യുവജനങ്ങളിൽ പ്രത്യാശയർപ്പിച്ച് പശ്ചിമേഷ്യയിലെ ക്രൈസ്തവ സഭ

കാലവും അതിലെ മനുഷ്യരും എത്രമാത്രം ക്രൂരത കാണിച്ചാലും നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ ഹൃദയമാകുക, ചരിത്ര രചയിതാക്കളാവുക. ഇതാണ് പശ്ചിമേഷ്യയിലെ യുവജനങ്ങൾക്കായി കിഴക്കൻ ക്രൈസ്തവ സഭയിലെ പാത്രിയാർക്കീസുമാർ നൽകിയ സന്ദേശം.

പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും കൂടെ, കുടിയേറ്റക്കാരുടെ ഒഴുക്കുമെല്ലാം നിങ്ങളുടെയും അവിടെയുള്ള ക്രൈസ്തവരുടെ മുഴുവന്റെയും ജീവിതം ദുസഹമാക്കുന്നുവെന്ന് മനസിലാക്കുന്നു. നിങ്ങളുടെ ഈ ബുദ്ധിമുട്ടിൽ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടെന്ന് ഉറപ്പ് നൽകുന്നു. ഇറാഖിൽ നടന്ന കൗൺസിൽ ഓഫ് കാത്തലിക് പാട്രിയാർക്ക്സ് ഓഫ് മിഡിൽ ഈസ്റ്റിന്റെ 26 ാമത് സമ്മേളനത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

യുവജനങ്ങൾ, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ പ്രതീക്ഷയുടെ സൂചന എന്നതായിരുന്നു ഇത്തവണത്തെ സമ്മേളനത്തിലെ പ്രധാന ചർച്ചാ വിഷയം. നിങ്ങളുടെ നാട്ടിലും നിങ്ങളുടെ വിശ്വാസത്തിലും ഉറച്ചു നിൽക്കുക. നിങ്ങളുടെ രാജ്യത്തിന്റെ നിർമിതിയിൽ പങ്കാളികളാവുക,നിങ്ങൾ എണ്ണത്തിൽ ചെറുതായിരിക്കാം. എന്നാൽ നിങ്ങൾ ഉപ്പും പ്രകാശവും പുളിമാവുമായി വർത്തിക്കണം. സ്നേഹത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുക. പലവിധ പ്രശ്നങ്ങളിൽ ഉഴലുന്ന ലോകത്തിന് മുന്നിൽ ക്രിസ്തുവിന് സാക്ഷ്യം നൽകുന്നവരാവുക. പശ്ചിമേഷ്യയിലെ യുവജനങ്ങളോട് പാർത്രിയാർക്കീസ് സമിതി പറഞ്ഞു. 2019 ൽ, ഈജിപ്തിലെ കെയിറോയിലാണ് സമ്മേളനം നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.