ദൈവകരുണയുടെ കുരിശിന്റെ വഴി

ദൈവകരുണയുടെ വിശുദ്ധയായ സിസ്റ്റർ മരിയ ഫൗസ്റ്റീന കോവാൾസ്കായുടെ 1905-1938 (വിശുദ്ധ ഫൗസ്റ്റീനയുടെ) ദൈവകരുണയുടെ കരുശിന്റെ വഴിയാണിത്. ഈശോയും വിശുദ്ധ ഫൗസ്റ്റീനയും തമ്മിലുള്ള ഒരു സംസാരരീതിയിലാണ് കുരിശിന്റെ വഴി പുരോഗമിക്കുന്നത്. വിശുദ്ധയുടെ അനുദിന ഡയറിയിൽ (Diary: Divine Mercy in My Soul) നമ്പറുകളാണ് ഈ കുരിശിന്റെ വഴിയിൽ ബ്രായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ ഫൗസ്റ്റീനയോടു ചേർന്ന് കരുണയുടെ ഈ കുരുശിന്റെ വഴിയിൽ നമുക്കു പ്രാർത്ഥിക്കാം.

പ്രാരംഭ പ്രാർത്ഥനാ

കാരുണ്യവാനായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. കുരിശു വഴിയായി ഞങ്ങളെ രക്ഷിച്ച അങ്ങേ പ്രിയ പുത്രനെ ഓർത്തു ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു. ഈ കുരിശു യാത്രയിൽ  എനിക്കും അങ്ങേ പ്രിയപുത്രനെ വിശ്വസ്തതയോടെ അനുഗമിക്കണം. എനിക്കു അങ്ങയെ എന്റെ ജീവിതത്തിൽ പൂർണ്ണമായി അനുകരിക്കണം. അതിനാൽ അങ്ങയുടെ പീഡാനുഭവത്തെ ധ്യാനിച്ചുകൊണ്ട് എനിക്കു വേണ്ടിയും ലോകം മുഴുവനും വേണ്ടിയുള്ള അങ്ങയുടെ രക്ഷണീയ കർമ്മത്തിൽ പൂർണ്ണമായ അറിവോടും സമ്മതത്തോടും കൂടെ പങ്കുചേരാൻ എന്നെ സഹായിക്കണമേ.

പരിശുദ്ധ മറിയമേ, കാരുണ്യ നാഥേ, ഈശോയോടു എന്നു വിശ്വസ്തയായിരുന്നവളേ നിന്റെ പ്രിയപുത്രന്റെ ദു:ഖകരമായ കാൽപ്പാടുകളിലൂടെ യാത്ര ചെയ്യുന്നതിനു നിന്റെ പുത്രന്റെ പക്കൽ ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ. ആമ്മേൻ

കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ഒന്നാം സ്ഥലം: ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“പ്രധാന പുരോഹിതന്മാരും ന്യായാധിപസംഘം മുഴുവനും യേശുവിനെ മരണത്തിനേൽപിച്ചു കൊടുക്കേണ്ടതിന് അവനെതിരെ കള്ളസാക്ഷ്യം അന്വേഷിച്ചു. പല കള്ള സാക്ഷികൾ വന്നെങ്കിലും അവർക്കു സാക്ഷ്യമൊന്നും കിട്ടിയില്ല” (മത്താ 26: 59-60)

ഈശോ
അന്യായമായി ചിലപ്പോൾ കുറ്റാരോപിതനാകുമ്പോൾ നി അത്ഭുതപ്പെടരുത്. നിന്നോടുള്ള സ്നേഹത്തെ പ്രതി അനർഹമായ സഹനത്തിന്റെ പാനപാത്രം ഞാൻതന്നെ ആദ്യം കുടിച്ചു(289). ഹേറോദോസിന്റെ മുമ്പിൽ ഞാൻ നിലകൊണ്ട സമയത്തു  മാനുഷികമായ തിരസ്കാരങ്ങളിൽ നിന്നു നീ എഴുന്നേൽക്കുവാനും എന്റെ കാൽപ്പാടുകൾ വിശ്വസ്തതയോടെ പിൻചെഞ്ചല്ലാനുള്ള കൃപ  നിനക്കു വേണ്ടി ഞാൻ സമ്പാദിച്ചു (1164).

വി. ഫൗസ്റ്റീന
നമ്മൾ വാക്കുകൾ കൊണ്ടു പെട്ടന്നു സംവേദിക്കുന്നവരും, ഇപ്പോൾ ഞാൻ സംസാരിക്കുന്നതു ദൈവഹിതമാണോ എന്നു പരിശോധിക്കാതെ പെട്ടന്നു തന്നെ പ്രതികരിക്കുന്നവരുമാണ്. നിശബ്ദമായ ആത്മാവ് ശക്തമാണ്: നിശബ്ദത കാത്തുസൂക്ഷിക്കുന്നിടത്തോളം യാതൊരു ദൗർഭാഗ്യങ്ങളും അതിനെ ഉപദ്രവിക്കില്ല. ദൈവവുമായി ഏറ്റവും അടുക്കുന്നതിനു ശാന്തമായ ആത്മാവിനു വേഗത്തിൽ സാധിക്കും (477).

പ്രാർത്ഥന
കാരുണ്യവാനായ ഈശോയെ, എല്ലാ മാനുഷിക വിലയിരുത്തലുകളെയും എങ്ങനെ സ്വീകരിക്കണമെന്നു എന്നെ പഠിപ്പിക്കണമേ. എന്റെ അയൽക്കാരിൽ നിന്റെ മുഖം ദർശിച്ചുകൊണ്ടു അവരെ അന്യായമായി വിധിക്കാതിരിക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ.

രണ്ടാം സ്ഥലം: ഈശോ മിശിഹാ കുരിശു ചുമക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“പീലാത്തോസ് യേശുവിനെ ചമ്മട്ടി കൊണ്ട് അടിപ്പിച്ചു. പടയാളികൾ ഒരു മുൾക്കിരീടമുണ്ടാക്കി അവന്റെ തലയിൽ വച്ചു, ഒരു ചെമന്ന മേലങ്കി അവനെ അണിയിച്ചു. അവർ അവന്റെ അടുക്കൽ വന്ന് യഹൂദരുടെ രാജാവേ, സ്വസ്തി! എന്നു പറഞ്ഞ് കൈ കൊണ്ട് അവനെ പ്രഹരിച്ചു. പീലാത്തോസ് വീണ്ടും പുറത്തു വന്ന് അവരോടു പറഞ്ഞു: ഒരു കുറ്റവും ഞാൻ അവനിൽ കാണുന്നില്ല എന്നു നിങ്ങൾ അറിയാൻ ഇതാ, അവനെ നിങ്ങളുടെ അടുത്തേക്കു കൊണ്ടു വരുന്നു. മുൾകീരിടവും ചെമന്ന മേലങ്കിയും ധരിച്ചു യേശു പുറത്തേക്കു വന്നു. അപ്പോൾ പീലാത്തോസ് അവരോടു പറഞ്ഞു: ഇതാ മനുഷ്യൻ! അവനെക്കണ്ടപ്പോൾ പുരോഹിതപ്രമുഖൻമാരും സേവകരും വിളിച്ചു പറഞ്ഞു: അവനെ ക്രൂശിക്കുക !അവനെ ക്രൂശിക്കുക ! (യോഹ 19: 1 – 6).

ഈശോ
സഹനങ്ങളെ പ്രതി നി ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട് (151). സഹനങ്ങളെ നീ കൂടുതൽ സ്നേഹിക്കാൻ തുടങ്ങുമ്പോൾ എന്നോടുള്ള നിന്റെ സ്നേഹം കൂടുതൽ പരിശുദ്ധമായിത്തീരും (279).

വി. ഫൗസ്റ്റീന
ഈശോയെ, അനുദിനമുള്ള കൊച്ചു കൊച്ചു കുരിശുകൾക്കു നിന്നോടു ഞാൻ നന്ദി പറയുന്നു, എന്റെ ഉദ്യമങ്ങൾക്കെതിരെയുള്ള എതിർപ്പുകൾ ഉണ്ടാകുമ്പോൾ, സമൂഹ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ, എന്റെ നിയോഗങ്ങളെ ദുർവ്യാഖ്യാനം ചെയ്യുമ്പോൾ, മറ്റുള്ളവരിൽ നിന്നു എളിമപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ, കഠിനമായ രീതിയിൽ ഞങ്ങളോടു പെരുമാറുമ്പോൾ, തെറ്റായ സംശയങ്ങൾക്ക്, അനാരോഗ്യത്തിനും ശക്തിയില്ലായ്മക്കും, ആത്മപരിത്യാഗത്തിനും, എന്നോടു തന്നെ മരിക്കേണ്ടി വരുമ്പോൾ, എല്ലാക്കാര്യത്തിലും അംഗീകാരം ലഭിക്കാതെ വരുമ്പോൾ, എന്റെ എല്ലാ പദ്ധതികളും തകിടം മറിയുമ്പോൾ ഈശോയെ ഞാൻ അങ്ങേക്കു നന്ദി പറയുന്നു (343).

പ്രാർത്ഥന
കാരുണ്യവാനായ ഈശോയെ, എന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും, രോഗങ്ങളും എല്ലാ സഹനങ്ങും വിലമതിക്കാൻ എന്നെ പഠിപ്പിക്കണമേ. അങ്ങനെ അനുദിന ജീവിതത്തിലെ കുരിശുകളെ സ്നേഹത്തോടെ വഹിച്ചുകൊണ്ടു അങ്ങയെ അനുഗമിക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ.

മൂന്നാം സ്ഥലം: ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി, എന്നിട്ടും അനേകരുടെ പാപഭാരം അവൻ പേറി; അതിക്രമങ്ങൾക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു” (ഏശയ്യാ : 53, 6, 12).

ഈശോ
ആത്മാക്കളുടെ മന:പൂർവ്വമല്ലാത്ത കുറ്റങ്ങൾ അവരോടുള്ള എന്റെ സ്നേഹത്തിനു തടസ്സം സൃഷ്ടിക്കുകയോ അവരോടു എനിക്കു ഐക്യപ്പെടുന്നതിൽ നിന്നു പിൻതിരിപ്പിക്കുകയോ ചെയ്യുകയില്ല. എന്നാൽ ബോധപൂർവ്വമായ തെറ്റുകൾ, അവ ഏറ്റവും ചെറുതായാൽ പോലും, എന്റെ കൃപകൾക്കു പ്രതിബന്ധം ഉണ്ടാക്കും, അങ്ങനെയുള്ള ആത്മാക്കൾക്കു എന്റെ ദാനങ്ങൾ സമൃദ്ധമായി നൽകാൻ എനിക്കു കഴിയുകയില്ല (1641).

വി. ഫൗസ്റ്റീന
എന്റെ ഈശോയെ, നിന്റെ കൃപകളെ നിന്ദിക്കുമ്പോൾ എന്റെ എല്ലാ ദുരിതങ്ങും ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു … ഓ എന്റെ ഈശോയെ, തിന്മയോടു എത്രമാത്രം പ്രവണതയുള്ളവളാണു ഞാൻ, ഇത് നിരന്തരം ജാഗ്രത പാലിക്കാൻ എന്നെ നിർബന്ധിക്കുന്നു. എന്നാൽ എന്റെ ഹൃദയത്തെ ഞാൻ നഷ്ടപ്പെടുത്തുകയില്ല. എറ്റവും മോശമായ ദുരിതങ്ങളിൽ നിന്നു പോലും കരകയറ്റുന്ന ദൈവകൃപയിൽ ഞാൻ ശരണപ്പെടുന്നു (606).

പ്രാർത്ഥന
കാരുണ്യവാനായ ദൈവമേ, ഏറ്റവും നിസ്സാരവും ബോധപൂർവ്വവുമായ അവിശ്വസ്തകളിൽ നിന്നും എന്നെ സംരക്ഷിക്കണമേ. ആമ്മേൻ

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ

നാലാം സ്ഥലം: ഈശോ വഴിയിൽ വച്ചു തന്റെ മാതാവിനെ കാണുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദ വിഷയമായ അടയാളവുമായിരിക്കും. അങ്ങനെ അനേകരുടെ ഹൃദയ വിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും” (ലൂക്കാ: 2: 34 – 35).

ഈശോ
എന്റെ ഹിതത്തിനനുസരിച്ചു വരുന്ന എല്ലാ പ്രവർത്തികളിലും വലിയ സഹനങ്ങൾ ദൃശ്യമാണങ്കിലും അവയിൽ ഏതെന്തെങ്കിലും എന്റെ രക്ഷണീയ കർമ്മത്തെക്കാൾ വലിയ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണോ എന്നു പരിശോധിക്കുക. ദുരിതങ്ങൾ ഓർത്തു നി അധികം ആകുലപ്പെടേണ്ടാ (1643).

വി. ഫൗസ്റ്റീന
അവർണ്ണനീയമായ സൗന്ദര്യമുള്ളവളായി പരിശുദ്ധ കന്യകാമറിയത്തെ ഞാൻ കണ്ടു. അവൾ എന്നെ അവളോടു ചേർത്തുനിർത്തി പറഞ്ഞു, ദൈവത്തിന്റെ ആഴമേറിയ കാരുണ്യത്താൽ ഞാൻ നിങ്ങളുടെ എല്ലാവരുടെയും അമ്മയാണ്. ദൈവഹിതം വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന ആത്മാവിനെയാണ് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുക. ധൈര്യവതീയായിരിക്കുക. ദൃശ്യമായ തടസ്സങ്ങൾ കണ്ടു നി ഭയപ്പെടേണ്ട, എന്റെ മകന്റെ പീഡാസഹനങ്ങളിൽ നിന്റെ ദൃഷ്ടി ഉറപ്പിക്കുക, അതുവഴി നി വിജയം വരിക്കും (449).

പ്രാർത്ഥന
പരിശുദ്ധ മറിയമേ, കാരുണ്യത്തിന്റെ അമ്മേ, നിന്റെ പ്രിയപുത്രന്റെ കുരിശു യാത്രയിൽ കൂടെ നിന്നതു പോലെ എന്നോടും, പ്രത്യേകിച്ച് സഹന നിമിഷങ്ങളിൽ ചേർന്നു നിൽക്കണമേ. ആമ്മേൻ

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ.

അഞ്ചാം സ്ഥലം: ശിമയോൻ ഈശോയെ സഹായിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“അവർ അവനെ കൊണ്ടു പോകുമ്പോൾ, നാട്ടിൻ പുറത്തു നിന്ന് ആ വഴി വന്ന ശിമയോൻ എന്ന ഒരു കിറേനേക്കാരനെ പിടിച്ചു നിർത്തി കുരിശ് ചുമലിൽവച്ച് യേശുവിന്റെ പുറകേ ചുമന്നുകൊണ്ടുവരാൻ നിർബന്ധിച്ചു” (ലൂക്കാ: 23:26).

ഈശോ
രാത്രിയും പകലും   ഇവ വെട്ടാതെ ഞാൻ അവനെ നോക്കുന്നു എന്നു നീ എഴുതുക, അവന്റെ യോഗ്യത വർദ്ധിപ്പിക്കുന്നതിനാണ് ഞാൻ ഈ ദുരിതങ്ങൾ അനുവദിക്കുന്നത്. നല്ല ഫലങ്ങൾക്കു ഞാൻ പ്രതിഫലം തരുകയില്ല എന്നാൽ എനിക്കു വേണ്ടി നീ കടന്നു പോയ കഷ്ടപ്പാടുകൾക്കും ക്ഷമക്കും ഞാൻ പ്രതിഫലം തരും (86).

വി. ഫൗസ്റ്റീന
ഈശോയെ, ഒരു പ്രവർത്തിയുടെ വിജയകരമായ നിർവഹണത്തിനല്ല നി പ്രതിഫലം നൽകുന്നത്, പക്ഷേ നല്ല മനസ്സിനും ചെയ്ത ജോലിക്കുമാണ്. അതിനാൽ എന്റെ എല്ലാ പ്രയനങ്ങളും പരിശ്രമങ്ങളും   വിഫലമായാലും തടസ്സപ്പെട്ടാലും ഞാൻ പൂർണ്ണമായും സമാധാനത്തിലാണ്(952).

പ്രാർത്ഥന
ഈശോയെ, എന്റെ ദൈവമേ, എന്റെ എല്ലാ ചിന്തയും വാക്കുകളും പ്രവർത്തികളും പൂർണ്ണമായും നിന്നോടുള്ള സ്നേഹത്തെ പ്രതിയാകട്ടെ. എന്റെ നിയോഗങ്ങളെ നീ വിശുദ്ധീകരിക്കണമേ. ആമ്മേൻ

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ.

ആറാം സ്ഥലം: വെറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“തൈച്ചെടിപോലെ, വരണ്ട ഭൂമിയിൽ നിൽക്കുന്ന മുളപോലെ, അവൻ അവിടുത്തെ മുൻപിൽ വളർന്നു. ശ്രദ്ധാർഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകർഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദു:ഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു” (ഏശയ്യാ 53: 2 – 3).

ഈശോ
എതു ആത്മാക്കൾക്കു എന്തു നന്മ ചെയ്താലും അതു എനിക്കു വേണ്ടി ചെയ്തതുപോലെ ഞാൻ സ്വീകരിക്കുമെന്നു നി അറിയുക (1768).

വി. ഫൗസ്റ്റീന
എങ്ങനെ നല്ലവളാകാമെന്നു നന്മ തന്നെയായ അവനിൽ നിന്ന് ഈശോയിൽ നിന്നു ഞാൻ പഠിക്കുന്നു, അതുവഴി സ്വർഗ്ഗസ്ഥനായ പിതാവിന്റെ മകൾ എന്നു ഞാൻ വിളിക്കപ്പെടും (669). ചെറിയ കാര്യങ്ങളെ മഹത്തരമാക്കാൻ വലിയ സ്നേഹത്തിനു കഴിയും, നമ്മുടെ പ്രവർത്തികൾക്ക് മൂല്യം നൽകുന്നതു ഈ സ്നേഹമാണ് (303).

പ്രാർത്ഥന
ഈശോയെ, എന്റെ ഗുരു നാഥാ എന്റെ കണ്ണുകളും, കരങ്ങളും, അധരങ്ങളും ഹൃദയവും എപ്പോഴും കരുണാർദ്രമായിരിക്കാൻ കൃപ തരണമേ. എന്നെ കാരുണ്യമുള്ളവനായി / കാരുണ്യമുള്ളവളായി രൂപാന്തരപ്പെടുത്തണമേ. ആമ്മേൻ

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ.

ഏഴാം സ്ഥലം: ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“അവൻ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദു:ഖങ്ങളാണ് അവൻ ചുമന്നത്. എന്നാൽ ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും  ദൻഡിപ്പിക്കുകയും ചെയ്തെന്നു നാം കരുതി (ഏശയ്യാ 53: 4).

ഈശോ
നീ നിന്നിൽ തന്നെ കൂടുതലായി ആശ്രയിക്കുകയും എന്നിൽ കുറച്ചു മാത്രം ശരണപ്പെടുകയും ചെയ്യുന്നതാണ് നിന്റെ പരാജയങ്ങളുടെ കാരണം. പക്ഷേ ഇതു നിന്നെ ഒത്തിരി സങ്കടപ്പെടുത്തരുത്. നീ കാരുണ്യവാനായ ദൈവവുമായാണ് ഇടപെടുന്നത്.(1488).നിനക്കുതന്നെ ഒന്നും ചെയ്യാൻ കഴിയില്ലന്നു നീ അറിയുക (639). എന്റെ പ്രത്യേക സഹായമില്ലാതെ നിനക്കു എന്റെ കൃപകൾ സ്വീകരിക്കാൻ കഴിയുകയില്ല (738).

വി. ഫൗസ്റ്റിന
ഈശോ എന്നെ സഹനങ്ങളിൽ തനിയെ ഉപേക്ഷിക്കുകയില്ല. ദൈവമേ, ഞാൻ എത്ര ബലഹീനയാണന്നു നിനക്കറിയാമല്ലോ. കുത്സിതത്തിന്റെ ഒരു ഗർത്തം തന്നെയാണു ഞാൻ, ഞാൻ ഒന്നുമല്ല. എന്നെ തനിയെ വിടുകയും ഞാൻ വീഴുകയും ചെയ്താൽ അതു വലിയ വിചിത്രമായിരിക്കും (1489). അതുകൊണ്ട് നീ യേശുവേ നീ നിസ്സഹായകയായ ഒരു കുട്ടിയുടെ അടുക്കൽ അമ്മ നിൽക്കുന്നതുപോലെ, അതിനേക്കാൾ കൂടുതലായി നീ എന്റെ അടുത്തു  നിൽക്കണം (264).

പ്രാർത്ഥന
ദൈവമേ,  ഒരേ തെറ്റിൽ തന്നെ പതിവായി വീഴാതിരിക്കാൻ നിന്റെ  കൃപ എന്നെ സഹായിക്കട്ടെ. ഞാൻ പാപത്തിൽ വീണുപോയാൽ  ഉടൻ തന്നെ എഴുന്നേൽക്കുവാനും നിന്റെ കാരുണ്യത്തെ മഹത്വപ്പെടുത്തുവാനും എനിക്കു ശക്തി നൽകണമേ. ആമ്മേൻ

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ,  ഞങ്ങളോടു കരുണയായിരിക്കണമേ.

എട്ടാം സ്ഥലം: ഈശോ മിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയും ചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്റെ പിന്നാലെ പോയിരുന്നു. അവരുടെ നേരേ തിരിഞ്ഞ് യേശു പറഞ്ഞു: ജറുസലെം പുത്രിമാരേ, എന്നെ പ്രതി നിങ്ങൾ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിൻ” (ലൂക്കാ 23: 27-28).

ഈശോ
ജീവിക്കുന്ന വിശ്വാസം എന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നു!(1420). വിശ്വാസത്തിന്റെ ചൈതന്യത്തിൽ എല്ലാവരും ജീവിക്കാൻ ഞാൻ ആവശ്യപ്പെടുന്നതായി എല്ലാവരോടും പറയുക (353).

വി. ഫൗസ്റ്റിന
എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാനായി തീക്ഷ്ണമായി ദൈവത്തോടു യാചിക്കുന്നു.  അങ്ങനെ എന്റെ ചെയ്തികൾ, എന്റെ അനുദിന ജീവിതം,  മാനുഷിക വ്യവസ്ഥകളാൽ നയിക്കപ്പെടാതെ, ആത്മാവിന്റെ ഹിതമനുസരിച്ചായിരിക്കും. ഓ എങ്ങനെയാണ് ലോകം മനുഷ്യനെ എല്ലാത്തിലും വലിച്ചിഴക്കുന്നത്! എന്നാൽ ജീവിക്കുന്ന വിശ്വാസം ആത്മാവിനെ ഉന്നതങ്ങളിൽ നിലനിർത്തുകയും, സ്വയ സ്നേഹത്തെ അതിന്റെ ശരിയായ സ്ഥാനത്തു, അതായത് ഏറ്റവും താഴത്തെ നിരയിൽ നിർത്തുകയും ചെയ്യുന്നു (210).

പ്രാർത്ഥന
കാരുണ്യവാനായ ദൈവമേ, വിശുദ്ധ മാമ്മോദീസായ്‌ക്കും, വിശ്വാസത്തിന്റെ കൃപയ്ക്കും ഞാൻ അങ്ങയോടു നന്ദി പറയുന്നു. ഞാൻ എന്റെ വിശ്വാസം  നിന്റെ മുമ്പിൽ തുടർച്ചായി ഏറ്റുപറയുന്നു. ദൈവമേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ. ആമ്മേൻ

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ

ഒൻപതാം സ്ഥലം: ഈശോ മിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“അവൻ മർദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവൻ ഉരിയാടിയില്ല. കൊല്ലാൻ കൊണ്ടു പോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻപിൽ നിൽക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം പാലിച്ചു. മർദ്ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവൻ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപം നിമിത്തമാണ് അവൻ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയിൽ നിന്നു വിച്ഛേദിക്കപ്പെട്ടതെന്ന് അവന്റെ തലമുറയിൽ ആരു കരുതി?. അവൻ ഒരു അതിക്രമവും ചെയ്തില്ല: അവന്റെ വായിൽ നിന്നു വഞ്ചന പുറപ്പെട്ടുമില്ല….. അവനു ക്ഷതമേൽക്കണമെന്നത് കർത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങൾക്കു വിട്ടുകൊടുത്തത്.പാപപരിഹാര ബലിയായി തന്നെത്തന്നെ അർപ്പിക്കുമ്പോൾ അവൻ തന്റെ സന്തതി പരമ്പരയെ കാണുകയും ദീർഘായുസു പ്രാപിക്കുകയും ചെയ്യും; കർത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും” (ഏശയ്യാ 53:7-10).

ഈശോ
എന്റെ മകളെ, നിരുത്സാഹവും അമിതമായ ആകുലതയുമാണു വിശുദ്ധിയിലേക്കുള്ള ഏറ്റവും വലിയ തടസ്സങ്ങൾ എന്നു നീ അറിയണം. പുണ്യം പരിശീലിക്കാനുള്ള നിന്റെ കഴിവിനെ ഇവ നശിപ്പിച്ചു കളയും. ക്ഷമ ചോദിക്കാൻ വരുന്നതിൽ നിന്റെ ഹൃദയം നഷ്ടധൈര്യമാകേണ്ട, നിന്നോടു ക്ഷമിക്കാൻ ഞാൻ എന്നും സന്നദ്ധനാണ്. എത്ര പ്രാവശ്യം നീ ഇതു യാചിക്കുന്നുവോ എന്റെ കരുണയെയാണു നീ മഹത്വപ്പെടുത്തുന്നത് (1488).

വി. ഫൗസ്റ്റീന
എന്റെ ഈശോയെ, നിന്റെ കൃപകളെ നിന്ദിക്കുമ്പോൾ എന്റെ എല്ലാ ദുരിതങ്ങും ഞാൻ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു . ഞാൻ എന്റെ ദിവസം പോരാട്ടത്തോടെ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു. ഒരു തടസ്സം ഞാൻ തരണം ചെയ്യുമ്പോൾ പത്തെണ്ണം അതിന്റെ സ്ഥാനത്തു പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഞാൻ ആകുലപ്പെടുന്നില്ല, കാരണം എനിക്കറിയാം ഇതു പോരാട്ടാങ്ങളുടെ സമയമാണ് അല്ലാതെ സമാധാനത്തിന്റേതല്ല (606).

പ്രാർത്ഥന
കാരുണ്യവാനായ ദൈവമേ, എനിക്കു സ്വന്തമായുള്ളതെല്ലാം സമ്പൂർണ്ണമായി നിനക്കു നൽകുന്നു, എന്റെ പാപങ്ങൾ എന്റെ മാനുഷിക ബലഹീനതകൾ. നിന്റെ അളവില്ലാത്ത കാരുണ്യത്താൽ എന്റെ ദുരിതങ്ങളെ നീ മായ്ക്കണമേ. ആമ്മേൻ

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ.

പത്താം സ്ഥലം: ദിവ്യരക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“പടയാളികൾ യേശുവിനെ ക്രൂശിച്ചതിനു ശേഷം അവന്റെ വസ്ത്രങ്ങൾ നാലായി ഭാഗിച്ചു – ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവർ എടുത്തു. അതാകട്ടെ തുന്നലില്ലാതെ മുകൾ മുതൽ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു. ആകയാൽ, അവർ പരസ്പരം പറഞ്ഞു: നമുക്ക് അതു കീറേണ്ടാ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കു വേണ്ടി അവർ കുറിയിട്ടു എന്ന തിരുവെഴുത്തു പൂർത്തിയാകാൻ വേണ്ടിയാണ് പടയാളികൾ ഇപ്രകാരം ചെയ്തത്” (യോഹ: 19: 23-24).

വി. ഫൗസ്റ്റീന
ഈശോ വസ്ത്രം ഉരിഞ്ഞെടുക്കപ്പെട്ട എന്ന നിലയിൽ എന്റെ മുൻപിൽ നിൽക്കുകയായിരുന്നു, അവന്റെ ശരീരം മുഴുവൻ മുറിവുകളാൽ ആവൃതമായിരുന്നു, അവന്റെ കണ്ണുകൾ രക്തത്താലും കണ്ണീരാലും തളം കെട്ടിയിരുന്നു. അവന്റെ മുഖം വികൃതവും തുപ്പൽ കൊണ്ടു മൂടപ്പെട്ടതുമായിരുന്നു

ഈശോ
മണവാട്ടി അവളുടെ മണവാളനു സാദൃശ്യമായിരിക്കണം.

വി. ഫൗസ്റ്റീന
ഈ വാക്കുകളുടെ അന്തരാർത്ഥം ഞാൻ മനസ്സിലാക്കി. സംശയത്തിനുള്ള ഒരു സാധ്യതയും ഇവിടെയില്ല. ഈശോയോടുള്ള എന്റെ സാദൃശ്യം സഹനങ്ങളിലും എളിമയിലും ആയിരിക്കണം (268).

പ്രാർത്ഥന
ഹൃദയ ശാന്തതയും എളിമയുള്ള ഈശോയുടെ ഹൃദയമേ, എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെയാക്കേണമേ. ആമ്മേൻ.

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ.

പതിനൊന്നാം സ്ഥലം: ഈശോമിശിഹാ കുരിശിൽ തറയ്ക്കപ്പെടുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“തലയോടിടം എന്നർഥമുള്ള ഗോൽഗോഥായിൽ അവർ അവനെ കൊണ്ടുവന്നു.  അവർ അവനെ കുരിശിൽ തറച്ചപ്പോൾ മൂന്നാം മണിക്കൂർ ആയിരുന്നു”(മർക്കോ 15: 22, 25).

ഈശോ
എന്റെ ശിഷ്യേ, നിന്റെ സഹനങ്ങൾക്കു കാരണമാകുന്നവരോട് വലിയ സ്നേഹമുണ്ടായിരിക്കണം. നിന്നെ വെറുക്കുന്നവർക്കു നന്മ ചെയ്യുക. (1628).

വി. ഫൗസ്റ്റീന
ഓ എന്റെ ഈശോയെ , നമ്മുടെ സ്വഭാവത്തിനു വിഭിന്നരോടും ബോധപൂർവ്വമോ, അല്ലാതെയോ നമുക്കു സഹനം തന്നവരോടും ആത്മാർത്ഥതയോടും പക്ഷപാതമില്ലാതെയും ജീവിക്കണമെങ്കിൽ എത്രമാത്രം പരിശ്രമം ആവശ്യമാണുന്നു നിനക്കറിയാമല്ലോ. മാനുഷികമായി ഇത് അസാധ്യമായ കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ ഈശോയെ ആ വ്യക്തിയിൽ കണ്ടെത്താൻ ഞാൻ പരിശ്രമിക്കുന്നു. ആ വ്യക്തിക്കു വേണ്ടി ഞാൻ എല്ലാം ചെയ്യുന്നു (766).

പ്രാർത്ഥന
ഓ ഏറ്റവും പരിശുദ്ധ സ്നേഹമേ, നിന്റെ സ്നേഹത്തിന്റെ നിറവിൽ എന്റെ ഹൃദയം ഭരിക്കണമേ. നിന്റെ പരിശുദ്ധ ഹിതം ഏറ്റവും വിശ്വസ്തയോടെ  നിർവ്വഹിക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ.

പന്ത്രണ്ടാം സ്ഥലം: ഈശോ മിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

യേശു ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: പിതാവേ അങ്ങയുടെ  കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു. ഇതു പറഞ്ഞ് അവൻ ജീവൻ വെടിഞ്ഞു (ലൂക്കാ 23: 46).

ഈശോ
ഇതെല്ലാം ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയാണ്. എന്റെ മകളെ അവരുടെ രക്ഷയ്ക്കു വേണ്ടി നീ എന്താണു ചെയ്യുന്നതെന്നു ചിന്തിക്കുക (1184).

വി. ഫൗസ്റ്റീന
കുരിശിൽ ആണികളാൽ തറയ്ക്കപ്പെട്ട യേശുവിനെ പിന്നീടു ഞാൻ കണ്ടു. അവൻ കുറച്ചു നേരം തൂങ്ങപ്പെട്ടപ്പോൾ, അവനെപ്പോലെ ക്രൂശിക്കപ്പെട്ട ഒരു കൂട്ടം ആത്മാക്കളെ ഞാൻ കണ്ടു. അതിനു ശേഷം രണ്ടാമതും  മൂന്നാമതും ആത്മാക്കളുടെ ഒരു കൂട്ടം ഞാൻ കണ്ടു. രണ്ടാമത്തെ ഗണം അവരുടെ കുരിശിനോടു ആണികളാൽ തറയ്ക്കപ്പെട്ടിട്ടില്ലായിരുന്നു, അവർ ബലമായി തങ്ങളുടെ കരങ്ങളിൽ കുരിശു പിടിച്ചിരുന്നു. മൂന്നാമത്തെ ഗണം ആത്മാക്കൾ കുരിശിൽ തറയ്ക്കപ്പെടുകയോ കരങ്ങളിൽ കുരിശു പിടിച്ചിരിക്കുന്നതോ ഞാൻ കണ്ടില്ല, അവർ അവരുടെ കുരിശുകൾ അവർക്കു പിന്നാലെ വലിക്കുകയായിരുന്നു, അവർ അസംതൃപ്തരുമായിരുന്നു.

ഈശോ
നീ ഈ ആത്മാക്കളെ കാണുന്നുവോ? വേദനയിലും  നിന്ദനത്തിലും എന്നോടൊത്തു സഹിക്കുന്നവർ, മഹത്വത്തിലും എന്നോടൊപ്പമായിരിക്കും. വേദനയിലും നിന്ദനത്തിലും എന്നോടു ചെറിയ രീതിയിൽ സാദൃശ്യം പുലർത്തിയവർ എന്റെ മഹത്വത്തിലും ചെറിയ രീതിയിൽ പങ്കുകാരാകും (446).

പ്രാർത്ഥന
ഈശോയെ, എന്റെ രക്ഷകാ നിന്റെ ഹൃദയത്തിന്റെ അഗാധതയിൽ എന്നെ മറയ്ക്കണമേ, നിന്റെ കൃപയുടെ  സംരക്ഷണത്താൽ കുരിശിനോടുള്ള സ്നേഹം പ്രതിഫലിപ്പിക്കാനും നിന്റെ മഹത്വത്തിൽ പങ്കുചേരാനും എനിക്കു സാധിക്കട്ടെ. ആമ്മേൻഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ.

പതിമൂന്നാം സ്ഥലം: ഈശോ മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു.

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“അരിമത്തിയാക്കാരൻ ജോസഫ് യേശുവിന്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോടു അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി” (യോഹ 19:38).

ഈശോ
എന്റെ നന്മയിൽ അടിയുറച്ചു വിശ്വസിക്കുകയും എന്നിൽ പൂർണ്ണമായും ശരണപ്പെടുകയും ചെയ്യുന്ന ആത്മാക്കളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ. അവർ ചോദിക്കുന്നതെന്നും ഞാൻ അവർക്കു നൽകും (453).

വി. ഫൗസ്റ്റീന
ഞാൻ നിന്റെ കാരുണ്യത്തിലേക്കു പറക്കുന്നു, നന്മ തന്നെയായവനും അനുകമ്പയുള്ളവനുമായ ദൈവത്തിലേക്ക്. എന്റെ ദുരിതങ്ങൾ വലുതാണങ്കിലും, എന്റെ അകൃത്യങ്ങൾ ധാരാളമാണങ്കിലും ഞാൻ നിന്റെ കാരുണ്യത്തിലാശ്രയിക്കുന്നു, കാരണം നീ കരുണയുള്ള ദൈവമാണ്, അനാദികാലം മുതലേ നിന്റെ കാരുണ്യത്തിലാശ്രയിച്ച ഒരു ആത്മാവും  നിരാശപ്പെടേണ്ടി വന്നു എന്നു ഞാൻ കേട്ടിട്ടില്ല. (1730).

പ്രാർത്ഥന
കാരുണ്യവാനായ ഈശോയെ, നിന്റെ കാരുണ്യത്തിലുള്ള എന്റെ പ്രത്യാശ അനുദിനം വർദ്ധിപ്പിക്കേണമേ, അതുവഴി ഞാൻ എപ്പോഴും എല്ലായിടത്തും  നിന്റെ നിസ്സീമമായ നന്മയുടെയും  സ്നേഹത്തിന്റെയും സാക്ഷി ആയിത്തീരട്ടെ. ആമ്മേൻ.

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ.

പതിനാലാം സ്ഥലം: ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു

ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ  അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

“ജോസഫ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവൻ പോയി” (മത്താ 27: 59-60).

ഈശോ
എന്റെ മകളെ, നീ ഇരുവരെ നിന്റെ സ്വദേശത്ത് എത്തിയില്ല, അതിനാൽ  എന്റെ കൃപയുടെ സംരക്ഷണത്താൽ പോവുക, മനുഷ്യാത്മാക്കളിൽ എന്റെ രാജ്യത്തിനു വേണ്ടി പോരാടുക, ഒരു രാജാവിന്റെ മകനെപ്പോലെ പോരാടുക, അടിമത്തത്തിന്റെ ദിനങ്ങൾ പെട്ടന്നു മാറി പോകുമെന്നു, അതോടൊപ്പം സ്വർഗ്ഗരാജ്യത്തിന്റെ അവകാശം സ്വന്തമാക്കുമെന്നും ഓർമ്മിക്കുക. എന്റെ കുട്ടി,  നിന്നിലൂടെ ഒരു വലിയ ഗണം ആത്മാക്കൾ നിത്യതയിൽ എന്റെ കരുണയെ വാഴ്ത്തുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു (1489).

വി. ഫൗസ്റ്റീന
ഈശോയെ നീ എന്നെ  ഭരമേല്പിച്ച ഓരോ ആത്മാവിനെയും പ്രാർത്ഥനയാലും പരിത്യാഗത്താലും സഹായിക്കാൻ ഞാൻ പരിശ്രമിക്കും, അതുവഴി നിന്റെ കൃപയ്ക്കു അവരിൽ പ്രവർത്തിക്കാൻ കഴിയും. ഓ ആത്മാക്കളുടെ വലിയ സ്നേഹിതാ, എന്റെ ഈശോയെ, ആത്മാക്കളെ  സംരക്ഷണത്തിനായി  എന്നിലർപ്പിച്ച വലിയ വിശ്വാസത്തിനു ഞാൻ നന്ദി പറയുന്നു (245).

പ്രാർത്ഥന
കാരുണ്യവാനായ ദൈവമേ, നീ ഞങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ഒരു ആത്മാവിനെപ്പോലും നഷ്ടപ്പെടുത്തിക്കളയാതിരിക്കാൻ  അനുഗ്രഹിക്കണമേ. ആമ്മേൻ

ഞങ്ങൾക്കു വേണ്ടി മുറിവുകൾ സഹിച്ച ഈശോയെ, ഞങ്ങളോടു കരുണയായിരിക്കണമേ.

സമാപന പ്രാർത്ഥന

എന്റെ ഈശോയെ, എന്റെ ഏക പ്രത്യാശയെ, എന്റെ ആത്മാവിന്റെ കണ്ണുകൾ തുറപ്പിച്ച ഈ പുസ്തകത്തെ പ്രതി ഞാൻ നന്ദി പറയുന്നു. ഈ പുസ്തകം എന്നോടുള്ള സ്നേഹത്തെ പ്രതി നീ എറ്റെടുത്ത  നിന്റെ പീഡാസഹനമാണ്. ഈ പുസ്തകത്തിലൂടെ ദൈവത്തെയും ആത്മാക്കളെയും എങ്ങനെ സ്നേഹിക്കാമെന്നു ഞാൻ പഠിച്ചു. അവർണ്ണനീയമായ നിധികൾ ഈ പീഡാനുഭവ പുസ്തകത്തിലടങ്ങിയിരിക്കുന്നു. ഓ ഈശോയെ, എത്രയോ കുറച്ചു ആത്മാക്കൾ മാത്രമാണ് നിന്റെ സ്നേഹത്തിന്റെ ഈ പീഡാസഹനം മനസ്സിലാക്കുന്നത്. ഈശോയുടെ ഹൃദയത്തിന്റെ സ്നേഹം മനസ്സിലാക്കാൻ വരുന്ന ആത്മാക്കൾ എത്രയോ സന്തോഷവന്മാരാണ് (304).

പരിശുദ്ധ മാർപാപ്പയുടെ നിയോഗങ്ങൾക്കായി നമുക്കു പ്രാർത്ഥിക്കാം.

സ്വർഗ്ഗസ്ഥനായ പിതാവേ….

നന്മ നിറഞ്ഞ മറിയം…..

ത്രിത്വ സ്തുതി…..

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.