ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ സഹമനുഷ്യരോടുള്ള കരുതലിന്റെയും കാരുണ്യത്തിന്റെയും ഉത്തമ മാതൃക: മാര്‍ മാത്യു മൂലക്കാട്ട്

ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ സഹമനുഷ്യരോടുള്ള കരുതലിന്റെയും കാരുണ്യത്തിന്റെയും ഉത്തമ മാതൃകയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി വിതരണം ചെയ്യുന്ന സഹായോപകരണങ്ങളുടെ വിതരണം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവരെ അവഗണിക്കാതെ മുഖ്യധാരാവത്ക്കരണത്തിന് അവസരം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ സിറിയക് ഓട്ടപ്പള്ളില്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സിസ്റ്റര്‍ ഷീബ എസ്.വി.എം, സിസ്റ്റര്‍ ആന്‍സലിന്‍ എസ്.വി.എം, കെ.എസ്.എസ്.എസ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മുതിര്‍ന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള സി.പി ചെയറുകള്‍, പീഡിയാട്രിക് സി.പി ചെയറുകള്‍, കോമോഡ് ചെയറുകള്‍ തുടങ്ങിയ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.