സര്‍ക്കസ് കലാകാരന്മാര്‍ക്ക് ആശംസകളുമായി വത്തിക്കാന്‍

സര്‍ക്കസ് കലാകരന്മാരും ജീവനക്കാരും സൗന്ദര്യത്തിന്റെ യഥാര്‍ത്ഥ ശില്പികളാണെന്ന് സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ മേധാവി കര്‍ദ്ദിനാള്‍ പീറ്റര്‍ കൊദ്വൊ അപ്പിയ ടര്‍ക്‌സണ്‍. പതിനൊന്നാം ലോക സര്‍ക്കസ് ദിനത്തോടനുബന്ധിച്ച് ലോക സര്‍ക്കസ് ഫെഡറേഷന്റെ അദ്ധ്യക്ഷന് അദ്ദേഹമയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

കോവിഡ് 19 മഹാമാരി, സര്‍ക്കസ് മേഖലയേക്കേല്പിച്ചിട്ടുള്ള ആഘാതത്തെക്കുറിച്ചും കര്‍ദ്ദിനാള്‍ ടര്‍ക്‌സണ്‍ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നു. പഴയതും പുതിയതുമായ ബലഹീനതകളെ വെളിപ്പെടുത്തുകയും നാമെല്ലാവരെയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഒരു ഭൂതക്കണ്ണാടിയാണ് ഈ പകര്‍ച്ചവ്യാധിയെന്നും സകലരെയും ആശ്ലേഷിക്കുന്നതും ഉള്‍ച്ചേര്‍ക്കുന്നതും പിന്തുണയ്ക്കുന്നതുമായ ഒരു സംസ്‌കൃതിക്ക് രൂപം നല്കുന്നതിലും വ്യക്തിയെ കേന്ദ്രീകരിക്കുന്നതായ ഒരു പരിവര്‍ത്തന പ്രക്രിയയിലും കൂട്ടുത്തരവാദിത്വം ഉള്ളവരായിരിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ആവശ്യത്തിലിരിക്കുന്നവരും പാര്‍ശ്വവല്‍ക്കരണത്തിന് സാധ്യതയുള്ളവരുമായവരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധിക്കാന്‍ ഇത് നമുക്ക് പ്രചോദനം പകരുമെന്നും കര്‍ദ്ദിനാള്‍ ടര്‍ക്‌സണ്‍ പറയുന്നു. ഈ രീതിയില്‍ മാത്രമേ നമുക്ക് ഓരോ വ്യക്തിയുടെയും അന്തസ്സിനെക്കുറിച്ചുള്ള ബോധ്യം, നമ്മുടെ എല്ലാ സഹോദരങ്ങളെയും സ്‌നേഹിക്കാനും സ്വീകരിക്കാനുമുള്ള കാരണങ്ങള്‍ എന്നിവ കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു..

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.