വിശുദ്ധവാരത്തെ ധന്യമാക്കി മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും സന്ദേശങ്ങൾ

കടന്നു പോയത് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വിശുദ്ധമായ ഒരു ആഴ്ചയാണ്. ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ ധ്യാനിച്ചു കൊണ്ട് ക്രൈസ്തവലോകം അവിടുത്തെ ഉത്ഥാനത്തിന്റെ പ്രതീക്ഷയിലേയ്ക്ക് പ്രാർത്ഥനാപൂർവ്വം സഞ്ചരിച്ച ആഴ്ച. പതിവിൽ നിന്നും വ്യത്യസ്തമായി വീടുകളിൽ ആയിരുന്നുകൊണ്ട് വിശുദ്ധ വാരം കഴിവതും വിശുദ്ധമായി തന്നെ ആചരിക്കുവാൻ വിശ്വാസികൾ ശ്രദ്ധിച്ചിരുന്നു. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഈ വിശുദ്ധ വാരം ധന്യമാക്കിയ രണ്ടു സന്ദേശങ്ങളാണ് ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നൽകിയത്. കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ആയിരുന്നു എങ്കിലും ക്രിസ്‌തു നൽകുന്ന പ്രത്യാശയിലേയ്ക്കും സേവന സന്നദ്ധതയിലേയ്ക്കും ജാതിമത ഭേതമന്യേ എല്ലാവരെയും ക്ഷണിച്ചു കൊണ്ടായിരുന്നു ഇരു നേതാക്കളും സന്ദേശം നൽകിയത്.

“കർത്താവായ ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. അവന്റെ ധൈര്യവും ധര്‍മ്മവും വേറിട്ടുനിൽക്കുന്നു, അതുപോലെ തന്നെ അവന്റെ നീതിബോധവും. ഈ ദുഃഖവെള്ളിയാഴ്ച കർത്താവായ ക്രിസ്തുവിനെയും അവിടുത്തെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധത അനുസ്മരിക്കാം.” ഇതായിരുന്നു ദുഃഖ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കുവെച്ച സന്ദേശം. “നാളെ ദുഖവെള്ളിയാഴ്ചയാണ്. യേശു ക്രിസ്തുവിന്റെ ഓർമ്മ ഉണർത്തുന്ന ദിനം. രോഗികളെ സുഖപ്പെടുത്തുകയെന്ന ക്രിസ്തു സന്ദേശമുൾക്കൊണ്ടു കൊണ്ട് കൊറോണാ ബാധിതർക്കായി, അവരുടെ സൗഖ്യത്തിനായി പുനരർപ്പണം നടത്താൻ നാം ഈ ദിവസം തയ്യാറാവണം. മനസ്സു കൊണ്ട് ചേർത്തു നിർത്തുകയെന്നത് സ്വന്തം ജീവിതത്തിൽ അവിടുന്നു നമുക്കു കാട്ടി തന്നിട്ടുണ്ട്. അത് നമുക്ക് മാതൃകയാക്കാം” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

ഈസ്റ്റർ ദിനത്തിലും ഇരുവരും ആശംസകൾ കൈമാറുവാൻ മറന്നില്ല. “കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈസ്റ്റര്‍ കാലം ശക്തി നല്‍കട്ടെ. യേശു ക്രിസ്തുവിന്റെ വിലയേറിയ ചിന്തകള്‍, പ്രത്യേകിച്ച് ദരിദ്രരെ ശാക്തികരിക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബന്ധത എല്ലാവര്‍ക്കും ഒരു ഓര്‍മപ്പെടുത്തലാണ്.” മോദി ട്വിറ്ററില്‍ കുറിച്ചു. “ഏത് പീഡാനുഭവത്തിനും അപ്പുറം അതിജീവനത്തിന്റേതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റർ സന്ദേശം പഠിപ്പിക്കുന്നത്.” മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ദിനത്തിൽ പറഞ്ഞു. ഈ കോവിഡ് കാലം, വിശുദ്ധവാരത്തിൽ ക്രിസ്തുവിന്റെ ജീവിത മാതൃക അനുകരിക്കുവാൻ ഇന്ത്യയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഇരു നേതാക്കളുടെയും സന്ദേശം.