പാപ്പയുടെ നോമ്പുകാല സന്ദേശം രണ്ടാം ഭാഗം

2. പാപം നമ്മളെ അന്ധരാക്കുന്നു

ധനികനായ മനുഷ്യനെ അവന്റെ വൈരുദ്ധ്യങ്ങളോടെ ചിത്രീകരിക്കുന്നതിൽ ഉപമ ലുബ്ധു കാണിച്ചില്ല.  (cf. v. 19). ലാസറിനുള്ളതുപോലെ ഒരു പേര് സമ്പന്നനില്ല. അയാള്‍ വെറുതെ “സമ്പന്നനായ മനുഷ്യന്‍” എന്നുമാത്രം വിളിക്കപ്പെടുന്നു. അയാളുടെ സമ്പത്തിന്‍റെ അതിസമൃദ്ധി അയാളുടെ അനിയന്ത്രിതവും അമിതച്ചെലവുള്ളതുമായ വസ്ത്രങ്ങളില്‍ത്തന്നെ വെളിപ്പെടുന്നു. ചുമന്ന പട്ട് സ്വര്‍ണ്ണത്തേക്കാളും വെള്ളിയേക്കാളും വില കൂടിയതായിരുന്നു. അതുകൊണ്ട് അത് അവയെല്ലാം ദേവന്മാര്‍ക്കും  രാജാക്കന്മാര്‍ക്കും  മാത്രം പ്രാപ്യമായ ഒന്നായിരുന്നു.

മൃദുല വസ്ത്രം അതു ധരിക്കുന്നവന് മിക്കവാറും വിശുദ്ധരുടെ ഭാവം നല്‍കിയിരുന്നു. അയാള്‍ സ്വന്തം സമ്പദ് സമൃദ്ധിയെ പ്രദര്‍ശിപ്പിക്കാന്‍ ശീലമായിട്ടുള്ളവനായിരുന്നുവെന്നതു വ്യക്തമാണ്. അത് അയാള്‍ എല്ലാ ദിവസവും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അയാള്‍ “എന്നും സുഭിക്ഷമായി ഭക്ഷിച്ച്‌ ആനന്ദിക്കുകയും ചെയ്തിരുന്നു” (ലൂക്കാ 16: 19) അയാളില്‍ പാപം മൂലമുള്ള ജീർണ്ണതയെ നമുക്കു നാടകീയമായി കാണാന്‍ കഴിയും. അത് ക്രമബദ്ധമായി  ധനമോഹം, ദുരഭിമാനം , അഹങ്കാരം എന്നി മൂന്നു അവസ്ഥകളിലൂടെ പുരോഗമിക്കുന്നു.

“ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം (1 തിമോ. 6:10). എന്നാണ് വിശുദ്ധ പൗലോസ് പഠിപ്പിക്കുന്നത് . അഴിമതിയുടെ കാരണവും , അസൂയ, മാത്സര്യം, സംശയം എന്നിവയുടെ ഉറവിടവും അതു തന്നെയാണ്. പണത്തിന് നമ്മുടെമേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയും. സ്വേച്ഛാപരമായ വിഗ്രഹമായിത്തീരാന്‍പോലും അതിനു കഴിയും  (cf. Evangelii Gaudium, 55). നന്മ ചെയ്യാനും മറ്റുള്ളവരുമായുള്ള ഐക്യദാര്‍ഢൃം പ്രദർശിപ്പിക്കാനും നമ്മെ സഹായിക്കുന്ന  ഒരു ഉപകാരണമായിരിക്കേണ്ടതാണു പണം. പക്ഷേ അത് അതിനുപകരം നമ്മളെയും ലോകം മുഴുവനെയും സ്നേഹിക്കാന്‍ ഇടം തരാത്തതും സമാധാനത്തെ തടയുന്നതുമായ സ്വാര്‍ത്ഥതയുടെ യുക്തിയില്‍ ബന്ധനസ്ഥരാക്കുന്നു.
സമ്പത്തിനോടുള്ള അത്യാർത്തി തന്നെയാണ്  ധനികനെ   ശൂന്യനാക്കുന്നുവെന്ന് ഈ ഉപമ കാണിച്ചുതരുന്നു. അയാളുടെ വ്യക്തിത്വം തനിക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവരെ കാണിക്കുന്നതില്‍, പ്രദര്‍ശനങ്ങളില്‍, അടങ്ങിയിരിക്കുന്നു. എന്നാല്‍ അയാളുടെ ഉപരിപ്ലവമായ മുഖം മൂടി അയാളുടെ ആന്തരികശൂന്യതയെ മറച്ചുവയ്ക്കുന്നു. ധനികൻ തന്റെ    ബാഹ്യപ്രകടനത്തിന്‍റെ തടവുകാരനാണ്. അസ്തിത്വത്തിന്‍റെ ഏറ്റവും ഉപരിവിപ്ലവവും ക്ഷണഭംഗുരുവുമായ വശങ്ങളുടെ തടവുകാരനാണ്.

അഹങ്കാരമാണ്  അയാളുടെ ധാര്‍മ്മികാധ:പതനത്തിന്‍റെ ഏറ്റവും താഴത്തെ പടി.  സമ്പന്നനായ ആ മനുഷ്യന്‍ രാജാവിനെപ്പോലെ വേഷങ്ങള്‍ അണിയുന്നു. ഒരു ദൈവത്തെപ്പോലെ പെരുമാറുന്നു. കേവലം മർത്യനാണ് താനെന്ന് അയാള്‍ മറക്കുന്നു. സമ്പത്തിനോടുള്ള സ്നേഹത്താല്‍ ദുഷിച്ചവർക്ക് അവരുടെ തന്നെ അഹങ്കാരമല്ലാതെ വേറൊന്നും സ്വന്തമായില്ല. തങ്ങള്‍ക്കു ചുറ്റുമുള്ളവരെ അവര്‍ കാണുന്നില്ല. സമ്പത്തിനോടുള്ള ആസക്തി ഒരുതരം അന്ധതയാണ്. വിശന്നും മുറിവേറ്റും തന്‍റെ പടിവാതിൽക്കൽ  കിടക്കുന്ന ദരിദ്രനെ ധനികൻ കാണുന്നേയില്ല.

ഈ കഥാപാത്രത്തിലേക്കു നമ്മൾ കണ്ണോടിക്കുമ്പോൾ   എന്തുകൊണ്ടാണ് സുവിശേഷം ഇത്ര കർശനമായി ദ്രവ്യാഗ്രഹത്തെ കുറ്റപ്പെടുത്തുന്നതെന്നു നമുക്കു മനസ്സിലാകും : “രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഒന്നുകില്‍ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും മാമ്മോനെയും ഒരേ സമയം സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല” (മത്താ 6:24).

തുടരും….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.