രോഗികളേയും ഡോക്ടർമാരേയും സന്ദർശിച്ച് മെക്സിക്കൻ ബിഷപ്പ്

മെക്സിക്കോയിൽ കൊറോണ വൈറസ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ മാതമോറോസ് ബിഷപ്പ് യൂജെനിയോ ലിറ റുഗാർസിയ, ആശുപത്രികൾ സന്ദർശിച്ച് രോഗികളേയും ആരോഗ്യപ്രവർത്തകരേയും ആശീർവദിച്ച് പ്രാർത്ഥിച്ചു. അദ്ദേഹം കൊറോണ രോഗികൾ ഉള്ള നിരവധി ആശുപത്രികൾ സന്ദർശിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിക്കും.

ആശുപത്രികൾ സന്ദർശിച്ച ശേഷം എല്ലാ രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കുമായി ബിഷപ്പ് പ്രത്യേക പ്രാർത്ഥന നടത്തി. “ഏറ്റവും പ്രയാസകരമായ ഈ നിമിഷങ്ങളിൽ ദൈവവുമായി ഐക്യപ്പെടാൻ, ദൈവം നിങ്ങളെ സഹായിക്കട്ടെ.”- അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച ആളുകൾക്ക് ചികിത്സ നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്ന യുവ വൈദികരുടെ ഒരു സംഘം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങളെയും ബിഷപ്പ് നന്ദിയോടെ അനുസ്മരിച്ചു.

മാരകമായ ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ, വലിയ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ നമുക്ക് കടമയുണ്ട്. സാനിറ്ററി സാധനങ്ങള്‍ ഉപയോഗിക്കുക, ഫെയ്സ് മാസ്കുകള്‍ ഉപയോഗിക്കുക, ആരോഗ്യകരമായ അകലം പാലിക്കുക, പൊതു ഇടങ്ങൾ അണുവിമുക്തമാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.