അഭയാർത്ഥി പ്രശ്നം പരിഹരിക്കാൻ സർക്കാർ സഹായം അഭ്യർത്ഥിച്ച് മെക്സിക്കൻ ബിഷപ്പ് 

തെക്കൻ മെക്സിക്കോയിൽ രൂക്ഷമാകുന്ന അഭയാർത്ഥി പ്രശ്നത്തിനു പരിഹാരം കാണണം എന്ന് ഭരണകൂടത്തോടും അഭ്യുദയകാംക്ഷികളോടും അഭ്യർത്ഥിച്ച് മെക്സിക്കൻ ബിഷപ്പ്സ് കോൺഫറൻസ്. സഹായത്തിനായുള്ള അഭ്യർത്ഥന എന്ന പേരിൽ തയ്യാറാക്കിയ പ്രസ്താവനയിലൂടെയാണ് ബിഷപ്പുമാർ ഈ കാര്യം അറിയിച്ചിരിക്കുന്നത്.

അടുത്തകാലത്തായി അഭയാർത്ഥികളെ സഹായിക്കുന്നതിനുള്ള മെക്സിക്കൻ ജനത്തിന്റെ മനോഭാവത്തിൽ കാര്യമായ കുറവ് വന്നിരുന്നതായി പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ആയിരക്കണക്കിന് ആളുകളാണ് മെക്സിക്കോയുടെ തെക്കൻ ഭാഗങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നത്. അമേരിക്കയിലേക്കുള്ള യാത്രക്കിടെ മെക്സിക്കോയിൽ തങ്ങുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഹെയ്തി, ക്യൂബ എന്നിവിടങ്ങളിൽ നിന്നും കലാപങ്ങളെ ഭയന്ന് ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിന്റെ ഭാഗമാണ് ഇത്.

അഭയാർഥികളുടെ യാത്രയിൽ സഭയ്ക്ക് കഴിയാവുന്നതിന്റെ പരമാവധി സഹായങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്. ഇപ്പോൾ കൂടുതൽ ആളുകൾ സഹായത്തിനായി എത്തുന്നു. അവരെ വെറും കയ്യോടെ തിരിച്ചയക്കുവാൻ കഴിയുന്നില്ല. ഈ അവസ്ഥയിലാണ് സഭ അഭ്യർത്ഥന നടത്തുന്നത് എന്ന് പ്രസ്താവനയിൽ വെളിപ്പെടുത്തുന്നു .