“എന്റെ ജൂബിലി സ്വര്‍ഗ്ഗത്തില്‍ വച്ചാണ്” – കോവിഡ് ബാധിച്ച് മരണമടഞ്ഞ സന്യാസിനിയുടെ അന്തിമ വാക്കുകള്‍ 

സി. സൗമ്യ DSHJ

ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സന്യാസിനി സമൂഹത്തിന്റെ ഡല്‍ഹി പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ അജയ മേരി മരണമടഞ്ഞത് 2020 ജൂലൈ രണ്ടാം തിയതിയായിരുന്നു. മരണ കാരണം കൊവിഡ്. നിസാമുദീൻ റയിൽവേ സ്റ്റേഷനടുത്തുള്ള ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിച്ചു.  ഭൗതികാവശിഷ്ടം ജൂലൈ ഏഴാം തീയതി, കൊട്ടിയം പി. എസ്. കോണ്‍വെന്റ് സെമിത്തേരിയില്‍ അടക്കം ചെയ്തു. ഈശോ മരണത്തിനായി ഒരുക്കി സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ആ സന്യാസിനിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍.

“ഇനി സ്വര്‍ഗ്ഗത്തില്‍ ചെന്നാണ് ഞാന്‍ ജൂബിലി ആഘോഷിക്കുന്നത്. കാരണം, അവിടെ ഈശോ കാത്തിരിപ്പുണ്ട്.” കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റര്‍ അജയ മേരി മരണത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പ് പറഞ്ഞ വാക്കുകളാണിത്. അതിനു ശേഷം അധികം സംസാരിച്ചിട്ടില്ല. ആശുപത്രി മുറിയുടെ ഏകാന്തതയില്‍ മരണത്തിനൊരുക്കുവാന്‍ ഈശോ തന്നെ ഈ സന്യാസിനിക്ക് കൂട്ടായി വന്നു എന്നുവേണം കരുതാന്‍. ജൂലൈ രണ്ടാം തിയതി വെളുപ്പിനെ 2.15 -ന് ഡൽഹിയിലെ ഹോളിഫാമിലി ആശുപത്രിയിലായിരുന്നു മരണം.

വളരെ തീക്ഷണമതിയായ ഒരു മിഷനറി

മരണംവരെ മിഷനറിയായി ജീവിതം നയിച്ച ഈ സമർപ്പിത, വളരെ തീക്ഷണമതിയും ആഴമായ പ്രാർത്ഥനാനുഭവവുമുള്ള ഒരാളും ആയിരുന്നു. കഴിഞ്ഞ മുപ്പത് വർഷമായി ഉത്തരേന്ത്യയില്‍ ആയിരുന്നു സിസ്റ്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. യാത്രാ സൗകര്യമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഗ്രാമ പ്രദേശങ്ങളില്‍ പോയി പാവപ്പെട്ടവരെ ശുശ്രൂഷിക്കാന്‍ സന്നദ്ധയായ ഈ സിസ്റ്റര്‍, തന്റെ ജീവിതം ക്രിസ്തുവിനെപ്പോലെ അനേകര്‍ക്കായി സമർപ്പിക്കുകയായിരുന്നു.

ചത്തീസ്ഗഡിലെ കോര്‍ബ എന്ന സ്ഥലം, ഇന്ന് കാണുന്ന സിറ്റിയായി വളര്‍ന്നുവരുവാന്‍ കാരണം വിമലഹൃദയ സഭയുടെ ‘നിര്‍മ്മലഗിരി’ എന്ന സ്കൂള്‍ ആയിരുന്നു. ജനങ്ങളെ വിദ്യാസമ്പന്നരാക്കുവാന്‍ ഈ സ്‌കൂൾ വഹിച്ച പങ്ക് നിർണ്ണായകമാണ്. പാവപ്പെട്ടവരുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുവാനും കോര്‍ബ എന്ന പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുവാനും കഴിഞ്ഞത് ഈ സ്കൂളിന്റെ നേതൃത്വം വഹിച്ച സിസ്റ്റര്‍ അജയയുടെ കാലത്തായിരുന്നു. ഇത് ഒരു ഉദാഹരണം മാത്രം. ഇങ്ങനെ വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നന്മയുടെ വെളിച്ചം തെളിച്ച ഒരു സന്യാസിനിയായിരുന്നു സി. അജയ മേരി.

FIH കോണ്‍ഗ്രിഗേഷന്റെ ഡൽഹി റീജിയന്‍, പ്രൊവിൻസ് ആയി ഉയർത്തപ്പെട്ടത് 2018 – ൽ ആണ്. അതിന് മുൻപ് രണ്ട് പ്രാവശ്യം റീജണൽ സുപ്പീരിയറായി സേവനം അനുഷ്‌ഠിച്ചത് സി. അജയയായിരുന്നു. വി. ഫ്രാൻസിസ് അസീസിയുടെ നാമത്തിലുള്ള ഈ പ്രോവിൻസിന്റെ ആദ്യ പ്രൊവിൻഷ്യാൾ ആയി തിരഞ്ഞെടുക്കപ്പെടുന്നതും സിസ്റ്റർ അജയ മേരി തന്നെ. എല്ലാവരുടെയും പ്രിയപ്പെട്ട അമ്മയായി അവര്‍ ഇക്കാലമത്രയും ജീവിച്ചു.

മരണത്തോളം കൂടെനിന്ന സഹോദരങ്ങൾ

സി. അജയ മരണത്തോട് അടുത്ത ദിവസങ്ങളിലും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്ന് പറയുമായിരുന്നു. തൻ്റെ സഭാംഗങ്ങളെ വളരെയധികം സ്നേഹിച്ച വ്യക്തിയാണ് സിസ്റ്റർ. കൂടെയുള്ള സഹോദരങ്ങള്‍ തങ്ങളാൽ കഴിയും വിധം അമ്മയേയും സ്നേഹിച്ചു. അസുഖം അറിഞ്ഞശേഷം എന്നും മുടങ്ങാതെ ഫോണിൽ വിളിച്ചിരുന്ന വിമല ഹൃദയ സഭയുടെ സുപ്പീരിയർ ജനറൽ മദർ റെക്സി മരിയ, സിസ്റ്റർ അജയ മേരിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ വിതുമ്പുന്നുണ്ടായിരുന്നു. അത്രമേൽ അവർക്ക് പ്രിയപ്പെട്ടവളായിരുന്നു ഈ സമർപ്പിത സഹോദരി.

പെരിക്കാര്‍ഡിറ്റിസ് എന്ന രോഗത്തിന്റെ (പെരിക്കാര്‍ഡിയത്തിന്റെ ചുറ്റും ഇൻഫ്ളമേഷൻ) ചികിത്സാർത്ഥമുള്ള പരിശോധനയിലാണ് കോവിഡ് ടെസ്റ്റ് ചെയ്യുകയും ഫലം പോസിറ്റീവ് ആണെന്നറിയുകയും ചെയ്തത്. രോഗമാണെന്നറിഞ്ഞ ശേഷം കുറച്ച് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പക്ഷേ, പിന്നീട് ഡോക്ടർമാർ തന്നെ പരിശോധനയിൽ നെഗറ്റീവ് ആണെന്ന കാര്യം സിസ്റ്ററിനെ അറിയിച്ചിരുന്നു. ഏകദേശം പത്തോളം ദിവസങ്ങള്‍ ആശുപത്രിയിൽ ചിലവഴിച്ചു. ആരുടേയും സാമീപ്യമില്ലാത്ത സാഹചര്യമായിരുന്നു അത്. അത്തരമൊരു പശ്ചാത്തലത്തിലും മറ്റുള്ളവരെ ആശ്വസിപ്പിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കാനും സി. അജയ സമയം കണ്ടെത്തി. തന്നെ ഫോണിൽ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നവർക്കെല്ലാം സന്തോഷത്തോടെ മറുപടി നൽകുകയും ചെയ്തു.

സി. അജയ കോവിഡ് രോഗബാധിതയായതിനാൽ, സിസ്റ്റര്‍ താമസിച്ചിരുന്ന മഠം ഗവൺമെൻറ് സീൽ ചെയ്തു. കൂടെയുള്ള സഹോദരിമാര്‍ ക്വാറന്റീനിലുമായി. എങ്കിലും മദർ ജനറലിന്റെ നിർദ്ദേശപ്രകാരം ഈ സമൂഹത്തിന്റെ ഹരിയാനയിലുള്ള മഠത്തിലെ സഹോദരിമാർ ആശുപത്രിയുടെ പുറത്ത് വണ്ടിയിൽ വന്നിരിക്കുമായിരുന്നു. ആ സാന്നിധ്യം സിസ്റ്ററിനെ ഏറെ സന്തോഷിപ്പിച്ചിരുന്നു. അമ്മ ഒറ്റയ്ക്കല്ല, സിസ്റ്റേഴ്സ് പുറത്തുണ്ടെന്ന് പറയുമ്പോൾ വളരെ സന്തോഷമായിരുന്നുവെന്ന് മദർ റെക്സി മരിയ ഓര്‍ക്കുന്നു.

മരണത്തിന് കുറച്ചുദിവസങ്ങൾക്ക് മുമ്പ്  സി. അജയയെ ഫോണില്‍ വിളിച്ചപ്പോള്‍ പറഞ്ഞത് ഇപ്രകാരമാണ്: “ഈശോയേയും മാതാവിനേയും ഞാന്‍ കാണുന്നു, അവര്‍ സ്വർഗം എനിക്ക് കാണിച്ചു തന്നു, പല വിശുദ്ധരെയും അവിടെ ഞാൻ കാണുന്നുണ്ട്. മദറേ, ഞാൻ ഇനി ജൂബിലി സ്വർഗ്ഗത്തിൽ പോയാണ് ആഘോഷിക്കുന്നത്.” ആ ഓര്‍മ്മയില്‍ മദറിന്റെ കണ്ണുകള്‍ സജലങ്ങളായി.

ഈ അമ്മ  മരണത്തോളം ലളിതമായി ജീവിച്ചു 

സംസാരിക്കുന്നവരൊക്കെ സിസ്റ്റർ അജയ മേരിയെക്കുറിച്ച് ആദ്യം പറയുന്ന വാക്കുകൾ ജീവിച്ചിരുന്നപ്പോൾ വളരെ ലളിതമായി ജീവിച്ചു എന്നതാണ്. “പരിമിതമായ സാഹചര്യവും വസ്തുക്കളും പരാതി കൂടാതെ ഉപയോഗിച്ചു. എല്ലാവരോടും കാരുണ്യവും സ്നേഹവും പുലര്‍ത്തി.” -ബാച്ചുമേറ്റായ സിസ്റ്റര്‍ മാത്യു മേരിയുടെ വാക്കുകള്‍ അങ്ങനെയാണ്. അവസാനം മരണവും മൃതസംസ്ക്കാരവും അതുപോലെതന്നെ ലളിതമായി. ക്രിസ്തുവിനെപ്പോലെയും, ഇഷ്ട്ടപ്പെട്ട വിശുദ്ധനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതം പോലെയുമായി മാറുകയായിരുന്നു സിസ്റ്റർ അജയ മേരിയുടെ ജീവിതം.

സിസ്റ്റർ അജയ മേരിയ്ക്ക് അന്ത്യകൂദാശ സ്വീകരിക്കുവാനുള്ള ഭാഗ്യവും ലഭിച്ചു. അങ്ങനെ ഈശോ അവിടുത്തെ ശിഷ്യയെ ജൂലൈ 2-ാം തീയതി വെളുപ്പിനെ 2.15 – ന് സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. മരണശേഷം, അതേ ആശുപത്രിയില്‍ വെച്ചുതന്നെ വൈദികര്‍ പ്രാർത്ഥനകൾ നടത്തി. പിന്നീട് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിസാമുദീൻ റയിൽവേ സ്റ്റേഷനടുത്തുള്ള ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. അവിടെനിന്നും ഭൗതികാവശിഷ്ടം കേരളത്തിൽ എത്തിച്ചു. ജൂലൈ ഏഴാം തീയതി ഏഴാം ചരമ ദിനത്തിന്റെ ചടങ്ങുകൾ നടത്തി കൊട്ടിയം പി. എസ്. കോണ്‍വെന്റ് സെമിത്തേരിയില്‍ അടക്കം ചെയ്തു.

വിമല എന്ന പെണ്‍കുട്ടിയില്‍ നിന്നും സി. അജയ മേരിയിലേക്ക്

കൊല്ലം രൂപതയിൽ കുമ്പളം ഇടവകയിൽപ്പെട്ട വാഴവിളവീട്ടിൽ പരേതരായ ബെനഡിക്ട് – ലെന ദമ്പതികളുടെ ഒൻപത് മക്കളിൽ ഏറ്റവും ഇളയവളായിരുന്നു വിമല എന്നറിയപ്പെട്ടിരുന്ന സി. അജയ മേരി. 1952 ഫെബ്രുവരി 20 -ന് ആണ് ജനനം. അപ്പന്‍, അവരുടെ ഇടവക പള്ളിയിലെ ഗായക ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചിരുന്ന ആളായിരുന്നു. ചെറുപ്പത്തിലേ ദൈവിക കാര്യങ്ങളോട് താത്പര്യവും ഇഷ്ടവും പുലർത്തിയിരുന്നു. 1968 ജൂൺ -15 ന് വിമലഹൃദയ സഭയിൽ അർത്ഥിനിയായി കടന്നുവന്നു. മൂന്ന് വർഷത്തെ പരിശീലനത്തിന് ശേഷം 1971 മെയ് 5- ന് ആദ്യവ്രതം സ്വീകരിക്കുകയും 1976 മെയ് 4 -ന് നിത്യവ്രത വാഗ്ദാനം നടത്തുകയും ചെയ്തു. സിസ്റ്ററിന്റെ സുവർണ ജൂബിലി വർഷമായിരുന്നു ഇത്. ജൂബിലി ആഘോഷങ്ങളെല്ലാം സ്വർഗ്ഗത്തിലെത്തി പൂർത്തീകരിക്കുവാൻ സിസ്റ്റർ യാത്രയായി.

ഫ്രാൻസിസ്‌ക്കൻ ആത്മീയത അങ്ങേയറ്റം ജീവിച്ച സമർപ്പിത

ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ഇമാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി (FIH) എന്ന ഈ കോൺഗ്രിഗേഷൻ 1844 ജൂലൈ – 16 ന് പോണ്ടിച്ചേരിയിൽ ആണ് ആരംഭിച്ചത്. ഈ സന്യാസ സഭയുടെ സ്ഥാപകൻ ദൈവദാസനായ ഫ്രഞ്ചു വൈദികനും മിഷനറിയുമായ ഫാ. ലൂയിസ് സവിനിയന്‍ ദുപ്പൂയിസ് ആണ്. അദ്ദേഹം ഇന്ത്യയിൽ വന്ന് സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു. അതിനായി അദ്ദേഹം സ്ഥാപിച്ച സന്യാസ സമൂഹമാണിത്. അങ്ങനെ പോണ്ടിച്ചേരിയിൽ സ്ഥാപിതമായ ഈ സന്യാസ സഭ കൊല്ലം കുണ്ടറയിൽ കാഞ്ഞിരകോട് എന്ന സ്ഥലത്തു കേരളത്തിൽ ആരംഭിച്ചു. ഫ്രാൻസിസ് അസീസിയുടെ നിയമാവലിയിൽ അധിഷ്ഠിതമായാണ് ഈ സന്യാസ സമൂഹത്തിന്റെയും നിയമാവലി രൂപം കൊണ്ടിട്ടുള്ളത്. ഇന്ന് 575 -ഓളം സന്യസ്തർ ഈ സമൂഹത്തിലുണ്ട്. ഇന്നിവർക്ക് മൂന്നോളം പ്രൊവിൻസുകളുണ്ട്. ലോകത്താകമാനമുള്ള വിവിധ രാജ്യങ്ങളിൽ മിഷൻ പ്രവർത്തനങ്ങളിൽ ഇവർ വ്യാപൃതരാണ്.

വി. ഫ്രാന്‍സിസ് അസീസിയെപോലെ ഈശോയ്ക്ക് വേണ്ടിയുള്ള തീക്ഷണത ജീവിതാവസാനം വരെ കാത്തുസൂക്ഷിച്ച സി. അജയ മേരി ഈ സന്യാസിനീ സമൂഹത്തിന് നികത്താനാകാത്ത നഷ്ടം തന്നെയാണ്. “ഞങ്ങൾക്ക് ഒരു ധീരയായ സമർപ്പിതയെ ആണ് നഷ്ടപ്പെട്ടത്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സിസ്റ്റര്‍ സ്വർഗ്ഗത്തിൽ ആയിരിക്കുമെന്ന ഒരു സന്തോഷം മാത്രമാണ് ഞങ്ങൾക്കുള്ളത്.”  ഈ വാക്കുകൾ പറയുമ്പോൾ മദർ റെക്സി മരിയയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

സി. സൗമ്യ DSHJ 

 

 

3 COMMENTS

  1. എന്നും sr അജയ മേരി ഞങ്ങളുടെ ഓർമയിൽ നിലനിൽക്കുന്നു. ഞങ്ങളുടെ F I H കോൺഗ്രിഗേഷനു വേണ്ടി സ്വർഗ്ഗത്തിൽ ഇരുന്നു പ്രാർത്ഥിക്കുന്നു

  2. May the Good Lord reward her for her selfless service to the poor. May she enjoy the heavenly bliss with all the saints and angels in heaven.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.