കുടിയേറ്റക്കാർക്കെതിരെ ബലപ്രയോഗം: ബിഷപ്പുമാര്‍ അപലപിച്ചു

മെക്‌സിക്കോയും ഗ്വാട്ടിമാലയും തമ്മില്‍ വേര്‍തിരിക്കുന്ന സുഷിയാതെ നദി കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരെ മെക്‌സിക്കന്‍ നാഷണല്‍ ഗാര്‍ഡ് ബലം പ്രയോഗിച്ച് തിരിച്ചയച്ച നടപടിയെ മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അപലപിച്ചു. കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചു എന്നത് മാത്രമാണ് കുടിയേറ്റക്കാര്‍ ചെയ്ത തെറ്റെന്ന് ഓക്‌സിലറി ബിഷപ് അല്‍ഫോന്‍സോ മിറാന്‍ഡാ ഗ്വാര്‍ഡിയോള പറഞ്ഞു.

മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസില്‍നിന്നാണ് പുതിയ സംഘം കുടിയേറ്റക്കാര്‍ യുഎസ് ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിച്ചത്. നാലായിരത്തോളം അംഗങ്ങളുള്ള പുതിയ സംഘത്തെ രാജ്യത്ത് കടക്കാന്‍ അനുവദിക്കില്ലെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ത്രെസ് ലോപ്പസ് ഒബ്രഡാര്‍ വ്യക്തമാക്കിയിരുന്നു. വിവിധ സമയങ്ങളിലായി മെക്‌സിക്കോയിലേക്ക് കയറാന്‍ ശ്രമിച്ച സംഘത്തിലെ 1000-ത്തോളമാളുകളെ ഹോണ്ടൂറാസിലേക്ക് തിരിച്ചയച്ചു. മറ്റ് 800 പേരെ മെക്‌സിക്കോയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ സംഘത്തില്‍ അവശേഷിക്കുന്നവരുടെ മുന്നോട്ടുള്ള യാത്രയും അനിശ്ചിതത്വത്തിലാണ്. ആദ്യമായാണ് യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന മധ്യ അമേരിക്കന്‍ കുടിയേറ്റ സംഘത്തിന് മെക്‌സിക്കോയില്‍ ഇത്രയും ശക്തമായ പ്രതിരോധം നേരിടേണ്ടി വരുന്നത്.