ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളി – ഒന്നുമില്ലായ്മയിൽ നിന്നും ഒരു രൂപതയെ കെട്ടിപ്പടുത്ത വിജയ ശില്പി

കല്യാണ്‍ രൂപതയിലെ ആദ്യ ബാച്ചിലെ അംഗമായ ഫാ. ബെന്നി താന്നിനില്‍ക്കുംതടത്തില്‍ പിതാവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. 

“എന്നെ സെമിനാരിയിലേയ്ക്ക് സ്വീകരിച്ചത് അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളിപിതാവായിരുന്നു.” ഫാ. ബെന്നി പറഞ്ഞു തുടങ്ങി. മാർ പോൾ ചിറ്റിലപ്പിള്ളി – കല്യാൺ രൂപതയുടെ പ്രഥമ മെത്രാനായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. യഥാര്‍ത്ഥത്തില്‍ ഒന്നും ഇല്ലായ്മയിൽ നിന്നും ഒരു രൂപതയെ കെട്ടിപ്പടുത്ത വിജയ ശില്പിയായിരുന്നു അദ്ദേഹം. അജഗണത്തെയും അച്ചന്മാരെയും നെഞ്ചോട് ചേർത്തു വച്ച ഒരു യഥാർത്ഥ പിതാവ്.

ആർക്കും ഏതു സമയവും സമീപസ്ഥനായിരുന്നു അദ്ദേഹം. തന്റെ അടുത്തു വരുന്നവന്റെ മനസ്സിനെയും മാനസികാവസ്ഥയെയും വികാരത്തെയും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു എന്നതാണ് ആ ആത്മീയാചാര്യന്റെ ഏറ്റവും വലിയ വിജയം.
തന്റെ ദൗത്യത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന, ഇല്ലായ്മകളും വല്ലായ്മകളും മാത്രം കൈമുതലായി ഉണ്ടായിരുന്നിട്ടും, ദൈവിക പദ്ധതിയാണ് ഈ രൂപത എന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ചു, ഒന്നിപ്പിന്റെയും ദൈവാശ്രയ ബോധത്തിന്റെയും കഥകൾ എഴുതിപിടിപ്പിച്ച ഒരു നല്ല ഇടയൻ.

രൂപത തുടങ്ങിയതിന്റെ പിറ്റേ വർഷം മുതൽ തന്നെ രൂപതയ്ക്ക് വേണ്ടി സെമിനാരിയിലേക്കു കുട്ടികളെ തിരഞ്ഞെടുക്കുകയും, അവർക്ക് ഒരു അപ്പന്റെ സ്നേഹവും ശ്രദ്ധയും കൊടുക്കുകയും ചെയ്തു. ‘നിങ്ങളാണ് മക്കളേ രൂപത’ എന്ന സൂക്തം പല ആവർത്തി ഓതി, രൂപതയെ ഓരോ വൈദികാർത്ഥിയുടെയും മനസ്സിൽ പാകിയ ദീർഘ ദർശിയായിരുന്നു പിതാവ്.

കല്യാൺ രൂപതയുടെ ഓരോ മൂലയും പിതാവിന്റെ മനസ്സിൽ എല്ലാ കാലവും തെളിഞ്ഞു നില്പുണ്ടായിരുന്നു. ഇല്ലായ്മകളുടെ കഥകൾ മാത്രം ഉയര്‍ന്നു കേട്ടിരുന്ന ആദ്യ കാലങ്ങളിൽ പിതാവിനോടൊപ്പം ഓടിയ രൂപതയിലെ അല്മയസഹോദരങ്ങളെ വർഷങ്ങൾക്കു ശേഷവും (താമര ശ്ശേരിയിലേക്കു പോയതിനു ശേഷവും) പേര് ചൊല്ലി അന്വേഷിക്കുവാൻ പിതാവിന് സാധിച്ചിരുന്നു എന്നത് ആടിന്റെ മണമറിഞ്ഞ ഇടയന്റെ ചിത്രം വരച്ചു വയ്ക്കുന്നു.

രൂപതയിൽ പ്രവർത്തിച്ചിരുന്ന ഓരോ അച്ചന്റെയും കഴിവുകളെയും കുറവുകളേയും തിരിച്ചറിഞ്ഞു, അംഗീകരിച്ചു തന്നോട് ചേർത്ത് പിടിച്ചു ‘കല്യാൺ രൂപത’ എന്ന ഒറ്റ വികാരം നിറയ്ക്കുന്നതിലുള്ള പിതാവിന്റെ ഭരണക്ഷമത എക്കാലവും ഏവർക്കും പാഠപുസ്തകം ആക്കാവുന്നതാണ്.

തന്റെ ജീവിത ദൗത്യം ഏല്പിച്ചവന്റെ മുമ്പിൽ പൂർണമായും വിശ്വസ്തതയോടെയും വിശുദ്ധിയോടെയും പൂർത്തീകരിച്ചു നിത്യസമ്മാനത്തിനായി പിതാവ് പോകുമ്പോൾ കല്യാൺ രൂപതയിൽ എവിടെയൊക്കെയോ ഒരു നീറ്റൽ അവശേഷിക്കും എന്നത് സത്യം. അടുത്തു അറിഞ്ഞവരിലും ചേർന്ന് പ്രവർത്തിച്ചവരിലും ആ വ്യക്തിത്വം അടുത്തറിഞ്ഞവരിലും ഒരു നോവിന്റെ നെടുവീർപ്പും രണ്ടു തുള്ളി കണ്ണീരും അവരുടെ അനുവാദമില്ലതെ തന്നെ ഉണ്ടാവുമെന്നത് തീർച്ച. പേരിടാൻ സാധിക്കാത്ത ഒരു വിടവ് എന്നുമുണ്ടാവും…

അഭിവന്ദ്യ പിതാവേ അങ്ങയുടെ മഹനീയ സ്മരണകൾക്ക് മുമ്പിൽ ബാഷ്പാഞ്ജലികൾ.

സ്വർഗ്ഗീയ സന്നിധിയിൽ തുടർന്നും അങ്ങ് മനസ്സിലേറ്റിയ ഈ രൂപതയ്ക്കായി പ്രാർത്ഥന തുടരുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.