
ലോകത്തിൽ കോവിഡ് ഇരുൾ പരത്തിയെങ്കിലും ക്രിസ്തുമസിന്റെ പുതു പ്രതീക്ഷയിലേയ്ക്ക് സന്തോഷത്തോടെ കടക്കുകയാണ് ആഗോള ക്രൈസ്തവർ. കർശനമായ നിയന്ത്രണങ്ങളോടെയും സുരക്ഷാ നിർദ്ദേശങ്ങളോടെയും മിക്ക ഇടങ്ങളിലും തിരുപ്പിറവി കർമ്മങ്ങൾ നടന്നു. വിശുദ്ധ കുർബാനയുടെ എണ്ണം കൂട്ടിയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും കത്തോലിക്കർ ക്രിസ്തുമസ് കുർബാനയ്ക്കായി എത്തി.
ഡിസംബർ 24–Ɔο തിയതി ബുധനാഴ്ച പ്രാദേശിക സമയം രാത്രി 7.30-ന്, ഇന്ത്യയിലെ സമയം രാത്രി 12 മണിക്ക് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ തിരുപ്പിറവിയുടെ പ്രത്യേക കർമ്മങ്ങൾ നടത്തി. ക്രിസ്തുമസ്ദിനം, ഡിസംബർ 25–Ɔο തീയതി വ്യാഴാഴ്ച പ്രാദേശിക സമയം മദ്ധ്യാഹ്നം 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന് “ഊർബി എത് ഓർബി”, നഗരത്തോടും ലോകത്തോടും എന്ന ക്രിസ്തുമസ് സന്ദേശവും പൂർണ്ണദണ്ഡ വിമോചന ലബ്ധിയുള്ള ആശീർവ്വാദവും വൈറസ് ബാധയുടെ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് അപ്പസ്തോലിക അരമനയിലെ ആശീർവ്വാദത്തിൻറെ ഹാളിൽനിന്നും മറ്റു ചടങ്ങുകളോ ജനപങ്കാളിത്തമോ ഇല്ലാതെ നടത്തപ്പെടും.
ലോകത്തെ മൂടിയ പാപാന്ധകാരത്തെ നീക്കുവാൻ മനുഷ്യനായി അവതരിച്ച ദൈവകുമാരന്റെ ജനനത്തിന്റെ സന്തോഷം ആചരിക്കുന്ന ഈ ക്രിസ്തുമസ് ദിനത്തിൽ വരും നാളുകളെ അതിജീവിക്കുന്നതിനുള്ള പ്രതീക്ഷയോടെ നമുക്ക് നീങ്ങാം. പുൽകൂട്ടിലേയ്ക്ക് ആട്ടിടയന്മാരെയും ജ്ഞാനികളെയും നയിച്ച നക്ഷത്രത്തെ പോലെ പ്രതീക്ഷയുടെ വെള്ളി നക്ഷത്രമായി ക്രിസ്തു നമ്മുടെ ജീവിതത്തിലും മാറട്ടെ. ലൈഫ്ഡേയുടെ വായനക്കാർക്കു ക്രിസ്തുമസിന്റെ എല്ലാവിധ ആശംസകളും.