നിങ്ങൾക്ക് ഞങ്ങൾ എങ്ങനെ നന്ദി പറയും – നേഴ്സസ് ഡേ സന്ദേശം

ദൈവത്തിന്റെ മാലാഖമാർ

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്

ഇന്ന് മെയ് മാസം 12, ദൈവത്തിന്റെ മാലാഖമാരുടെ ദിനമാണ്. ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഈ ദിനം ഇന്ന് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിൽ അതിന്റെ പിന്നിലെ കാരണം മറ്റൊന്നുമല്ല, ദൈവത്തിന്റെ മുഖമുള്ള വെള്ളയുടുപ്പു ധരിച്ച മാലാഖമാരുടെ സഹനവും സമർപ്പണവും ചാലിച്ച സ്നേഹത്തിന്റെ കരുതൽ നാം ഇന്ന് ആവോളം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടു മാത്രമാണ്. ഈ മനോഹരദിവസം അനേകരെ സൗഖ്യവഴികളിലേയ്ക്കു നയിക്കുന്ന ദൈവത്തിന്റെ സ്നേഹസ്പർശമായ സഹോദരീ-സഹോദരന്മാരെ നന്ദിയോടെ നമുക്കോർമ്മിക്കാം.

വി. അഗസ്റ്റിൻ ഇപ്രകാരം പറയുന്നുണ്ട്: “മാലാഖ മാലാഖയാകുന്നത് അതിന്റെ തനതായ സ്വഭാവം കൊണ്ടല്ല മറിച്ച്, ദൈവത്തിന്റെ ഇഷ്ടവും പേറി ദൈവത്താൽ അയയ്ക്കപ്പെടുമ്പോഴാണ്” എന്ന്. ദൈവത്തിന്റെ ഇഷ്ടവും പേറി അയയ്ക്കപ്പെട്ട ഈ മാലാഖമാർ സന്ദേശവാഹകർ മാത്രമല്ല, ലോകത്തിനുള്ള സന്ദേശം കൂടിയാണ്. “അഹത്തെ വെടിഞ്ഞ് അപരനെ അനുഗമിക്കണം” എന്നതാണ് ആ വലിയ സന്ദേശം. ആ അപരൻ അപ്പനാകാം, അമ്മയാകാം. അയൽവക്കക്കാരനാകാം ഒരുപക്ഷേ, നിന്റെ ആരുമല്ലായിരിക്കാം – സ്വന്തമായി കണ്ട് മാറോടണയ്ക്കാൻ മറക്കരുത്. ദൈവത്തിന്റെ മാലാഖമാർ ഒരു ഓർമ്മപ്പെടുത്തലാണ്. ആരുമില്ലെങ്കിലും അഭയമായി കൂടെയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ. കുരിശിലെ സ്നേഹത്തിന്റെ യഥാർത്ഥ മാതൃക.

ചൈനയിലെ വുഹാനിൽ കോറോണ ബാധിതരെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന തന്റെ അമ്മയെ കാണുവാൻ വളരെ നാളുകൾക്കുശേഷം അനുവാദം കിട്ടിയ ഒരു കുരുന്ന് പിതാവിന്റെ കരം പിടിച്ച് അങ്ങകലെ കരം വിരിച്ച് കരഞ്ഞുകൊണ്ടു നിൽക്കുന്ന അമ്മയെ നോക്കി ഇരുകരങ്ങളും വിരിച്ചുപിടിച്ച് ”I MISS YOU SO MUCH MOTHER” എന്ന് വാവിട്ടു നിലവിളിച്ചത് മനസ്സിൽ നിന്നു മായുന്നില്ല. സ്വന്തം കുടുംബത്തെയും സ്വന്തം ഇഷ്ടങ്ങളേയും സ്വജീവനെ തന്നെയും വേണ്ടായെന്നു വച്ച് ഈ ലോകത്തെ സ്നേഹിച്ചുസ്നേഹിച്ച് വീർപ്പുമുട്ടിക്കുന്ന ഞങ്ങളുടെ ദൈവത്തിന്റെ മാലാഖമാർക്ക് ഒരായിരം സ്നേഹം, ഒരായിരം നന്ദി…

ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട്, ബത്തേരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.