ലോക മത്സ്യബന്ധന ദിനത്തിന് വത്തിക്കാനില്‍ നിന്ന് സന്ദേശം

നവംബര്‍ 21-ന് ലോക മത്സ്യബന്ധന ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് വത്തിക്കാന്റെ സമഗ്ര മാനവ വികസന വിഭാഗം നല്‍കിയ സന്ദേശം.

മത്സ്യബന്ധന മേഖലയിലെ എല്ലാ വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങളും തൊഴിലവകാശങ്ങളും പൂര്‍ണ്ണമായി സംരക്ഷിക്കുന്നതിനുള്ള പാത നീണ്ടതും ദുര്‍ഘടവുമായിത്തന്നെ അവശേഷിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ ക്വദ്വൊ അപ്പിയാ ടര്‍ക്‌സണ്‍. എല്ലാ വര്‍ഷവും നവംബര്‍ 21-ന് ലോക മത്സ്യബന്ധന ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് വത്തിക്കാന്റെ സമഗ്ര മാനവ വികസന വിഭാഗത്തിന്റെ മേധാവിയായ അദ്ദേഹം ഒപ്പിട്ടു പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ ആശങ്കയുള്ളത്. മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പ്രത്യേകിച്ച്, കോവിഡ്-19 മഹാമാരിയുടെ ഈ കാലയളവില്‍ ഏറെ പരിതാപകരമാണെന്ന വസ്തുത സന്ദേശത്തില്‍ കര്‍ദ്ദിനാള്‍ ടര്‍ക്‌സണ്‍ അനുസ്മരിക്കുന്നുണ്ട്.

‘ഐക്യദാര്‍ഢ്യം സേവനത്തില്‍ മൂര്‍ത്തഭാവം കൈവരിക്കുന്നു’ എന്ന ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനമായ ‘ഫ്രത്തേല്ലി തൂത്തി’യിലെ വാക്കുകള്‍ അനുസ്മരിക്കുന്ന അദ്ദേഹം, മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള യത്‌നങ്ങള്‍ നവീകരിക്കാന്‍ അന്താരാഷ്ട്ര സംഘടനകളോടും സര്‍ക്കാരുകളോടും അഭ്യര്‍ത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.