പ്രായോഗികമായ പരിസ്ഥിതിവീക്ഷണം ഇന്നിന്‍റെ അനിവാര്യത എന്ന് പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍

ലോകത്തെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ നവമായൊരു സമര്‍പ്പണമാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍ക്കൊള്ളേണ്ടതെന്ന് കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍. സൃഷ്ടിയുടെ കാലത്തോട് അനുബന്ധിച്ച് ഇറക്കിയ സന്ദേശത്തില്‍ ആണ് ഈ കാര്യം അദ്ദേഹം ഊന്നിപ്പറഞ്ഞത്.

മനുഷ്യന്‍റെ ആവാസഗേഹമായ ഭൂമി മറ്റെല്ലാ കാലത്തെയുംകാള്‍ ഇന്ന് ഭീദിതമായ ഭീഷണി നേരിട്ടിരിക്കുന്നുവെന്ന് പൊതുവെ എല്ലാവരും മനസ്സിലാക്കാന്‍ തുടങ്ങിയത് ഈ മഹാമാരിയോടെ ആണ്. ആധുനിക സാങ്കേതികതയും മറ്റു കണ്ടുപിടുത്തങ്ങളും മനുഷ്യനെ പുരോഗതിയിലേയ്ക്കു നയിക്കുന്നുണ്ട്. എന്നാല്‍ സാങ്കേതികതയെ ദുരുപയോഗം ചെയ്താല്‍ അത് പ്രകൃതിക്ക് വിനാശകരമായിരിക്കും. അതിനാല്‍ പൊതുനന്മയും പരിസ്ഥിതിയുടെ സമഗ്രതയും സംരക്ഷിക്കുകയെന്നത് ഭൂമുഖത്തു വസിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്ത്വമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്നു ധാരാളം വ്യക്തികളും സമൂഹങ്ങളും പരിസ്ഥിതിയുടെ സുസ്ഥിതിക്കായി സമര്‍പ്പിതരായി കഴിഞ്ഞുവെങ്കിലും, രാഷ്ട്രങ്ങളും വന്‍കിട സാമ്പത്തിക വ്യവസായ പ്രസ്ഥാനങ്ങളും ഇതില്‍നിന്നും ഒഴിഞ്ഞുമാറി നില്ക്കുന്നത് ഖേദകരമാണെന്ന് പാത്രിയാര്‍ക്കിസ് ചൂണ്ടിക്കാട്ടി.

പാരിസ്ഥിതിക പ്രവൃത്തനങ്ങളും പ്രാര്‍ത്ഥനാ ദിനങ്ങളുമായി ഒരു ഭൂമി സംരക്ഷണ പരിപാടിക്ക് “സൃഷ്ടിയുടെ കാലം” എന്ന പേരില്‍ 1989-ല്‍ കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭകളില്‍ തുടക്കമിട്ടത് പാത്രിയാര്‍ക്കിസ് ബര്‍ത്തലോമ്യോയുടെ മുന്‍ഗാമി ദിമീത്രിയോസാണ്. അത് ബൈസാന്‍റൈന്‍ സഭയുടെ ആരാധനക്രമ വര്‍ഷത്തിന്‍റെ ആദ്യദിനം കൂടിയാണ്. ഇതര സഭകളോടു ചേര്‍ന്ന് അത് കത്തോലിക്കാ സഭയിലും  ആചരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തത് 2015-ല്‍ സെപ്റ്റംബര്‍ ഒന്നു മുതലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.