ഹൃദയപൂർവ്വം നേവിസിന്…

ലോക ഹൃദയദിനത്തിന് രണ്ട് ദിവസങ്ങൾ മുൻപ് ഹൃദയമുൾപ്പെടെ അവയവങ്ങൾ മറ്റുള്ളവർക്കായി നൽകി ഈ ലോകത്തിൽ നിന്നും യാത്രയായ നേവിസിന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരവോടെ… ആ ഹൃദയമിടിപ്പ് ഇന്നും നിലയ്ക്കാതെ തുടരുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ തീവ്രദുഖത്തിന്റെ മുൻപിൽ പകച്ചുനിൽക്കാതെ നേവിസിന്റെ മാതാപിതാക്കൾ എടുത്ത തീരുമാനമാണ്. വിസ്മരിക്കാനാവില്ല, അവരുടെ നല്ല മനസിനെയും മകന്റെ ഓർമ്മകൾ മരിക്കാതിരിക്കാൻ എടുത്ത തീരുമാനത്തെയും. നേവിസിന്റെ ഹൃദയം, കരൾ, കൈകൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ഏഴുപേർക്ക് പുതുജീവൻ സമ്മാനിക്കുന്നത്.

കോട്ടയം വടവാതൂർ സ്വദേശി സാജൻ മാത്യു – ഷെറിൻ ദമ്പതികളുടെ മൂത്ത മകനാണ് നേവിസ്. ഫ്രാൻസിൽ ബിരുദാനന്തര ബിരുദ അക്കൗണ്ടിംഗ് വിദ്യാർത്ഥിയായിരുന്ന നേവിസ് ഓൺലൈൻ ആയി വീട്ടിലിരുന്നാണ് പഠിച്ചിരുന്നത്. സെപ്റ്റംബർ 16 -ന് രാത്രിയിലെ പഠനം കഴിഞ്ഞു കിടന്നെങ്കിലും പിറ്റേന്ന് ഉണരാൻ വൈകി. സഹോദരി വിസ്മയ വന്നു വിളിച്ചപ്പോഴാണ് അബോധാവസ്ഥയിൽ നേവിസിനെ കണ്ടെത്തുന്നത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് ആരോഗ്യം ഗുരുതരമാക്കി. സെപ്റ്റംബർ 20 -ന് രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും 24 വെള്ളിയാഴ്ച്ച മസ്തിഷ്‌കമരണം സംഭവിച്ചു. നേവിസിന്റെ മാതാപിതാക്കൾ, തന്റെ മകനെ നഷ്ടപ്പെട്ട വേദനയിലും മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരാവുകയായിരുന്നു .

മകന്റെ ഓർമ്മകൾ നിലനിർത്താൻ ആ മാതാപിതാക്കൾ എടുത്ത തീരുമാനം ഏവരും ആദരവോടെയും പ്രാർത്ഥനയോടെയും ആണ് കാണുന്നത്. നേവിസ് പഠനത്തിൽ മിടുക്കനും ഒരു മികച്ച ഗായകനും കൂടിയായിരുന്നു. പിതാവ് സാജൻ മസ്കറ്റിലും ദുബായിലുമായി ബിസിനസ് നടത്തുന്നു. സഹോദരങ്ങൾ എൽവിസും വിസ്‍മയയും.

ഈ ലോക ഹൃദയദിനം അങ്ങനെ അവിസ്മരണീയമാകുകയാണ്. ഹൃദയം വിങ്ങുന്ന വേദനയിലും തങ്ങളുടെ പ്രിയ മകന്റെ ഹൃദയമിടിപ്പ് ഇന്നും തുടരുവാൻ ഇടയാക്കിയതിൽ, അതിലൂടെ ഒരു ജീവൻ കൂടെ പകരുവാൻ കഴിഞ്ഞതിൽ കൃതാർത്ഥരാണ് നേവിസിന്റെ മാതാപിതാക്കൾ. നേവിസിന്റെ കുടുംബത്തിന് ഹൃദയപൂർവ്വം ആദരവും പ്രാർത്ഥനകളും. ഈ ഹൃദയദിനവും ഒരു ഓർമപ്പെടുത്തലാണ്. ഹൃദയപൂർവമായ ഇടപെടലുകളിലൂടെ നന്മയുടെ നറുപുഞ്ചിരികൾ വിരിയിക്കാനുള്ള ഓർമ്മപ്പെടുത്തൽ. അതിലുപരി ദൈവം തന്ന ശരീരത്തെയും അവയവങ്ങളെയും ഒക്കെ പരിപാലിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന ഓർമ്മപ്പെടുത്തൽ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.