കരുണയ്ക്കായി പ്രാർത്ഥിച്ചുകൊണ്ട് കോവിഡ് കാലത്തെ ഒരു കരുണയുടെ സംഗീതം

    ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുമ്പോൾ മനുഷ്യരാശിക്കുമേൽ ദൈവത്തിന്റെ അനന്തകാരുണ്യം പൊഴിക്കണമേ എന്ന് യാചിച്ചുകൊണ്ട് ഒരു പ്രാർത്ഥനാഗീതം. മേഴ്‌സി സോങ് എന്ന പേരിൽ പുറത്തിറക്കിയ ഈ ഗാനം തയ്യാറാക്കിയത് ഡിയോ ഗ്രേഷ്യസ് ബാൻഡ് ആണ്. മേഴ്‌സി സോങിനെയും ഡിയോ ഗ്രേഷ്യസ് ബാൻഡിനെയും കുറിച്ച് കൂടുതൽ അറിയാം…

    ലോകം മുഴുവൻ കൊറോണ ഭീതിയിൽ വലയുകയാണ്. ലക്ഷങ്ങൾ മരിച്ചുവീഴുന്നു. മനുഷ്യനും ശാസ്ത്രവും എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിന്ന സമയം. ഈ പ്രതിസന്ധിഘട്ടം ദൈവത്തിന്റെ കരുണയിലേയ്ക്ക് തിരിയേണ്ട അവസരമാണെന്നും ലോകത്തിന്റെ ദുരിതങ്ങളിലേയ്ക്ക് ദൈവിക കരുണ ഒഴുകുമ്പോൾ അവിടെ മാറ്റങ്ങൾ വരുമെന്നും ഓർമ്മിപ്പിക്കുന്ന പാട്ടാണ് മേഴ്‌സി സോങ്. വി. ഫൗസ്റ്റീനായുടെ ഡയറിയിലെ വാക്കുകളാണ് ഈ പാട്ടിന് അടിസ്ഥാനം. ഈശോയുടെ രണ്ടാം വരവിനു മുന്നേ അവിടുത്തെ കരുണ കൊണ്ട് ലോകം നിറയും എന്നുള്ളതാണ് അതിന്റെ ഉള്ളടക്കം. ചുരുക്കത്തിൽ ദൈവകരുണയെ സ്വീകരിക്കുവാൻ ഒരുങ്ങുവാനുള്ള ആഹ്വാനമാണ് ഈ ഗാനം.

    ഏതാണ്ട് രണ്ടാഴ്ച കൊണ്ടാണ് ഈ പാട്ട് അതിന്റെ റെക്കോർഡിങ്ങും എഡിറ്റിംഗും പൂർത്തിയാക്കി പുറത്തിറങ്ങിയത്. പെന്തക്കുസ്താ ദിനത്തിൽ റിലീസ് ചെയ്ത ഈ ഗാനം അനേകർ ഏറ്റെടുത്തുകഴിഞ്ഞു. ഹണി മാത്യു ആണ് ഗാനം എഴുതിയതും ചിട്ടപ്പെടുത്തിയതും.

    2009 -ല്‍ ജീസസ് യൂത്ത് കൂട്ടായ്മയില്‍ നിന്നു വന്ന ഒരു ബാന്‍ഡ് ആണ് ഡിയോ ഗ്രേഷ്യസ് ബാൻഡ്. ഇതിലെ അംഗങ്ങളെല്ലാവരും തന്നെ ജീസസ് യൂത്തിലൂടെ വന്ന ആളുകളും. കാത്തലിക് ഗോസ്പല്‍ ബാന്‍ഡ് എന്നാണ് ഡിയോ ഗ്രേഷ്യസ് ബാൻഡ് അറിയപ്പെടുന്നത്. പതിനഞ്ച് അംഗങ്ങളാണ് ഈ ബാൻഡിനെ സജീവമായി നിലനിർത്തുന്നത്. അംഗങ്ങൾ മിക്കവരും ജോലിക്കാരാണ്. ഈ ബാൻഡിന്റെ പ്രധാന ലക്ഷ്യം സുവിശേഷവൽക്കരണം തന്നെ. അതിനാൽ, ക്രിസ്തീയമല്ലാത്ത മറ്റ് മ്യൂസിക് കൺസേർട്ടുകൾ ഒന്നും നടത്താറില്ല. കൂടുതലായും പല വൈദികരുടെയും ധ്യാനങ്ങളിലും മറ്റും ശുശ്രൂഷ ചെയ്യുന്നു ഈ ബാൻഡ് അംഗങ്ങൾ.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.