ഫ്രാൻസിസ് പാപ്പായുടെ 2021-ലെ മാധ്യമ ദിന സന്ദേശം  

2021 -ലെ ലോക മാധ്യമ ദിനത്തോട് അനുബന്ധിച്ച്  ഫ്രാൻസിസ് പാപ്പാ നൽകുന്ന സന്ദേശത്തിന്റെ സ്വതന്ത്ര പരിഭാഷ ചുവടെ ചേർക്കുന്നു. (2021 ജനുവരി 23 – ന് വി. ഫ്രാന്‍സിസ് ദേ സാലസിന്റെ തിരുനാള്‍ ദിനത്തോട് അനുബന്ധിച്ച് നല്‍കപ്പെട്ടത്‌).

ഈശോ ശിഷ്യന്മാരോട് ‘വന്നു കാണുക’ (യോഹ 1:46) എന്നാണ് പറഞ്ഞിരിക്കുന്നത്. പരസ്പരം കണ്ടുമുട്ടുന്നതിലൂടെ യഥാർത്ഥത്തിലുള്ള ആശയവിനിമയത്തിന്റെ സാധ്യതകളാണ് തുറക്കപ്പെടുന്നത്.

പ്രിയ സഹോദരീ സഹോദരന്മാരേ,

ശിഷ്യന്മാരെ ആദ്യമായി കണ്ടുമുട്ടുമ്പോൾ ‘വന്നു കാണുക’ എന്ന യേശുവിന്റെ ക്ഷണം മനുഷ്യർ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ക്ഷണമാണ്. ‘ഞങ്ങൾക്ക് ഇതിനോടകം കാര്യങ്ങൾ അറിയാം’ എന്ന അമിത ആത്മവിശ്വാസത്തിനപ്പുറത്തേക്ക് നീങ്ങേണ്ടത് ആവശ്യമാണ്. നാം സ്വയം മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലണം. ആളുകളുമായി സമയം ചെലവഴിക്കുക. അവരുടെ കഥകൾ കേൾക്കുക, യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുക. അത് പലപ്പോഴും ഏതെങ്കിലും വിധത്തിൽ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും. “ആശ്ചര്യത്തോടെ കണ്ണുകൾ തുറന്ന് ചുറ്റുപാടും നോക്കുക. നിങ്ങളുടെ കൈകൾ പുതുമയും ചൈതന്യവും സ്പർശിക്കട്ടെ. അതുവഴി മറ്റുള്ളവർ നിങ്ങൾ എഴുതുന്നത് വായിക്കുമ്പോൾ അവർക്കും ജീവിതത്തിലെ അത്ഭുതകരമായവ കണ്ടെത്താൻ കഴിയും.” -വാഴ്ത്തപ്പെട്ട മാനുവൽ ലോസാനോ ഗാരിഡോ [സ്പാനിഷ്‌ പത്രപ്രവര്‍ത്തകന്‍] തന്റെ സഹ പത്രപ്രവർത്തകർക്ക് നൽകിയ ഉപദേശമാണിത്. ഈ വർഷം, ‘വന്നു കാണുക’ എന്ന സന്ദേശം നൽകുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് വ്യക്തവും സത്യസന്ധവുമായിരിക്കാൻ ശ്രമിക്കുന്ന എല്ലാ ആശയവിനിമയങ്ങൾക്കും പ്രചോദനമായി നിലകൊള്ളട്ടെ. പത്രങ്ങളിലും ഇന്റർനെറ്റിലും, സഭയിലും ദൈനംദിന പ്രസംഗത്തിലും രാഷ്ട്രീയത്തിലും നാം ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയിലുമെല്ലാം ‘വന്നു കാണുക’ എന്ന ക്രിസ്തുവിന്റെ ക്ഷണം നിറഞ്ഞു നിൽക്കട്ടെ. ജോർദ്ദാൻ നദി കരയിലും ഗലീലി കടൽ തീരത്തും ആദ്യമായി കണ്ടുമുട്ടിയ കാലം മുതൽ ക്രിസ്തീയ വിശ്വാസം ആശയവിനിമയം നടത്തുന്ന രീതിയാണിത്.

1. താഴേക്കിടയിലേക്ക് എത്തിനോക്കാതെ

വാർത്താ മാധ്യമങ്ങൾക്കുള്ള വലിയ പോരായ്മകളിൽ ഒന്നാണ് അവർ താഴേക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നില്ല എന്നുള്ളത്. പത്രങ്ങൾ, റേഡിയോ, വെബ് ന്യൂസ് കാസ്റ്റ് എന്നിവയിലെല്ലാം തന്നെ ഒരു പ്രത്യേക നിലവാരത്തിലുള്ള വാർത്തകൾ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ. ഇത്തരം പ്രവണതകളെ മാറ്റിമറിക്കുവാൻ സമയമായിരിക്കുന്നു എന്ന് മാധ്യമങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ആളുകളുടെ ജീവിതവും കാര്യങ്ങളിൽ അടങ്ങിയിരിക്കുന്ന യഥാർത്ഥ സത്യവും മനസ്സിലാക്കുവാൻ പ്രാപ്തമായ രീതിയിലുള്ള റിപ്പോർട്ടിങ് ആണ് വേണ്ടത്. കാരണം ഇപ്പോഴുള്ളത് കേവലം പേഴ്സണൽ കംപ്യൂട്ടറിന്റെ മുൻപിലിരുന്നോ ന്യൂസ് റൂമിലിരുന്നോ ഉണ്ടാക്കിയെടുക്കുന്ന വാർത്തകളാണ്. അത് ഒരിക്കലും നമ്മുടെ തെരുവുകളിലേക്കിറങ്ങുന്നില്ല. ജീവിതത്തിന്റെ അടിത്തട്ടിലേക്കിറങ്ങാതെ, ആളുകളെ മുഖാമുഖം ദർശിക്കാതെ എങ്ങനെ ജീവനുള്ള വാർത്തകൾ മറ്റുള്ളവരിലേക്കെത്തിക്കുവാനാകും. നാം വെറും കാഴ്ചക്കാരായി നിൽക്കാതെ നമ്മുടെ ഹൃദയം അതിലേക്ക് തുറന്നു വയ്ക്കുകയാണ് വേണ്ടത്. എല്ലാ സാങ്കേതിക വിദ്യകളും കണ്ടു പിടുത്തങ്ങളും നമ്മെ സത്യത്തിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും മാധ്യമ പ്രവർത്തകർ കാര്യങ്ങളിലേക്കിറങ്ങിച്ചെന്നു അന്വേഷിക്കുകയും കാണുകയും ചെയ്യണം. ഇൻറർനെറ്റിൽ വരുന്ന വാർത്തകൾ ചിലപ്പോൾ സത്യമല്ലാത്തതോ മറ്റുചിലപ്പോൾ ഒരിക്കലും സംഭവിക്കാത്തതോ ആയിരിക്കാം. അതിനാൽ അന്വേഷിക്കുകയും കാണുകയും ചെയ്തതിനു ശേഷം മാത്രം ആളുകളുടെ മുൻപിലേക്ക് വാർത്തകൾ നൽകുക.

2. വാർത്തകൾ എന്ന നിലയിൽ സുവിശേഷങ്ങൾ

യോർദ്ദാൻ നദിയിലെ സ്നാനത്തെത്തുടർന്ന് യേശുവിനെക്കുറിച്ച് ആകാംക്ഷ നിറഞ്ഞിരുന്ന ശിഷ്യന്മാരോട് യേശു സംസാരിച്ച ആദ്യത്തെ വാക്കുകളാണ് ‘വന്നു കാണുക’ (യോഹ 1:39) എന്നത്. അവനുമായി ഒരു ബന്ധത്തിലേക്ക് പ്രവേശിക്കാൻ അവൻ അവരെ ക്ഷണിച്ചു. അരനൂറ്റാണ്ട് കഴിഞ്ഞപ്പോൾ, വൃദ്ധനായ യോഹന്നാൻ തന്റെ സുവിശേഷം എഴുതിയ സമയത്ത് താൻ റിപ്പോർട്ടു ചെയ്ത സംഭവങ്ങളിൽ വ്യക്തിപരമായി സന്നിഹിതനായിരുന്നുവെന്നു വ്യക്തമാക്കുകയും ആ അനുഭവങ്ങൾ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്ന നിരവധി ‘വാർത്താപ്രാധാന്യമുള്ള’ വിശദാംശങ്ങൾ അദ്ദേഹം ഓർമിക്കുകയും ചെയ്തു. “ഏകദേശം പത്താം മണിക്കൂറായിരുന്നു”, അതായത്, വൈകുന്നേരം നാല് മണിയോടെ (cf. v. 39). യോഹന്നാന്‍ വീണ്ടും നമ്മോട് പറയുന്നത്, അടുത്ത ദിവസം  മിശിഹായുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച് ഫിലിപ്പ് നഥാനിയേലിനോട് ചോദിക്കുന്നതാണ്. അവന്റെ സുഹൃത്ത് സംശയാലുവായി ചോദിക്കുന്നു: “നസറെത്തിൽ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ” നല്ല കാരണങ്ങളാൽ ബോധ്യപ്പെടുത്തി വിശ്വസിപ്പിക്കാൻ പീലിപ്പോസ് ശ്രമിക്കുന്നില്ല, മറിച്ച് അവനോട് പറയുന്നു: “വന്നു കാണുക” (cf. vv. 45-46). നഥാനിയേൽ പോയി കാണുകയും ആ നിമിഷം മുതൽ അദ്ദേഹത്തിന്റെ ജീവിതം മാറുകയും ചെയ്തു.

ക്രിസ്തീയ വിശ്വാസം ആരംഭിക്കുന്നത് അങ്ങനെയാണ്, അത് എങ്ങനെ ആശയവിനിമയം ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. അത് നേരിട്ടുള്ള അറിവാണ്. കേൾക്കുന്നതുകൊണ്ടല്ല, മറിച്ച് നേരിട്ടുള്ള  അനുഭവത്തിൽ നിന്നും ഉണ്ടായതാണ്. “ഇനി മേൽ ഞങ്ങൾ വിശ്വസിക്കുന്നത് നിന്റെ വാക്കു മൂലമല്ല. കാരണം, ഞങ്ങൾ തന്നെ നേരിട്ട് ശ്രവിക്കുകയും ഇവനാണ് ലോകരക്ഷകനെന്ന് മനസിലാക്കുകയും ചെയ്തിരിക്കുന്നു.” യേശു തങ്ങളുടെ ഗ്രാമത്തിൽ താമസിച്ചശേഷം നഗരവാസികൾ സമരിയാക്കാരി സ്ത്രീയോട് പറഞ്ഞു (യോഹ 4: 39-42). ഒരു സാഹചര്യം അറിയാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണ് ‘വന്നു കാണുക’ എന്നത്. ഇത് എല്ലാ സന്ദേശങ്ങളുടെയും ഏറ്റവും സത്യസന്ധമായ പരീക്ഷണമാണ്. കാരണം, അറിയുന്നതിന്, അവയെ നാം അഭിമുഖീകരിക്കേണ്ടതുണ്ട്. എന്റെ മുന്നിലുള്ള വ്യക്തിയെ സംസാരിക്കാൻ അനുവദിക്കുക, അവന്റെ അല്ലെങ്കിൽ അവളുടെ സാക്ഷ്യം എന്നിലേക്ക് എത്താൻ അനുവദിക്കുക.

3. നിരവധി മാധ്യമപ്രവർത്തകരുടെ ധൈര്യത്തിന് നന്ദി

മറ്റാരും പോകാൻ ആഗ്രഹിക്കാത്ത ഇടങ്ങളിലേക്ക് പോകുവാനുള്ള കഴിവും ധൈര്യവും ആണ് മാധ്യമ പ്രവർത്തനം ആവശ്യപ്പെടുന്നത്. എല്ലാം കാണുന്നതിനും അറിയുന്നതിനുമുള്ള അതിയായ ആഗ്രഹം. അതിനാൽ തന്നെ ഈ പ്രൊഫഷണലുകളുടെ ധൈര്യത്തിനും ആത്മ സമർപ്പണത്തിനും നന്ദി പറയേണ്ടതുണ്ട്. മാധ്യമ പ്രവർത്തകർ, കാമറ ഓപ്പറേറ്റേഴ്‌സ്, എഡിറ്റർമാർ, ഡയറക്ടർമാർ എന്നിവരൊക്കെ തങ്ങളുടെ ജീവൻ പോലും പണയം വെച്ച് ജോലി ചെയ്യുന്നവരാണ്. അവരുടെ ശ്രമങ്ങൾക്കും പ്രതിബദ്ധതയ്ക്കും നന്ദി. ഉദാഹരണത്തിന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, ദരിദ്രർക്കും പരിസ്ഥിതിയ്ക്കും സംഭവിച്ച നിരവധി അടിച്ചമർത്തലുകൾ, അനീതികൾ, അവഗണിക്കപ്പെടുന്നവരുടെ വേദന എന്നിവയെക്കുറിച്ചെല്ലാം നമുക്കറിയാം. ഇതൊന്നും പുറംലോകം അറിഞ്ഞില്ലെങ്കിൽ മാധ്യമങ്ങൾക്കു മാത്രമല്ല സമൂഹത്തിനും ജനാധിപത്യ സംവിധാനങ്ങൾക്കും ഇത് വലിയ നഷ്ടമായിരിക്കും.

നമ്മുടെ ലോകത്തിലെ പല സാഹചര്യങ്ങളും പ്രത്യേകിച്ച് കോവിഡ് എന്ന ഈ പകർച്ച വ്യാധിയുടെ സമയത്ത് ആശയ വിനിമയ മാധ്യമങ്ങൾ ‘വന്നു കാണുന്നതിന്’ ക്ഷണിക്കുകയാണ്. ഈ മഹാമാരിക്കിടയിലെ റിപ്പോർട്ടിങ് വളരെ അപകടം പിടിച്ചതാണ്. എന്നാൽ ലഭിക്കുന്ന വാർത്തകളെ ഉയർന്ന സാമ്പത്തിക ശേഷിയുള്ള രാജ്യങ്ങളുടെ കണ്ണുകളിലൂടെ മാത്രം നോക്കിക്കാണരുത്. ആ ഒരു ലെൻസ് നാം അഴിച്ചു വയ്‌ക്കേണ്ടതുണ്ട്. അതിനായി നാം ‘രണ്ടു തരത്തിലുള്ള പുസ്തകങ്ങൾ കൈയ്യിൽ കരുതണം’. ഉദാഹരണത്തിന് വാക്‌സിനുകളെക്കുറിച്ചും വൈദ്യ സഹായങ്ങളെക്കുറിച്ചും ചോദിക്കുന്ന ചോദ്യങ്ങളുണ്ട്. ഇത് ദരിദ്രരായ ആളുകളെ ഒഴിവാക്കുന്നു. ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ പാവപ്പെട്ട ജനങ്ങളുള്ള ഗ്രാമങ്ങളിൽ ചികിത്സയ്ക്കായി ദീർഘ നാളുകളായി കാത്തിരിക്കുന്ന അവരെക്കുറിച്ച് ആരാണ് നമ്മെ അറിയിക്കുക? ആഗോള തലത്തിലുള്ള ഇത്തരം അപകട സാധ്യതകളിലെ സാമൂഹികവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ വിതരണ ക്രമം നിശ്ചയിക്കുന്നു. ദരിദ്രർ ഇപ്പോഴും വരിയുടെ അവസാനത്തിലാണുള്ളത്. അവർക്ക് ആരോഗ്യ സംരക്ഷണ മേഖലയിൽ കൂടുതൽ പ്രാധാന്യം ഉണ്ടെങ്കിൽ പോലും അവയിൽ നിന്നെല്ലാം പിന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ജീവകാരുണ്യ പ്രവർത്തകരുടെ മുൻപിൽ ആളുകൾ സഹായത്തിനായി കാത്തുനിൽക്കുന്നതൊന്നും ഇന്ന് വാർത്തയാകുന്നില്ല.

4. വെബിലെ അവസരങ്ങളും മറഞ്ഞിരിക്കുന്ന അപകടങ്ങളും

ഇന്റർനെറ്റിന്, എണ്ണമറ്റ സോഷ്യൽ മീഡിയ പ്രകടനങ്ങളിലൂടെ റിപ്പോർട്ടിംഗിനും ഷെയറിങ്ങിനുമുള്ള നിരവധി അവസരങ്ങളുണ്ട്. വളരെയധികം ജീവിതസാക്ഷ്യങ്ങളും ചിത്രങ്ങളും അതിനായി നമ്മെ സഹായിക്കുന്നു. വളരെ പെട്ടെന്ന് ഉപയോഗപ്രദമായ രീതിയിൽ കാര്യങ്ങൾ അറിയുവാനുള്ള ഒരു സാധ്യത ഡിജിറ്റൽ സാങ്കേതിക വിദ്യ നമുക്ക് നൽകുന്നു. വാർത്തകൾ റിപ്പോർട്ടുചെയ്യാനും ഔദ്യോഗിക അറിയിപ്പുകൾ പങ്കുവെയ്ക്കാനും ഇന്റർനെറ്റ് വളരെ നല്ല ഒരു മാധ്യമമാണ്. ഇത് വളരെ ശക്തമായ ഒരു മാധ്യമമാണ്. ഉപയോക്താക്കളും ഉപഭോക്താക്കളും എന്ന നിലയിൽ നാമെല്ലാവരും ഇതിന്റെ ഭാഗവുമാണ്. പരമ്പരാഗത മാധ്യമങ്ങളേക്കാൾ വളരെ വേഗം സമൂഹത്തിന് വലിയ സംഭാവനകൾ നൽകുകയും ചെയ്ത ഇൻറർ‌നെറ്റിന് നന്ദി. കൂടുതൽ കാര്യങ്ങൾ അറിയുവാനും അത് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിനും ഇപ്പോൾ നമുക്ക് അവസരമുണ്ട്.

അതേസമയം, തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാനുള്ള സാധ്യതയും ഇതുവഴിയുണ്ടാകുന്നു. വ്യത്യസ്ത കാരണങ്ങളാൽ, ചില സമയങ്ങളിൽ കേവലം സ്വന്തം കാര്യങ്ങൾ പോലും അമിതമായി കെട്ടിച്ചമച്ചുണ്ടാക്കാനുള്ള ഒരു പ്രവണത കണ്ടുവരുന്നു. ഈ സാഹചര്യത്തില്‍ നാം ചെയ്യേണ്ടത്, ഇന്റർനെറ്റിനെ പൈശാചികമായ ഒന്നായി മുദ്രകുത്തുക എന്നതല്ല, മറിച്ച് ഇതിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങളെ കൂടുതൽ വിവേചനത്തോടേയും ഉത്തരവാദിത്വത്തോടേയും തെരഞ്ഞെടുക്കുക എന്നതാണ്. നാം നടത്തുന്ന ആശയവിനിമയങ്ങൾ‌, ഷെയർ ചെയ്യുന്ന വിവരങ്ങൾ‌, വാർ‌ത്തകളുടെ നിയന്ത്രണം എന്നിവക്കെല്ലാം നമുക്ക് ഉത്തരവാദിത്വമുണ്ടായിരിക്കണം.  നാമെല്ലാവരും പോകാനും കാണാനും പങ്കിടാനും സാധിക്കുന്ന സത്യത്തിന്റെ സാക്ഷികളായിരിക്കണം.

5. ആദ്യകാഴ്ചയ്ക്ക് പകരംവെയ്ക്കാൻ മറ്റൊന്നുമില്ല

ആശയവിനിമയത്തിൽ നേരിട്ട് കാണുന്നതിനു പകരം വെയ്ക്കുവാൻ മറ്റൊന്നുമില്ല. നേരിട്ടുള്ള അനുഭവത്തിലൂടെ മാത്രമേ ചില കാര്യങ്ങൾ നമുക്ക് പഠിക്കുവാൻ സാധിക്കുകയുള്ളൂ. നാം വാക്കുകൾകൊണ്ട് മാത്രമല്ല ആശയവിനിമയം നടത്തുന്നത്. മറിച്ച്‌ നമ്മുടെ കണ്ണുകൾ കൊണ്ടും ശരീര ഭാഷകൊണ്ടും ശബ്ദംകൊണ്ടുമാണ്. യേശുവിന്റെ പ്രസംഗത്തിൽ ആളുകൾ ആകർഷിക്കപ്പെട്ടത് അവിടുത്തെ സംസാരത്തിലുള്ള സത്യസന്ധത കൊണ്ടാണ്. അവിടുത്തെ വാക്കുകളും പ്രവർത്തികളും ആംഗ്യങ്ങളും എന്തിനേറെ പറയുന്നു മൗനത്തെ പോലും ആളുകൾക്ക് വേർതിരിച്ച് കാണുവാൻ സാധിച്ചില്ല. ശിഷ്യൻമാർ ഈശോയുടെ വാക്കുകളെ മാത്രമല്ല ശ്രദ്ധിച്ചത്; അവർ അവിടുത്തെ സംസാരവും പ്രവർത്തികളുമെല്ലാം ശ്രദ്ധിച്ചു. ഈശോയുടെ വാക്കുകൾ അവിടുത്തെ മുഖത്ത് ദൃശ്യമായിരുന്നു. “ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ സ്വന്തം കണ്ണുകൾ കൊണ്ട് കണ്ടതും സൂക്ഷിച്ച് വീക്ഷിച്ചതും കൈകൊണ്ടു സ്പർശിച്ചതുമായ ജീവന്റെ വചനത്തെ ഞങ്ങൾ അറിയിക്കുന്നു… ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്തത് നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങൾക്കും കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ ഇത് പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മ്മയാകട്ടെ, പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്” (1 യോഹ 1:1 -3). കാഴ്ചയ്ക്കു മാത്രമേ വാക്കുകളെ ന്യായീകരിക്കുവാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ മാധ്യമ പ്രവർത്തനത്തിൽ ‘വന്നു കാണുക’ എന്ന ക്ഷണത്തിനു വലിയ പ്രാധാന്യമാണുള്ളത്.

ഈ കാലഘട്ടത്തിൽ സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബിസിനസ്സിലും രാഷ്ട്രീയത്തിലും എത്രമാത്രം ശൂന്യമായ വാഗ്വാദങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. “ഒന്നുമില്ലായ്മ്മയെക്കുറിച്ച് ആളുകൾ അനന്തമായി സംസാരിക്കുകയാണ് പൊതുവെ ഇപ്പോൾ ചെയ്യുന്നത്. അവരുടെയൊക്കെ ശ്രദ്ധ വൈക്കോലിൽ ഒളിഞ്ഞിരിക്കുന്ന രണ്ട് ധാന്യമണികളിലാണ്. അവ കണ്ടെത്തുന്നതിന് മുൻപ് ദിവസം മുഴുവൻ നിങ്ങൾ അന്വേഷിക്കും. പക്ഷെ നാം അവയെ കണ്ടെത്തുമ്പോൾ നമ്മുടെ അന്വേഷണം കൊണ്ട് യാതൊരു ഗുണവുമില്ലെന്നു മനസ്സിലാകും.”(WILLIAM SHAKESPEARE, The Merchant of Venice, Act 1, Scene 1). യേശുക്രിസ്തുവിനെ കണ്ടുമുട്ടിയതിന്റെ ഫലമായി അവിടുത്തെ സുവിശേഷം ലോകമെമ്പാടും വ്യാപിച്ചു. അവിടുത്തേയ്ക്ക് സാക്ഷ്യം വഹിച്ചവർ അവിടുത്തെ നോട്ടം, പ്രസംഗം, ആംഗ്യങ്ങൾ എന്നിവയെല്ലാം ലോകത്തെ അറിയിച്ചു. അതിനാൽ ക്രൈസ്തവ മാധ്യമ പ്രവർത്തകരെന്ന നിലയിൽ നമ്മുടെ ഹൃദയത്തിലും ഇക്കാര്യങ്ങൾ ഉണ്ടായിരിക്കണം.

“ഞങ്ങളുടെ കൈകളിൽ പുസ്തകങ്ങളുണ്ട്. പക്ഷെ ഞങ്ങളുടെ കണ്മുൻപിൽ സത്യങ്ങളും.” -വി. അഗസ്റ്റിന്റെ സാക്ഷ്യമാണിത്. ജീവിക്കുന്ന ദൈവത്തെ കണ്ടുമുട്ടിയവരുടെ സാക്ഷ്യമാണ് വിശുദ്ധ ലിഖിതത്തിലുള്ളത്. അതിനാൽ ഏത് കാലഘട്ടത്തിലും അവിടുത്തെ സുവിശേഷം സജീവമാണ്. രണ്ടു സഹസ്രാബ്ധങ്ങളായി ഈ കാഴ്ചകളുടെ ശൃംഖലയും വിശ്വാസത്തിന്റെ ഒരു വലിയ ആകർഷണവും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ നാം നേരിടുന്ന വെല്ലുവിളി, എവിടെയാണോ ആളുകളുള്ളത് അവർ എങ്ങനെയുള്ളവരാണോ ആ അവസ്ഥയിൽ തന്നെ അവർക്ക് സാക്ഷ്യം നൽകുക എന്നതാണ്.

ദൈവമേ, സത്യത്തെ അന്വേഷിച്ചുകൊണ്ട് ഞങ്ങളിൽ നിന്ന് മുൻപോട്ട് പോകുവാൻ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളെ പുറത്തേക്ക് പോകുവാനും കാണുവാനും പഠിപ്പിക്കേണമേ. മുൻവിധികൾ ഉണ്ടാക്കുവാൻ പ്രേരിപ്പിക്കാതെ, തിടുക്കത്തിൽ നിഗമനത്തിലെത്താതെ കാര്യങ്ങളെ നന്നായി അപഗ്രഥിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. മറ്റാരും പോകാത്ത ഇടങ്ങളിലേക്കിറങ്ങിച്ചെല്ലുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ. ആവശ്യങ്ങളിൽ ഞങ്ങളുടെ ശ്രദ്ധ എത്തുവാനും ലഭ്യമായ സമയങ്ങളിൽ കാര്യങ്ങളെ മനസ്സിലാക്കുവാനുമുള്ള കൃപ ഞങ്ങൾക്ക് നൽകണമേ. വഞ്ചനാപരമായ കാര്യങ്ങളിൽ മനസ്സ് പോകാതെ അവയെ തിരിച്ചറിയുവാനുള്ള വൈദഗ്ദ്യം ഞങ്ങളിൽ ചൊരിയേണമേ. മറ്റുള്ളവരോട് സത്യസന്ധത പുലർത്തികൊണ്ട് ഞങ്ങൾ എന്താണ് കണ്ടതെന്ന് അവരെ ബോധ്യപ്പെടുത്തുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകേണമേ. ആമേൻ.

റോമ, 23 ജനുവരി 2021

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.