കോവിഡ് 19: അഡ്രിയാനിലെ ഡൊമിനിക്കൻ ആശ്രമത്തിൽ മരണമടഞ്ഞത് ഒൻപതു സന്യാസിനിമാർ

കോവിഡ് പകർച്ചവ്യാധി ബാധിച്ച് മരണമടഞ്ഞ ഡൊമിനിക്കൻ സന്യാസ സമൂഹത്തിലെ ഒൻപത് സന്യസിനിമാരുടെ വിയോഗത്തിൽ അനുശോചനവും പ്രാർത്ഥനയും അറിയിച്ച് ലാൻസിങ് രൂപതാധ്യക്ഷൻ ഏൾ ബോയെ. അഡ്രിയാനിലെ മദർ ഹൌസിൽ വിശ്രമ ജീവിതം നയിക്കുന്ന 200 -ലേറെ പേരില്‍ ഒൻപത് സന്യാസിനികളാണ് ഈ മാസം മരണമടഞ്ഞത്.

“വിശുദ്ധ തോമസ് അക്വിനാസിന്റെ തിരുനാൾ ദിനത്തിൽ തന്നെ വളരെ വിഷമം നിറഞ്ഞ വാർത്തയാണ് ഒൻപത് സന്യാസിനിമാരുടെ വിയോഗം. ഡൊമിനിക്കൻ സന്യാസസഭ ഏറ്റവും കൂടുതൽ പ്രാർത്ഥനാ പൂർവ്വം കൊണ്ടാടുന്ന ഈ ദിനത്തിൽ ദുഃഖത്തിന്റെ വാർത്ത വന്നത് തികച്ചും ഖേദകരമാണ്. സന്യാസിനിമാരുടെ നിര്യാണത്തിൽ ലാൻസെർ രൂപതയുടെ അനുശോചനം അറിയിക്കുന്നു. അതോടൊപ്പം തന്നെ മരണമടഞ്ഞവരുടെ ആത്മാക്കൾക്ക് നിത്യശാന്തിയും നേരുന്നു” -ഡൊമിനിക്കൻ സന്യാസസഭയുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് ലാൻസിങ് രൂപതാധ്യക്ഷൻ ഏൾ ബോയെ പറഞ്ഞു.

മരണമടഞ്ഞ സന്യാസിനികൾ 79 -നും 97 -നും ഇടയിൽ പ്രായമുള്ളവരാണ്. അഡ്രിയാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി വിശ്വാസം, വിദ്യാഭ്യാസം, ആതുര ശുശ്രൂഷ എന്നീ മേഖലകളിൽ സമൂഹത്തിന് സേവനം ചെയ്ത ഇവർ സഭയുടെ വളർച്ചയ്ക്കും ക്രിസ്തുവിന്റെ സുവിശേഷ പ്രഘോഷണത്തിൽ ലോകത്തിനു തന്നെയും മാതൃകയായിരുന്നവരാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് കഴിഞ്ഞിരുന്നതെങ്കിലും ഇപ്പോളും 12 -ലേറെപ്പേർ നിലവിൽ രോഗബാധിതരും നിരവധിപേർക്ക് രോഗബാധയുള്ളതായി സംശയവും ഉണ്ട്. 1923 -ൽ സ്ഥാപിതമായ ഡൊമിനിക്കൻ സിസ്റ്റേഴ്സിന്റെ സന്യാസ സഭയുടെ പ്രാർത്ഥനകളും പ്രവർത്തനങ്ങളും ലോകത്താകമാനം വ്യാപിച്ച മഹാമാരിക്കെതിരെയാണ്.

“ആഗോള ആരോഗ്യ പ്രതിസന്ധിയിൽ സ്വർഗ്ഗത്തിലേക്കുയരുന്ന ധൂപം പോലെ ഞങ്ങളുടെ പ്രാർത്ഥന എല്ലാവർക്കും വേണ്ടി ഞങ്ങൾ സമർപ്പിക്കുകയാണ്. നിസ്വാർത്ഥമായി സേവനം ചെയ്യുന്നവരെയും മരണമടഞ്ഞവരെയും മറ്റ് അവശ്യ സേവനങ്ങൾ നൽകുന്നവരെയും ഞങ്ങൾ പ്രത്യേകമായി പ്രാർത്ഥനയിൽ ഓർക്കുന്നു. അതോടൊപ്പം ഈ പ്രാർത്ഥനയിൽ പങ്കുചേരുന്നതിനായി ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളേയും ഞങ്ങൾ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.” -ഡൊമിനിക്കൻ സന്യാസഭാ മേധാവി സിസ്റ്റർ സിയമെൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.