കരുണ: ഭൂമിയിൽ സ്വർഗ്ഗത്തിന്റെ അടയാളമായി മാറാനുള്ള മാർഗ്ഗം

തിരുഹൃദയഭക്തിയില്‍ ആഴപ്പെടേണ്ട ഈ മാസം തിരുഹൃദയത്തിന്റെ കരുണാര്‍ദ്രസ്നേഹത്തിന്റെ വിശാലതയില്‍ ജീവിക്കുവാന്‍ ഈശോ നമ്മോട് ആവശ്യപ്പെടുന്നു. ഈശോയുടെ തിരുഹൃദയത്തിന്റെ പുണ്യങ്ങൾ സ്വന്തമാക്കുമ്പോഴാണ് അവിടുത്തെ കരുണാര്‍ദ്ര സ്‌നേഹത്തിന്റെ വക്താക്കളായി മാറുവാന്‍ നമുക്ക് സാധിക്കുക.

കാലഘട്ടത്തിന്റെ കപടതയില്ലാത്ത, പിശുക്കില്ലാത്ത, സ്വാര്‍ത്ഥതയില്ലാത്ത എല്ലാവരെയും സ്‌നേഹിക്കുവാന്‍ കഴിയുന്ന ആത്മാവിനെ സ്വന്തമാക്കാം. എവിടെ സ്‌നേഹമുണ്ടോ അവിടെ ത്യാഗമുണ്ട്; അവിടെ നൊമ്പരമുണ്ട്. സഹനം കരുണയാണ്. ഈശോ നമ്മെ സ്‌നേഹിച്ചത് നൊമ്പരങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ്. കൊടുംപാപങ്ങള്‍ ചെയ്ത് തന്നില്‍ നിന്ന് അകന്നുപോയിട്ടും എന്തുകൊണ്ട് ദൈവം നമ്മെ ഇത്രമാത്രം സ്‌നേഹിക്കുന്നു. വി. മാര്‍ഗരറ്റ് അലക്കോക്കിന് പ്രത്യക്ഷപ്പെട്ട ഈശോ തന്റെ ഹൃദയത്തെ സംബന്ധിച്ച ഹൃദയരഹസ്യം വെളിപ്പെടുത്തി. തന്റെ ഹൃദയത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈശോ അരുളിച്ചെയ്യുന്നത്. “മനുഷ്യമക്കളോടുള്ള അധികസ്‌നേഹത്താല്‍ ജ്വലിക്കുന്ന എന്റെ സ്‌നേഹത്തിന്റെ ഹൃദയം നീ കാണുക. ഞാന്‍ മനുഷ്യമക്കളെ എത്രയധികം സ്‌നേഹിക്കുന്നുവെന്ന് നീ ലോകത്തോട് പ്രഘോഷിക്കുക.” സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനുമുള്ള ദൈവത്തിന്റെ അഭിലാഷമാണ് ഈ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാവുന്നത്. അന്ത്യ അത്താഴ സമയത്ത് യേശുവിന്റെ വക്ഷസ്സില്‍ ചാരിക്കിടന്ന് ആ ഹൃദയത്തിന്റെ സ്‌നേഹം തിരിച്ചറിഞ്ഞ യോഹന്നാന്‍ ആ ഹൃദയത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞു.

കരുണയുടെ ഭാവമുള്ളവരാകാം

തികഞ്ഞ ക്രൈസ്തവ വിരോധിയായിരുന്ന സാവൂള്‍ ഈശോയുടെ സ്‌നേഹം അനുഭവിച്ചറിഞ്ഞപ്പോള്‍ ലോകം കണ്ട ഏറ്റവും വലിയ പ്രേഷിതനായി മാറി. ക്രിസ്തുവിനെയും സഭയെയും അതിരറ്റ് പീഡിപ്പിച്ചുകൊണ്ട് ക്രിസ്ത്യാനികളെ മുഴുവനും ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിച്ച പൗലോസ് റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തിൽ ഇപ്രകാരം പറയുന്നു: “ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ആര്‍ നമ്മെ വേര്‍പെടുത്തും? ക്ലേശമോ, ദുരിതമോ, പീഡനമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ?” (റോമ 8:35). നമ്മുടെ സ്വഭാവവൈകല്യങ്ങള്‍ കണക്കിലെടുക്കാതെ നമ്മെ സ്‌നേഹിക്കുന്ന ദൈവം ദൈവകരുണയുടെ പ്രതീകമാണ്. പാപത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന അഗസ്റ്റ്യനെ വി. അഗസ്റ്റിന്‍ ആക്കിത്തീര്‍ത്ത സ്‌നേഹം. ആര്‍ഭാടജീവിതത്തിന്റെ മട്ടുപ്പാവില്‍ നിന്നും ഇറങ്ങിവന്ന് കൊടുംദാരിദ്ര്യത്തെ മണവാട്ടിയായി സ്വീകരിക്കാന്‍ അസ്സീസിയിലെ വി. ഫ്രാന്‍സിസിനെ പ്രേരിപ്പിച്ചത് ദൈവവചനമായിരുന്നു. ലൂക്ക 6:36-ല്‍ പറയുന്നു: “നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.” ഈശോയുടെ ഹൃദയത്തോട് ഐക്യപ്പെടുക വഴി മാത്രമേ നമുക്ക് കരുണയുടെ ഹൃദയം സ്വന്തമാക്കാനാവൂ. ക്രൈസ്തവരായ നമ്മില്‍ പ്രതിഫലിക്കേണ്ട കരുണയുടെ ഭാവങ്ങളാണ് നമ്മുടെ പ്രേഷിതപ്രവര്‍ത്തന മേഖലകളിലും അനുദിന പ്രവര്‍ത്തികളിലും രൂപപ്പെടേണ്ടത്.

ഫ്രാന്‍സിസ് പാപ്പായോട്, എന്താണ് കരുണ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്: “മനുഷ്യഹൃദയങ്ങളിലേയ്ക്ക് ഹൃദയം തുറക്കുക” എന്നാണ്. മുറിവേറ്റവരെ കാണുമ്പോള്‍ ഈശോ ശുശ്രൂഷിച്ചതുപോലെ ശുശ്രൂഷിക്കാന്‍ സാധിക്കുന്നത് ഈ കരുണയുടെ ഭാവങ്ങളാണ്. കല്‍ക്കത്തായിലെ വി. മദര്‍ തെരേസയ്ക്ക് കുഷ്ഠരോഗികളിലും അനാഥരിലും മുറിവേറ്റവരിലും ഈശോ ശുശ്രൂഷിച്ചതുപോലെ ശുശ്രൂഷിക്കാന്‍ സാധിച്ചതും ഈ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചപ്പോള്‍ അനേകം സമർപ്പിതർക്ക് സ്വന്തം ജീവന്‍ പോലും പണയം വച്ച്, സ്വന്തം ഭവനവും മക്കളെയും മറന്ന് രാപ്പകല്‍ ശുശ്രൂഷിക്കുവാന്‍ പ്രചോദനമായതും ഈ സ്‌നേഹം ഒന്നുമാത്രമാണ്.

ഈശോയുടെ സ്നേഹം പ്രകടമാകുന്ന കുരിശ്

ഈശോയുടെ തിരുഹൃദയം കാരുണ്യത്തിന്റെ നിലയ്ക്കാത്ത പ്രഭാകേന്ദ്രമാണ്. ഒറ്റിക്കൊടുത്തവനും മുറിവേല്‍പിച്ചവനും കാണിച്ചുകൊടുത്തത് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മുഖമാണ്. മുറിവേറ്റ് വേദനിക്കുന്ന മാനവരാശിയെ ശിക്ഷിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല. അവരെ സുഖപ്പെടുത്തി കരുണാര്‍ദ്രമായ തന്റെ ഹൃദയത്തോട് അടുപ്പിക്കുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ഏറ്റവും വലിയ പാപിക്കാണ് യേശുവിന്റെ ഹൃദയത്തില്‍ ഏറ്റവും കൂടുതല്‍ ഇടം. അവന്‍ അനുതപിക്കാന്‍ തയ്യാറായാല്‍ അവര്‍ക്ക് നാം പോലും അറിയാതെ കരുണയുടെ വര്‍ഷം ലഭിക്കും. ദൈവത്തിന്റെ കാരുണ്യം ഏറ്റവുമധികം പ്രകടമാകുന്നത് കുരിശിലാണ്. നല്ല കള്ളന് മാപ്പ് കൊടുത്ത് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്ന ഈശോ. വേദനയുടെ മൂര്‍ത്തീഭാവത്തിലും തന്നെ വേദനിപ്പിച്ചവരെ തന്റെ ചങ്കോട് ചേര്‍ത്ത് പാലിക്കുന്നു. കരുണയോടും അനുകമ്പയോടും കൂടെ പാപിയോട് അവന്റെ തെറ്റുകള്‍ ക്ഷമിക്കുകയും ഒരിക്കലും കൈവിടാതെ പാപിയെ സ്‌നേഹിക്കുകയും ചെയ്യുന്ന സ്‌നേഹം. ഈ സ്‌നേഹത്തെ സ്വന്തമാക്കുവാന്‍ നമുക്ക് പരിശ്രമിക്കാം.

ഈ കാലഘട്ടത്തില്‍ പ്രതികൂല, ദുഃഖദുരിതങ്ങളുടെ നടുവിലൂടെ യാത്ര ചെയ്യുമ്പോള്‍ നമുക്കും ഹൃദയങ്ങളെ നിർമ്മലമായി കാത്തുസൂക്ഷിക്കാം. അവിടെ ദൈവത്തിനും സഹോദരങ്ങൾക്കും സ്ഥലവും സ്ഥാനവും കൊടുക്കാം. സമ്പാദ്യങ്ങള്‍ ഇനിമുതല്‍ ഭൗതിക ബാങ്കുകളിലല്ല; സ്വര്‍ഗ്ഗീയമായവയില്‍ നിക്ഷേപിച്ചു തുടങ്ങാം. ഹൃദയമാകുന്ന അകപ്പുര ആവുന്നത്ര വിശാലമാക്കിക്കൊണ്ട് ദൈവസന്നിധിയില്‍ ധനികരും ധന്യരുമാകാം. പാപിയുടെ നേരെ ഏറ്റം കരുണയുള്ള ഈശോയുടെ തിരുഹൃദയമേ, എന്റെമേല്‍ കരുണയായിരിക്കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

സി. എത്സമ്മ കളപ്പുരയ്ക്കൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.