണ്ടായി. അതായിരുന്നു ആദ്യത്തെ റെക്കോർഡിങ് അനുഭവം. പിന്നീട് ആ പാട്ട് ശ്രദ്ധിക്കപ്പെട്ടപ്പോൾ അത് വളരെ വലിയ പ്രോത്സാഹനമായിരുന്നു എനിക്ക്” – മിഥില വെളിപ്പെടുത്തുകയാണ്. ഇത്രയധികം പാട്ടുകൾ പാടിയിട്ടും റെക്കോർഡിങ്ങിനു പോകുമ്പോൾ താൻ ഇപ്പോഴും അന്നത്തെ ആ ഏഴാം ക്ലാസ്സുകാരി തന്നെയാണെന്നാണ് മിഥില ചിരിച്ചുകൊണ്ടു പറയുന്നു.

ആദ്യത്തെ പാട്ടിനു ശേഷം പിന്നീട് ഫാ. തദേവൂസ് അരവിന്ദത്തിന്റെ ‘അമൃതം’ എന്ന സംഗീത ആൽബത്തിൽ പാടി. ‘കണ്ണുകൾക്കെന്തൊരാനന്ദം… എന്നീശോയെ കാണാൻ നേരമായ്…’, ‘കണ്ണില്ലാത്തവനാണേ നാഥാ…’ എന്നീ രണ്ടു ഗാനങ്ങളായിരുന്നു അന്ന് മിഥില പാടിയത്. ആ കാലഘട്ടത്തിൽ ആ കാസറ്റിലെ എല്ലാ ഗാനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടാണ് ജീവൻ എന്നറിഞ്ഞ നാൾ മുതൽ തന്നെ മിഥില സംഗീതപഠനം ആരംഭിച്ചു. മൂന്നാം ക്ലാസ് മുതൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു തുടങ്ങി. പിന്നീട് പ്ലസ് ടു കഴിഞ്ഞതിനു ശേഷം പഠനത്തിൽ മിടുക്കിയായ മിഥില, കോഴിക്കോടുള്ള ഒരു ഹോസ്പിറ്റലിൽ ബി.എസ്.സി നഴ്സിങ്ങിനു ചേർന്നു. ആ കാലഘട്ടം മിഥില റെക്കോർഡിങ്ങുകൾക്ക് അല്പം ഇടവേള കൊടുത്തു. എന്നാൽ ഈ സമയത്തു തന്നെ കോഴിക്കോട് ആകാശവാണി റേഡിയോ നിലയത്തിൽ ‘B- ഹൈ’ ലെവൽ അനൗൺസർ ആയിരുന്നു മിഥില. അതും 16-17 വയസ്സുള്ളപ്പോൾ. പിന്നീട് ബാംഗ്ലൂരിൽ നിന്ന് നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ മിഥില, കോഴിക്കോടുള്ള ഒരു സ്വകാര്യ ഹോസ്പിറ്റലിലെ നഴ്സിംഗ് ട്യൂട്ടർ ആയി ജോലി ചെയ്തു.

കെ.എസ്. ചിത്രക്കു വേണ്ടി ട്രാക്ക് പാടിയ ഗാനം സൂപ്പർ ഹിറ്റായി മാറിയപ്പോൾ

“പീറ്റർ ചേരാനെല്ലൂർ – ബേബി ജോൺ കലയന്താനി കൂട്ടുകെട്ടിൽ പിറന്ന ‘ബാവ പുത്രൻ റൂഹാ’ എന്ന ആൽബത്തിലേക്ക് എന്നെ പാടാൻ വിളിച്ചു. ‘ഉള്ളതൊക്കെയുമേകിടാം…’ എന്നു തുടങ്ങുന്ന പാട്ടായിരുന്നു എനിക്ക് പാടാനുണ്ടായിരുന്നത്. റെക്കോർഡിങ് കഴിഞ്ഞപ്പോൾ പീറ്റർ ചേട്ടൻ പറഞ്ഞു, ചിത്രക്ക് പാടാൻ വേണ്ടി മിഥില ഒരു പാട്ട് ട്രാക്ക് പാടി തരണമെന്ന്. വളരെ പെട്ടന്ന് പാട്ട് പഠിച്ചു പാടാനുള്ള ഒരു അനുഗ്രഹം ദൈവം എനിക്ക് നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ട് ആ പാട്ടു പഠിച്ചു പാടി. ആ സമയത്ത് ബേബി ജോൺ കലയന്താനി അവിടെ ഉണ്ടായിരുന്നില്ല. റെക്കോർഡിങ് കഴിഞ്ഞ് ഞാൻ തിരികെ പോരുകയും ചെയ്തു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ എന്നെ വിളിച്ചുപറഞ്ഞു, “അന്ന് ട്രാക്ക് പാടിയ പാട്ടു തന്നെ ഞങ്ങൾ എടുക്കാൻ പോകുകയാണ്” എന്ന്. പാട്ടിന്റെ വഴിയിൽ മിഥിലയുടെ കരിയർ ബ്രേക്ക് എന്ന് വിളിക്കാവുന്ന “മുൾമുടി അണിഞ്ഞുകൊണ്ടീശോ…” എന്ന ഗാനമായിരുന്നു അത്. പിന്നീട് റീ റെക്കോർഡിങ് പോലും ചെയ്യാതെ അന്ന് ട്രാക്ക് പാടിയ പാട്ടു തന്നെയാണ് ഇന്ന് നമ്മൾ കേൾക്കുന്ന മിഥിലയുടെ ഈ ഗാനം.

അനവധി പേരുടെ ജീവിതം മാറ്റിമറിച്ച ഒരു പാട്ടായിരുന്നു അത്. ഒരുപാട് രോഗികൾക്ക് സൗഖ്യമായും ആശ്വാസമായും മാറിയ ആ പാട്ട് മിഥില തന്റെ ആത്മാവിനോട് ചേർത്തുവച്ചിരിക്കുന്ന ഒന്നാണ്. “ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയിരുന്ന ഒരു മനുഷ്യൻ ആ പാട്ട് കേട്ട് അതിൽ നിന്നു പിന്തിരിഞ്ഞതായി എന്റെ അടുക്കൽ വന്നു പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ കാൻസർ ആയിട്ട് അനങ്ങാൻ പോലും കഴിയാതെ കട്ടിലിൽ കിടന്നയാൾ പാട്ടു കേട്ട് എഴുന്നേറ്റിരുന്നതായുള്ള അനുഭവങ്ങളൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ ദൈവത്തിനു നന്ദി പറയുവാൻ മാത്രമേ എനിക്ക് കഴിയൂ. കാരണം ഒരിക്കലും ഞാൻ പാട്ടിനായി മറ്റുള്ളവരോട് അവസരങ്ങൾ ചോദിച്ചിട്ടില്ല. നഴ്സിംഗ് മേഖലയിൽ നിന്ന് എന്നെ ദൈവം ഒരു ഗായികയായി ഉയർത്തണമെങ്കിൽ അവിടുത്തെ പ്രത്യേക കാരുണ്യമില്ലാതെ ഇതൊന്നും സംഭവിക്കില്ല. പ്രത്യേകിച്ചും ഈ മത്സരങ്ങളുടെ കാലഘട്ടത്തിൽ” – മിഥിലയുടെ വാക്കുകളിൽ ദൈവത്തോടുള്ള നന്ദി നിറഞ്ഞിരുന്നു.

പരിശുദ്ധ അമ്മയുമായുള്ള മിഥിലയുടെ പ്രത്യേക കൂട്ട്

ഈ കഴിഞ്ഞ സെപ്റ്റംബർ എട്ടിന് മിഥില പാടിയ, പരിശുദ്ധ അമ്മയുടെ ആറോളം ഗാനങ്ങളാണ് പുറത്തിറങ്ങിയത്. എല്ലാത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. “ചെറുപ്പം മുതൽ തന്നെ മാതാവിനോട് പ്രത്യേക ഭക്തി എനിക്കുണ്ടായിരുന്നു. എപ്പോഴും ഒരു കൊന്ത കൈയ്യിൽ കരുതും. അമ്മയുടെ പ്രത്യേകമായ സംരക്ഷണം എനിക്ക് ലഭിക്കാറുണ്ട്. ഓരോ റെക്കോർഡിങ്ങിനും മുമ്പ് നന്നായി പ്രാർത്ഥിച്ചൊരുങ്ങിയിട്ടേ ഞാൻ പോകാറുള്ളൂ. ടോൺസിലൈറ്റിസ് പ്രശ്നങ്ങൾ എപ്പോഴും എന്നെ അലട്ടിയിരുന്നു. ആ സമയത്തൊക്കെ അത്ഭുതകരമായി അമ്മ എന്നെ സംരക്ഷിച്ചിട്ടുണ്ട്. വയനാട്ടിലെ തണുപ്പിൽ നിന്നും തൃശൂർ വഴി എറണാകുളത്ത് എത്തുവാൻ മൂന്നു തരം കാലാവസ്ഥകളിലൂടെ കടന്നുവരണം. ഈ കാരണം കൊണ്ട് എനിക്കെപ്പോഴും ശബ്ദത്തിന് പ്രശ്നം വരും.

ഒരു ദിവസം ഇതുപോലെ റെക്കോർഡിങ്ങിനായി എറണാകുളത്ത് വരികയും രാത്രിയിൽ അവിടെ താമസിക്കുകയും ചെയ്തു. ചെറിയ തൊണ്ടവേദനയും ഉണ്ടായിരുന്നു. പപ്പാ ആയിരുന്നു കൂടെയുണ്ടായിരുന്നത്. മുറി സെൻട്രലൈസ്ഡ് എസി ആയിരുന്നു. അതിന്റെ തണുപ്പു കൂടിയായപ്പോൾ ശ്വാസത്തിന് കൂടുതൽ പ്രശ്നമാകുമോ എന്നും പേടിയുണ്ടായി. കൊന്ത ചൊല്ലിക്കിടന്നോളാൻ പപ്പാ പറഞ്ഞു. രാവിലെ എണീറ്റപ്പോൾ പ്രതികൂലസാഹചര്യം കൊണ്ട് എന്റെ ശബ്ദം മുഴുവനും പോയി. റെക്കോർഡിങ്ങിനായി സ്റ്റുഡിയോയിൽ എത്തിയെങ്കിലും ഞാൻ വളരെ ടെൻഷനിലായിരുന്നു. റിഹേഴ്സൽ ഇല്ലാതെ അന്ന് നേരിട്ട് പാടാൻ കേറി. ജലദോഷം ഉണ്ടെങ്കിൽ കൂടിയും എന്റെ ശബ്ദത്തിൽ അത് വരാതെ മാതാവ് പ്രത്യേകം സംരക്ഷിച്ചു” – മിഥില ഓർക്കുന്നു.

അന്ന് മിഥില പാടിയത് മറ്റൊരു ഹിറ്റ് ഗാനമായ “നിലാവ് പോലെ എന്റെയുള്ളിൽ വന്നുദിക്കണേ…” എന്ന ഗാനമായിരുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നിരവധി ഗാനങ്ങൾ മിഥില ഇതിനോടകം പാടിക്കഴിഞ്ഞു.

2019 -ൽ പുറത്തിറങ്ങിയ നാവിൽ എൻ ഈശോ തൻ നാമം, ഇലപൊഴിയും കാലങ്ങൾക്കപ്പുറം, മിഴി നനയും നേരം, എത്രയും ദയയുള്ള മാതാവേ ചൊല്ലി, ദിവ്യകാരുണ്യമേ ഹൃത്തിൻ ആനന്ദമേ, ഒന്ന് വന്നാൽ മതി എന്നുള്ളിലീശോ തുടങ്ങി ഹിറ്റുകളുടെ ഒരു പെരുമഴ തന്നെയാണ് പിന്നീടിങ്ങോട്ട് മിഥിലയെ കാത്തിരുന്നത്. ഭാവഭംഗി കൊണ്ടും ശബ്ദസൗകുമാര്യം കൊണ്ടും ഭക്തിഗാനരംഗത്ത് ‘ഫീമെയിൽ കെസ്റ്റർ’ എന്ന വിശേഷണം മിഥിലക്കുണ്ട്. “എന്റെ ആദ്യത്തെ റെക്കോർഡിംഗ് മുതൽ കെസ്റ്റർ ചേട്ടനെ എനിക്കറിയാം. ഞങ്ങൾ ഒരുപാട് ഡ്യുയറ്റുകൾ പാടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക പാട്ടുകളുടെയും ഫീമെയിൽ വേർഷൻ പാടാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എല്ലാം ഒരു ദൈവാനുഗ്രഹമായിട്ടാണ് കരുതുന്നത്. അദ്ദേഹവുമായി അങ്ങനെയൊരു സാമ്യം മറ്റുള്ളവർ പറയുന്നുണ്ടെങ്കിൽ അത് എന്റെ ഉത്തരവാദിത്വബോധം കൂട്ടുകയാണ് ചെയ്യുന്നത്. കേൾക്കുമ്പോൾ സന്തോഷം തോന്നുമെങ്കിലും ഒരു അർഹതയില്ലാത്ത അംഗീകാരമായിട്ടാണ് എനിക്ക് തോന്നുന്നത്” – മിഥില കൂടുതൽ വിനയാന്വിതയായി.

ദൈവാനുഭവങ്ങൾ പകരുന്ന ഗാനങ്ങൾ

“ഓരോ പാട്ടും എനിക്ക് ഓരോ ദൈവാനുഭവമാണ്. കൂടുതലായും മെലഡികൾ പാടാനാണ് അവസരം ലഭിക്കാറുള്ളത്. ലയിച്ചു പാടിയാലേ അത് ശരിയാകൂ. പാടുമ്പോൾ പലപ്പോഴും ഇമോഷണലായി പാട്ട് തുടരാൻ സാധിക്കാതെ വന്ന അവസരങ്ങൾ ഏറെയാണ്. സ്വർഗ്ഗീയവൃന്ദങ്ങളോടു കൂടി പാടുന്ന അനുഭവങ്ങളും, നാമറിയാതെ മറ്റാരോ നമ്മിലൂടെ പാടുന്നതുപോലെയൊക്കെയുള്ള തോന്നലുകളുമൊക്കെ സാധാരണമാണ്.

ഒരിക്കൽ ഒരു സന്യാസ സഭക്കു വേണ്ടി ദൈവവിളിയെക്കുറിച്ചുള്ള ഒരു ഗാനം റെക്കോർഡ് ചെയ്യുകയായിരുന്നു. സംഗീത സംവിധാനവും വരികൾ എഴുതിയതും കോറസ് പാടുന്നതുമെല്ലാം സിസ്റ്റേഴ്സ് തന്നെയായിരുന്നു. ഞാൻ പാടുന്നതിനിടയിൽ ഓരോരുത്തരായി സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങി പോകുന്നുണ്ടായിരുന്നു. പാട്ടു കേട്ട് അവരെല്ലാം ഇമോഷണൽ ആയിരുന്നു. കണ്ണുനീർ തുടച്ചുകൊണ്ടായിരുന്നു അവരെല്ലാവരും തന്നെ പിന്നീട് അകത്തേക്ക് കയറിവന്നത്. ഇതെല്ലം ദൈവത്തിന്റെ പ്രത്യേകമായ കരുതലും ഇടപെടലുമായിട്ടേ എനിക്ക് കാണാൻ സാധിക്കൂ.

പലപ്പോഴും, സിനിമയിലൊക്കെ അവസരം നോക്കിക്കൂടെ എന്ന് ആളുകൾ എന്നോട് പറയാറുണ്ട്. ഒരിക്കലും പാടാൻ അവസരങ്ങൾ ചോദിക്കാതെ ദൈവം എന്നെ ഈ രംഗത്ത് ഇത്രയധികം വളർത്തുന്നുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് മറ്റൊരു മേഖലയിലേക്കു പോകണമെന്നോ, പാടണമെന്നോ ഇതുവരെ തോന്നിയിട്ടില്ല. എങ്കിലും ദൈവം അനുവദിച്ച് കൊണ്ടുതരുന്ന അവസരങ്ങളെ തീർച്ചയായും അവിടുത്തെ മഹത്വത്തിനായി ഉപയോഗിക്കുന്നതിൽ സന്തോഷമേ ഉള്ളൂ” – മിഥില വെളിപ്പെടുത്തുന്നു.

കുടുംബം – വലിയ പിന്തുണ

മിഥിലയുടെ ജീവിതത്തെയും പാട്ടിനെക്കുറിച്ചുമെല്ലാം ദൈവത്തിന് വ്യക്തമായ പദ്ധതികളുണ്ട്. എല്ലാ റെക്കോർഡിങ്ങിനും പിതാവ് മൈക്കിൾ ആയിരുന്നു മിഥിലയുടെ കൂടെ പൊയ്ക്കൊണ്ടിരുന്നത്. മിഥിലയെ വിവാഹം ചെയ്തിരിക്കുന്നത് കണ്ണൂർ ജില്ലയിലെ കേളകം സ്വദേശിയായ പ്രശാന്ത് ആണ്. ഐടി പ്രൊഫഷണൽ ആയ അദ്ദേഹം നല്ലൊരു സംഗീതാസ്വാദകനാണെന്നാണ് മിഥില പറയുന്നത്.

“വിവാഹത്തിനു ശേഷമായിരുന്നു പപ്പായുടെ അപ്രതീക്ഷിത വിയോഗം. അതുവരെയും റെക്കോർഡിങ്ങിനൊക്കെ കൂടെ വന്നിരുന്നത് പപ്പായായിരുന്നു. എന്നാൽ ഇന്ന് എല്ലാത്തിനും കൂടെയുള്ളത് ഭർത്താവാണ്. എന്റെ ഏറ്റവും മികച്ച ക്രിട്ടിക്കുകളിൽ ഒരാളാണ് അദ്ദേഹം. പാട്ടിൽ എല്ലാവിധ പിന്തുണയും കുടുംബത്തിന്റെ ഭാഗത്തു നിന്നുണ്ട്.” മിഥിലയുടെ വാക്കുകളിൽ സന്തോഷം നിറയുന്നു.

പ്രശാന്തിന്‌ ജോലി എറണാകുളത്തായതിനാൽ മിഥിലയും കുടുംബവും എറണാകുളത്താണ് താമസം. ഇത് റെക്കോർഡിങ്ങിനൊക്കെ വളരെ സഹായമായിട്ടുണ്ടെന്ന് മിഥില പറയുന്നു. മക്കളായ ജുവലിനും മിഖായെയേലക്കും അമ്മയുടെ പാട്ടു കേൾക്കുമ്പോൾ സന്തോഷമാണ്.

മിഥിലയുടെ മനോഹരമായ ശബ്ദത്തിനും പാട്ടുകൾക്കും ദൈവത്തിന്റെ പ്രത്യേക കൈയ്യൊപ്പുണ്ട്. അതിനാൽ തന്നെയാകണം, പാടുന്ന ഒരോ പാട്ടിനും ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതും. എളിമയെന്ന പുണ്യം മിഥിലക്ക് വേണ്ടുവോളമുണ്ട്. അനേകം നാവുകൾക്ക് ദൈവത്തെ സ്തുതിക്കാൻ മിഥിലയുടെ പാട്ടുകൾ കൊണ്ട് സാധിക്കട്ടെ. അതോടൊപ്പം ഈ ഭാവഗായികയുടെ ഓരോ ഗാനങ്ങളും അനേകർക്ക് ആശ്വാസമായും സൗഖ്യമായും വലിയ ദൈവാനുഭവമായും മാറട്ടെ. സ്വർഗ്ഗത്തിന്റെ സ്വന്തം പാട്ടുകാരിയായ മിഥിലയ്ക്ക് ലൈഫ് ഡേയുടെ ആശംസകൾ!

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.